keralanewspress release

ആചാരങ്ങളുടെ പേരില്‍ സമാധാനം തകര്‍ക്കുന്നത് പ്രതിഷേധാര്‍ഹം – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയുടെ സന്ദര്‍ഭത്തെ കക്ഷിരാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പ്രയോജനപ്പെടുത്തി കേരളത്തെ സംഘര്‍ഷത്തിലേക്ക് തള്ളിവിടാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. വര്‍ഗ്ഗീയ-സാമുദായിക ധ്രുവീകരണം ലക്ഷ്യംവെക്കുന്നസംഘ്പരിവാര്‍ പദ്ധതിക്ക് ഈ സാഹചര്യം ഉപയോഗപ്പെടാന്‍ പാടില്ല. ഇക്കാര്യത്തില്‍ അതീവ ജാഗ്രത കേരളീയ സമൂഹം വെച്ചുപുലര്‍ത്തേണ്ടതുണ്ട്. ആചാര സംരക്ഷണത്തിന്റെ പേരില്‍ സ്ത്രീത്വത്തെയും വനിതാ സാമൂഹിക പ്രവര്‍ത്തകരെയും അധിക്ഷേപിക്കുന്നതും അങ്ങേയറ്റം അപലപനീയമാണ്. സഭ്യേതരമായ പ്രതിഷേധ രീതികള്‍ സ്വീകരിക്കുന്നത് ആക്ഷേപകരമാണ്. സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. സ്ത്രീകള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളെയും പ്രവര്‍ത്തനങ്ങളെയും തെറ്റായിട്ട് തന്നെ കാണാന്‍ സാധിക്കണം. അതേ സന്ദര്‍ഭത്തില്‍ കോടതിവിധിയോട് എതിര്‍പ്പുള്ളവര്‍ അതിനെ നിയമപരമായിട്ടാണ് നേരിടേണ്ടത്. അതിന് പകരം വിദ്വേഷം പരത്തി കക്ഷിരാഷ്ട്രീയ മുതലെടുപ്പിന് ഈ അവസരം ഉപയോഗപ്പെടുത്തുന്നത് അപകടകരമാണ്.

ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കേരള സര്‍ക്കാര്‍ അതീവ ജാഗ്രത കാണിക്കണം. ഈ വിഷയത്തെ വൈകാരികമായി കത്തിച്ച് മുതലെടുക്കുക എന്നതാണ് ബി.ജെ.പി തന്ത്രം. അതിന് സര്‍ക്കാര്‍ നടപടികള്‍ സഹായകരമാകരുത്. ദേശീയ-സംസ്ഥാന തലങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ പ്രഖ്യാപിച്ച് ദ്വിമുഖ തന്ത്രമാണ് ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കള്‍ സ്വീകരിക്കുന്നത്. ഇതില്‍ ജനങ്ങള്‍ വഞ്ചിതരാകരുത്. കേരളീയ സാമൂഹിക ജീവിതത്തിന്റെ ഇഴയടുപ്പങ്ങളെ തകര്‍ത്ത് നേട്ടം കൊയ്യാനുള്ള സംഘ്പരിവാര്‍ പദ്ധതിക്ക് കോണ്‍ഗ്രസ്സ് അടക്കമുള്ള ജനാധിപത്യ പ്രസ്ഥാനങ്ങള്‍ കൂട്ടുനില്‍ക്കരുത്. ജനാധിപത്യ സമൂഹം ജാഗ്രത പാലിക്കേണ്ട കാലഘട്ടമാണിത്.

മതസമൂഹങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ വിവേചനരഹിതമായിരിക്കണം എന്നതോടൊപ്പം അത്തരം പരിഷ്‌കരണങ്ങള്‍ നടക്കേണ്ടത് അതാത് വിശ്വാസ സമൂഹങ്ങളില്‍ നിന്ന് തന്നെയാണ്. അതല്ലാത്ത ഇടപെടലുകള്‍ പലപ്പോഴും സാമൂഹികാന്തരീക്ഷത്തെ കൂടുതല്‍ വിഭാഗീയതയിലേക്കും അതുവഴി അക്രമത്തിലേക്കും വഴിനടത്തും. തന്മൂലം ന്യായമായും നടക്കേണ്ട പരിഷ്‌കരണങ്ങള്‍തന്നെ സാധ്യമാകാതെ വരും. മേധാവിത്വ സമീപനങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് ജനങ്ങളെ തങ്ങള്‍ക്ക് പിന്നില്‍ അണിനിരത്താനുള്ള സന്ദര്‍ഭമായി ഇത് ദുരുപയോഗിക്കപ്പെടും.

എല്ലാ മതസമൂഹങ്ങളിലും നിരവധി പരിഷ്‌കരണങ്ങള്‍ നടന്നിട്ടുണ്ട്. ഇനിയും ഏറെ നടക്കാനുമുണ്ട്. കേരളീയ നവോത്ഥാനം തന്നെ വ്യതസ്ത തരം വിവേചനങ്ങള്‍ക്കെതിരെ നടന്ന പരിഷ്‌കരണ പോരാട്ടമായിരുന്നു. ജനാധിപത്യപരമായ അത്തരം പോരാട്ടങ്ങള്‍ മതസമൂഹങ്ങള്‍ക്കുള്ളില്‍ നിന്ന് ഇനിയും ഉയര്‍ന്നു വരണം. അടിച്ചേല്‍പ്പിക്കലിന്റെയോ ബലപ്രയോഗത്തിന്റെയോ രീതിയല്ല പരിഷ്‌കരണത്തിന് ഉചിതം. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടിതിവിധിക്ക് അനുകൂലമായി ശക്തമായ നിലപാടെടുത്തവര്‍ക്ക് തന്നെ നിലപാടുകളില്‍ മാറ്റം വരുത്തേണ്ടിവരുന്നത് പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പുറമേനിന്ന് അടിച്ചേല്‍പിക്കാന്‍ കഴിയില്ല എന്നതിന്റെ തെളിവാണ്.

ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും മറവില്‍ ഉള്ള വിവേചനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകേണ്ടി വരുന്നത് സ്ത്രീകളാണ്. ഇത്തരം സ്ത്രീ വിവേചനം എല്ലാ സമൂഹങ്ങളിലും നിലവിലുണ്ട്. ആചാരത്തിന്റെ പേരിലുള്ള ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കാനുള്ള ഊര്‍ജ്ജിത ശ്രമം അതാത് സമൂഹങ്ങള്‍ക്കുള്ളില്‍ ശക്തിപ്പെടണമെന്നും വിവേചന രഹിതമായ സമൂഹ നിര്‍മ്മിതിക്ക് അത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757