editorialzero hour

പി.സി ഹംസ അനുസ്മരണം – ഹമീദ് വാണിയമ്പലം

പ്രിയപ്പെട്ട പി.സി ഹംസ സാഹിബ് വിട പറഞ്ഞു. വിടപറയാതിരിക്കാന്‍ നമുക്കാര്‍ക്കും ആവില്ലല്ലോ. എന്നാലും ഈ വിയോഗം താങ്ങാനാവുന്നില്ല. അത്രക്കും മനുഷ്യരെ സ്‌നേഹിച്ചു ആ മനുഷ്യന്‍. അശരണര്‍ക്കും ദുര്‍ബലര്‍ക്കും നീതി തേടുന്ന മുഴുവന്‍ മനുഷ്യര്‍ക്കും ആശ്വാസം പകര്‍ന്നുനല്‍കിയാണ് അദ്ദേഹം കടന്നുപോയത്. വിയോജിപ്പുകളെ സര്‍ഗാത്മകമായി സമീപിച്ചു. പരാതിയൊന്നുമില്ലാതെ നിറപുഞ്ചിരിയോടെ അവസാന യാത്രയും പറഞ്ഞു. ഭൗതിക ലോകത്തിന്റെ നശ്വരതയെ എങ്ങനെ അനശ്വരമാക്കാം എന്ന് പഠിപ്പിച്ചു. നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ശക്തിയും കരുത്തും പകര്‍ന്നുതന്നു. അറിവും അനുഭവവും പദവികളുമല്ല; വിനയവും കര്‍മോത്സകുതയുമാണ് വലിയ മനുഷ്യരെ സൃഷ്ടിക്കുന്നതെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ച നേതാവ്. പി.സി എന്നചുരുക്കപ്പേരില്‍ ആര്‍ക്കും വിളിക്കാവുന്നത്ര സൗഹൃദം പകര്‍ന്നുതന്ന് വിടചൊല്ലി.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ് വിടപറഞ്ഞത്. ദേശീയ രാഷ്ട്രീയത്തിലെ അറിവും അനുഭവങ്ങളും പാര്‍ട്ടിയുടെ നയവും ഉള്ളടക്കവും നിര്‍ണയിക്കുന്നതിലും മുന്നോട്ടുള്ള പ്രയാണത്തില്‍ ദിശ നല്‍കുന്നതിലും വഹിച്ച പങ്ക് നികത്താനാവാതെ കിടക്കുന്നു. ആശങ്കപ്പെടാനല്ല; ശുഭപ്രതീക്ഷയോടെ മുന്നോട്ടുനീങ്ങാനാണ് അദ്ദേഹം പഠിപ്പിച്ചത്. പ്രവര്‍ത്തന മണ്ഡലം കേരളത്തേക്കാള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായിരുന്നു. വിഭജനം സൃഷ്ടിച്ച മുറിവുകളുടെ ആഴമറിഞ്ഞ്, അപരവല്‍ക്കരണത്തിന്റെയും ജാതിവിവേചനത്തിന്റെയും ദുരന്തം തിന്ന് കഴിയുന്ന മനുഷ്യരുടെ ദീനഭാവങ്ങളിലും കണ്ണുനീരിലുമാണ് പാര്‍ട്ടിക്ക് വേണ്ടിയുള്ള ആശയങ്ങളെ അദ്ദേഹം വികസിപ്പിച്ചതും പ്രവര്‍ത്തിച്ചതും. അര്‍ബുദ രോഗത്തിന്റെ കടുത്ത വേദനകള്‍ അദ്ദേഹം കടിച്ചറിക്കി. ഒരു പുഞ്ചിരിയില്‍ വേദനയെ മറച്ചുവെച്ചു. മരണത്തെ നേരില്‍ കണ്ടുകൊണ്ടിരുന്നപ്പോഴും കര്‍മഭൂമിയില്‍ നിന്നും പിന്‍വാങ്ങാതെ നെറ്റിയില്‍ വിയര്‍പ്പുമായി ജീവിതത്തെ അടയാളപ്പെടുത്തി വിടപറഞ്ഞു. അദ്ദേഹം ആഗ്രഹിച്ചപോലെ നമ്മളും പ്രാര്‍ഥിക്കുന്നു. നാഥന്റെ ഇഷ്ടക്കാരനായി നാട്ടുകാരുടെ ഇഷ്ടക്കാരന്‍ അനശ്വര ലോകത്ത് സ്വീകരിക്കപ്പെടട്ടേ. അദ്ദേഹം പകര്‍ന്നുനല്‍കിയ സ്വപ്നത്തെ സാക്ഷാത്കരിക്കാന്‍ നമുക്ക് പ്രവര്‍ത്തിക്കാം. പ്രചോദനങ്ങളെ അണയാതെ നമുക്ക് കാത്തുസൂക്ഷിക്കാം. കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം പ്രവര്‍ത്തകരുടെ വേദനയോടൊപ്പം ഞാനും പങ്കുചേരുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757