environmentfeaturedkeralanews

ദുരന്ത ഭുമിയില്‍നിന്നുള്ള കാഴ്ചകള്‍ ഓര്‍മ്മപ്പെടുത്തുന്നത്..

ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം എഴുതിയ കുറിപ്പ്.

നിമിഷം നേരംകൊണ്ട് നിസ്സഹായരായ പച്ച മനുഷ്യര്‍. ഉറ്റവരുടെ വേര്‍പ്പാടിന്റെ ദുഃഖവും സ്വന്തം മണ്ണില്‍നിന്ന് പിഴുതെറിയപ്പെട്ടത്തിന്റെ വേദനയും കണ്ണുനീരിലും വിതുമ്പലിലും ഒളിപ്പിക്കാന്‍ ശ്രമിച്ചു അവര്‍. ചിലരെങ്കിലും നിയന്ത്രണവും വിട്ട് പൊട്ടിക്കരഞ്ഞു. കരള്‍ പിളരുന്ന കാഴ്ചകള്‍. രാവും പകലും കാഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയതാണ് നഷ്ടമായത്. സാമുഹ്യ പിന്നോക്കാവസ്ഥയുടെ ദുരന്തം തിന്നുകഴിയുന്ന സാധാരണ മനുഷ്യരായിരുന്നു ഇവരിലധികവും. ഏറനാട് മണ്ഡലത്തിലെ നിലമ്പൂര്‍ താലുക്കിലെ പെരുമ്പത്തൂര്‍ ക്യാമ്പ്, ഏരുമാമുണ്ടാ നിര്‍മല ഹൈസ്‌കൂള്‍, നമ്പൂരിപ്പൊട്ടിയിലെ മസ്ജിദുന്നൂര്‍ ക്യാമ്പുകളാണ് അദ്യം സന്ദര്‍ശിച്ചത്. ഒപ്പം ദുരിത ബാധിതാ പ്രദേശങ്ങളും. ആറ് പേരുടെ മരണത്തിന് കാരണമായ ചെട്ടിയാംപാറയിലെ ഉരുള്‍ പൊട്ടല്‍ കേന്ദ്രവും സന്ദര്‍ശിച്ചു.

 

കുടുംബത്തിലെ ആറുപേര്‍ മരണപ്പെട്ട വീട്ടില്‍ ബാക്കിയായത് മകന്‍ വേലായുധനും ഭാര്യ രമയും മകന്‍ മൂന്നുവയസ്സുകാരന്‍ വിവേകും മാത്രം. ദുരന്ത ദിവസം കുടുംബത്തോടെപ്പം ഇല്ലാത്തതുകൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടത്. വെള്ളിയാഴ്ച ദിവസം വൈകുന്നേരം കൂടപ്പിറപ്പുകളുടെ സംസ്‌കാര ചടങ്ങ് പുര്‍ത്തീകരിച്ച് വേലായുധന്‍ ഭാര്യവീട്ടിലേക്കാണ് പോയത്. വേലായുധനെ കാണാന്‍ അവിടേക്ക് ചെന്നു. പരസ്പരം നോക്കി നില്‍ക്കാനല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല. മിണ്ടാനാവാതെ വാക്കുകള്‍ ഇടറി. വേലായുധനേയും ഭാര്യയെയും അശ്വസിപ്പികന്‍ കഴിയാതെ കുറച്ചുനേരം സ്തബ്ദരായി. അവസാനം ആവുംവിധം അശ്വസിപ്പിച്ച് നിറകണ്ണുകളോടെ ആ വീട്ടില്‍നിന്ന് ഇറങ്ങി.

ദുരിത ബാധിതര്‍ കഴിയുന്ന കരുവാരക്കുണ്ട് നളന്ദ കോളേജ് ക്യാമ്പും, തരിശ് ജി.എം.എല്‍.പി സ്‌കൂളുമായി പിന്നീട് സന്ദര്‍ശിച്ചത്. പുറമ്പോക്ക് ഭൂമിയില്‍ താമസിച്ചിരുന്ന ഇരുപതോളം കുടുംബങ്ങള്‍ ആ ക്യാമ്പിലുണ്ട്. സ്വന്തമായി ഭൂമിയില്ലാത്ത ഇവര്‍പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന വീടുകളിലേക്ക് തിരിച്ചുപോകുന്നതിനേക്കുറിച്ച് ആശങ്കയിലാണ്. ഭൂമിയും വീടും നല്‍കിയാല്‍ മാത്രമേ ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകൂ.

എല്ലായിടത്തും വളരെ ദുരന്ത പുര്‍ണമായ കാഴ്ചകളാണ് കണേണ്ടി വന്നത്. പാലക്കാട് ജില്ലയില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മോയിന്‍ സ്‌കുളും, സുന്ദരം കോളനിയും സന്ദര്‍ശിച്ചു. ആയിരത്തോളം ആളുകള്‍ താമസിക്കുന്നുണ്ട് സുന്ദരം കോളനിയില്‍. മുപ്പത്തഞ്ചു വര്‍ഷംമുമ്പ് സര്‍ക്കാര്‍ വക പതിച്ചുകിട്ടിയ രണ്ടര സെന്റ്/മൂന്ന് സെന്റ് ഭൂമിയില്‍ പണിത് കൊടുത്ത വളരെ ദുര്‍ബലമായ വീടുകളിലാണ് ഇവര്‍ കഴിയുന്നത്. ഈ വീടുകളിലാണ് ബുധനാഴ്ച അര്‍ധരാത്രിയില്‍ വെള്ളം കയറിയത്. ആ കോളനിയില്‍തന്നെ താമസിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകനായ മണികണ്ഠന്‍ വെള്ളം കയറുന്ന വിവരം കോളനി നിവാസികളെ അറിയിച്ച് അവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി. പാര്‍ട്ടി പ്രാദേശിക നേതാക്കളായ മണികണ്ഠന്റെയും ശിഹാബിന്റെയും നേതൃതേത്വത്തില്‍ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമങ്ങള്‍കൊണ്ട് അര്‍ധരാത്രി തന്നെ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് എത്തിച്ചു. സുന്ദരം കോളനി സന്ദര്‍ശിച്ചപ്പോള്‍ ആ കോളനിയിലുള്ള ഒറ്റവീടും അവര്‍ക്ക് തിരിച്ച് പോയി തമാസിക്കാന്‍ മാത്രം സുരക്ഷിതമല്ല. ഉടമാവകാശമില്ലാത്ത ഭൂമിയില്‍ ദുര്‍ബലമായ വീടുകളിലാണ് അവര്‍ താമസിക്കുന്നത്. ഇത്ര കാലമായിട്ടും ഈ ഭൂമിയുടെ ഉടമകള്‍ ഞങ്ങള്‍ ആയിട്ടില്ല എന്ന് സങ്കടപ്പെട്ടുകൊണ്ടാണ് അവര്‍ നിലവിളിക്കുന്നത്. തിരിച്ചുവന്ന് താമസിക്കുന്നതില്‍ അവര്‍ ആശങ്കാകുലരാണ്. ഈ ദുര്‍ബലമായ വീടുകള്‍ ഞങ്ങളുടെ തലയില്‍ പൊളിഞ്ഞ് വീണ് വലിയ ദുരന്തത്തെ അഭീമുഖികരിക്കേണ്ടി വരുമോ എന്ന അശങ്കയാണ് അവര്‍ പ്രകടപ്പിക്കുന്നത്.

അന്ത്യന്തം സങ്കടകരമായ കാഴ്ചകളാണ് ദുരന്തമേഖലകളിലെ സന്ദര്‍ശനങ്ങളിലുടനീളം കാണാന്‍ സാധിക്കുന്നത്. എങ്ങിനെയാണ് സമാധാനിപ്പിക്കേണ്ടത് എന്നറിയാതെ പലപ്പേഴും ഇടറിപ്പോകുന്നു. ഒരുപാട് കാര്യങ്ങള്‍ ഈ ദുരന്തം നമ്മെ ഒര്‍മപ്പെടുത്തുന്നുണ്ട്. ദുരന്തങ്ങളെ അഭിമുഖീകരിക്കാനുള്ള മുന്നൊരുക്കത്തില്‍ തുടര്‍ച്ചയായി നാം പരാജയപ്പെടുകയാണ്. ഭ്രാന്തമായ വികസന പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിന് ശിപാര്‍ശചെയ്ത ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രസക്തിയെക്കുറിച്ചുമുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദുരന്തങ്ങള്‍.

ദുരന്ത മേഖലകളില്‍ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ആവേശം ദിവസങ്ങള്‍കൊണ്ട് അവസാനിക്കും. ഈ കുടുംബങ്ങള്‍ തങ്കളുടെ വീട്ടുകളില്‍ ഒറ്റപ്പെട്ട് പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യമാകാതെ വീണ്ടും ദുരിതക്കയത്തിലേക്ക് എടുത്തെറിയപ്പെടുമോ? അവര്‍ക്കുവേണ്ടിയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളിലായിരിക്കണം നമ്മുടെ ജാഗ്രത. അവരെ സ്വാശ്രയരാക്കാവുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ നമ്മള്‍ ബാധ്യസ്തരാണ്. ദുരന്ത ബാധിത മേഖലകളിലൂടെ കടന്ന് പോകുമ്പോഴും ഓരോ വീടും സന്ദര്‍ശിക്കുമ്പോഴും വീണ്ടും വിണ്ടും അത് നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സര്‍ക്കാരും സന്നദ്ധ സംഘടനകളും വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നത് തീര്‍ച്ചയായും കേരളത്തിന് അഭിമാനിക്കുവാന്ന കാര്യമാണ്. സന്നദ്ധ സംഘടനകള്‍ സജീവമായി രംഗത്തുണ്ട്. എല്ലാ ദുരിതാ ബാധിത പ്രദേശങ്ങളിലും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ സജീവമാണ് എന്നത് സന്തോഷകരമായ കാര്യമാണ്. സേവനരംഗത്ത് സജീവരായ സംഘടനകളെയും പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. ഒപ്പം ദുരന്തത്തിലകപ്പെട്ട് പിടഞ്ഞ് മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ഹമീദ് വാണിയമ്പലം
വെല്‍ഫെയര്‍ പാര്‍ട്ടി
സംസ്ഥാന പ്രസിഡന്റ്

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757