press release

മുസ്‌ലിം വേട്ട നടത്തി ഇടതു സർക്കാർ  വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നു -വെൽഫെയർ പാർട്ടി

കോഴിക്കോട് : കേരളത്തിലാകെ മുസ്‌ലിം വേട്ട നടത്തി ഇടതു സർക്കാർ വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആരോപിച്ചു. സോഷ്യൽ മീഡിയ വഴി ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമം നടന്നു എന്ന പേരിൽ സംസ്ഥാനത്താകെ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. കഠ്‌വയിൽ സംഘ്പരിവാർ ഭീകരർ ബി.ജെ.പി നേതൃത്വത്തിന്റെയും പോലീസിന്റെയും പിന്തുണയോടെ പിഞ്ചുബാലികയെ കൂട്ട ബലാത്സംഗം ചെയ്തതിനെതിരെ രാജ്യത്താകെ പടരുന്ന അമർഷത്തെ വഴിതിരിച്ചു വിടാനാണ് കേരളാ പോലീസ് ആസൂത്രിതമായി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ആ സംഭവത്തിൽ പ്രതിഷേധിച്ചവർക്കു നേരെ ആ പെൺകുട്ടിയുടെ ചിത്രം ഉപയോഗിച്ചു എന്ന പേരിൽ ക്രൂരപീഢകർക്കു ചുമത്തേണ്ടുന്ന പോക്‌സോ ചുമത്തി കേസെടുക്കുന്നത്. ആ പെൺകുട്ടിയുടെ നിഷ്‌കളങ്ക മുഖമാണ് രാജ്യത്ത് ബി.ജെ.പി ഭികരതയെ പ്രതിസ്ഥാനത്ത് നിർത്തിയത്. അതുകൊണ്ടു തന്നെ ആ മുഖം പ്രചരിക്കാതിരിക്കുക എന്നത് ആർ.എസ്.എസ് ആവശ്യമാണ്. കുമ്മനം രാജശേഖരൻ പറഞ്ഞ നിലപാടാണ് കേരളാ പോലീസെടുക്കുന്നത്. പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി സാമൂഹ്യമാധ്യമങ്ങളിൽ എഴുതിയ പിണറായി വിജയനെതിരെയും പോലീസ് കേസെടുക്കുമോ?. ആർ.എസ്.എസ് ആവശ്യങ്ങൾ നടത്തിച്ചു കൊടുക്കുക എന്ന ജോലിയാണ് സർക്കാർ ഇപ്പോൾ ചെയ്യുന്നത്.

ജസ്റ്റിസ് ലോയയുടെ മരണത്തിലും മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലും ഗുജറാത്ത് വംശഹത്യയുടെ സൂത്രധാരക മായാ കോട്‌നാനിയെ വെറുതെ വിട്ടതുമടക്കം സംഘ്പരിവാറിനെ സംരക്ഷിക്കുന്ന തരത്തിലാണ് മിക്ക സമീപകാല കോടതിവിധികളുമെന്നിരിക്കെ ഇടതു സർക്കാർ സ്വീകരിക്കുന്ന നിലപാട് കൂടുതൽ സംശയാസ്പദമാണ്. വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് വോട്ട് നേടാനുള്ള സി.പി.എം ശ്രമമാണ് ഈ നടക്കുന്നത്.
ഹർത്താലിന്റെ പേരിൽ താനൂരിൽ ഒരു വിഭാഗത്തിന്റെ മാത്രം കടകളാണ് ആക്രമിക്കപ്പെട്ടതെന്ന് വ്യാജ പ്രചാരണം നടത്തിയത് മന്ത്രി ജലീലാണ്. വസ്തുത അതല്ലെന്നിരിക്കെ വർഗീയ വിദ്വേഷം പരത്താനുതകുന്ന പ്രസ്താവന നടത്തിയ മന്ത്രി ആർക്കു വേണ്ടിയാണ് പണിയെടുക്കുന്നത്. കെ.ടി ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ല. ഹർത്താലിന്റെ പേരിൽ അറസ്റ്റ് ചെയ്തവരുടെ പാർട്ടി തിരിച്ചുള്ള ലിസ്റ്റ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാൻ സർക്കാരിന് ധൈര്യമുണ്ടോ?
കഴിഞ്ഞ കുറച്ചു നാളായി മുസ്ലിം സമൂഹത്തെയും മലപ്പുറം ജില്ലയെയും ടാർഗറ്റ് ചെയ്ത് സി.പി.എം നേതാക്കളും പോലീസും നടത്തുന്ന നീക്കങ്ങളുടെ തുടർച്ചയാണ് ജലീലിൽ നിന്നുണ്ടായത്. മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമെന്ന കടകംപള്ളിയുടെ പ്രസ്താവനയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വിജയരാഘവൻ തുടർച്ചയായി നടത്തിപ്പോരുന്ന മുസ്‌ലിം വിരുദ്ധ പ്രസ്താവനകളും ഇത്തരത്തിലുള്ളവയാണ്.
വർഗീയ വിദ്വേഷം നടത്തുകയും റിയാസ് മൗലവിയേയും കൊടിഞ്ഞി ഫൈസലിനേയും അരുംകൊല ചെയ്യുകയും ചെയ്ത ആർ.എസ്.എസ് നേതാക്കൾ സുഖമായി വിഹരിക്കുന്ന കേരളത്തിലാണ് സർവ്വ സാധാരണയായി നടക്കാറുള്ള ഹർത്താലിന്റെ പേരിൽ മുസ്ലിങ്ങളെ തെരഞ്ഞ് പിടിച്ച് പോലീസ് വേട്ടയാടുന്നത്. സി.പി.എമ്മിന്റെ നിലപാടാണോ കേരളാ പോലീസ് ഇപ്പോൾ തുടരുന്നതെന്ന് വ്യക്തമാക്കണം. കേരളത്തിലെ സ്വച്ഛജീവിതത്തിന് അത്യന്തം അപകടകരമാണ് പിണറായി സർക്കാറിന്റെ നിലപാട്. സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ ഗുരുതരമായ ഭവിഷ്യത്തുകളായിരിക്കും ഉണ്ടാകുക.
ഗുജറാത്തിലും യു.പിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഹരിയാനയിലുമൊക്കെ ബി.ജെ.പി സർക്കാരുകൾ ചെയ്ത അതേ വംശീയ വെറിയാണ് കേരളാ പോലീസും പ്രകടിപ്പിക്കുന്നത്. ഇടതു സർക്കാർ നിലപാട് തിരുത്തി ജനങ്ങളോട് മാപ്പു പറയണമെന്നും പാർട്ടി നേതാക്കൾ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തിൽ പങ്കടുക്കുത്തവർ
1. ഹമീദ് വാണിയമ്പലം (സംസ്ഥാന പ്രസിഡന്റ്)
2. ജോസഫ് എം ജോൺ (സംസ്ഥാന സെക്രട്ടറി)
3. പി.സി ഭാസ്‌കരൻ (സംസ്ഥാന പ്രവർത്തക സമിതി അംഗം)
4 ടി.കെ മാധവൻ (ജില്ലാ ജനറൽ സെക്രട്ടറി)
5. മുസ്തഫ പാലാഴി (ജില്ലാ സെക്രട്ടറി)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757