Opinion

രാഷ്ട്രീയം സംസ്‌കാരമാവണമെന്ന് വിശ്വസിച്ച നേതാവ് – പി.എ അബ്ദുല്‍ ഹക്കീം.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ പൊതുരംഗത്തുവന്ന വ്യക്തിത്വമാണ് തെന്നിലാപുരം രാധാകൃഷ്ണന്‍. പാര്‍ട്ടി പിളര്‍ന്നതോടെ അദ്ദേഹം സി.പി.ഐയുടെ സഹയാത്രികനായി. സി.പി.ഐ വിട്ടതിനു ശേഷം കുറച്ചുകാലം എം.വി രാഘവന്‍ നേതൃത്വം നല്‍കിയ സി.എം.പിയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയത്തില്‍ മനംനൊന്ത് അദ്ദേഹം രാഷ്ടീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. മതേതരമായ ആത്മീയതയെക്കുറിച്ച് ആലോചനകളുമായി പൊതുരംഗത്തുനിന്നും മാറിനില്‍ക്കുകയായിരുന്നു. ഒരു തരത്തിലുള്ള ആത്മീയതയാണ് അദ്ദേഹത്തെ കമ്യൂണിസ്റ്റാക്കിയിരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അതിനുപര്യാപ്തമല്ല എന്ന ബോധമാണ് അദ്ദേഹത്തെ ആ പാര്‍ട്ടികളില്‍നിന്ന് അകറ്റിയത്. അപ്പോഴും അദ്ദേഹം തന്റെ പൂര്‍വ പാര്‍ട്ടിയോട് ഒട്ടും ശത്രുതവെച്ചു പുലര്‍ത്താത്ത രാഷ്ട്രീയ വ്യക്തിത്വമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികളോട് പൊതുവായും സി.പി.ഐയോട് വിശേഷിച്ചും ഒരു ഹൃദയബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. തന്റെ പഴയ സഖാക്കളും സഹപ്രവര്‍ത്തകരുമായ സി.പി.ഐ നേതാക്കളോട് വലിയ സൗഹൃദം അദ്ദേഹം പുലര്‍ത്തിയിരുന്നു. തിരിച്ച് സി.പി.ഐ നേതാക്കളും അദ്ദേഹവുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തി.

സി.പി.ഐ അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസിനൊപ്പമായിരുന്നുവല്ലോ? പാര്‍ട്ടി പിന്നീട് ഖേദം പ്രകടിപ്പിച്ച ചരിത്രപരമായ തെറ്റായിരുന്നു അത്. തെന്നിലാപുരം അന്ന് എ.ഐ.വൈ.എഫിന്റെ സംസ്ഥാന നേതാവായിരുന്നു. അന്നദ്ദേഹം അടിയന്തരാവസ്ഥക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ സംഘടിപ്പിക്കപ്പെട്ട സി.പി.ഐയുടെ താലൂക്ക് സമ്മേളനത്തില്‍ സജ്ഞയ് ഗാന്ധിയുടെ അഞ്ചിന പദ്ധതിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് അദ്ദേഹം ശക്തമായ പ്രസംഗം നടത്തി. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട ഏക സി.പി.ഐ നേതാവ് തെന്നിലാപുരമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അക്കാലത്തെ മികച്ച പ്രഭാഷകരായിരുന്നു കാനം രാജേന്ദ്രന്‍, ഇ.രാജേന്ദ്രന്‍, അഡ്വ. കെ.എന്‍.എ ഖാദര്‍, തെന്നിലാപുരം രാധാകൃഷ്ണന്‍ എന്നിവര്‍. ഇവരെല്ലാം കണിയാപുരം രാമചന്ദ്രന്റെ ശിഷ്യന്മാരായിരുന്നു. ചില സവിശേഷ പ്രയോഗങ്ങള്‍ എന്നും തെന്നിലാപുരത്തിന്റെ പ്രസംഗത്തിന്റെ സവിശേഷതയായിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജീര്‍ണത അദ്ദേഹത്തെ മടുപ്പിച്ചു. അങ്ങനെ പൊതുരംഗം വിട്ടുനില്‍ക്കുന്ന ഘട്ടത്തിലാണ് നവരാഷ്ട്രീയ പ്രസ്ഥാനമായ വെല്‍ഫയര്‍ പാര്‍ട്ടിയെ അദ്ദേഹം പരിചയപ്പെടുന്നത്. ഇടതുപക്ഷത്തിന്റെ ഗുണങ്ങള്‍ ഉള്ളതും എന്നാല്‍, ഇടതുപക്ഷത്തിന്റെ ദോഷങ്ങള്‍ ഇല്ലാത്തതുമായ പാര്‍ട്ടി എന്ന നിലയിലായിരിക്കണം തെന്നിലാപുരം വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ആകര്‍ഷിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ അദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരില്‍ ഒരാളും മരിക്കുമ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. 2014- ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നും പാര്‍ട്ടിക്കുവേണ്ടി അദ്ദേഹം ജനവിധിതേടിയിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട ഘട്ടത്തില്‍ അദ്ദേഹം കരുതിയിരുന്നത് ജീര്‍ണത പൊതുപ്രവര്‍ത്തനത്തിന്റെ സഹജപ്രശ്മാണെന്നായിരുന്നു. തന്റെ വെല്‍ഫെയര്‍ പാര്‍ട്ടി അനുഭവത്തെക്കുറിച്ച് അദ്ദേഹം പറയാറുണ്ടായിരുന്നു, ”ജീര്‍ണിക്കാതെയും പ്രതിബദ്ധത നഷ്ടപ്പെടാതെയും പൊതുപ്രവര്‍ത്തനം ഇനിയും സാധ്യമാണെന്ന് എന്നെ അനുഭവം കൊണ്ട് ബോധ്യപ്പെടുത്തിയത് വെല്‍ഫെയര്‍ പാര്‍ട്ടിയാണ് ‘. പാര്‍ട്ടിയിലെ നേതാക്കളും പ്രവര്‍ത്തകരും ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്. ആളുകള്‍ പാര്‍ട്ടിയോട് കാണിക്കുന്ന പ്രതിബദ്ധതയും പരസ്പര സ്നേഹവും ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു എന്ന് അദ്ദേഹം പറയുമായിരുന്നു. ഏതോ തരത്തിലുള്ള ആത്മീയതയും സംസ്‌കാരവും ഇതിനാവശ്യമാണെന്ന് അദ്ദേഹം കരുതിയിരുന്നു. ജെ.സി ബോസിന്റെ സസ്യങ്ങള്‍ക്ക് ജീവനും വികാരവുമുണ്ടെന്ന ശാസ്ത്രീയ കണ്ടെത്തലിന്റെ അടിത്തറയില്‍ സംസ്‌കാരം ഒരു ഭാഷയാണെന്നും സംസ്‌കാരത്തെ ഉള്‍ക്കൊണ്ടാല്‍ മാത്രമേ രാഷ്ട്രീയം ശരിയായ രാഷ്ട്രീയമാവുകയുള്ളൂവെന്നും അദ്ദേഹം സമര്‍ഥിക്കാറുണ്ടായിരുന്നു. സാമ്പ്രദായിക രാഷ്ട്രീയത്തിന്റെ പ്രശ്നം സംസ്‌ക്കാരത്തിന്റെ അടിത്തറയില്ലാത്ത കേവല രാഷ്ട്രീയമായിത്തീര്‍ന്നതാണെന്ന് അദ്ദേഹം കരുതി. മാനവികമായ സംസ്‌കാരത്തിന്റെ രാഷ്ട്രീയത്തെ അദ്ദേഹം വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ കണ്ടെത്തി.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനം അദ്ദേഹത്തിന് വലിയ ആരോഗ്യം പ്രദാനം ചെയ്തിരുന്നു. ശേഷിക്കുന്ന ആരോഗ്യവും ആയുസ്സും ഈ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിനു വേണ്ടി വിനിയോഗിക്കുന്നതില്‍ ആത്മീയമായ ഒരാനന്ദം അദ്ദേഹം അനുഭവിച്ചിരുന്നു. രോഗം ഗുരുതരാവസ്ഥ പ്രകടമാക്കിയപ്പോഴും സ്വന്തം ജില്ലയില്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനരംഗത്ത് പരമാവധി രംഗത്തുവരാന്‍ ശ്രമിച്ചിരുന്നു. പ്രസംഗിക്കാന്‍ കഴിയാതെ വരുമ്പോഴും സുപ്രധാന സമ്മേളനങ്ങളിലും പരിപാടികളിലും സാന്നിധ്യമായിരിക്കുക അദ്ദേഹത്തിന്റെ അവസാനകാല രീതിയായിരുന്നു. അവസാന ശ്വാസത്തിലെ പ്രതിബദ്ധതയായിരുന്നു അതെന്ന് ഇപ്പോള്‍ നാം തിരിച്ചറിയുന്നു. ഏറ്റവുമടുത്ത സഹപ്രവര്‍ത്തകരില്‍ ഒരാള്‍ എന്ന നിലക്ക് ഒരു കാര്യം എനിക്ക് ഉറപ്പിച്ചുപറയാന്‍ കഴിയും. തികഞ്ഞ ആത്മസംതൃപ്തിയോടെയാണ് തെന്നിലാപുരം രാധാകൃഷ്ണന്‍ വിടപറഞ്ഞത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757