Opinion

പ്രിയ നേതാവിന് അന്ത്യാഭിവാദ്യങ്ങള്‍ – ശ്രീജ നെയ്യാറ്റിന്‍കര

 

രക്ത ബന്ധത്തെക്കാള്‍ ദൃഢവും ശക്തവും മനോഹരവുമാണ് ആദര്‍ശബന്ധം. ഒരേ ആദര്‍ശപാതയില്‍ ഒരേ ലക്ഷ്യത്തിന് വേണ്ടി പൊരുതി കൊണ്ടിരിക്കുന്നവര്‍ തമ്മില്‍ രക്തബന്ധത്തെക്കാള്‍ തീവ്രമായ ഹൃദയബന്ധമുണ്ടാകും. അവരില്‍ നിന്ന് പെട്ടെന്ന് ചിലര്‍ വിടപറയുക, ഹൃദയം നുറുങ്ങുന്ന വേദന സമ്മാനിച്ച് അവര്‍ യാത്രപറയുമ്പോള്‍ നിറയുന്നൊരു ശൂന്യതയുണ്ട്. ചിലപ്പോള്‍ ആ ശൂന്യത നികത്താന്‍ ഒരിക്കലും കഴിഞ്ഞെന്നു വരില്ല. അങ്ങനൊരു ശൂന്യത ഞങ്ങള്‍ക്ക് സമ്മാനിച്ചിട്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ സാര്‍ വിടപറയുന്നത്. അദ്ദേഹം ആദര്‍ശ ധീരനായ പാര്‍ട്ടി നേതാവ് മാത്രമായിരുന്നില്ല, ചിലര്‍ക്കദ്ദേഹം രാഷ്ട്രീയ ഗുരുവായിരുന്നു. മറ്റു ചിലര്‍ക്ക് സ്‌നേഹ വാത്സല്യങ്ങള്‍ പതഞ്ഞൊഴുകുന്ന പിതൃതുല്യനായ വ്യക്തിത്വം, ചിലര്‍ക്ക് ജ്യേഷ്ഠ സഹോദരന് തുല്യനായ സ്‌നേഹ നിര്‍ഭരനായ വ്യക്തിത്വം, മറ്റു ചിലര്‍ക്ക് ഉത്തമ സുഹൃത്ത്. അദ്ദേഹത്തോട് ഒരു ചെറിയ പരിചയമുണ്ടായിരുന്നവര്‍ പോലും ആ വലിയ നഷ്ടമോര്‍ത്ത് ദുഃഖിക്കുന്ന കാഴ്ചയാണ് ചുറ്റും.
കേരളത്തിന്റെ മുഴുവന്‍ ജില്ലകളില്‍ നിന്നും അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍ പൊട്ടിക്കരയുന്നത് കണ്ടപ്പോള്‍ മനസിലാകുന്നു പ്രവര്‍ത്തകരെ നിറഞ്ഞ സ്‌നേഹം കൊണ്ട് ഹൃത്തടത്തില്‍ ചേര്‍ത്ത നേതാവായിരുന്നു അദ്ദേഹമെന്ന്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പോലും വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണുവാനും അന്ത്യോപചാരമര്‍പ്പിക്കാനും നിറകണ്ണുകളോടെ ഓടിയെത്തി.

ശാരീരിക അവശതകള്‍ക്ക് വില കല്‍പിക്കാതെ ആറു വര്‍ഷം തുടര്‍ച്ചയായി ക്ഷേമ രാഷ്ട്രമെന്ന ലക്ഷ്യത്തിനായി ത്യാഗപൂര്‍വം പ്രവര്‍ത്തിച്ച മഹദ് വ്യക്തിത്വം, അതായിരുന്നു ഞങ്ങളുടെ തെന്നിലാപുരം രാധാകൃഷ്ണന്‍ സര്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ചാരുതയെ കുറിച്ചും വാക് ചാതുര്യത്തെ കുറിച്ചും വിവരിക്കുക അസാധ്യമാണ്. വിദേശ രാജ്യങ്ങളിലെ മലയാളികള്‍ക്കിടയിലും അദ്ദേഹത്തിന്റെ ഘനഗാംഭീര്യമാര്‍ന്ന രാഷ്ട്രീയ – സാംസ്് ്കാരിക പ്രഭാഷണങ്ങള്‍ മുഴങ്ങി. മണലാരണ്യത്തില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കിടയിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. പാര്‍ട്ടിക്കുള്ളിലെ വിവിധ കഴിവുകളുള്ള പ്രവര്‍ത്തകരെ കണ്ടെത്തി അവരെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്കാവശ്യമായ പിന്തുണ നല്‍കുകയും ചെയ്തിരുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം. ഉയര്‍ന്ന നേതാവെന്ന ഭാവമോ തലക്കനമോ തീരെയില്ലാത്ത, നേരിയ പരിചയമുള്ള സാധാരണ പ്രവര്‍ത്തകരെയടക്കം ചേര്‍ത്തു നിര്‍ത്തി വിശേഷങ്ങള്‍ പങ്കുവവെക്കുന്ന, അവരെ പരിഗണിക്കുന്ന നേതൃഗുണം അദ്ദേഹത്തിനുണ്ടായിരുന്നു. ഒരിക്കല്‍ പരിചയപ്പെടുന്നവരെപ്പോലും ഓര്‍ത്തുവെച്ചു സ്‌നേഹാന്വേഷണങ്ങള്‍ നടത്തിയിരുന്നു അദ്ദേഹം. നിറഞ്ഞ സ്‌നേഹവും ആര്‍ദ്രതയും കാരുണ്യവും ലാളിത്യവും അതായിരുന്നു അദ്ദേഹത്തിന്റെ വിലപിടിപ്പുള്ള സമ്പാദ്യം. തികഞ്ഞ ലാളിത്യം, കണ്ണുകളില്‍ തുളുമ്പുന്ന ആര്‍ദ്രഭാവം, ചുണ്ടുകളില്‍ എപ്പോഴും തങ്ങി നില്‍ക്കുന്ന പുഞ്ചിരി, ആദര്‍ശ ധീരത, വിപ്ലവ ചിന്ത, ഇല്ല മരണത്തിനൊരിക്കലും കഴിയില്ല, അദ്ദേഹം വെല്‍ഫെയര്‍ പാര്‍ട്ടി എന്ന പ്രസ്ഥാനത്തില്‍ കൊളുത്തി വച്ച പ്രഭാപൂരിതമായ വിളക്കിനെ ഊതിക്കെടുത്താന്‍.

അദ്ദേഹമിപ്പോള്‍ ഞങ്ങള്‍ക്കൊപ്പമില്ല. അനിവാര്യമായ മരണം അദ്ദേഹത്തെ കൈപിടിച്ചു കൊണ്ടുപോയി. പക്ഷേ, അദ്ദേഹം പകര്‍ന്നു തന്ന നന്മക്കും നീതിബോധത്തിനും ആദര്‍ശപരമായ സത്യസന്ധതക്കും ത്യാഗ സന്നദ്ധതക്കും പോരാട്ടവീര്യത്തിനും മരണമില്ല. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി ലക്ഷ്യം വച്ച ക്ഷേമരാഷ്ട്രം. ആ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു വാര്‍ധക്യത്തിലും തളരാത്ത പോരാട്ട വീര്യം അദ്ദേഹം അവസാന നിമിഷം വരെ കെടാതെ സൂക്ഷിച്ചത്. അവസാനത്തെ ആറു വര്‍ഷങ്ങള്‍ അദ്ദേഹം പ്രവര്‍ത്തിച്ച വെല്‍ഫെയര്‍ പാര്‍ട്ടി എന്ന പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ നമുക്കഭിമാനിക്കാം പ്രിയ ആദര്‍ശ ബന്ധുക്കളെ.

ദീര്‍ഘകാലം താന്‍ സ്‌നേഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അദ്ദേഹത്തിന് വിടപറയേണ്ടി വന്നത് പ്രസ്ഥാനം ആദര്‍ശപാതയില്‍ നിന്ന് വ്യതിചലിച്ചു പോയതിന്റെ വേദന കൊണ്ടാണ്. പ്രത്യയശാസ്ത്ര ബാധ്യത നഷടപ്പെട്ട പ്രസ്ഥാനത്തില്‍ തുടരാന്‍ കഴിയുക അസാധ്യമാണെന്ന് അദ്ദേഹം കരുതിയത് കൊണ്ടാണ്. ഒടുവില്‍ രാഷ്ട്രീയ ഇടപെടലുകള്‍ സകലതും അവസാനിപ്പിച്ച് വിശ്രമിക്കുന്ന അദ്ദേഹത്തിന്റെ കാതിലേക്ക് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വിപ്ലവ ശബ്ദം എത്തിച്ചത് അദ്ദേഹത്തിന്റെ ദീര്‍ഘ കാലത്തെ സുഹൃത്തും ഞങ്ങളുടെ പ്രിയ ദേശീയ നേതാവുമായ പി.സി ഹംസ സാഹിബായിരുന്നു. നീതി നിഷേധിക്കപ്പെട്ടവരുടെ ഒപ്പം ചേര്‍ന്നു നിന്ന് നീതിക്കായി പോരാടാനും ക്ഷേമരാഷ്ട്രം നിര്‍മിക്കാനും ഒപ്പം ചേരാന്‍ ഹംസ സാഹിബ് അദ്ദേഹത്തെ സ്‌നേഹാദരങ്ങളോടെ ക്ഷണിച്ചു. പ്രിയ കൂട്ടുകാരന്റെ ആ ക്ഷണം സ്വീകരിച്ചു ഞങ്ങളുടെ സ്‌നേഹ കൂടാരത്തിലേക്ക് കടന്നു വന്ന തെന്നിലാപുരം രാധാകൃഷ്ണന്‍ സാര്‍ തന്റെ രാഷ്ട്രീയ പരിജ്ഞാനവും വിപ്ലവ ചിന്തകളും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ക്ഷേമ രാഷ്ട്രത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് സമര്‍പ്പിച്ചു. പലതരം രോഗങ്ങള്‍ അലട്ടുമ്പോഴും മരുന്ന് പെട്ടിയുമായി അദ്ദേഹം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വേണ്ടി കേരളമാകെ സഞ്ചരിച്ചു. അണികള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കി. രാഷ്ട്രീയ പ്രസംഗങ്ങളിലൂടെ വേദികളെ പ്രകമ്പനം കൊള്ളിച്ചു. ഇന്നും ഞാനോര്‍ക്കുന്നു, കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ് കാലത്തായിരുന്നു അത്. കൊടും ചൂട് കാലം. തുറന്ന സ്റ്റേജില്‍ സ്വാഗത പ്രഭാഷണം നടക്കുമ്പോള്‍ തന്നെ മഴക്കാറും കാറ്റും. ഞാനും സാറുമായിരുന്നു പ്രഭാഷകര്‍. തൊട്ടടുത്തിരുന്ന സാറിനോട് ഞാന്‍ തമാശ രൂപത്തില്‍ പറഞ്ഞു ‘മഴ പെയ്യാന്‍ സാധ്യതയുണ്ട്. മഴ പെയ്യട്ടെ സാര്‍ പ്രസംഗിച്ചു മഴയെ തടയരുത്.’ അപ്പോഴേക്കും ശക്തമായ കാറ്റ് മഴക്കാറിനേയും കൊണ്ട് കടന്നു കളഞ്ഞിരുന്നു. ചിരിയോടെ അദ്ദേഹം പറഞ്ഞു ‘നോക്കിക്കോ ഞാന്‍ പ്രസംഗിച്ചു മഴ വരുത്തിത്തരാം.’ അക്ഷരാര്‍ത്ഥത്തില്‍ അത് ശരിയായിരുന്നു, സാറിന്റെ ഘന ഗാംഭീര്യമാര്‍ന്ന ഉദ്ഘാടന പ്രഭാഷണം തുടങ്ങുന്ന വേളയില്‍ തന്നെ മഴ ആര്‍ത്തലച്ചു പെയ്യാന്‍ തുടങ്ങി. ഒരൊറ്റ പാര്‍ട്ടി പ്രവര്‍ത്തകരും മഴ നനയാതെ ഓടി മാറിയില്ല അദ്ദേഹത്തിന്റെ ആവേശകരമായ വാക്കുകള്‍ മഴക്കൊപ്പം ഇടമുറിയാതെ അടര്‍ന്നു വീഴുമ്പോള്‍ അണികള്‍ ഒന്നടങ്കം ആവേശഭരിതരായി മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് സാര്‍ പ്രഭാഷണം അവസാനിപ്പിച്ചു എന്നോട് പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടു. മഴയില്‍ സാറിന്റെ പ്രഭാഷണത്തോടെ പരിപാടി അവസാനിക്കും എന്ന് കരുതിയിരിക്കുമ്പോഴാണ് അദ്ദേഹം എന്നോടതാവശ്യപ്പെടുന്നത്. ‘വേണ്ട സാര്‍ മഴയല്ലേ’ എന്ന് ഞാന്‍ പറയുമ്പോള്‍ ‘അതെ മഴയാണ് നിന്റെ ഒരു ഇടിവെട്ട് കൂടെ ആവശ്യമുണ്ടെന്നു’ പറഞ്ഞു സര്‍. ഇങ്ങിനെ ഒളിമങ്ങാതെ മായാതെ തങ്ങിനില്‍ക്കുന്ന എത്രയെത്ര ഓര്‍മകളുണ്ട് ഞങ്ങള്‍ക്ക് നിങ്ങളെക്കുറിച്ചോര്‍ക്കാന്‍.

അദ്ദേഹം എറണാകുളത്ത് ചികിത്സക്കായി പോകുന്നതിന്റെ രണ്ടു ദിവസം മുമ്പാണ് ഞാന്‍ പാലക്കാട് ജില്ലാ നേതാക്കളോടൊപ്പം വീട്ടില്‍ വച്ച് അവസാനമായി അദ്ദേഹത്തോട് സംസാരിക്കുന്നത്. തീരെ ക്ഷീണാവസ്ഥയില്‍ തന്നെയായിരുന്നു അദ്ദേഹമന്നുണ്ടായിരുന്നതും. എന്നിട്ടും ഞങ്ങളോട് സംസാരിച്ചു. ചിരിച്ചു, വിശേഷങ്ങള്‍ ചോദിച്ചു. തിരിച്ചു പോരാന്‍ നേരം കൈ പിടിച്ചമര്‍ത്തി കണ്ണുകളില്‍ തിളങ്ങി നില്‍ക്കുന്ന വാത്സല്യ ഭാവം. എറണാകുളത്ത് ചികിത്സക്ക് പോകുന്ന ദിവസം രാവിലെ അയച്ച വാട്ട്‌സാപ്പ് മെസേജായിരുന്നു ഏറ്റവുമൊടുവില്‍ കിട്ടിയ അദ്ദേഹത്തിന്റെ സന്ദേശം. അതിനു ശേഷം എറണാകുളം ലിസി ആശുപത്രിയുടെ ഐ.സി.യുവിന് പുറത്ത് നിന്ന് അദ്ദേഹത്തിന്റെ മടങ്ങിവരവിനായി പ്രാര്‍ഥിച്ചു. ഇല്ല പ്രാര്‍ഥനകളൊന്നും പ്രപഞ്ച ശക്തി കേട്ടില്ല. ഒടുവില്‍ പാലക്കാട്ടെ അയ്യപുരത്തെ മൈത്രം എന്ന വീട്ടില്‍ ചേതനയറ്റ പ്രിയ നേതാവിന്റെ ഭൗതിക ശരീരത്തിന് മുന്നില്‍ കരച്ചിലടക്കാനാകാതെ ഞങ്ങള്‍ നില്‍ക്കുമ്പോള്‍ കാതില്‍ മുഴങ്ങി കേള്‍ക്കുന്നുണ്ടായിരുന്നു സ്‌നേഹനിര്‍ഭരമായ ആ ശബ്ദം. ആത്മാവില്‍ നിറയുന്ന പ്രകാശ വലയം. വിപ്ലവ വഴികളില്‍ ആ പ്രകാശം നമുക്കനിവാര്യമാണ്.

ആദര്‍ശ ബന്ധുക്കളേ ,
ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടു പ്രിയപ്പെട്ട നേതാക്കള്‍ നമ്മെ വിട്ടുപിരിഞ്ഞു. ജോണ്‍ അമ്പാട്ടും തെന്നിലാപുരം രാധാകൃഷ്ണനും. അവരെ കുറിച്ചോര്‍ത്തു നമ്മള്‍
ഇനി കരയുകയല്ല വേണ്ടത്. അവരുടെ വിയോഗം നമ്മളിലുണ്ടാക്കിയ വേദന പകരുന്ന കണ്ണുനീര്‍ത്തുള്ളികളെ തുടച്ചു മാറ്റി അവര്‍ സ്വപ്നം കണ്ട ക്ഷേമരാഷ്ട്രത്തിനായി ത്യാഗ സന്നദ്ധതയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ഫാസിസം അതിന്റെ ഭീകരമായ ദംഷ്ട്രകള്‍ നീട്ടിനില്‍ക്കുന്ന രാജ്യത്ത് ഇരകള്‍ക്ക് വേണ്ടി പോരാടി വിജയിക്കണം. വിജയിച്ചേ മതിയാകൂ. നീതി നിഷേധിക്കപ്പെട്ട ജനതയുടെ അവകാശങ്ങള്‍ക്കായി പോരാടണം, നീതി ലഭ്യമാക്കണം. ജനാധിപത്യത്തെയും മതേതരത്വത്തെയും സമരങ്ങളേയും പ്രണയിച്ച, ഫാസിസത്തിനെതിരെ സന്ധിയില്ലാ പോരാട്ടം നയിച്ച, ഭൂസമരങ്ങള്‍ക്കു കരുത്തു നല്‍കിയ ആ വിപ്ലവ നക്ഷത്രങ്ങള്‍ നമ്മോടു പറയുന്നത് പോരാടാനാണ്. നമ്മെ അവര്‍ ഏല്പിച്ചു പോയത് പോരാട്ടവീര്യമാണ്. ആ വിപ്ലവകാരികള്‍ക്കു നമുക്ക് നല്‍കാനുള്ളത് ക്ഷേമരാഷ്ട്രം എന്ന യാഥാര്‍ഥ്യമാണ്. നമ്മളത് യാഥാര്‍ഥ്യമാക്കുക തന്നെ ചെയ്യും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757