keralanews

കരിങ്ങോള്‍ചിറ പാലം നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധം.

 

മാള: എട്ട് വര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തിയാകാത്ത കരിങ്ങോള്‍ച്ചിറ സ്ലൂയിസ് കം ബ്രിഡ്ജിന്റെ നിശ്ചലാവസ്ഥയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പുത്തന്‍ചിറ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. അപകടകരമായ പഴയ പാലത്തിന് പകരം പുതിയ പാലത്തിലൂടെ ഗതാഗതം വഴിതിരിച്ചുവിടണമെന്നും, ജനങ്ങള്‍ക്ക് ധൈര്യപൂര്‍വ്വം യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി കൊടുങ്ങല്ലൂര്‍ മണ്ഢലം പ്രസിഡന്റ് ഷെഫീര്‍ കാരുമാത്ര ആവശ്യപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അസി.സെക്രട്ടറി മിര്‍സാദ് റഹ്മാന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഏതു നിമിഷവും തകരാവുന്ന പഴയ പാലത്തിലൂടെയാണ് ജനങ്ങള്‍ സഞ്ചരിച്ചിരുന്നത്. ഏകദേശം 10 ലക്ഷം രൂപയില്‍ താഴെയുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ മാത്രമേ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് ബാക്കി നില്‍ക്കുന്നുള്ളൂ. എന്നാല്‍, കരാറുകാരന്റെ കാലാവധി കൂടി അവസാനിച്ചതിനാല്‍ ഇനി പുതിയ ടെന്‍ഡറിലൂടെ കരാറുകാരനെ കണ്ടെത്തണം. ഇത് നിര്‍മ്മാണം അനന്തമായി നീളാന്‍ കാരണമായി. രണ്ടു കോടി രൂപക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച സ്ലൂയിസ് കം ബ്രിഡ്ജിന്റെ സ്ലൂയിസ് സംവിധാനം ഒഴിവാക്കി നിര്‍മിക്കുന്നതിന് പിന്നില്‍ അഴിമതിയുണ്ടെന്ന് സംശയിക്കേണ്ടതുണ്ട്. സ്ലൂയിസ് സംവിധാനമില്ലാതെ പാലം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പുത്തന്‍ചിറ പഞ്ചായത്ത് സ്റ്റാന്റിന്‍ കമ്മറ്റി ചെയര്‍മാന്‍ പി.ഐ നിസാര്‍, കൂട്ടായ്മ പ്രസിഡന്റ്, സാലി സാജീര്‍, വി.എസ് ജമാല്‍, പി.ആര്‍ പോള്‍ എന്നിവര്‍ സംസാരിച്ചു. ടി.എ മജീദ്, അപ്പുകുട്ടന്‍ എന്‍.വി, പി.കെ ജബ്ബാര്‍, ഭാസ്‌കരന്‍ പിള്ള, അലി കുഞ്ഞി, താജുദ്ദീന്‍, ഇസ്മാഈല്‍ ടി.എ എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757