featuredOpinion

ഭൂരഹിതരെ വഞ്ചിക്കുന്ന ലൈഫ് പദ്ധതി

 

ഒരാള്‍ക്ക് എത്ര ഭൂമി വേണമെന്ന ചോദ്യത്തിന് സാധാരണയായി പറയുന്ന മറുപടി ആറടി എന്നാണ്. ടോള്‍സ്റ്റോയിയുടെ വിശ്വപ്രസിദ്ധമായ ചെറുകഥയുടെ ഉത്തരവും ആതാണ്. എന്നാല്‍ നമ്മുടെ കേരളത്തില്‍ ഈ ആറടിയുമില്ലാത്ത നാല് ലക്ഷം കുടുംബങ്ങള്‍ മേല്‍വിലാസം പോലുമില്ലാതെ ജീവിക്കുന്നുണ്ട്. വാടക വീടുകളില്‍ പുറംപോക്കില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ മറച്ച ഒറ്റമുറിയില്‍, കനാലുകള്‍ക്കും റെയില്‍വേ പാളത്തിനും അരികില്‍, നഗരങ്ങളുടെ മാലിന്യങ്ങള്‍ കുന്നുകൂടുന്ന വൃത്തിഹീനമായ അഴുക്കുചാലുകളുടെ ഓരത്ത്…. അങ്ങനെ അതിദയനീയമായി അവര്‍ ജീവിക്കുകയാണ്. മറ്റൊരു കൂട്ടര്‍ ലക്ഷംവീട് കോളനികളിലേക്ക് ഭൂപരിഷ്‌കരണത്തിന്റെ മറവില്‍ ആട്ടിയോടിക്കപ്പെട്ടവരാണ്. മലയാള മണ്ണിന്റെ നേരവകാശികളാണ് ഇങ്ങനെ നരകിച്ച് ജീവിച്ചുതീര്‍ക്കുന്നത്. ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും അതല്ലാത്തവരും ഒക്കെയുണ്ട് അവരില്‍. പക്ഷെ, അവര്‍ ചോദിക്കുന്നത് ആറടി മണ്ണല്ല; അന്തസ്സായി ജീവിക്കാന്‍ ആവശ്യമായ മണ്ണ്, അതാണാവശ്യം.

ഭൂരഹിതര്‍ എങ്ങനെ ഉണ്ടായി?
ചുരുക്കം ചിലര്‍ ഭൂമി മുഴുവനായി കൈവശംവെച്ച് സകല സൗഭാഗ്യങ്ങളോടെ മഹാഭൂരിപക്ഷം അടിയാളരായും കഴിഞ്ഞിരുന്ന ജന്മിത്വത്തിന് അറുതിവരുത്താന്‍ വേണ്ടിയാണ് ഭൂപരിഷ്‌കരണം നടപ്പാക്കിയത്. എന്നാല്‍ ജാതിവ്യവസ്ഥ ദലിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും വിധിച്ചത് കുടികിടപ്പും ലക്ഷംവീട് കോളനിയും പുറംപോക്കും മാത്രമായിരുന്നു. അന്ന് വഞ്ചിക്കപ്പെട്ടവരുടെ പിന്‍മുറക്കാരാണ് ഇന്ന് കേരളത്തിലെ ഭൂരഹിതര്‍. അതുകൊണ്ട് ഭൂപരിഷ്‌കരണത്തില്‍ വിതരണം ചെയ്ത അതേയളവ് ഭൂമിക്ക് അവര്‍ക്കും അര്‍ഹതയുണ്ട്. ആ ഭൂമി നല്‍കിയേ മതിയാവൂ.

ഭൂമിയുണ്ട്, പക്ഷേ കുത്തകകള്‍ കയ്യടക്കി
കേരളത്തിലെ മുഴുവന്‍ ഭൂരഹിതര്‍ക്കും നല്‍കാനാവശ്യമായ ഭൂമി ഇവിടെയുണ്ട്. പക്ഷേ, അത് ഇന്ന് ഹാരസണും ടാറ്റയും പോബ്‌സണും എ.വി.റ്റിയും പോലുള്ള കുത്തകകളുടെ കൈവശത്തിലാണ്. ഓരോ ദിവസവും കോടികള്‍ വരുമാനം ഉണ്ടാക്കി അവര്‍ അതിസമ്പന്നാരാവുകയാണ്. ആ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതകരണം ചെയ്യണം. അതാണ് പരിഹാരം. എന്നാല്‍ അത് ചെയ്യേണ്ട സര്‍ക്കാര്‍ കയ്യേറ്റ കുത്തകകളുടെ മുന്നില്‍ വിനീതരായി നില്‍ക്കുകയാണ്.
ബ്രിട്ടീഷ് ഇന്ത്യയില്‍ ഉണ്ടാക്കിയ പാട്ടക്കരാറുകളുടെ അടിസ്ഥാനത്തില്‍ ഒരു ലക്ഷത്തോളം ഏക്കര്‍ ഭൂമി കൈവശംവെച്ചിരിക്കുന്ന കുത്തകകയാണ് ഹാരിസണ്‍. സ്വാതന്ത്ര്യത്തോടെ നാടുവിട്ടുപോയ സാമ്രാജ്യത്വത്തിന്റെ ഈ അവശേഷരൂപം ഇന്നും സൈ്വര്യവിഹാരം നടത്തുകയാണ്. അതിന് കൂട്ടുനില്‍ക്കുന്നത് ഇടതുപക്ഷ സര്‍ക്കാരും. ഇതിനിടയില്‍ പതിനായിരം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഹാരിസണ്‍ വ്യാജരേഖയുണ്ടാക്കി മുറിച്ചുവിറ്റു. ടാറ്റയും മറ്റനേകം കുത്തകകളും ഇതുപോലെ അധീനപ്പെടുത്തിയ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൂടിയുണ്ടെങ്കില്‍ മുഴുവന്‍ ഭൂരഹിതരും ഭൂവുടമകളായി മാറും. അതിന് ഇഛാശക്തി വേണം.

കേസുകള്‍ തോല്‍ക്കുന്നു
കയ്യേറ്റ ഭൂമി പിടിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്യുന്ന നിരവധി കമീഷന്‍ റിപ്പോര്‍ട്ടുകള്‍ സെക്രട്ടേറിയറ്റില്‍ ഉണ്ട്. സുമതി എന്‍ മേനോന്‍, നിവേദിത പി. ഹരന്‍, ജസ്റ്റിസ് മനോഹരന്‍, സജിത് ബാബു, രാജമാണിക്യം എന്നീ റിപ്പോര്‍ട്ടുകള്‍ അവയില്‍ ചിലതാണ്. 2013 ല്‍ വിജിലന്‍സും ഇതേ ആവശ്യം ഉന്നയിച്ചു. ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് കേസുകള്‍ ഫലപ്രദമായി നടത്തിയിരുന്ന ഗവണ്‍മെന്റ് പ്ലീഡര്‍ സുശീല ആര്‍ ഭട്ട് ഹൈക്കോടതിയില്‍ പ്രാഥമിക വിജയം നേടിയിരിക്കെയാണ് അപ്രതീക്ഷിതമായി ഇടതുസര്‍ക്കാര്‍ അവരെ പുറത്താക്കിയത്. തെളിവുകള്‍ നിരത്തിയുള്ള വാദങ്ങള്‍ ഒരു കുറ്റമായി കാണുകയായിരുന്നു സര്‍ക്കാര്‍. ഇപ്പോള്‍ കോടതി മുറികളില്‍ നിരന്തരം തോറ്റുകൊടുത്ത് ജനങ്ങളെ കബളിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍. കയ്യേറ്റക്കാരോടുള്ള കൂറല്ലാത്തെ മറ്റെന്താണിത്? ഭൂമി ഏറ്റെടുക്കാന്‍ പുറപ്പെട്ട രാജമാണിക്യം കമീഷനെ കൂടി നിഷ്പ്രഭമാക്കി ഇടതു സര്‍ക്കാര്‍ കുത്തകകളോടുള്ള വിധേയത്വം പൂര്‍ണമാക്കി.

ഏറ്റെടുക്കല്‍ നിലച്ചു, കയ്യേറ്റക്കാര്‍ ഭൂവുടമകളാകുന്നു
ഹാരിസണിന്റെ 30000 ഏക്കര്‍ ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കിയ രാജമാണിക്യം കമീഷന് ഒരു ഘട്ടത്തിലും ഇടതു സര്‍ക്കാര്‍ പിന്തുണ നല്‍കിയില്ല. കോടതി വഴി ഹാരിസണ്‍ നടത്തിയ നീക്കത്തിന് സര്‍ക്കാര്‍ മുഴുവന്‍ ഒത്താശയും ചെയ്തുകൊടുത്തു. അതോടെ ഭൂമി ഏറ്റെടുക്കല്‍ നിലച്ചു. ഒരു കയ്യേറ്റക്കാരനെയും ഒഴിപ്പിക്കേണ്ടതില്ലെന്നാണ് പിണറായി സര്‍ക്കാരിന്റെ നിലപാട്. കയ്യേറ്റക്കാരെ ഭൂവുടമകളാക്കി മാറ്റാനാണ് സര്‍ക്കാരിന്റെ വ്യഗ്രത. ഇടുക്കിയില്‍ ഇടക്കിടക്ക് അരങ്ങേറുന്ന പട്ടയമേള ഇതിന്റെ ഭാഗമാണ്. അപ്പോഴും ഭൂമിയുടെ യഥാര്‍ഥ അവകാശികളായ ഭൂരഹിതര്‍ പുറത്തുതന്നെ.

നിയമം നിര്‍മിക്കണം
അഞ്ച് ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് കയ്യേറ്റക്കാര്‍ സ്വന്തമാക്കി വെച്ചിരിക്കുന്നത്. ഇവരെല്ലാം വന്‍കിടക്കാരാണ്. സര്‍ക്കാരിലും ഉദ്യോഗസ്ഥവൃന്ദത്തിലും കോടതികളിലും വരെ സ്വാധീനമുള്ളവര്‍. അവരില്‍ നിന്ന് ഭൂമി തിരിച്ചുപിടിക്കാന്‍ സിവില്‍ കോടതിയുടെ വരാന്തകളില്‍ ഉടമസ്ഥതാ തര്‍ക്കത്തിന്റെ കേസ് നടത്തി ഭൂമി ഏറ്റെടുക്കാന്‍ എത്ര കാലം കാത്തിരിക്കണം? കോടതി മുറിയില്‍ തോറ്റുകൊടുക്കുന്ന സര്‍ക്കാരുകള്‍ അല്ലെങ്കില്‍ തന്നെ ഏതെങ്കിലും കേസ് ജയിക്കുമോ? ഇല്ല, അതുറപ്പാണ്. ഭൂമി ഏറ്റെടുക്കാന്‍ നിയമം നിര്‍മിക്കേണ്ടിവരുന്നത് അതുകൊണ്ടാണ്. അതുമാത്രമാണ് പരിഹാരം. ഇതിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ കമീഷനെ നിയമിച്ച് സര്‍ക്കാര്‍ വേഗത്തില്‍ നിയമനിര്‍മാണം പൂര്‍ത്തിയാക്കണം. ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം. കയ്യേറ്റക്കാര്‍ക്ക് മുന്നില്‍ റാന്‍ മൂളികളായി നില്‍ക്കുന്ന കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെ ആ തീരുമാനത്തിലെത്തിക്കാന്‍ ജനകീയ പോരാട്ടമാണ് വഴി.

ലൈഫും വഞ്ചനയാണ്
യു.ഡി.എഫ് സര്‍ക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പോലെ ഒരു വഞ്ചനയാണ് എല്‍.ഡി.എഫിന്റെ ലൈഫ് പദ്ധതി. ഭൂരഹിതരുടെ അവകാശത്തെ മൂന്ന് സെന്റില്‍ പരിമിതപ്പെടുത്തിയും അതുതന്നെ നല്‍കാതെയും യു.ഡി.എഫ് ഭൂരഹിതരെ വഞ്ചിച്ചു. എല്‍.ഡി.എഫ് ഭൂമിക്ക് മേലുള്ള അവകാശം തന്നെ റദ്ദ് ചെയ്തു. 400 സ്‌ക്വയര്‍ ഫീറ്റിന്റെ (ഒരു സെന്റ്) ഫ്‌ലാറ്റാക്കി അത് ചുരുക്കി.
സര്‍ക്കാരിന്റെ പത്തില്‍ അധികം ഭവന പദ്ധതികള്‍ സംയോജിപ്പിച്ച് തട്ടിക്കൂട്ടിയ പദ്ധതിയാണ് ലൈഫ്. ഭൂമിയില്ലാത്തവരെ ഇതില്‍ തന്നെ മൂന്നാം ഘട്ടത്തിലാണ് പരിഗണിക്കുന്നത്. സാധാരണ ഗതിയില്‍ സര്‍ക്കാര്‍ സഹായത്തില്‍ നിര്‍മിക്കുന്ന വീടുകളെ ലൈഫില്‍ ഉള്‍പ്പെടുത്തി ഭൂരഹിതര്‍ക്ക് വീട് നല്‍കുന്നു എന്ന വ്യാജ പ്രീതിതിയാണ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്.

അര്‍ഹരെ ഒഴിവാക്കുന്നു
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം അര്‍ഹരായി കണ്ടെത്തിയത് മൂന്ന് ലക്ഷം കുടുംബങ്ങളായിരുന്നു. ലൈഫിന്റെ മറവില്‍ അത് 1,76,000 ആയി ചുരുക്കി. ഇപ്പോള്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ച് ഒരു ലക്ഷം പേരെ കൂടി ഒഴിവാക്കി. അവശേഷിക്കുന്നത് 76,000 മാത്രം. എന്നുവെച്ചാല്‍ അര്‍ഹരെ അനര്‍ഹരാക്കി അവകാശികളുടെ എണ്ണം കുറച്ച് ആര്‍ക്കും ഒന്നും കൊടുക്കാത്ത മറ്റൊരു തട്ടിപ്പാണ് ലൈഫ്.

ഫ്‌ലാറ്റല്ല; ഭൂമിയാണ് വേണ്ടത്
കയ്യേറ്റക്കാര്‍ക്ക് ഭൂമി ഇഷ്ടദാനമായി നല്‍കി ഭൂരഹിതരെ പെരുവഴിയിലാക്കാന്‍ ഇനിയും നിന്ന് തരില്ല. 400 സ്‌ക്വയര്‍ ഫീറ്റിന്റെ ഫ്‌ലാറ്റല്ല, ഭൂപരിഷ്‌കരണത്തില്‍ ലഭിക്കാതെ പോയ ഭൂമിയുടെ ഓഹരിയാണ് ചോദിക്കുന്നത്. അത് തന്നേ പറ്റൂ.


കഴിഞ്ഞ ആറ് വര്‍ഷത്തെ നിരന്തര പോരാട്ടത്തിലൂടെ ഭൂമി അവകാശ ബോധമായി മാറിയ ആയിരങ്ങളെ സൃഷ്ടിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സാധിച്ചു. മണ്ണ് അല്ലെങ്കില്‍ മരണം ഇന്നവരുടെ മുദ്രാവാക്യമാണ്. മാറ്റിനിര്‍ത്തപ്പെട്ടവരുടെ അവകാശം ചോദിക്കല്‍. പതിനായിരങ്ങളുടെ ഭൂരാഹിത്യം തീക്ഷണമായ രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ത്താന്‍ ഈ പോരാട്ടങ്ങള്‍ക്ക് സാധിച്ചു. ഈ പ്രക്ഷോഭങ്ങള്‍ക്ക് സര്‍ക്കാര്‍ ചെവികൊടുക്കണം. മുഴുവന്‍ ഭൂരഹിതരെയും ഭൂവുടകമാളാക്കി മാറ്റാന്‍ കഴിയുന്ന സമഗ്രഭൂപരിഷ്‌കരണ നിയമം നിര്‍മിക്കാന്‍ ഇനിയും വൈകരുത്. ഭൂപരിഷ്‌കരണത്തില്‍ വഞ്ചന നടത്തിയവര്‍ക്ക് അത് തിരുത്താന്‍ ബാധ്യതയുണ്ട്. അതിന് പകരം പുതിയ പദ്ധതികളുടെ പേരില്‍ വഞ്ചന ആവര്‍ത്തിക്കാന്‍ പാടില്ല. അതനുവദിക്കില്ല. കയ്യേറ്റക്കാരെ ഒഴിപ്പിച്ച് ഭൂമി വിതരണം ചെയ്യണം. അതിന് സര്‍ക്കാര്‍ സന്നദ്ധമാവണം. അപമാനിതരായി ജീവിക്കാന്‍ കേരളത്തിലെ ഭൂരഹിതര്‍ ഇനി സന്നദ്ധരല്ല. അവകാശ ബോധത്തോടെ, അഭിമാനത്തോടെ, തലയുയര്‍ത്തി ഈ മണ്ണില്‍ ജീവിക്കണം. കയ്യേറ്റക്കാരും അവരുടെ സംരക്ഷകരും തോറ്റുമടങ്ങും. ഭൂരഹിതര്‍ അവരുടെ അവകാശ ഭൂമി നേടുക തന്നെ ചെയ്യും. അതിനായുള്ള ഈ പോരാട്ടത്തിന് ഉറച്ച കാല്‍വെപ്പോടെ മുന്നോട്ടുതന്നെ. മണ്ണ് അല്ലെങ്കില്‍ മരണം. അത് തീര്‍ച്ച.

(കുത്തകകള്‍ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി 2018 നവംബര്‍ 13,14,15 തിയ്യതികളില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ സംഘടിപ്പിച്ച ത്രിദിന പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ലഘുലേഖ)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757