keralanewspress release

സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍ – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: മുഖ്യമന്ത്രി ചുമതലകള്‍ കൈമാറാതെ ചികിത്സക്ക് പോയതോടെ സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാകെ അവതാളത്തിലാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആരോപിച്ചു. പ്രഖ്യാപിച്ച പതിനായിരം രൂപയുടെ അടിന്തിര നഷ്ടപരിഹാരം പത്ത് ശതമാനം ആളുകള്‍ക്കുപോലും ലഭ്യമായിട്ടില്ല. കണക്കെടുപ്പുകളും വിവരശേഖരണവുംമന്ദഗതിയിലാണ് നീങ്ങുന്നത്. യാതൊരു ഏകോപനവും വകുപ്പുകള്‍ തമ്മിലോ മന്ത്രിമാര്‍ തമ്മിലോ ഇല്ല. ഇപ്പോഴും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന കുട്ടനാടിനെ പ്രളയമുക്തമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ് ഇക്കാര്യം പറഞ്ഞ് മന്ത്രിമാര്‍ തമ്മില്‍ പരസ്പരം വാഗ്വാദത്തിലേര്‍പ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്. ജയരാജന് നല്‍കിയത് മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിക്കാനുള്ള ചുമതല മാത്രമാണ്. പ്രത്യേക അജണ്ടയില്ല എന്ന കാരണം പറഞ്ഞ് ഈ ആഴ്ച നടക്കേണ്ട മന്ത്രിസഭാ യോഗം നടത്തിയില്ല. അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ട സന്ദര്‍ഭത്തില്‍ മന്ത്രിസഭാ യോഗം ഒഴിവാക്കിയത് ജനങ്ങളുടെ കഷ്ടപ്പാടിനോട് മുഖം തിരിഞ്ഞ് നില്‍ക്കുന്നതിന് തുല്യമാണ്. ഇടതുമുന്നണി ഭരണം വ്യക്തികേന്ദ്രീകൃതമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഫേസ്ബുക്കിലൂടെയല്ല ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണേണ്ടത്. കേരളത്തില്‍ നില്‍ക്കുന്ന ആര്‍ക്കെങ്കിലും താത്കാലിക ചുമതല നല്‍കി കാര്യക്ഷമമായി മന്ത്രിസഭയെ പ്രവര്‍ത്തിപ്പിക്കുകയാണ് വേണ്ടത്. ജനങ്ങള്‍ ദുരിതത്തിലായിരിക്കുമ്പോള്‍ ചുമതല കൈമാറാതെ വിദേശത്തേക്കു പോയ മുഖ്യമന്ത്രിയുടെ ദുരഭിമാനത്തിന്റെ വില കേരളീയര്‍ നല്‍കേണ്ടിവരികയാണെന്ന് ഇടതുമുന്നണിയും സര്‍ക്കാരും ഓര്‍ക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757