keralanewspress release

ശബരിമല: ആര്‍.എസ്.എസിന്റെ വര്‍ഗീയ ധ്രൂവീകരണത്തെ ചെറുത്തുതോല്‍പ്പിക്കണം – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ശബരിമലയെ മുന്‍ നിര്‍ത്തി കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ആര്‍.എസ്.എസ് നീക്കത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ കേരളം ഒന്നിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ആഹ്വാനം ചെയ്തു. പച്ചയായ കലാപാഹ്വാനവുമായി കേരളത്തിന്റെ സൈ്വര്യ ജീവിതവും മതനിരപേക്ഷാന്തരീക്ഷവും തകര്‍ക്കാനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇതിനെതിരെ കേരളത്തിലെ ക്ഷേത്രവിശ്വാസികളടക്കമുള്ള എല്ലാ ജനങ്ങളും ഒന്നിച്ചണിനിരക്കണം. ശബരിമല സന്നിധാനത്തിന്റെ നിയന്ത്രണം ആര്‍.എസ്.എസ് കൈയടിക്കിയിരിക്കുന്നു. ആചാര സംരക്ഷകരായി എത്തിയ ആര്‍.എസ്.എസ് കയ്യേറ്റവും തെറിയഭിഷേകവും നടത്തി ആരാധനാലയത്തെ തന്നെ അവഹേളിച്ചും വെല്ലുവിളിച്ചുമാണ് ശബരിമലയില്‍ തമ്പടിക്കുന്നത്. വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ശബരിമലയില്‍ കാട്ടിക്കൂട്ടിയ ഗുണ്ടായിസത്തിലൂടെ ആര്‍.എസ്.എസ്സിന്റെ തനിനിറം ഒന്നുകൂടി വ്യക്തമായിരിക്കുന്നു.

വിശ്വാസാചരങ്ങളെ മാനിക്കുകയോ ഭക്തര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുകയോ ഇവരുടെ അജണ്ടയല്ല. രാഷ്ട്രീയമായും വര്‍ഗീയമായും ചേരിതിരിവുണ്ടാക്കാനുള്ള സുവര്‍ണ്ണാവസരമാണ് വന്നുകിട്ടിയതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെ തുറന്നുപ്രഖ്യാപിച്ചിരിക്കുന്നു. ബാബരി മസ്ജിദിനെ മുന്‍ നിര്‍ത്തി അദ്വാനി നടത്തിയത് കേരളത്തിലും ആവര്‍ത്തിക്കാനാണ് ശ്രീധരന്‍ പിള്ള രഥയാത്ര നടത്തുന്നത്. ശബരിമലയിലെത്തുന്ന വിശ്വാസികളെ പരിശോധിക്കാനുള്ള എന്ത് അധികാരമാണ് സംഘ് പരിവാര്‍ ഗുണ്ടകള്‍ക്കുള്ളത്. സംഘ് പരിവാറിനെ അഴിഞ്ഞാടാനനുവദിക്കരുത്. അവര്‍ക്കെതിരെ കേരള സര്‍ക്കാര്‍ കര്‍ശന നിയമ നടപടിയെടുക്കണം. നവോത്ഥാന കേരളത്തെ തകര്‍ക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തണമെന്നും സംഘ് പരിവാര്‍ ശക്തികളെ ഒറ്റപ്പെടുത്തണമെന്നും ഹമീദ് വാണിയമ്പലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് ആഹ്വാനം ചെയ്തു.

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757