keralanews

നിപ വെറസ് ; സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം – ഹമീദ് വാണിയമ്പലം

കോഴിക്കോട് : നീപ വൈറസ് ബാധയെ തുടര്‍ന്ന് പരിഭ്രാന്തിയിലായ ജനങ്ങളുടെ ആശങ്ക അടിയന്തിരമായി സര്‍ക്കാര്‍ പരിഹരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. നീപ വൈറസ് ബാധിതരെ പരിചരിച്ചതുവഴി രോഗബാധിതയായി മരണപ്പെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. മരണമടഞ്ഞ മുഴുവന്‍ പേരുടെയും ആശ്രിതരെ സ്വാശ്രയരാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. മരണമടഞ്ഞ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് കുട്ടികളെ സംരക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ നാട്ടില്‍ തന്നെ സര്‍ക്കാര്‍ ജോലി നല്‍കണം. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ പര്യാപ്തമാം വിധം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളടക്കമുള്ള മുഴുവന്‍ ആശുപത്രികളിലും ഉടന്‍ തന്നെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുകയും വേണം. മലബാര്‍ കേന്ദ്രമാക്കി സമ്പൂര്‍ണ സൗകര്യങ്ങളോടുകൂടിയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണം. മണ്‍സൂണ്‍ ആരംഭത്തോടെ പകര്‍ച്ച വ്യാധികള്‍ വ്യാപകമാകാനിടയുള്ളതിനാല്‍ സന്നദ്ധ സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളേയും യുവജന സംഘടനകളെയുമെല്ലാം അണിനിരത്തി ദ്രുതഗതിയിലുള്ള മഴക്കാല പൂര്‍വ ശുചീകരണ നടപടികള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കണം. പകര്‍ച്ച വ്യാധി നിവാരണത്തിന് സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികളെയും വെല്‍ഫെയര്‍ പാര്‍ട്ടി നിരുപാധികം പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. നിപ വൈറസ് ബാധയില്‍ മരണമടഞ്ഞ വളച്ചുകെട്ടി മൊയ്തീന്‍ ഹാജിയുടെ ഭാര്യ മറിയയുടെ വസതിയും വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധി സംഘം സന്ദര്‍ശിച്ചു അദ്ദേഹത്തോടൊപ്പം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പി.സി ഭാസ്‌കരന്‍, ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് പി.സി മുഹമ്മദ്കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ.മാധവന്‍, ട്രഷറര്‍ എ.എം.അബ്ദുല്‍ മജീദ്, ജില്ലാ സെക്രട്ടറി മുസ്തഫ പാലാഴി, ഈസെഡ്.എ സല്‍മാന്‍, വി.എം മൊയ്തു എന്നിവരും പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757