keralanewspress release

വിശ്വാസ സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് കേരളത്തെ സംഘര്‍ഷഭൂമിയാക്കാന്‍ സംഘ്പരിവാര്‍ ശ്രമം-സുരേന്ദ്രന്‍ കരിപ്പുഴ

കൊല്ലം: വിശ്വാസ സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് കേരളത്തെ സംഘര്‍ഷ ഭൂമിയാക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ പറഞ്ഞു. കൊല്ലം വൈ.എം.സി.എ ഹാളില്‍ നടന്ന പാര്‍ട്ടി ദക്ഷിണ മേഖല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറിന്റെ ഗൂഢപദ്ധതിയെ സമയോചിതം ചെറുക്കുന്നതില്‍ കേരള സര്‍ക്കാരും ഇടതുപക്ഷവും പരാജയപ്പെട്ടിരിക്കുന്നു. ആചാര സ്വാതന്ത്ര്യം എന്നതിനെ വൈകാരികവത്കരിക്കുകയും അതിലൂടെ കേരളത്തില്‍ ധ്രൂവീകരണമുണ്ടാക്കാനുമുള്ള നീക്കമാണ് ബി.ജെ.പിയും കൂട്ടരും നടത്തിക്കൊണ്ടിരിക്കുന്നത്. കേരള നവോത്ഥാനത്തിന്റെ സകല നന്‍മകളെയും ഇല്ലാതാക്കാനാണ് അവര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ആചാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കടുത്ത സ്ത്രീ വിരുദ്ധതയുടെ വികാര പ്രകടനമാണ് നടക്കുന്നത്. കേരള മുഖ്യമന്ത്രിയെപ്പോലും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. പൊതുസമൂഹത്തില്‍ മുഴുവനുമെന്നപോലെ മതരംഗത്തും പലമേഖലകളിലും സ്ത്രീകള്‍ വിവേചനനമനുഭവിക്കുന്നുണ്ട്. അതാത് മതവിശ്വാസികള്‍ തന്നെയാണ് മതമേഖലയിലെ സ്ത്രീവിരുദ്ധത്‌ക്കെതിരെയും പരിഷ്‌കരണങ്ങള്‍ക്കു വേണ്ടിയും രംഗത്തിറങ്ങേണ്ടത്. കേരള സര്‍ക്കാര്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട പ്രശ്‌നം വഷളാക്കുകയാണ് ചെയ്തത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയില്‍ വിയോജിപ്പുള്ളവര്‍ക്ക് നിയമപരമായി തന്നെ നീങ്ങാമെന്നിരിക്കെ സംഘ് പരിവാര്‍ അജണ്ട്ക്ക് കേരളം വഴിമരുന്നിടരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ്, സംസ്ഥാന ട്രഷറര്‍ പി.എ ഹഖിം സംസ്ഥാന സെക്രട്ടറിമാരായ സജീദ് ഖാലിദ്, എം ജോസഫ് ജോണ്‍, സംസ്ഥാന കമ്മിറ്റി അംഗം ഗണേഷ് വടേരി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എന്‍.എം അന്‍സാരി അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ പ്രസിഡണ്ട് സലിം മൂലയില്‍ സ്വാഗതവും സീനത്ത് നിസാം നന്ദിയും പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757