editorial

സംഘ്പരിവാറിന് വഴിമരുന്നിടുന്നുവോ?

 

ഡല്‍ഹിയില്‍ സംഘ് പരിവാറുകാര്‍ ഒരു അരുംകൊലകൂടി നടത്തിയിരിക്കുന്നു. ഡല്‍ഹി മാളവീയ നഗറിലെ മദ്റസമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മേവാത്തുകാരനായ എട്ടുവയസ് മാത്രം പ്രായമുള്ള മുഹമ്മദ് അസീമിനെയാണ് സമീപവാസികളായ കുട്ടികള്‍ ക്രൂരമായി അടിച്ചുകൊന്നത്. ആള്‍ക്കൂട്ട കൊലപാതകമെന്ന് മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും വിശേഷിപ്പിച്ച ഈ കൊലപാതകം യഥാര്‍ഥത്തില്‍ സംഘ്പരിവാര്‍ നടത്തിയ ഭീകരകൊലയാണ്. അസീമിനെ ആക്രമിച്ച് കൊലപ്പെടുത്തിയത് കുട്ടികളാണെങ്കിലും അതിന് പ്രേരകമായത് മുസ്ലിംകള്‍ക്കെതിരെ നിരന്തരമായി വിദ്വേഷപ്രചാരണം നടത്തിയിരുന്ന സംഘ് പരിവാറുകാരാണ്. ജുനൈദിനേയും പെഹ്‌ലൂഖാനെയും അടിച്ചുകൊന്ന അതേ കൂട്ടത്തിന്റെ തുടര്‍ച്ചക്കാരാണ് അസീമിനെയും കൊലപ്പെടുത്തിയത്്. മുസ്ലിംകളെ മുച്ചൂടും ഉന്‍മൂലനം ചെയ്യണമെന്ന സംഘ് പരിവാര്‍ വംശീയതയുടെ തായ്‌വേര് എത്ര ആഴത്തിലാണ് ആണ്ടിറങ്ങിയിരിക്കുന്നതെന്ന് ഇതില്‍നിന്ന് മനസ്സിലാകും. തങ്ങളുടെ കളിക്കൂട്ടുകാരനെപ്പോലും ഇല്ലാതാക്കണമെന്ന വര്‍ഗീയ-വംശീയ ചിന്തകള്‍ തലമുറകളിലേക്ക് പകരാന്‍ സംഘ് പരിവാറിനു കഴിഞ്ഞു എന്നത് മതതേര ഇന്ത്യയെ എത്രമാത്രം അലോസരപ്പെടുത്തുന്നുണ്ട്?

സംഘ് പരിവാറിനെതിരെ നിരന്തരമായി ഹൈന്ദവ ധര്‍മത്തിലൂന്നി സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് സംഘ് പരിവാറുകാര്‍ സ്വാമി സന്ദീപാനന്ദഗിരിയെ ആക്രമിക്കാന്‍ കാരണമായത്. ഹിന്ദുത്വമെന്നപേരില്‍ സംഘ് പരിവാര്‍ അവതരിപ്പിക്കുന്ന തീവ്രനിലപാടുകളുടെ അടിസ്ഥാനത്തെത്തന്നെ ചോദ്യംചെയ്യുന്നതാണ് സ്വാമിയുടെ പ്രഭാഷണങ്ങള്‍. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തന്റെ നിലപാടുകള്‍ വെട്ടിത്തുറന്ന് പറഞ്ഞതാണ് സംഘ് പരിവാറുടെ പ്രകോപനത്തിന്റെ അവസാനത്തെ കാരണം. കാഷായ വസ്ത്രമണിഞ്ഞ സ്വാമിമാരെപോലും വെറുതെവിടില്ല എന്നാണ് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഹരിയാനയില്‍ സ്വാമി അഗ്‌നിവേശിനെ ആക്രമിച്ചിട്ട് അധികനാള്‍ ആയിട്ടില്ല. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനസമയത്തുതന്നെ ഇത്തരത്തിലൊരാക്രമണം നടത്തിയത് ബോധപൂര്‍വമാണ്. ഗുജറാത്തിലുള്‍പ്പെടെ നടത്തിയ കൂട്ടക്കൊലകള്‍ക്കും ഇന്ന് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘ് പരിവാര്‍ ആള്‍ക്കൂട്ട കൊലകള്‍ക്കും ആക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന തങ്ങളുടെ നേതാവിനെ സ്വീകരിക്കാന്‍ ഇതില്‍പരം ചെയ്തി മറ്റൊന്നില്ല എന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് അവരത് നിര്‍വഹിച്ചത്. കല്‍ബുര്‍ഗിയെയും, ഗോവിന്ദ് പന്‍സാരയെയും, ദാബോല്‍ക്കറേയും, ഗൗരി ലങ്കേഷിനേയും ഉന്‍മൂലനം ചെയ്തവര്‍ക്ക് കേരളത്തിലും വേരുകളുണ്ടെന്ന മുന്നറിയിപ്പുകൂടിയാണ് സ്വാമിയുടെ വീടിനുനേരെയുണ്ടായ ആക്രമണത്തിലൂടെ സംഘ് പരിവാര്‍ നല്‍കുന്നത്.

കണ്ണൂരില്‍ അമിത് ഷാ നടത്തിയ പ്രസംഗത്തിലെ, ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ വലിച്ച് താഴെയിറക്കാന്‍ തങ്ങള്‍ക്കാകുമെന്ന ഭീഷണിയെ കേവല പ്രസംഗമായി തള്ളിക്കളഞ്ഞുകൂട. തന്റെ പ്രസംഗത്തില്‍ സുപ്രീംകോടതിയേയും അയാള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയേയും ഭരണകൂട സംവിധാനങ്ങളേയും തങ്ങളുടെ വരുതിയിലാക്കാന്‍ ആര്‍.എസ്.എസ് ശ്രമിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ വിശേഷിച്ചും. ദക്ഷിണേന്ത്യയിലെ ഒരു കീറാമുട്ടിയായി കേരളം എന്നും അമിത് ഷായെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കോപ്പുകൂട്ടിക്കൊണ്ടിരിക്കുകയാണ് സംഘ് പരിവാര്‍. അതിനുള്ള ഏറ്റവും വലിയ അവസരമായാണ് ശബരിമല വിഷയത്തെ അവര്‍ സമീപിക്കുന്നത്. സംഘ് പരിവാറിന്റെ തന്ത്രങ്ങള്‍ വിജയിക്കാന്‍ പാകത്തില്‍ വഴിമരുന്നിട്ടുകൊടുക്കലായിട്ടുവേണം ശബരിമല വിഷയത്തിലുണ്ടായ കോടതി വിധിയാനന്തര സംഭവവികാസങ്ങളെ വിലയിരുത്താന്‍. വര്‍ഗീയ-വംശീയ കലാപത്തിലൂടെ മാത്രമേ തങ്ങള്‍ക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയൂ എന്നറിയാവുന്ന സംഘ് പരിവാര്‍ ശബരിമല വിഷയത്തെ അതിനുള്ള അവസരമായി ഉപയോഗപ്പെടുത്തുക സ്വാഭാവികമാണ്. ശബരിമല വിഷയം ആളിക്കത്തിച്ചുകൊണ്ട് കേരളത്തെ കലാപഭൂമിയാക്കാന്‍ നേതൃത്വം നല്‍കിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയണം. നിര്‍ഭാഗ്യവശാല്‍ കലാപത്തിന് ആഹ്വാനം ചെയ്ത നേതാക്കളെ ഒഴിവാക്കിക്കൊണ്ട് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരെ മാത്രം അറസ്റ്റ് ചെയ്യുന്ന നടപടിയാണ് സര്‍ക്കാര്‍ കൈകൊള്ളുന്നത്. സംഘ് പരിവാറിന്റെ വേരുകള്‍ രാജ്യമൊട്ടുക്കും ആണ്ടിറങ്ങിയിരിക്കുന്നു എന്ന യാഥാര്‍ഥ്യബോധത്തില്‍നിന്നുവേണം സംഘ് പരിവാറിനെ പ്രതിരോധിക്കാന്‍. കേവലമായ ശരീരഭാഷകൊണ്ടോ മുഷ്‌കുകൊണ്ടോ പ്രതിരോധിക്കാമെന്ന തോന്നലുകള്‍ മൗഢ്യമാണ്. വേരുവഴി ചികിത്സയിലൂടെ മാത്രമേ സംഘ്പരിവാറിനെ ഇല്ലാതാക്കാന്‍ സാധിക്കൂ. സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ വംശീയ മൂല്യസങ്കല്‍പങ്ങളെ പ്രശ്നവല്‍കരിക്കാതെയുള്ള പുറംതൊലി ചികിത്സകൊണ്ട് താല്‍കാലിക ശമനമേ ഉണ്ടാകൂ.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757