Opinion

‘Who Will Cry When You Die? ‘ – കെ. അംബുജാക്ഷന്‍

സാധാരണ വേര്‍പാടുകള്‍ ദുഃഖം വിതക്കുന്നതിനേക്കാള്‍ അധികം, നമ്മെ വേറിട്ടുപോകുന്ന മഹത്തുക്കളായ മനുഷ്യരെക്കുറിച്ചും അവരുടെ ജീവിതത്തിലെ സംഭാവനകളെക്കുറിച്ചുമൊക്കെയുള്ള ആലോചനകള്‍ക്കുകൂടിയുള്ള സന്ദര്‍ഭങ്ങളായി ഉപയോഗപ്പെടുത്താറുണ്ട്. ‘Who Will Cry When You Die? ‘, ‘നീ മരിക്കുമ്പോള്‍ ആര് കരയും ‘ എന്ന ഒരു ചോദ്യമുണ്ട് റോബിന്‍ ശര്‍മയുടെ പുസ്തകത്തില്‍. തെന്നിലാപുരത്തിന്റെ വേര്‍പാടില്‍ സമൂഹത്തിന്റെ വിവിധതലങ്ങളില്‍നിന്നുള്ളവരുടെ ഈറന്‍ അണിയുന്നത് നമ്മള്‍ കാണുകയുണ്ടായി. ഉറ്റവരുടെയും ഉടയവരുടേയും വേര്‍പാടില്‍ ദുഃഖിക്കുന്നതിലധികം ദുഃഖം അദ്ദേഹത്തെ അവസാനമായി കാണാന്‍ വന്നവരില്‍ പ്രകടമായിരുന്നു. അനുഭവം കൊണ്ട് തീര്‍ത്ത അവിസ്മരണീയമായ ഓര്‍മകളാണ് നമ്മുടെയൊക്കെ മനസ്സുകളില്‍ ഈറനണിയിക്കുന്നതിന് കാരണം.
പ്രസ്ഥാനങ്ങളുടെയും സമൂഹങ്ങളുടെയും പൊതുവായ ചരിത്രത്തില്‍ ‘ചരിത്രം തന്നെ മഹത്വം ആര്‍ജിക്കുന്ന മനുഷ്യരിലൂടെയാണ് രേഖപ്പെടുത്തുക’ എന്ന് പറയാറുണ്ട്. അവനവനോടൊപ്പം അപരനുവേണ്ടിയുള്ള, അവനനവനേക്കാള്‍ അധികം അന്യനുവേണ്ടിയുള്ള സമര്‍പ്പണത്തില്‍നിന്നും ത്യാഗത്തില്‍നിന്നുമാണ് മനുഷ്യമനസ്സുകളില്‍ വ്യക്തികള്‍ സ്ഥാനം പിടിക്കുന്നത്. പ്രത്യയശാസ്ത്രത്തിനുവേണ്ടിയും പ്രസ്ഥാനത്തിനുവേണ്ടിയും സമൂഹത്തിനുവേണ്ടിയും രാപകല്‍ സമര്‍പ്പിച്ച മനസ്സും ശരീരവും സമ്മേളിക്കുന്ന മനുഷ്യാനായിരുന്നു തെന്നിലാപുരം രാധാകൃഷ്ണന്‍. ഭൗതികമായി വേര്‍പിരിയുമ്പോഴും അദ്ദേഹത്തെ അടുത്തറിയാവുന്ന വ്യക്തികളില്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്ന മനസ്സുകളില്‍ അദ്ദേഹം ജീവിക്കും.
എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു ഗുരുനാഥനെപ്പോലെയായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ്, ഭാരവാഹി എന്ന നിലയില്‍ അദ്ദേഹവുമായി ഇടപഴകിയ നിമിഷങ്ങള്‍ എന്റെ ജീവിതത്തിലും വ്യക്തിത്വത്തിലും വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. വലിയ അനുഭവസമ്പത്തുമായാണ് അദ്ദേഹം പാര്‍ട്ടിയിലേക്ക് കടന്നുവന്നത്. സി.പി.ഐയുടെ സംസ്ഥാന നേതാവ് എന്നനിലയിലും, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലയിലും ഒരുപാട് സവിശേഷതകളുള്ള വ്യക്തിത്വമായാണ് അദ്ദേഹം പാര്‍ട്ടിയിലേക്ക് കടന്നുവന്നത്. ആ നിലക്ക് ഒരു വലിയ മനുഷ്യനോടൊപ്പം ചിലവഴിക്കേണ്ടി വന്നപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള അകല്‍ച്ചയുടെതായ ഒരു ഭാരം അനുഭവിക്കേണ്ടി വന്നിട്ടില്ല.

സമൂഹ പരിവര്‍ത്തനത്തിനുവേണ്ടി നിലകൊണ്ട ഒരു മനുഷ്യനായിരുന്നു അദ്ദേഹം. വ്യക്തിപരമായ ഒരു ആത്മദര്‍ശനം അദ്ദേഹത്തിനുണ്ടായിരുന്നു. കൃത്യമായ തത്വങ്ങളേയും ആദര്‍ശത്തേയും മുറുകെപിടിച്ചു ജീവിച്ച വ്യക്തിയായിരുന്നു തെന്നിലാപുരം രാധാകൃഷ്ണന്‍ സാര്‍. വലിയ മാറ്റങ്ങള്‍ അദ്ദേഹം ആഗ്രഹിച്ചു. വേദനിക്കുന്ന മനുഷ്യരോടൊപ്പം, നൊമ്പരപ്പെടുന്ന മനുഷ്യരോടൊപ്പം, പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനങ്ങളോടൊപ്പം നിന്നുകൊണ്ട് സാമൂഹികനീതിയും സമത്വവും മുറുകെപിടിക്കുന്ന പ്രത്യയശാസ്ത്രപരമായ നിഷ്ഠ അദ്ദേഹത്തിനുണ്ടായിരുന്നു. ലോകത്ത് വലിയ പരിവര്‍ത്തനങ്ങള്‍ വിതക്കുന്ന പ്രക്രിയക്കാണ് വിപ്ലവം എന്ന് പറയുന്നതെങ്കില്‍, ആ വിപ്ലവം സൃഷ്ടിക്കുന്നത് വിപ്ലവകാരികളിലൂടെയാണെങ്കില്‍, വിപ്ലവകാരികളെ സംഭാവന ചെയ്യുന്നതും അവരെ അതിലേക്ക് നയിക്കുന്നതും തത്വചിന്തകളാണെങ്കില്‍, ആ തത്വചിന്തകള്‍ക്ക് ഊര്‍ജം നല്‍കുന്നത് നേതാക്കളുടെയും ആചാര്യന്മാരുടെയും പ്രായോഗികതയാണെങ്കില്‍ ഇവയെല്ലം സമ്മേളിച്ച മഹത് വ്യക്തിത്വമാണ് തെന്നിലാപുരം രാധാകൃഷ്ണന്‍. പ്രത്യയശാസ്ത്രത്തോടും, പ്രസ്ഥാനത്തോടും വിപ്ലവത്തോടും, പരിവര്‍ത്തനത്തോടുമെല്ലാം പ്രതിബദ്ധത പുലര്‍ത്തിയ ഒരു മാതൃകാ നേതാവിനെയാണ് തെന്നിലാപുരത്തിലൂടെ നാം അനുഭവിച്ചത്.
തെന്നിലാപുരം രാധാകൃഷ്ണന്‍ നമുക്ക് നല്‍കിയ സ്‌നേഹത്തിന്റെയും കരുണയുടെയും ത്യാഗത്തിന്റെയും പ്രക്ഷോഭങ്ങള്‍ക്കുമുന്നില്‍നിന്നുകൊണ്ട് അദ്ദേഹം കാണിച്ച ധീരതയുടെയും മാതൃകകള്‍ നാം നെഞ്ചേറ്റുക.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757