Opinion

അമ്പാട്ടച്ഛന്‍ വിട പറയുമ്പോള്‍ -ശ്രീജ നെയ്യാറ്റിന്‍കര

‘ഞാന്‍ തിരികെ വരും വരാതെവിടെ പോകാനാ ‘ അവസാനമായി അമ്പാട്ടച്ഛനെ വീട്ടില്‍ പോയി കാണുമ്പോള്‍ അദ്ദേഹം പൊട്ടിച്ചിരിയോടെ പറഞ്ഞ വാക്കുകളാണിത്. പറഞ്ഞ വാക്ക് പാലിക്കാതെ ഞങ്ങളെയെല്ലാം കണ്ണീരിലാഴ്ത്തി പെട്ടെന്നങ്ങു പൊയ്ക്കളഞ്ഞു. ഒരിക്കലും തിരികെ വരാന്‍ കഴിയാത്തിടത്തേക്ക്.

ജോണ്‍ അമ്പാട്ടെന്ന ഞങ്ങളുടെ അമ്പാട്ടച്ഛനെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ നിറയുന്നത് ഭൂസമര മുഖങ്ങളിലെ ഊര്‍ജസ്വലനായ, ശുഭാപ്തിവിശ്വാസക്കാരനായ, പോരാളിയായ രാഷ്ട്രീയ നേതാവിനെയാണ്. മാരകമായ ക്യാന്‍സറിന് മുന്നില്‍ കീഴടങ്ങാന്‍ മനസ്സില്ലാതെ രോഗത്തെ അവഗണിച്ചു ഭൂസമരങ്ങളില്‍ ഓടിയെത്താറുള്ള ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ചരിത്ര സമരമായ കല്ലടത്തണ്ണി ഭൂസമരത്തില്‍ തലേന്നാള്‍ തന്നെ എത്തിയ അമ്പാട്ടച്ഛനോടു ഞാനന്ന് ചോദിച്ചിരുന്നു ഇത്രയും ദൂരം അതും ഈ രോഗാവസ്ഥയില്‍ ഇങ്ങോട്ടെത്തണമായിരുന്നോ? ‘ഇങ്ങനൊരു സമരം ഇവിടെ നടക്കുമ്പോള്‍ സമാധാനത്തോടെ ഞാനെങ്ങനെ വീട്ടിലിരിക്കും ശ്രീജേ ‘ മറുപടി അതായിരുന്നു. അതെ രോഗം അദ്ദേഹത്തെ തളര്‍ത്തിയിടാന്‍ ശ്രമിക്കുമ്പോഴൊക്കെ അദ്ദേഹം രോഗത്തെ ശുഭാപ്തി വിശ്വാസം കൊണ്ടും പ്രവര്‍ത്തന ചടുലത കൊണ്ടും ആട്ടിയോടിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ഏറ്റവുമൊടുവില്‍ ഞങ്ങളൊരുമിച്ചു നടത്തിയ യാത്ര ശ്രീറാം വെങ്കിട്ടരാമന്‍ ഇടുക്കിയില്‍ ഭൂമാഫിയക്കെതിരെ നടത്തിയ ചുവടുവവെപ്പിന് പിന്തുണ നല്‍കാനായിരുന്നു. മൂന്നാറിലെ കയ്യേറ്റ ഭൂമിയൊക്കെ അന്ന് ഞങ്ങളോടൊപ്പം സന്ദര്‍ശിച്ച അമ്പാട്ടച്ഛന്‍ ഒരിക്കലും ഒരു മാരകരോഗത്തിനടിമയാണെന്ന തോന്നല്‍ ഞങ്ങള്‍ക്കുണ്ടാക്കിയിട്ടില്ല. അത്രയേറെ ഊര്‍ജസ്വലനായിരുന്നു അദ്ദേഹം. അതിനു ശേഷവും അനേകം യാത്രകള്‍ അദ്ദേഹം നടത്തിയിരുന്നു.
ഒരുപാട് സമര ഓര്‍മകള്‍ അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂരഹിതര്‍ക്കു വേണ്ടി എറണാകുളം കലക്ട്രേറ്റിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ മാര്‍ച്ചില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്ത ഒരോര്‍മ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്. എന്തൊരു സമരാവേശമാണ് ഈ മനുഷ്യന് എന്ന് ഞാനന്ന് അത്ഭുതപ്പെട്ടിരുന്നു. ഭൂരഹിതര്‍ക്ക് വേണ്ടി അദ്ദേഹം ജയില്‍വാസംവരെ അനുഷ്ഠിച്ചു. കയ്യേറ്റ മാഫിയകള്‍ക്കെതിരെ പ്രവൃത്തി കൊണ്ടും ചിന്ത കൊണ്ടും പൊരുതി.
തൂവെള്ള വസ്ത്രത്തിലും നിറഞ്ഞ ചിരിയിലും കര്‍മോല്‍സുകതയിലും ഞങ്ങള്‍ കണ്ടിട്ടുള്ള അമ്പാട്ടച്ഛന്‍ ഇനിയില്ല എന്ന് വിശ്വസിക്കാനാകുന്നില്ല. ശ്രീജേ എന്നുള്ള അദ്ദേഹത്തിന്റെ വാത്സല്യ നിര്‍ഭരമായ നീട്ടിയ വിളി ഇനിയില്ല.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതിയംഗവും ഭൂസമര സമിതിയുടെ സംസ്ഥാന കോ ഓഡിനേറ്ററുമായിരുന്നു ജോണ്‍ അമ്പാട്ട്. ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കണം, അതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ലക്ഷ്യം. രോഗവിവരം അന്വേഷിച്ചു അദ്ദേഹത്തിന്റെ സമീപത്തെത്തുന്ന പാര്‍ട്ടി നേതാക്കളോടെല്ലാം വേദന കാര്‍ന്നു തിന്നുമ്പോഴും അങ്ങേയറ്റം ക്ഷീണാവസ്ഥയിലായിരിക്കുമ്പോഴും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് ഭൂമാഫിയ കയ്യടക്കി വെച്ചിരിക്കുന്ന ഭൂമിയെക്കുറിച്ചും ദുരന്തമനുഭവിക്കുന്ന ഭൂരഹിതരെ കുറിച്ചും തന്നെയായിരുന്നു. പോരാട്ടഭൂമിയിലെ പ്രിയപ്പെട്ട പോരാളിയുടെ ആ ലക്ഷ്യം വെല്‍ഫെയര്‍ പാര്‍ട്ടി സാക്ഷാത്കരിക്കുക തന്നെ ചെയ്യും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757