keralanews

കെവിന്റെ ദുരഭിമാന കൊലപാതകം: പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണം – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: കോട്ടയം കുമരനല്ലൂര്‍ സ്വദേശിയായ കെവിന്റെ നിഷ്ഠൂരമായ ദുരഭിമാനക്കൊലയില്‍ മുഖ്യ ഉത്തരവാദിത്തം കേരള പോലീസിനും ആഭ്യന്തര വകുപ്പിനുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്. കെവിനെ തട്ടിക്കൊണ്ടുപോയതായി ഭാര്യയുടെ പരാതി കിട്ടിയിട്ടും അന്വേഷിക്കാതിരുന്ന പോലീസ്

ഗുണ്ട സംഘങ്ങളുടെ സഹായത്തോടെ ഭാര്യ ബന്ധുക്കള്‍ക്ക് ക്രൂരമായ കൊലപാതകത്തിന് സഹായം ചെയ്തുകൊടുക്കുകയായിരുന്നു. പുരോഗമന നവോത്ഥാന മൂല്യങ്ങളുടെ പെരുമ പറയുന്ന കേരളത്തില്‍ ജാതിബോധവും സവര്‍ണ്ണതയും ഇപ്പോഴും ശക്തമായി തുടരുന്നു എന്നതിന്റെ അനവധി പ്രത്യക്ഷ തെളിവുകളിലൊന്നാണ് ഈ ദുരഭിമാനക്കൊല. ഡി.വൈ.എഫ്.ഐ നേതാക്കള്‍ പ്രതികളായി എന്നത് അതിന് ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടെന്നതും വെളിപ്പെടുന്നു. വംശവെറിയും ജാതിബോധവും സംരക്ഷിക്കുകയാണ് പോലീസ് ഇവിടെ. നിരപരാധികളെ കൊല്ലുകയും ഗുണ്ടകള്‍ക്കും അക്രമികള്‍ക്കും എല്ലാ അവസരമൊരുക്കുകയും ചെയ്യുന്ന പോലീസ് സേനയാണ് കേരളത്തിന്റേത്. 17 ലോക്കപ്പ് മരണങ്ങളും നൂറുകണക്കിന് ലോക്കപ്പ് മര്‍ദ്ദനങ്ങളും ഇക്കാലത്തുണ്ടായി. ആര്‍ക്കുമെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. കേരളത്തിലെ ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണ്. വകുപ്പ് കൈയില്‍ വെച്ചിരിക്കുന്ന മുഖ്യമന്ത്രിക്ക് പോലീസില്‍ യാതൊരു നിയന്ത്രണവുമില്ല. പോലീസ് സേനയുടെ തലവന്‍ ലോക്നാഥ് ബഹ്റ വന്‍ പരാജയമാണ്. ഏതാനും പോലീസുകാരെ സസ്പെന്റ് ചെയ്തതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുകയും ബെഹ്റയെ ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കുകയും വേണം.


സ്വതന്ത്ര ഏജന്‍സിയെ ഉപയോഗപ്പടുത്തി ഉന്നതതല അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി നഗരത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് എന്‍.എം അന്‍സാരി അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.എം സാബിര്‍ അഹ്‌സന്‍ സംസാരിച്ചു.വെല്‍ഫയര്‍ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി അഡ്വ.അനില്‍കുമാര്‍ സ്വാഗതവും മണ്ഡലം പ്രസിഡന്റ് ജോസഫ് പാലേലി നന്ദിയും പറഞ്ഞു.

ഫോട്ടോ: കെവിന്റെ ദുരഭിമാനക്കൊലയില്‍ പ്രതിഷേധിച്ചും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി നഗരത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി സാജിദ് ഖാലിദ് ഉദ്ഘാടനം ചെയ്യുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757