Opinion

ഓര്‍മകളിലെ തെന്നിലാപുരം രാധാകൃഷ്ണന്‍ – കെ. സജീദ്

തെന്നിലാപുരം രാധാകൃഷ്ണന്‍ എന്ന പേര് കുട്ടിക്കാലത്ത് തന്നെ എന്റെ മനസില്‍ പതിഞ്ഞതാണ്. 1984-ല്‍ പുനലൂര്‍ നിയോജകമണ്ഡലത്തില്‍ ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന കാലം. അന്ന് സി.പി.ഐ സ്ഥാനാര്‍ത്ഥിയായ പി.കെ ശ്രീനിവാസനാണ് ഇടതുപക്ഷത്തിന് വേണ്ടി മത്സരിക്കുന്നത്. ഏപ്രില്‍മാസമാണ് തെരഞ്ഞെടുപ്പ്. അതിനാല്‍ തന്നെ അവധിക്കാലമാണ്. അഞ്ചാം ക്ലാസ് കഴിഞ്ഞ് ആറാം ക്ലാസിലേക്കുള്ള പടിവാതില്‍ക്കലാണ് ഞാനന്ന്. ഇടതുപക്ഷ സഹയാത്രികരായ കുടുംബത്തില്‍ ജനിച്ചതിനാല്‍ വീട്ടില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ആവേശത്തോടെ നടക്കാറുണ്ട്. ഉപതെരഞ്ഞെടുപ്പായതുകൊണ്ട് സംസ്ഥാനത്തെ നേതാക്കളെല്ലാം എല്ലാ ഗ്രാമങ്ങളിലും എത്തുന്നുണ്ട്. വൈകുന്നേരങ്ങളില്‍ മിക്ക ദിവസവും പൊതുയോഗങ്ങള്‍ നടക്കും. ഇടതുപക്ഷത്തിന്റെ എല്ലാ പൊതുയോഗങ്ങളും കേള്‍ക്കാന്‍ ആവേശത്തോടെ പോകാറുണ്ട്. അത്തരമൊരു പൊതുയോഗത്തിലാണ് താടിവെച്ച് മെല്ലിച്ച സുന്ദരനായ ഒരു ചെറുപ്പക്കാരന്റെ ശുദ്ധമലയാളത്തില്‍ അതുവരെ കേട്ടിട്ടില്ലാത്ത ശൈലിയില്‍ ആകര്‍ഷകമായ പ്രഭാഷണം കേള്‍ക്കുന്നത്. പി.കെ.വി ആണ് യോഗത്തിലെ മുഖ്യ പ്രഭാഷകന്‍. പി.കെ.വി എത്തിച്ചേരുന്നതുവരെ പ്രസംഗിക്കേണ്ട ഗ്യാപ് ഫില്ലര്‍ റോളിലാണ് ആ താടിവെച്ച ചെറുപ്പക്കാരന്റെ പ്രൗഢമായ പ്രഭാഷണം. മുഖ്യമന്ത്രി കരുണാകരനെയും വൈദ്യുതി മന്ത്രി ബാലകൃഷ്ണപിള്ളയേയും വ്യവസായ മന്ത്രി യു.എ ബീരാനെയും വിദ്യാഭ്യാസ മന്ത്രി ടി.എം ജേക്കബിനെയുമെല്ലാം തീക്ഷ്ണമായി വിമര്‍ശിക്കുന്നുണ്ട്.

‘ജാജ്വല്യമാനമായ’ എന്ന വാക്ക് അന്നാദ്യമായാണ് ഞാന്‍ കേള്‍ക്കുന്നത്. അടുത്തു നില്‍ക്കുന്ന സഖാക്കളോട് ആരാണ് ഈ ചെറുപ്പക്കാരന്‍ എന്നു ചോദിച്ചപ്പോഴാണ് പാലക്കാടുകാരനായ തെന്നിലാപുരം രാധാകൃഷ്ണനാണ് അത് എന്ന് മനസ്സിലായത്. തെന്നിലാപുരം എന്ന പേരിന്റെ പ്രത്യേകത കാരണം അത് മനസ്സില്‍ അപ്പോള്‍ തന്നെ പതിഞ്ഞു. ഞങ്ങളുടെ പഞ്ചായത്തായ ഏരൂര്‍ പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ടത്തിന് എത്തിയതായിരുന്നു തെന്നിലാപുരം. പിന്നീട് തെരെഞ്ഞെടുപ്പ് പ്രചരണ കൊട്ടിക്കലാശം വരെ എല്ലാ ദിവസവും അദ്ദേഹത്തിന്റെ പ്രഭാഷണം പഞ്ചായത്തിലെവിടെയെങ്കിലുമുണ്ടെങ്കില്‍ സഖാക്കളുമായി പോയി കേള്‍ക്കും. അദ്ദേഹത്തിന് പലതവണ ചെന്ന് കൈകൊടുത്തിട്ടുണ്ടിതിനിടയില്‍. തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി തോറ്റു എങ്കിലും തെന്നിലാപുരത്തിന്റെ മുഖവും പ്രഭാഷണവും മാഞ്ഞിരുന്നില്ല. എല്ലാ തെരെഞ്ഞെടുപ്പിലും സി.പി.ഐ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ തെന്നിലാപുരം എന്ന പേരുകാണുന്നുണ്ടോ എന്ന് കൗതുകത്തോടെ നോക്കാറുണ്ടായിരുന്നു. പത്രത്താളുകളില്‍ അപൂര്‍വമായി അദ്ദേഹത്തിന്റെ പേര് കാണാറുണ്ട്. പിന്നീട് അദ്ദേഹത്തെ നേരില്‍ കാണുന്നത് 2000- ത്തിലാണ്. മണിച്ചന്റെ ഡയറിയില്‍ ഭാര്‍ഗവി തങ്കപ്പനടക്കമുള്ള നേതാക്കളുടെ പേര് വന്ന സന്ദര്‍ഭത്തില്‍ അഞ്ചലില്‍ സി.പി.ഐ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. അന്ന് ഞാന്‍ ഇടതുപക്ഷത്തോടൊപ്പമുള്ള യാത്രയൊക്കെ അവസാനിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണം അന്ന് മുഴുവനും നിന്ന് കേട്ടു. ഏതാനും മാസത്തിനകം അദ്ദേഹം സി.പി.ഐ വിട്ടു എന്ന വാര്‍ത്ത പത്രത്തില്‍ വായിച്ചു. വിസ്മയത്താളിലേക്കു മറഞ്ഞ തെന്നിലാപുരത്തിനെ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് എന്ന നിലയില്‍ തിരുവനന്തപുരത്തെ പാര്‍ട്ടി സംസ്ഥാന ഓഫീസില്‍ വെച്ച് 2014-ലാണ് കാണുന്നത്. അദ്ദേഹത്തിന്റെ ആശയം മാത്രമല്ല ശരീര പ്രകൃതമടക്കം അന്നേക്ക് മാറിയിരുന്നു. ഒരേ കമ്മിറ്റിയില്‍ സഹപ്രവര്‍ത്തകരായി നാലു വര്‍ഷം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു. അദ്ദേഹം കടന്നുവരുമ്പോള്‍, അഭിപ്രായങ്ങള്‍ പറയുമ്പോള്‍ സ്‌നേഹത്തോടെ ‘സജീ’ എന്നു വിളിക്കുമ്പോള്‍ വല്ലാത്ത പോസിറ്റീവ് എനര്‍ജിയാണ് ഉണ്ടാകുക. പാര്‍ട്ടിക്കും പാര്‍ട്ടിയിലെ ഓരോ സഹ പ്രവര്‍ത്തകര്‍ക്കും ആ വിയോഗം മഹാ നഷ്ടമാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757