keralanewspress release

ഊര്‍ജിത് പട്ടേലിന്റെ രാജി സാമ്പത്തിക അടിയന്തിരാവസ്ഥയുടെ തുടര്‍ച്ച – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: നോട്ടുനിരോധനത്തോടെ ആരംഭിച്ച സാമ്പത്തിക അടിയന്തരാവസ്ഥയുടെ തുടര്‍ച്ചയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. സാമ്പത്തികത്തകര്‍ച്ചയിലായ രാജ്യത്തിന്റെ കരുതല്‍ ധനശേഖരം കൂടി ചോര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമത്തിന് എതിര് പറഞ്ഞതിന്റെ ഫലമാണ് ഈ രാജി. മോദി സര്‍ക്കാറിന്റെ റാന്‍ മൂളിയായി കഴിഞ്ഞിരുന്ന അദ്ദേഹം നേരിയ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ തന്നെ പുറത്തായിരിക്കുന്നു. ഇനി ഇതിനെക്കാള്‍ വിധേയനായ മറ്റൊരാളെ തല്‍സ്ഥാനത്ത് കൊണ്ടുവരും. സാമൂഹിക രംഗത്തെ പോലെ തന്നെ സാമ്പത്തിക രംഗത്തും ഫാഷിസ്റ്റ് അടിച്ചേല്‍പ്പിക്കലാണ് നടക്കുന്നതെന്ന് ഇതിലൂടെ വെളിവാക്കപ്പെടുകയാണ്. മോദി സര്‍ക്കാറിന്റെ നാലര വര്‍ഷത്തെ ഭരണം രാജ്യത്തെ വലിയ സാമ്പത്തിക തകര്‍ച്ചയിലെത്തിച്ചു. ആര്‍.എസ്.എസിന്റെ വംശീയ ഫാസിസ്റ്റ് നയങ്ങള്‍ സാമ്പത്തിക മേഖലയില്‍ ഭരണഘടനാ വിരുദ്ധമായ കടന്നുകയറ്റമാണ് സൃഷ്ടിക്കുന്നത്. സ്വതന്ത്ര സ്ഥാപനമായ റിസര്‍വ് ബാങ്കിന്റെ മുഴുവന്‍ യശ്ശസ്സും മോദി സര്‍ക്കാര്‍ തകര്‍ത്തു. കോര്‍പറേറ്റുകള്‍ക്ക് ഉദാര ഇളവുകള്‍ നല്‍കുന്നതിനും വായ്പകള്‍ അനുവദിക്കുന്നതിനും ബാങ്കുകള്‍ക്ക് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ്.


വെല്‍ഫെയര്‍ പാര്‍ട്ടി നോട്ടുനിരോധന സമയത്ത് ചൂണ്ടിക്കാട്ടിയിരുന്ന സാമ്പത്തിക ദുരന്തത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. വരും ദിവസങ്ങളില്‍ സാധാരണക്കാരന്റെ ഉപജീവനം ഏറെ വെല്ലുവിളി നേരിടും. കാന്‍സര്‍ പോലെ രാജ്യത്തിന്റെ എല്ലാ മേഖലയും തകര്‍ത്ത് മുന്നേറുന്ന വംശീയ ഫാസിസ്റ്റുകളെ അധികാരത്തില്‍ നിന്ന് അകറ്റിയില്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്‍പ് തന്നെ ഇല്ലാതാകുമെന്നും ജനങ്ങളൊന്നാകെ ഈ അപകടം തിരിച്ചറിഞ്ഞ് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757