Opinion

തെന്നിലാപുരം എന്ന രാഷ്ട്രീയ ഗുരു ഹമീദ് വാണിയമ്പലം

തെന്നിലാപുരം രാധാകൃഷ്ണന്‍ സാര്‍ ഞങ്ങളുടെ രാഷ്ട്രീയ ഗുരുവായിരുന്നു. മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. വാക്കിലും പ്രവൃത്തിയിലും അദ്ദേഹം അത് തെളിയിച്ചു. വ്യത്യസ്ത ചിന്താധാരകളിലൂടെ അദ്ദേഹം സഞ്ചരിച്ചു. അപ്പോഴൊന്നും കടന്നുവന്ന വഴികളെ അദ്ദേഹം ആക്ഷേപിച്ചില്ല. താന്‍ പ്രവര്‍ത്തിച്ചുവന്ന കൂട്ടായ്മകളെ പരിഹസിച്ചില്ല. അദ്ദേഹം ഒരുനേതാവിനേയും ആക്ഷേപിച്ച് പറഞ്ഞതായി അറിയില്ല. ഒരു ആശയം ബോധ്യപ്പെട്ടാല്‍, അത് നാടിന്റെ പുരോഗതിക്കുവേണ്ടി പ്രയോഗിക്കാന്‍ സാധിക്കുമെന്ന് മനസ്സിലാക്കിക്കൊണ്ടാണ് അദ്ദേഹം വ്യത്യസ്ത ആശയധാരകളുടെ കൂടെ സഞ്ചരിച്ചത്. അതൊന്നും തന്നെ സ്വന്തമായ എന്തെങ്കിലും താല്‍പര്യങ്ങള്‍ക്കുവേണ്ടിയായിരുന്നില്ല.

പലപ്പോഴും അദ്ദേഹം സംസ്‌കാരത്തെക്കുറിച്ചും ആത്മാവിനെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നു. ആത്മീയതയെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഒരു സെക്യുലര്‍ സ്പിരിച്വാലിറ്റിയിലാണ് അദ്ദേഹം എത്തിപ്പെടുന്നത്. ആത്മസത്ത നല്‍കുന്ന വ്യത്യസ്തമായ ഭാവങ്ങളെക്കുറിച്ച്, കാരുണ്യം, ആര്‍ദ്രത, സന്തോഷം, വേദന, ദുഃഖം തുടങ്ങിയ ഭാവങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അത്തരമൊരു ആത്മീയത പ്രകൃതിയിലും മനുഷ്യനിലും സമൂഹത്തിലും പ്രതിഫലിക്കുമ്പോഴുണ്ടാകുന്ന പരിവര്‍ത്തനത്തെക്കുറിച്ച് സംസാരിച്ചു. അതൊരു സംസ്‌കാരമായി വളരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇത്തരം ചില ബോധ്യങ്ങളില്‍നിന്നുകൊണ്ട് അദ്ദേഹം കടന്നുവന്ന വഴികളെക്കുറിച്ച് നിരൂപണം ചെയ്തു. തന്റെ വഴികളില്‍ നല്ല ആശയങ്ങളുണ്ടായിരുന്നു. പക്ഷേ, ആശയങ്ങള്‍ക്ക് ഒരു ആത്മീയതയായി, സംസ്‌കാരമായി വികസിക്കാന്‍ കഴിയാതെവന്നപ്പോഴാണ് എനിക്ക് വെല്‍ഫെയര്‍പാര്‍ട്ടിയെ തെരഞ്ഞെടുക്കേണ്ടിവന്നത് എന്ന് അദ്ദേഹം പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. ഇതുമാത്രമാണ് അദ്ദേഹത്തിന്റെ കഴിഞ്ഞുപോയ വഴികളെക്കുറിച്ചുള്ള ഒരു പ്രസ്താവന എന്നുപറയുന്നത്.

സംസ്‌കാരവും ആത്മീയതയും പ്രവര്‍ത്തനങ്ങളില്‍ കാണിച്ചുകൊടുക്കുകയും അതൊരു കര്‍മമായി ആവിഷ്‌കരിക്കുകയും ചെയ്തു തെന്നിലാപുരം. അത് നാടനുഭവിച്ചു, സമൂഹമനുഭവിച്ചു, സുഹൃത്തുക്കളും കുടുംബങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭവിച്ചു. അങ്ങനെ സമൂഹബന്ധിയായ വലിയ ഒരു ആശയത്തിന്റെ ഉടമയായിട്ടാണ് തെന്നിലാപുരം രാധാകൃഷണന്‍ സാര്‍ നമ്മോട് വിടപറഞ്ഞത്. അദ്ദേഹത്തിന്റെ വിടപറച്ചില്‍ ശാരീരികം മാത്രമാണ്. അദ്ദേഹം ബാക്കിവെച്ച ആശയങ്ങളുടെ, ആത്മീയതയിലൂന്നിയ ക്ഷേമരാഷ്ട്ര സങ്കല്‍പത്തെ മുന്നോട്ടുകൊണ്ടുപോകലാണ് നമുക്ക് അദ്ദേഹത്തിന് നല്‍കാനുള്ള ഏറ്റവും വലിയ ബഹുമതി. തനിക്കുവേണ്ടി കണ്ണുനീരൊഴുക്കുന്നതിലല്ല, തന്റെ ആശയങ്ങളെ നെഞ്ചേറ്റുന്ന ഒരുസമൂഹ സൃഷ്ടിയിലാണ് അദ്ദേഹം തൃപ്തനാകുക.

വെല്‍ഫെയര്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വേര്‍പാട് വലിയ വിടവാണ് തീര്‍ത്തിട്ടുള്ളത്. പുതിയകാല രാഷ്ട്രീയ സംഭവവികാസങ്ങളില്‍ സങ്കീര്‍ണമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അതില്‍ ഉയര്‍ന്നുവരുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കാത്ത ഘട്ടങ്ങളുണ്ടാകാറുണ്ട്. അപ്പോഴൊക്കെ ഒരു രാഷ്ട്രീയ ശരി കണ്ടെത്താന്‍ തെന്നിലാപുരം സാറിനുകഴിഞ്ഞിരുന്നു. അത്തരം വേദികളില്‍ അധ്യക്ഷസ്ഥാനത്തിരുന്നുകൊണ്ട് ചര്‍ച്ചകളുടെ മനോഹരമായ പൂര്‍ണതക്ക് അദ്ദേഹം വലിയ സംഭാവനയാണ് നല്‍കിയിരുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ ഞങ്ങള്‍ രാഷ്ട്രീയ ഗുരു എന്ന് വിശേഷിപ്പിച്ചത്. അങ്ങേയറ്റം വേദനയോടുകൂടി, കണ്ണീരോടുകൂടി അദ്ദേഹത്തിന്റെ വിയോഗം ഒരു യാഥാര്‍ഥ്യമായി ഉള്‍ക്കൊള്ളുകയാണ്. രോഗശയ്യയിലായ സന്ദര്‍ഭങ്ങളില്‍ വിശ്രമം ആവശ്യപ്പെടുമ്പോള്‍ പ്രവര്‍ത്തനങ്ങളിലാണ് എനിക്ക് ഊര്‍ജം ലഭിക്കുന്നതെന്നത് അദ്ദേഹം നിരന്തരമായി പറയുമായിരുന്നു. കഴിഞ്ഞ നവംബറില്‍ പാര്‍ട്ടി ഫണ്ട് പിരിക്കാന്‍ രണ്ട് വൃക്കകളും പ്രവര്‍ത്തന രഹിതനായ തെന്നിലാപുരം സാര്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ അഖിലേന്ത്യാ പ്രസി ഡന്റ് അധ്യക്ഷതവഹിച്ച സംസ്ഥാന പ്രവര്‍ത്തക സമിതി പാലക്കാട് ചേര്‍ന്നത് അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്താനായിരുന്നു. പാര്‍ട്ടിയെ കുറിച്ചും രാഷ്ട്രത്തെക്കുറിച്ചും രാഷ്്ട്രീയത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമൊക്കെയുള്ള ആകുലതകള്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം കണ്ണടക്കുന്നത്. ഒരിക്കലും അദ്ദേഹം വിശ്രമിച്ചിട്ടില്ല. വിശ്രമമില്ലാത്ത അദ്ദേഹത്തിന്റെ ആശയങ്ങളെ നാം നെഞ്ചേറ്റുക.
തെന്നിലാപുരം സാറിന്റെ സഹധര്‍മണി, മകള്‍, പേരക്കുട്ടി എന്നിവരുടെയൊക്കെ ദുഃഖത്തിലും വേദനയിലും വെല്‍ഫെയര്‍ പാര്‍ട്ടി പങ്കു ചേരുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757