cultural

അമരകിരണങ്ങള്‍ – സൈനബ് ചാവക്കാട്

അസ്തമിച്ചാലും
പ്രകാശം ബാക്കി വെച്ച
ചില ആത്മാക്കളുണ്ട്.

പച്ചിലച്ചാര്‍ത്തുകളെ
പകുത്തു വെച്ച്
തണലൊരുക്കിയ
പഥിക സേവകര്‍..

പുഴുക്കള്‍ക്ക്
ചിറകൊരുക്കി
ആകാശ വഴികളില്‍
ചൂണ്ടുപലക നാട്ടിയവര്‍..

ശവങ്ങളുടെ
ഗന്ധം പേറുന്ന
നെഞ്ചിലേക്ക്
വാക്കിനാല്‍
അസ്ത്രം തൊടുത്തവര്‍ ..

ഇരുട്ടിന്റെ
കൈകളിലെ
മരണത്തെ തോല്‍പ്പിച്ചും
കാണാപ്പുറങ്ങളിലേക്ക്
അകക്കണ്ണ് കൊടുത്തും
നാളെയുടെ
പണിപ്പുരയിലായിരുന്നു.
വഴി തടഞ്ഞ ചെകുത്താന്റെ
കരങ്ങളെ
അറുത്തുമാറ്റി
മാലാഖമാര്‍ക്കൊപ്പം
നടക്കാന്‍
മോഹിച്ചിരുന്നു.

നിങ്ങള്‍ കുടഞ്ഞിട്ട് പോയ
പൊന്‍ തൂവലുകളണിഞ്ഞ്
ഒരിക്കലൊരു
ഫിനിക്‌സ് പക്ഷി
ഇവിടെ
പുനര്‍ജനിക്കും

വീഥികള്‍ തോറും
വെയില്‍ ചില്ലകള്‍
പൂവിടും.

അന്ന്
വസന്ത കന്യകമാര്‍
നിങ്ങളുടെ
പാട്ടുകള്‍
ഏറ്റു പാടി
ചുവടുവെക്കും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757