keralanews

പശു ഭീകരത കേരളത്തില്‍ വെച്ചു പൊറുപ്പിക്കരുത് -വെല്‍ഫെയര്‍ പാര്‍ട്ടി

കൊട്ടാരക്കര : കൊട്ടാരക്കരയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഉത്തരേന്ത്യന്‍ മോഡല്‍ പശു ഭീകരത പ്രകടമാക്കി ആക്രമണം നടത്തിയത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും കുറ്റവാളികള്‍ക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തെ സംഘ്പരിവാര്‍ വര്‍ഗീയ ശക്തികളുടെ നിയന്ത്രണത്തിലാക്കാനുള്ള ആസൂത്രിത ഗൂഢ ശ്രമത്തിന്റെ പ്രതിഫലനമാണ് ഈ ആക്രമണം. കേരള പോലീസും ആഭ്യന്തര വകുപ്പും നിരവധി സന്ദര്‍ഭങ്ങളില്‍ ആര്‍.എസ്.എസ്-സംഘ്പരിവാര്‍ ശക്തികളുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു നേരെ കണ്ണടക്കുകയാണ് ചെയ്തിട്ടുള്ളത്. മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ പരസ്യാഹ്വാനം നടത്തിയ ആര്‍.എസ്.എസ് നേതാവിനെ അറസ്റ്റ് ചെയ്തിട്ടില്ല, ശശികല, ഗോപാല കൃഷ്ണന്‍ തുടങ്ങിയ സമുന്നത സംഘ്പരിവാര്‍ നേതാക്കള്‍ അണികളോട് നിരന്തരം വിദ്വേഷം വമിപ്പിക്കുന്ന തരത്തിലുള്ള ആഹ്വാനങ്ങള്‍ മുഴക്കിയിട്ടും കാര്യമായ നടപടികള്‍ പോലീസോ ഭരണകൂടമോ എടുത്തിട്ടില്ല. പലപ്പോഴും ഇരകള്‍ക്കെതിരെയാണ് പോലീസ് കേസെടുക്കുകയും നടപടിയെടുക്കുകയും ചെയ്യാറുള്ളത്. തൃശൂരില്‍ പെന്തകോസ്ത് വിഭാഗക്കാരെ ആര്‍.എസ്.എസ് ഗുണ്ടകള്‍ ആക്രമിക്കുന്നത് അവര്‍ തന്നെവീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടും ഇന്നുവരെ പോലീസ് അറിഞ്ഞ മട്ട് കാണിക്കുന്നില്ല. പറവൂരില്‍ ലഘുലേഖ വിതരണം ചെയ്ത മുസ്ലിം സംഘടനാ പ്രവര്‍ത്തകരെ ആര്‍.എസ്.എസ് വളഞ്ഞിട്ട് തല്ലി പോലീസിലേല്‍പിച്ചപ്പോള്‍ അക്രമികളായ ആര്‍.എസ്.എസുകാരെ അറസ്റ്റ് ചെയ്യുന്നതിന് പകരം ഭരണഘടന നല്‍കിയ മൗലികാവകാശം ഉപയോഗിച്ച് ലഘുലേഖ വിതരണം ചെയ്തവര്‍ക്കെതിരെ കള്ളക്കേസെടുത്ത് ജയിലിലടക്കുകയാണ് പോലീസ് ചെയ്തത്. കാസര്‍കോഡ് റിയാസ് മൗലവി വധത്തിലും കൊടിഞ്ഞി ഫൈസല്‍ വധത്തിലും ഗൂഢാലോചകരെ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചില്ലെന്നു മാത്രമല്ല മദ്യപാനികളുടെ വിക്രിയ എന്ന തരത്തില്‍ ലഘൂകരിക്കുകയാണ് പോലീസ് ചെയ്തത്. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. അതിന്റെയൊക്കെ തുടര്‍ച്ചയാണ് കൊട്ടാരക്കരയിലെ പശു ഭീകരരുടെ വിളയാട്ടം. കേരളത്തിലെ പൊതു സമൂഹം ഒന്നിച്ച് നിന്ന് ഈ ഭീകരത ചെറുക്കണം. പോലീസ് നീതിപൂര്‍വം കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ശ്രീജ ആവശ്യപ്പെട്ടു.

പശുഭീകരരുടെ ആക്രമത്തിനിരയായ ജലാലുദ്ദീന്‍, സാബു തുടങ്ങിയവരെ ശ്രീജ നെയ്യാറ്റിന്‍കരയുടെ നേതൃത്വത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധി സംഘം സന്ദര്‍ശിച്ചു. പത്ര സമ്മേളത്തില്‍ കൊല്ലം ജില്ലാ സെക്രട്ടറിമാരായ ഷെഫീക്ക് ചോഴിയക്കോട്, സീനത്ത് നിസാം, ജില്ലാ കമ്മിറ്റി അംഗം കാമിലുദ്ദീന്‍ എന്നിവരും പങ്കെടുത്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757