Opinion

തെന്നിലാപുരം രാധാകൃഷ്ണന്‍ അനുസ്മരണം

തെന്നിലാപുരം രാധാകൃഷ്ണന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ വസതിയില്‍വെച്ച് നടന്ന അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവരുടെ പ്രാഭഷണങ്ങളില്‍ നിന്ന്

യുവാക്കളില്‍ പ്രതീക്ഷയര്‍പ്പിച്ച നേതാവ്  – അന്‍സാര്‍ അബൂബക്കര്‍ -ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ്

തെന്നിലാപുരം നമ്മെവിട്ടുപോയിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിനും പാര്‍ട്ടിക്കുമുള്ള ദുഃഖത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കൂടി പങ്കുചേരുന്നു. യുവാക്കള്‍ക്ക് വലിയ ആവേശം നല്‍കിയ ഒരു വ്യക്തികൂടിയായിരുന്നു തെന്നിലാപുരം. പ്രായത്തിന്റെയും രോഗത്തിന്റെയും അവശത അനുഭവിക്കുമ്പോഴും ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ സംസ്ഥാന പ്രഖ്യാപനത്തിലും പാലക്കാട് ജില്ലാ പ്രഖ്യാപനത്തിലും അദ്ദേഹം ആവേശകരമായ സാന്നിധ്യമായിരുന്നു. യുവാക്കളില്‍ പ്രതീക്ഷയര്‍പ്പിക്കുകയും അവരിലൂടെയാണ് ഇനിയുള്ള നാളുകള്‍ മുന്നോട്ട് പോകേണ്ടതെന്ന് നിരന്തരം ഉണര്‍ത്തുകയും ചെയ്തുകൊണ്ടിരുന്നു അദ്ദേഹം. വളരെ മര്‍മപ്രധാനമായ കാര്യങ്ങള്‍ സരസമായ ഭാഷയില്‍ യുവാക്കള്‍ക്ക് കൈമാറാന്‍ തന്റെ പ്രസംഗങ്ങളിലൂടെയും സംസാരങ്ങളിലൂടെയും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശയവും ആദര്‍ശവും പ്രതിബദ്ധതയും സ്‌നേഹവുമൊക്കെ യുവാക്കള്‍ക്ക് ഇത്തരത്തില്‍ കൈമാറ്റം ചെയ്യുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്. തെന്നിലാപുരം ജീവിതത്തിലുടനീളം പാലിച്ച മൂല്യങ്ങള്‍ പകര്‍ത്തിക്കൊണ്ട് മാതൃകാപരമായ ഒരു ജീവിതം നയിക്കാന്‍ യുവസമൂഹം തയ്യാറാകണം.

തോളോട് തോള്‍ ചേര്‍ന്നുനിന്ന നേതാവ്- സുരേന്ദ്രന്‍ കരീപ്പുഴ
വലിയ അടുപ്പവും ബന്ധവും തെന്നിലാപുരവുമായി പുലര്‍ത്തിയിരുന്നു. നിര്‍വചിക്കാനാവാത്ത ഒരുസ്‌നേഹബന്ധമായിരുന്നു അതെന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. ഗുരുശിഷ്യ ബന്ധമായിരുന്നോ, ജ്യേഷ്ഠസഹോദര ബന്ധമായിരുന്നോ, സഹപ്രവര്‍ത്തക ബന്ധമായിരുന്നോ എന്ന് നിര്‍വചിക്കാന്‍ കഴിയാത്തത്ര വലിയ വാല്‍സല്യം അദ്ദേഹത്തില്‍നിന്ന് അനുഭവിച്ചിരുന്നു. പ്രായവ്യത്യാസമില്ലാത്ത തുല്യതയും സ്‌നേഹവും അദ്ദേഹത്തില്‍നിന്ന് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നഷ്ടം എന്ന പദത്തിന്റെ ആഴം അളന്നാല്‍ അതെത്രമാത്രം ആഴത്തിലുള്ളതാണോ അത്രയും വലിയ നഷ്ടമാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്കും പൊതുസമൂഹത്തിനും ഉണ്ടായിട്ടുള്ളത്. അദ്ദേഹം മുന്നോട്ടുവെച്ച ആശയാദര്‍ശങ്ങള്‍ ഏറ്റെടുത്തുകൊണ്ടും അദ്ദേഹം തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടും നമ്മള്‍ രംഗത്തുണ്ടാവണം. എങ്കിലേ അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായ ശൂന്യത അല്‍പമെങ്കിലും ഇല്ലാതാക്കാന്‍ കഴിയൂ.

സ്തീശാക്തീകരണത്തെ പ്രോല്‍സാഹിപ്പിച്ച നേതാവ് – ഇ.സി ആയിഷ

അധികാര രാഷ്ട്രീയത്തോട് അടുത്തുനില്‍ക്കാനുള്ള സാഹചര്യമുണ്ടായിട്ടും ആ സൗകര്യങ്ങളെല്ലാം ത്യജിച്ച് താന്‍ വിശ്വസിച്ച സത്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും അതിനുവേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മനുഷ്യനായിരുന്നു തെന്നിലാപുരം രാധാകൃഷ്ണ്‍. സമൂഹത്തില്‍ അങ്ങേയറ്റം അവഗണിക്കപ്പെട്ട സത്രീകളുടെ ശാക്തീകരണത്തിനുവേണ്ടി പ്രത്യകം ശ്രദ്ധിക്കുകയും സത്രീകളുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരു വിഷയമുണ്ടാകുമ്പോള്‍ അതില്‍ പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കമ്മിറ്റികളില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. മീറ്റിംഗുകളില്‍ സ്ത്രീകള്‍ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അതെത്ര ദുര്‍ബലമായ അഭിപ്രായമാണെങ്കിലും അത് ഗൗരവത്തോടെ കേള്‍ക്കുകയും പ്രതികരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു അദ്ദേഹം. അദ്ദേഹം ഉയര്‍ത്തിയ മുദ്രാവാക്യങ്ങളെ ഏറ്റെടുത്ത് രംഗത്തുവന്നുകൊണ്ട് മാത്രമേ പാര്‍ട്ടിക്കുണ്ടായ നഷ്ടം നികത്താന്‍ കഴിയൂ. പ്രിയപ്പെട്ട സഹപ്രവര്‍ത്തകന് ബഹുമനത്തോടെയും ദുഃഖത്തോടെയും അനുശേചനം രേഖപ്പെടുത്തുന്നു.

പ്രവാസ ബന്ധു – അന്‍വര്‍ സഈദ്
വെല്‍ഫെയര്‍ പാര്‍ട്ടി പ്രവാസി ഘടകങ്ങളില്‍ ആദ്യമായി രൂപീകരിക്കപ്പെട്ടത് വെല്‍ഫെയര്‍ കേരള കുവൈത്ത് ഘടകമാണ്. അന്ന് അതിന്റെ പ്രഖ്യാപനസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റിനോടൊപ്പം തെന്നിലാപുരം രാധാകൃഷ്ണനും പങ്കെടുത്തിരുന്നു. ഞങ്ങള്‍ പ്രവാസികളുടെ മനംകുളിര്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം അവിടെനിന്ന് മടങ്ങിയത്. അദ്ദേഹം അന്ന് ഞങ്ങളോട് പറഞ്ഞു, ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഒഴിവാക്കിയ ആളായിരുന്നു. ഇപ്പോള്‍ എനിക്ക് തോന്നുന്നു ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത് ഇപ്പോഴാണ് എന്ന്.

അനുഭവിച്ചറിഞ്ഞ സ്‌നേഹാദരവ് – ബന്ന മുതവല്ലൂര്‍

തെന്നിലാപുരം രാധാകൃഷ്ണന്റെ വിയോഗത്തില്‍ പ്രവാസി വെല്‍ഫെയര്‍ ഫോറം അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. ഈയുള്ളവനെ പ്രവാസി വെല്‍ഫയര്‍ ഫോറത്തിന്റെ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനുശേഷം രണ്ട് പരിപാടികളില്‍ അദ്ദേഹവുമായി വേദി പങ്കിട്ടിട്ടുണ്ട്. പാലക്കാട്ടെ പാവപ്പട്ട ഒരു പ്രവാസി സുഹൃത്തിന് വെല്‍ഫെയര്‍ ഫോറം നിര്‍മിച്ചുകൊടുത്ത വീടിന്റെ താക്കോല്‍ദാന ചടങ്ങായിരുന്നു ഒന്ന്. പ്രവാസി വെല്‍ഫെയര്‍ ഫോറം സെക്രട്ടറി എന്ന നിലക്ക് താക്കോല്‍ദാനം നിര്‍വഹിക്കാന്‍ സംഘാടകര്‍ എന്നെ ക്ഷണിച്ചപ്പോള്‍, അത് നിര്‍വഹിക്കാന്‍ തെന്നിലാപുരം രാധാകൃഷണനാണ് യോഗ്യന്‍ എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ ആ ക്ഷണം നിരസിക്കുകയുണ്ടായി. പക്ഷേ, തെന്നിലാപുരം സാര്‍ എന്നെത്തന്നെ അത് നിര്‍വഹിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സ്‌നേഹാദരവ് പിന്നീടെനിക്ക് അനുഭവപ്പെട്ടത് മലപ്പുറത്ത് മറ്റൊരു പരിപാടിയില്‍വെച്ചാണ്. രാവിലെ എട്ട് മണിക്ക് നടക്കേണ്ട പരിപാടിക്ക് ഏഴുമണിക്ക് തന്നെ കെ.എസ്.ആര്‍.ടി.സി ബസില്‍ അദ്ദേഹം വന്നിറങ്ങുന്നു. കയ്യില്‍ ഒരു ചെറിയ ബാഗുണ്ട്, അതില്‍ നിറയെ മരുന്നുകളാണ്. അന്ന് കൊണ്ടോട്ടിയിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി അദ്ദേഹം ദീര്‍ഘനേരം ചിലവഴിച്ചു. തെന്നിലാപുരം എന്ന നേതാവിന്റെ ആ സ്‌നേഹവും ലാളിത്യവും അനുഭവിച്ചറിഞ്ഞ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മരണവിവരം അറിഞ്ഞയുടനെത്തന്നെ പാതിരാത്രിയിലും പുലര്‍ച്ചെയുമായി ഇവിടെഎത്തിച്ചേരുകയുണ്ടായി. പാര്‍ട്ടിയുടെയും കുടുംബത്തിന്റെയും വേദനയില്‍ പങ്കുകൊള്ളുന്നതോടൊപ്പം അദ്ദേഹം കാണിച്ച ആദര്‍ശ ധീരത കൈമുതലാക്കിക്കൊണ്ട് മുന്നോട്ടുപോകാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും കഴിയട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

തൊഴിലാളി സംഘാടകന്‍ – ബിലാല്‍ ബാബു

ഒരുതൊഴിലാളി സംഘാടകന്‍ എന്നനിലയില്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും കൂട്ടായ്മയായ അസോസിയേഷന്‍ ഫോര്‍ എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് (മലെ)േ ന് എപ്പോഴും ഒരു ഉപദേശകനായിരുന്നു തെന്നിലാപുരം രാധാകൃഷ്ണന്‍ സാര്‍. കേരളീയ സമൂഹത്തില്‍ ഒരു പുതിയ രാഷ്ട്രീയ കാഴ്ചപ്പാട് വെല്‍ഫെയര്‍ പാര്‍ട്ടിയിലൂടെ അവതരിപ്പിക്കുമ്പോള്‍, അത്തരം കാഴ്ചപ്പാടുകള്‍ അധ്യാപകരിലും ജീവനക്കാരിലും പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എപ്പോഴും ഊന്നിപ്പറയുമായിരുന്നു. തൊഴിലാളി സംഘാടന രംഗത്ത് അദ്ദേഹത്തിന്റെ സംഭാവന എക്കാലത്തും സ്മരിക്കപ്പെടും.

ജ്യേഷ്ഠന്‍,ഗുരു,രക്ഷിതാവ്,..
തുളസീദരന്‍ ) തെന്നിലാപുരത്തിന്റെ സഹോദരന്‍)

തെന്നിലാപുരം രാധാകൃഷ്ണന്‍ ഞങ്ങള്‍ക്ക് ജോ്യഷ്ഠനായിരുന്നു. അദ്ദേഹം ഞങ്ങള്‍ക്ക് അച്ഛനും രക്ഷിതാവും ഗുരുവുമായിരുന്നു. അദ്ദേഹം എന്തിനും ഞങ്ങള്‍ക്ക് പ്രചോദനമായിരുന്നു. എറണാകുളത്തെയും പാലക്കാട്ടെയും ആശുപത്രികളില്‍ മാസങ്ങളോളമായി വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും രാപ്പകലിലില്ലാതെ അദ്ദേഹത്തെ പരിചരിക്കാനുണ്ടായിരുന്നു. ഡോക്ടര്‍മാരോട് നിരന്തരമായി വിവരങ്ങള്‍ അന്വേഷിക്കുകയും അദ്ദേഹത്തിന്റെ ചികിത്സക്ക് എത്ര ചിലവ് വഹിക്കേണ്ടി വന്നാലും അതിന് പാര്‍ട്ടി തയ്യാറാെണന്നും ഡോക്ടര്‍മാരെ അറിയിക്കുകയും ചെയ്തിരുന്നു. സുലൈമാനും ലുഖ്മാനുമുള്‍പ്പെടെ നേതാക്കള്‍ വളരെ ആത്മസമര്‍പ്പണത്തോടുകൂടിയാണ് അദ്ദേഹത്തെ പരിചരിച്ചത്. അവര്‍ക്കുള്ള സ്‌നേഹവും കടപ്പാടും വാക്കുകള്‍ക്കതീതമാണ്. എങ്കിലും ഞങ്ങളുടെ കുടുംബങ്ങളുടെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

ഉത്തരം കണ്ടെത്തുന്ന രാഷ്ട്രീയ ഗുരു – മുരളി (സി.എം.പി)

തെന്നിലാപുരം രാധാകൃഷ്ണന്‍ സി.പി.ഐയുടെ നേതാവായിരിക്കുമ്പോഴും സി.എം.പിയുടെ നേതാവായിരിക്കുമ്പോഴും ഞങ്ങള്‍ക്കൊക്കെ ആവേശമായിരുന്നു. ഏത് വിഷയത്തിലും പോസറ്റീവ് ആയി ചിന്തിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ചില കാര്യങ്ങളില്‍ ഉത്തരംകിട്ടാതെ വഴിമുട്ടിനില്‍ക്കുമ്പോള്‍ ഉത്തരം കണ്ടെത്തിനല്‍കുന്ന ഒരു രാഷ്ട്രീയ ഗുരു കൂടിയായിരുന്നു അദ്ദേഹം. രാധേട്ടന്‍ എന്നാണ് ഞങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. രാധേട്ടന്റെ കുടുംബത്തെയും അടുത്തറിയാം. ഈയവസരത്തില്‍ അവരുടെ വേദനയില്‍ പങ്കുചേരുന്നു. സി.പി.ഐക്കാരനായിരിക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നിമിഷങ്ങള്‍ സന്തോഷത്തോടെയും വിയോഗം വേദനയോടെയും ഓര്‍ക്കുകയാണ്. ഒരു ചുവന്ന കൊടി പുതച്ച്് ഇങ്ക്വിലാബ് വിളിയോടെ വിടപറയണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം മരണത്തെകുറിച്ച് തമാശരൂപേണ പറയുകയുണ്ടായി; ‘ ആദ്യം ഒരുനേരത്തെ ആഹാരം ഒഴിവാക്കും, പിന്നെ പഴങ്ങള്‍ മാത്രം കഴിച്ചുകൊണ്ട് ദിവസങ്ങള്‍ തള്ളി നീക്കും, പിന്നെ അത് വെള്ളം മാത്രമാക്കി കുറക്കും. അങ്ങിനെ മരണത്തിലേക്ക് കടന്നുപോകും എന്ന്’ . തമാശയായി പറഞ്ഞതായിരുന്നെങ്കിലും അത് സത്യമാകുന്ന ഒരു സാഹചര്യത്തിലൂടെയായിരുന്നു അദ്ദേഹത്തെ മരണം കൈപിടിച്ചുകൊണ്ടുപോയത്. എതിര്‍ത്തുനില്‍ക്കുമ്പോഴും സ്‌നേഹിക്കാന്‍ തോന്നുന്ന മനസ്സിനുടമയായിരുന്നു സഖാവ് തെന്നിലാപുരം രാധാകൃഷ്ണന്‍.

 

ആശയാദര്‍ശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട പോരാളി
– ശിവദാസന്‍ (സി.പി.ഐ)

കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസിയില്‍ ജോലിയിലിരിക്കുമ്പോഴാണ് യൂണിയന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തെന്നിലാപുരം മശൗേര യില്‍ പ്രവര്‍ത്തിക്കുന്നത്. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. മശൗേര വിന്റെ ജില്ലാസെക്രട്ടറി എന്ന നിലയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി എന്നനിലയിലും സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസം കൊണ്ടാണ് അദ്ദേഹം പാര്‍ട്ടിയില്‍നിന്ന് വിട്ട്‌നിന്നത്. ഏറ്റെടുത്ത പ്രവൃത്തി വളരെ ഭംഗിയായി നിര്‍വഹിക്കുക എന്നത് അദ്ദേഹത്തിന്റെ പ്രധാന ഗുണങ്ങളിലൊന്നാണ്. ആശയാദര്‍ശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന പോരാളിയായിരുന്നു അദ്ദേഹം. അക്കാര്യത്തില്‍ അദ്ദേഹം ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. അധികാരകേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമായിരുന്നു. ഈയുള്ളവന്‍ കിസാന്‍സഭയുടെ സെക്രട്ടറിയായിരിക്കുമ്പോള്‍ പ്രസിഡന്റായി തെന്നിലാപുരം സേവനമനുഷ്ടിച്ചിട്ടുണ്ട്. കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടി വലിയ പോരാട്ടങ്ങള്‍ ജില്ലയില്‍ അദ്ദേഹം നയിച്ചിട്ടുണ്ട്. ജില്ലയിലെ സാമൂഹിക -സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു തെന്നിലാപുരം. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്. കുടുംബത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഉണ്ടായ നഷ്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പങ്കുചേരുന്നു.

പ്രസംഗവും പ്രവര്‍ത്തിയും ഒരുപോലെ – വി.കെ ശ്രീകണ്‍ഠന്‍ ഡി.സി.സി പ്രസിഡന്റ്

നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട തെന്നിലാപുരം രാധാകൃഷണന്റെ ദേഹവിയോഗത്തില്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുന്നു. ഏറ്റവും അടുത്ത ആത്മസുഹൃത്തുപോലുള്ള ബന്ധം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ പ്രവര്‍ത്തിക്കുമ്പോഴും പിന്നീട് ഐക്യ ജനാധിപത്യമുന്നണിയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോഴും കഴിഞ്ഞ കുറച്ചു വര്‍ഷമായി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴും ഞങ്ങള്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം ഞങ്ങള്‍ക്കൊക്കെ വളരെ ഇഷ്ടമായിരുന്നു. പ്രസംഗവും പ്രവര്‍ത്തിയും ഒരുപോലെയുള്ള അപൂര്‍വം ചില നേതാക്കളിലൊരാളാണ് തെന്നിലാപുരം രാധാകൃഷ്ണ്‍. അദ്ദേഹം ഉദ്ദേശിക്കുന്ന ആശയം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ കഴിവുള്ള മികച്ച വാഗ്മി എന്നതരത്തില്‍ അദ്ദേഹത്തോട് ആരാധന തോന്നിയിട്ടുണ്ട്. ലളിതമായ ജീവിതം, മനുഷ്യത്വപരമായ സമീപനം, അടുത്ത സൗഹൃദം എന്നിവ സ്വായത്തമാക്കാന്‍ അപൂര്‍വം നേതാക്കള്‍ക്കേ കഴിയൂ. രാഷ്ട്രീയ ചേരിമാറിയപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ വന്നപ്പോഴും സൗഹൃദത്തിന് ഒരുകുറവും ഉണ്ടായില്ല. അദ്ദേഹത്തിന്റെ വിയോഗം പൊതുസമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രകടിപ്പിക്കാന്‍ കഴിയാത്തതരത്തിലുള്ള ഒരു വേദന നമ്മുടെയൊക്കെ മനസ്സില്‍ തട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വളരെ കുറഞ്ഞവര്‍ഷങ്ങള്‍ക്കൊണ്ട് ഏറ്റവും അടുത്തിടപഴകി പ്രവര്‍ത്തിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.
ഒഴുക്കിനെതിരെ നീന്തിയ രാഷ്ട്രീയക്കാരന്‍ – കെ.എ ചന്ദ്രന്‍ (മുന്‍ എം.എല്‍.എ)

പ്രിയ രാധാകൃഷ്ണന്‍ യാത്രയായി, ഇനി ഓര്‍മ മാത്രം. അമ്പതുവര്‍ഷത്തെ ബന്ധമുണ്ട് അദ്ദേഹവുമായി. ഇണങ്ങിയല്ലാതെ ആ സൗഹൃദം മുന്നോട്ടുപോയിട്ടില്ല. മറ്റുള്ളവരില്‍നിന്ന് എല്ലാവരും വ്യത്യസ്തരാണ്. രാധാകൃഷ്ണന്‍ പ്രത്യേകം വ്യത്യസ്തനാണ്. പാലക്കാട്ടുകാര്‍ സ്ഥലപ്പേര് വെച്ച് അറിയപ്പെടുന്നത് അപൂര്‍വമാണ്. താന്‍ ജനിച്ച നാടിന്റെ പേര് അറിയിച്ചുകൊണ്ട് തെന്നിലാപുരം രാധാകൃഷ്ണന്‍ എന്ന പേര് അദ്ദേഹം സ്വീകരിച്ചു. അദ്ദേഹം നല്ലൊരു തറവാട്ടില്‍ ജനിച്ചു. തനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങളുമായി മുന്നോട്ടുപോയി. നല്ലൊരു ജീവിതപങ്കാളിയെ അറിഞ്ഞുകൊണ്ട് ഇണയാക്കി. അവര്‍ക്ക് ഒരു മകള്‍, മകള്‍ക്കും ഒരു കുട്ടി. കൂടെപ്പിറപ്പുകള്‍ എല്ലാവരുമായി സ്‌നേഹത്തിലാണ്. എത്ര നല്ല പഴമായിരുന്നാലും പഴം പഴമായിരിക്കുമ്പോള്‍ രുചിച്ചാല്‍ നല്ലത്. പഴുത്ത് ചീത്തയാക്കിക്കഴിഞ്ഞാല്‍ അത് വെയിസ്റ്റ് ആയി മാറും. അത്തരത്തില്‍ വെയ്സ്റ്റ് ആവാതെ കര്‍മനിരതനാവാന്‍ രാധാകൃഷ്ണന് കഴിഞ്ഞു. അദ്ദേഹം ആഗ്രഹിച്ചതും അങ്ങിനെത്തന്നെയായിരുന്നു. ഒഴുക്കിനെതിരെ നീന്തുക എന്നത് രാധാകൃഷ്ണന്റെ ജന്മ സ്വഭാവമായിരുന്നു. അധികാരത്തില്‍ ഇരിക്കുമ്പോള്‍ മരിച്ചാല്‍ കുറെയാളുകള്‍ വരും. അധികാരമില്ലാത്തവര്‍ മരിച്ചാല്‍ കുറച്ചാളുകള്‍ വരും. അത് ആചാര മര്യാദകളില്‍പ്പെട്ടതാണ്. അതിനുശേഷവും നില്‍ക്കുക എന്ന അപൂര്‍വകാഴ്ചയാണ് ഈ വീട്ടുമുറ്റത്ത് കാണുന്നത്. ഒഴുക്കിനെതിരെ നീന്തി ജയിക്കുക അസാധ്യമാണ്. അവസാനംവരെ ഒഴുക്കിനെതിരെ നീന്തിയടുത്ത് തനിക്ക് ശരിയെന്നുതോന്നുന്നതിനെ സ്വീകരിച്ച തെന്നിലാപുരം രാധാകൃഷ്ണന് ആദരാഞ്ജലികള്‍.
പ്രതികരണശേഷിയുള്ള രാഷ്ട്രീയക്കാരന്‍ – രാധാകൃഷ്ണന്‍ (ഫോര്‍വേഡ് ബ്ലോക്ക്)

അരനൂറ്റാണ്ട് കാലത്തോളം പാലക്കാട് ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു ഞങ്ങള്‍ സ്‌നേഹത്തോടെ രാധേട്ടന്‍ എന്നു വിളിക്കുന്ന തെന്നിലാപുരം രാധാകൃഷ്ണന്‍. കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി അദ്ദേഹവുമായി ഞാന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ജോയ്ന്റ്‌സ് കൗണ്‍സിലില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് സമരങ്ങളുണ്ടാവുമ്പോള്‍ സമരസഹായസമിതിയുടെ നേതൃത്വം ഏറ്റെടുത്തുകൊണ്ട് ആവേശമായി നിലകൊണ്ടിട്ടുണ്ട് അദ്ദേഹം. എല്ലാ ദിവസവും വാട്‌സാപ്പിലൂടെ ഗുഡ്‌മോണിങ്ങും ഗുഡ്‌നൈറ്റും പറഞ്ഞുകൊണ്ട് സന്ദേശങ്ങള്‍ അയച്ചിരുന്നു അദ്ദേഹം. കുറച്ചുദിവസമായി ആ സന്ദേശങ്ങള്‍ കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അദ്ദേഹം ആശുപത്രിയിലാണെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. പ്രതികരണശേഷിയുള്ള ഒരുപോരാളിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്. തെന്നിലാപുരം രാധാകൃഷ്ണന്റെ വിയോഗത്തില്‍ ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്കിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.

നന്മ ചെയ്്തുകൊണ്ടിരിക്കെ വിടപറഞ്ഞ സഹൃദയന്‍ – അബ്ദുല്‍ ഹഖീം നദ്‌വി ( ജമാഅത്തെ ഇസ്‌ലാമി പാലക്കാട് ജില്ലാ പ്രസിഡന്റ്)

തെന്നിലാപുരം രാധാകൃഷ്ണന്‍ സാറിനെ അടുത്തിടപഴകാന്‍ സാധിച്ചത് അടുത്തദിവസങ്ങളിലായിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട്ട്് തങ്കം ഹോസ്പിറ്റലില്‍ കാണാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം ഐ. സി.യു.വിലായിരുന്നു. പ്രത്യേക അനുമതി വാങ്ങി അദ്ദേഹത്തെ ഐ.എസി.യു.വില്‍ ചെന്നു കാണുകയുണ്ടായി. രണ്ടുകൈകളും കൂപ്പി വളരെ സന്തോഷത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വിലയിരുത്തലുകളും അദ്ദേഹം ആ സമയത്ത് പങ്കുവെക്കുകയുണ്ടായി. പാര്‍ട്ടിക്കും കുടുംബത്തിനും മാത്രമല്ല എല്ലാവര്‍ക്കും വലിയ നഷ്ടം ഉണ്ടാക്കിക്കൊണ്ടാണ് അദ്ദേഹം നമ്മില്‍നിന്ന് വേര്‍പിരിഞ്ഞത്. അദ്ദേഹത്തിന്റെ മരണശേഷമുള്ള ജീവിതം സുന്ദരമായിരിക്കാന്‍ നമുക്കെല്ലാവര്‍ക്കും ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം. ജീവിതത്തില്‍ ധാരാളം നന്മചെയ്യുകയും, നന്മ ചെയ്്തുകൊണ്ടിരിക്കെത്തന്നെ ഈ ലോകത്തോട് വിടപറയാന്‍ കഴിയുക എന്നത് ഒരു സൗഭാഗ്യംകൂടിയാണ്.

തെന്നിലാപുരമെന്ന സത്യാന്വേഷി – എം.വി ഹമീദ് (മുസ്‌ലിം ലീഗ്)

ഒരുപാട് വര്‍ഷങ്ങളുടെ ബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു തെന്നിലാപുരം രാധാകൃഷ്ണന്‍. അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലംമുതല്‍ ട്രെയ്ഡ് യൂണിയന്‍ രംഗത്തും, വിവിധ പ്രക്ഷോഭ പരിപാടികളിലും പലപ്പോഴും ഒരുമിച്ചുപ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. അദ്ദേഹം ഒരു അന്വേഷകനായിരുന്നു. ശരിയിലേക്കുള്ള ഒരന്വേഷണം. ആ അന്വേഷണമാണ് അദ്ദേഹത്തെ ഒന്നില്‍നിന്ന് ഒന്നിലേക്ക്, പിന്നീട് വേറൊന്നിലേക്ക് എത്തിപ്പെടുവാനുള്ള സാഹചര്യം ഒരുക്കിയത്. തനിക്ക് ശരിയല്ല എന്ന് തോന്നിയവിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുന്ന ഒരു സ്വഭാവത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. പക്ഷേ, ഒരിക്കലും അദ്ദേഹം അതിനുവേണ്ടി കലഹിച്ചിട്ടില്ല എന്നതും വസ്തുതയാണ്. കലഹം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. കാര്യങ്ങള്‍ തുറന്നുപറയുക എന്നത് അദ്ദേഹത്തിന് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു. നല്ല പ്രഭാഷകനായിരുന്നു. സ്ഫുടമായ ഭാഷയില്‍ ആളുകളുടെ മനസ്സുകളെ സ്വാധീനിക്കാനാവശ്യമായ എല്ലാ ചേരുവകളും ചേര്‍ത്ത് താനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള വിശേഷമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
നല്ല സംഘാടകന്‍, നല്ല തൊഴിലാളി പ്രവര്‍ത്തകന്‍, നല്ല പൊതുപ്രവര്‍ത്തകന്‍ തുടങ്ങി എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ആളുകളുടെ വിയോഗം നമ്മിലൊക്കെ ഏറെ ദുഃഖവും വേദനയും ഉണ്ടാക്കും എന്നത് വസ്തുതയാണ്. ആ ദുഃഖമാണ് കക്ഷിരാഷ്ട്രീയത്തിനതീതമായി മറ്റുവിശ്വാസ പ്രമാണങ്ങള്‍ക്കതീതമായി ആളുകള്‍ അദ്ദേഹത്തെ അവസാനമായി ഒരുനോക്കുകാണാന്‍ ഒത്തുകൂടിയത്. മുസ്‌ലിം ലീഗിന്റെ നല്ല സഹകാരി എന്നനിലയില്‍ അദ്ദേഹത്തോട് ഇടപഴകുന്നതിനും ആശയ വിനിമയം നടത്തുന്നതിനും ചിലസന്ദര്‍ഭങ്ങളില്‍ തര്‍ക്കിക്കുന്നതിനും അവസരമുണ്ടായിട്ടുണ്ട്. തെന്നിലാപുരം രാധാകൃഷണന്‍ എന്ന മനുഷ്യസ്‌നേഹിയുടെ വിയോഗത്തില്‍ മുസ്‌ലിം ലീഗിന്റെ അതീവമായ ദുഃഖം രേഖപ്പെടുത്തുന്നു.

പ്രിയങ്കരനായ അയല്‍ക്കാരന്‍ – ജനാര്‍ധനന്‍ (പ്രസിഡന്റ്, റസിഡന്റ്‌സ് അസോസിയേഷന്‍)

തെന്നിലാപുരം രാധാകൃഷ്ണന്‍ സാര്‍ ഞങ്ങളുടെ ഹൗസിങ് കോളനിയിലെ പ്രധാനപ്പെട്ട ഒരു വ്യക്തിയായിരുന്നു. ഞങ്ങള്‍ താമസിക്കുന്ന കാലത്ത് അടിസ്ഥാന സൗകര്യങ്ങള്‍ കാര്യമായൊന്നും ഈ കോളനിയില്‍ ഉണ്ടായിരുന്നില്ല. തെന്നിലാപുരം സാറിന്റെകൂടി ഉത്സാഹത്തിലായിരുന്നു റസിഡന്‍സ് അസോസിയേഷന്‍ രൂപീകരിക്കുന്നത്. അദ്ദേഹമായിരുന്നു ആദ്യകാലങ്ങളില്‍ അസോസിയേഷന്റെ പ്രസിഡന്റ്. അദ്ദേഹത്തിന്റെ ശ്രമഫലമായി പലകാര്യങ്ങളും ഈകോളനിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞു. ഞങ്ങള്‍ക്കെല്ലാം വളരെ പ്രിയങ്കരനായ സുഹൃത്തും അയല്‍ക്കാരനുമായിരുന്നു അദ്ദേഹം.

ആദര്‍ശ ധീരനായ നേതാവ് – ഖലീല്‍ റഹ്മാന്‍ (എസ്.ഡി.പി.ഐ)

തെന്നിലാപുരം ആദര്‍ശത്തില്‍നിന്ന് വ്യതിചലിച്ചതുകൊണ്ടല്ല അദ്ദേഹം നേരത്തെ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടിയില്‍നിന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് മാറിയത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ടവന്റെയും പാര്‍ശ്വവല്‍കരിക്കപ്പെട്ടവന്റെയും തൊഴിലാളി വര്‍ഗത്തിന്റെയും പ്രശ്‌നങ്ങള്‍ ജീവിതത്തിലുടനീളം ഏറ്റെടുക്കുകയും അവര്‍ക്കുവേണ്ടിയുള്ള സമരമുഖത്ത് ഉറച്ചുനില്‍ക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ആദര്‍ശത്തോടെ മുന്നോട്ടുപോകാന്‍ തുറന്നുകിട്ടുന്ന വഴിയേതാണോ ആ വഴിയിലൂടെ സഞ്ചരിച്ചതുകൊണ്ടാണ്് അദ്ദേഹം വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ എത്തിച്ചേര്‍ന്നത്. കാലഘട്ടത്തിന്റെ അനിവാര്യമായ മുന്നേറ്റത്തിന് ചാലകശക്തികളാകേണ്ട യുവസമൂഹത്തെ ഏറെ പ്രചോദിപ്പിച്ച തെന്നിലാപുരത്തെപ്പോലെയുള്ളവരുടെ വിയോഗം സമൂഹത്തിനുതന്നെ വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ കമ്മിറ്റി അങ്ങേയറ്റം ദുഃഖം രേഖപ്പെടുത്തുന്നു.
വിപ്ലവത്തിന്റെ കനല്‍ കഷ്ണങ്ങള്‍ ബാക്കിവെച്ച നേതാവ്
ഉമ്മര്‍ ആലത്തൂര്‍ (സോളിഡാരിറ്റി സംസ്ഥാന നറല്‍ സെക്രട്ടറി)

സോളിഡാരിറ്റിയുമായി വലിയ ആത്മബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു തെന്നിലാപുരം. നീതി നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടിയും മുഖ്യാധാരയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടിയുമുള്ള സോളിഡാരിറ്റിയുടെ പോരാട്ടങ്ങളില്‍ അദ്ദേഹം ആവേശമായി കൂടെയുണ്ടായിരുന്നു. ഭരണകൂട ഭീകരതയുടെ ഇരകള്‍ക്കുവേണ്ടി അദ്ദേഹം ശബ്ദിച്ചു. എല്ലാതരത്തിലുള്ള അക്രമങ്ങള്‍ക്കും അദ്ദേഹം എതിരായിരുന്നു. ഫാസിസത്തിന്റെ നിഷിത വിമര്‍ശകനായിരുന്നു. രാഷ്ട്രീയം നന്മയുടേതാകണം, അത് സംസ്‌കാര സമ്പന്നമാകണം, ജനപക്ഷവും മൂല്യാധിഷ്ഠിതവുമാകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നന്മയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ ലോകത്തോട് വിടപറഞ്ഞുപോയാല്‍ അവര്‍ മരിച്ചവരല്ല, ജീവിക്കുന്നവരാണ് എന്നതാണ് വേദവാക്യം. ആ അര്‍ഥത്തില്‍ ജീവിതത്തില്‍ ഒരുപാട് നല്ല മാതൃകകള്‍ അവശേഷിപ്പിച്ചുകൊണ്ട്, വിപ്ലവത്തിന്റെ കനല്‍ കഷ്ണങ്ങള്‍ ബാക്കിവെച്ചുകൊണ്ടാണ് തെന്നിലാപുരം നമ്മില്‍നിന്ന് വിടപറഞ്ഞിട്ടുള്ളത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757