keralanewspress release

പ്രളയ പുനരധിവാസം; നികുതികളിലെ കേന്ദ്ര വിഹിതം കേരളത്തിന് തിരിച്ചു നല്‍കണം – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജി.എസ്.ടി അടക്കമുള്ള നികുതികളിലെ കേന്ദ്രവിഹിതം കേരളത്തിന് തിരിച്ച് നല്‍കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. അതുവഴി സംസ്ഥാനത്തെ പ്രളയാനന്തര പുനരുദ്ധാരണത്തിന് ആവശ്യമായ തുക അധികഭാരം ജനങ്ങളില്‍ അടിച്ചേല്‍പിക്കാതെ കണ്ടെത്താന്‍ കഴിയും. ജി.എസ്.ടിയിലെ കേന്ദ്ര വിഹിതമായ സി.ജി.എസ്.ടിയും കേരളത്തില്‍നിന്ന് പിരിക്കുന്ന ആദായ നികുതിയും കോര്‍പ്പറേറ്റ് നികുതിയും അടുത്ത ഒരു വര്‍ഷത്തേക്ക് കേരളത്തിന് തന്നെ കേന്ദ്രം നല്‍കിയാല്‍ പുറത്തു നിന്നുള്ള മറ്റ് സഹായങ്ങള്‍ കൂടാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാവും. ഇത്തരത്തില്‍ നികുതികള്‍ വഴി കേരളത്തില്‍നിന്ന് പ്രതിവര്‍ഷം 49000 കോടി രൂപയിലധികമാണ് കേന്ദ്രത്തിന് ലഭിക്കുന്നത്. നടപ്പു സാമ്പത്തികവര്‍ഷം 19703 കോടിരൂപയാണ് ബജറ്റനുസരിച്ച് ധനകാര്യകമ്മീഷന്‍ വിഹിതമായി കേരളത്തിന് ലഭിക്കുക. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് കേരളത്തില്‍ നിന്നുള്ള മുഴുവന്‍ നികുതികളും കേരളത്തിന്തന്നെ തിരിച്ച് നല്‍കണം. കേരള സര്‍ക്കാരും പ്രതിപക്ഷവും ഇക്കാര്യത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണം. ആവശ്യമെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളും ഉണ്ടാകണം. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജി.എസ്.ടിയില്‍ അധികമായി പത്ത് ശതമാനം തുകകൂടി ചുമത്തുമെന്ന കേരള സര്‍ക്കാരിന്റെ തീരുമാനം തിരുത്തണം. വൈദ്യുതിചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കവും ഉപേക്ഷിക്കണം. കേരള പുനര്‍ നിര്‍മാണത്തിന് ജനാധിപത്യപരമായും ജനകീയ പങ്കാളിത്തത്തോടെയുമുള്ള പദ്ധതികളാണ് വേണ്ടതെന്നും അതിനായി വെല്‍ഫെയര്‍ പാര്‍ട്ടി പൂര്‍ണ പിന്തുണ സര്‍ക്കാരിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757