press release

ചെങ്ങന്നൂരിലേത് ഫാസിസത്തിനെതിരെ ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയുടെ വിജയം – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം : ചെങ്ങന്നൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി നേടിയ വിജയം സംഘ്പരിവാര്‍ ഫാസിസത്തിനെതിരെ ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയുടെ വിജയമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ആ നിലക്കാണ് പാര്‍ട്ടിക്കതീതമായി മതേതര വിശ്വാസികളുടേയും മതന്യൂനപക്ഷങ്ങളുടേയും ദലിത് വിഭാഗങ്ങളുടേയും വോട്ട് വലിയ തോതില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി നേടിയത്. മാന്നാറിലും പാണ്ടനാടിലും ചെങ്ങന്നൂരിലും മുളക്കുഴയിലുമെല്ലാം ഇടതുമുന്നണി നേടിയ വലിയ മുന്‍തൂക്കം സൂചിപ്പിക്കുന്നതും അതാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയടക്കമുള്ള മതേതര നിലപാടുള്ളവരും ഇടതു മുന്നണിയെ പിന്തുണച്ചത് അതുകൊണ്ടാണ്. കേരള സംസ്ഥാനത്തെ ഭരണത്തിന്റെ വിലയിരുത്തലായിരുന്നില്ല ചെങ്ങന്നൂരിലേത്. മുഖ്യ പ്രതിപക്ഷമായ യു.ഡി.എഫിന് സംസ്ഥാന ഭരണത്തെ വിലയിരുത്തുന്നതിലേക്ക് തെരെഞ്ഞെടുപ്പ് പ്രചരണത്തെ എത്തിക്കാനായില്ല. സംഘ്പരിവാറിനെ നേരിടുന്നതില്‍ തങ്ങള്‍ക്കാണ് മികവെന്ന് വോട്ടര്‍മാരെ വിശ്വസിപ്പാന്‍ ഇടതുമുന്നണിക്കായി. ഒരു നിലക്കും ബി.ജെ.പി വിജയിക്കാന്‍ പാടില്ല എന്ന വോട്ടര്‍മാരുടെ നിശ്ചയദാര്‍ഢ്യമാണ് ചെങ്ങന്നൂരില്‍ കണ്ടത്. സംഘ്പരിവാറിനെതിരെ രാജ്യവ്യാപകമായി വിജയ സാധ്യതയുള്ള മതേതര കക്ഷികളെ വിജയിപ്പിക്കുക എന്ന രീതി രാജ്യത്തെ ജനത സ്വീകരിക്കുന്നു എന്നത് ഇന്നു പുറത്തുവന്ന ലോക്സഭാ നിയമസഭാ ഉപതെരെഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ വ്യക്തമാക്കുന്നു. അത് ശുഭ സൂചനയാണ്. അതിന്റെ അനുരണനം തന്നെയാണ് ചെങ്ങന്നൂരിലും സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757