Opinion

അത്രമേല്‍ വെളിച്ചം നട്ടവര്‍ -കെ.എ ശഫീഖ്

പ്രിയ നേതാവ് തെന്നിലാപുരം വിടവാങ്ങി.
എറണാകുളം ലിസ്സി ആശുപത്രിയിലെ ഐ.സി.യു വില്‍ വെച്ചാണ് തെന്നിലാപുരം സാറിനെ അവസാനമായി കണ്ടത്. ക്ഷീണിച്ച സ്വരത്തില്‍ പേര് വിളിച്ചു. കയ്യില്‍ മുറുകെ പിടിച്ചു. ഓക്‌സിജന്‍ ട്യൂബ് കിടക്കുന്നത് കൊണ്ട് സംസാരിക്കാന്‍ പ്രയാസം. എന്തൊക്കെയോ പറയണമെന്നുണ്ട് അദ്ദേഹത്തിന്. മടങ്ങി വരും എന്ന പ്രതീക്ഷ തരാനായിരുന്നു ആ ശ്രമം എന്ന് തോന്നി. അധിക നേരം കണ്ട് നില്‍ക്കാന്‍ കഴിയാത്തത് കൊണ്ട് മടങ്ങി. അശുപത്രിയിലും വീട്ടിലുമായി കടുത്ത പ്രയാസത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. മരിക്കുന്നതിന് ഒരുമാസം മുമ്പ് അതീവ ഗുരുതരാവസ്ഥയില്‍ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അന്ന് രാത്രി വിട്ട് പോയി എന്നു കരുതിയതാണ്. അത്ഭുതകരമായി അദ്ദേഹം തിരിച്ച് വന്നു. റൂമില്‍ എത്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു എന്ന് പ്രതീക്ഷിക്കുമ്പോള്‍ വീണ്ടും ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ചെറിയ ആശ്വാസം കിട്ടിയപ്പോള്‍ പാലക്കാട് തങ്കം ഹോസ്പിറ്റലിലേക്ക് മാറി. സ്ഥിതി അതീവ ഗുരുതരമെന്ന വാര്‍ത്തയാണ് പാലക്കാട്ടെ പ്രവര്‍ത്തകര്‍ നല്‍കി കൊണ്ടിരുന്നത്. മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ തെന്നിലാപുരത്തിന്റെ സന്തത സഹചാരികളായ സുലൈമാനും ലുഖ്മാനും വിളിച്ചു. പള്‍സ് റേറ്റ് താഴുന്നു, രക്തം കയറ്റണം ബ്ലഡ് ബാങ്കിലാണ്. കുറച്ച് കഴിഞ്ഞ് ലുഖ്മാന്‍ നിലവിളിയോടെ ‘തെന്നിലാപുരം സാര്‍ പോയി’ എന്ന താങ്ങാനാകാത്ത വാര്‍ത്ത അറിയിച്ചു.

അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് പ്രിയ നേതാക്കളാണ് വേര്‍പിരിഞ്ഞത്. ജോണ്‍ അമ്പാട്ട് എന്ന ഭൂരഹിതരുടെ പ്രിയ നായകന് പിറകെ തെന്നിലാപുരം എന്ന ഞങ്ങളുടെ കാരണവരും യാത്രയായി. അപരിഹാര്യം എന്ന വാക്കിന് പോലും ഞങ്ങളുടെ നഷ്ടത്തെ പ്രതിനിധീകരിക്കാന്‍ കഴിയില്ല. അത്രമേല്‍ വലുതാണ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അമ്പാട്ടിന്റെയും തെന്നിലാപുരത്തിന്റെയും വിടവ്.

പാര്‍ട്ടി രൂപീകരണ സമയത്ത് തെന്നിലാപുരം സാര്‍ പാര്‍ട്ടിയില്‍ എത്തിയിരുന്നില്ല. നേരില്‍ കാണാനും പാര്‍ട്ടിയിലേക്ക് ക്ഷണിക്കാനും ഉള്ളവരുടെ ലിസ്റ്റില്‍ തെന്നിലാപുരം ഇല്ലായിരുന്നു. കേരളത്തില്‍ പാര്‍ട്ടി പ്രഖ്യാപിച്ചു രണ്ട് മാസം കഴിഞ്ഞപ്പോഴാണ് തെന്നിലാപുരം രാധാക്യഷ്ണന്‍ എന്ന മുന്‍ സി.പി.ഐ നേതാവ് പാര്‍ട്ടിയില്‍ ചേരും എന്ന സന്തോഷ വാര്‍ത്ത അറിയുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി പി.സി.ഹംസയുടെ പഴയ സുഹൃത്തായിരുന്നു തെന്നിലാപുരം. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ ഒരു പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന ഒരാള്‍ക്ക് വേഗം സ്വീകാര്യമാവുന്ന ഒന്നും പാര്‍ട്ടിക്കില്ലായിരുന്നു. കേരള രാഷ്ട്രീയത്തെക്കുറിച്ച് തികഞ്ഞ ധാരണയുള്ള തെന്നിലാപുരം പാലക്കാട് ടൗണ്‍ ഹാളിലെ നിറഞ്ഞ ജനാവലിയെ സാക്ഷിനിര്‍ത്തി പ്രഖ്യാപിച്ചു. ‘ഇത് വരെ ഞാന്‍ പ്രവര്‍ത്തിച്ചതല്ല ഇപ്പോള്‍ ഞാന്‍ സ്വീകരിച്ചതാണ് യഥാര്‍ഥ രാഷ്ട്രീയം. ഇനി എന്റെ ജീവിതത്തിലെ മുഴു നിമിഷവും ഇതിന് വേണ്ടിയുള്ളതാണ്, ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. ഇനി ഞാന്‍ വിശ്രമിക്കില്ല.’ അദ്ദേഹം ആ വാക്ക് പാലിച്ചു. രോഗ കിടക്കയിലേക്ക് വീണ് പോകുന്ന നിമിഷം വരെ വെല്‍ഫെയര്‍ പാര്‍ട്ടി എന്ന നീതിയുടെ രാഷ്ട്രീയത്തെ കെട്ടിപ്പടുക്കാന്‍ കഠിനമായി അദ്ദേഹം പരിശ്രമിച്ചു.

പ്രായോഗിക രാഷ്ട്രീയത്തില്‍ ഉയര്‍ന്ന അനുഭവസമ്പത്തുള്ള രണ്ട് പേര്‍ തെന്നിലാപുരവും കാസര്‍ഗോട്ടെ സി.അഹമ്മദ് കുഞ്ഞിയുമായിരുന്നു തുടക്കത്തില്‍ പാര്‍ട്ടിയിലുണ്ടായിരുന്നത്. പാര്‍ട്ടിയുടെ രാഷ്ട്രീയ വഴി നിശ്ചയിക്കുന്നതില്‍ തെന്നിലാപുരം വഹിച്ച പങ്ക് അതുല്യമാണ്. പാര്‍ട്ടി അഭിമുഖീകരിച്ച മൂന്ന് തെരഞ്ഞെടുപ്പിലും മുന്നില്‍ നിന്ന്തന്നെ അദ്ദേഹം പാര്‍ട്ടിയെ നയിച്ചു. നയ രൂപീകരണത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തിന് പാര്‍ട്ടി കാതോര്‍ക്കും. അദ്ദേഹത്തേക്കാള്‍ അനുഭവ സമ്പത്ത് കുറഞ്ഞവരായിരുന്നു മറ്റെല്ലാവരും. പക്ഷേ, മറ്റുള്ളവര്‍ പറയുന്നത് വളരെ ശ്രദ്ധയോടെ അദ്ദേഹം കേള്‍ക്കും. അതിലെ ശരിയോടൊപ്പം നിലയുറപ്പിക്കും, തന്റെ അഭിപ്രായത്തെ സ്വയം തിരുത്തും. സംസ്ഥാന കമ്മിറ്റി, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ക്ക് ഒടുവില്‍ പ്രതീക്ഷയും ആവേശവും നല്‍കുന്ന ചുരുങ്ങിയ വാക്കുകളിലെ അദ്ദേഹത്തിന്റെ വര്‍ത്തമാനം മുഴുവന്‍ അണികള്‍ക്കും ഊര്‍ജ്ജ പ്രവാഹമായിരുന്നു. ഡിസംബര്‍ 29- ന് പാലക്കാട് നടന്ന സംസ്ഥാന സമിതിയിലാണ് തെന്നിലാപുരം അവസാനമായി പങ്കെടുത്തത്. ദേശീയ പ്രസിഡണ്ടിന്റെ സാന്നിധ്യത്തില്‍ നടന്ന ആ യോഗത്തില്‍ എല്ലാവരും ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തിന് സംസാരിക്കാന്‍ സാധിച്ചില്ല. അത്രമേല്‍ ക്ഷീണിതനായിട്ടും ഏറെ സമയം അദ്ദേഹം യോഗത്തില്‍ ചിലവഴിച്ചു. ‘എനിക്കൊന്നും പറയാന്‍ കഴിയില്ല. നിങ്ങളെ കാണുക. കേള്‍ക്കുക അതിനാണ് ഞാന്‍ വന്നത്’ എന്ന് മാത്രമായിരുന്നു പറഞ്ഞത്.

പ്രവര്‍ത്തകരുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തെ കുറിച്ച് കൃത്യമായ രൂപരേഖ തെന്നിലാപുരത്തിനുണ്ടായിരുന്നു. പാര്‍ട്ടി പഠന പരിശീലനം മോസ്‌കോയില്‍ നിന്ന് നേരത്തെ തെന്നിലാപുരം സ്വന്തമാക്കിയിരുന്നു. അതു കൊണ്ട് കൂടിയാകാം പാര്‍ട്ടി സ്‌കൂളിന്റെ ചുമതല അദ്ദേഹം സ്വയം ഏറ്റെടുത്തു. അച്ചടക്ക സമിതിയുടെ അധ്യക്ഷനും അദ്ദേഹമായിരുന്നു. അതിലെല്ലാം അദ്ദേഹത്തിന്റെ നയചാതുരി മാതൃകാപരമായിരുന്നു. എഫ്.ഐ. ടി. യു വിന്റെ സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹം മുഴുസമയവും ഉണ്ടായിരുന്നു. അതിലെ സംഘടനാ തെരഞ്ഞെടുപ്പ് സെഷന് തെന്നിലാപുരമാണ് നേതൃത്വം നല്‍കിയത്. അനുഭവ സമ്പത്തിന്റെ ആത്മ വിശ്വാസം അത് പാര്‍ട്ടിക്ക് പല സന്ദര്‍ഭത്തിലും അവലംബമായിരുന്നു.

അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ മരുന്നുകളുടെ ഒരു പെട്ടി ഒപ്പമുണ്ട്. ഇടക്കിടക്ക് അതില്‍ നിന്ന് എടുത്ത് കഴിക്കും. പല തരം രോഗങ്ങളോട് പൊരുതിയാണ് വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ജീവിതം. അതിനിടയില്‍ അദ്ദേഹം പറയുമായിരുന്നു. ഞാന്‍ കഴിക്കുന്ന ഔഷധങ്ങളെക്കാള്‍ എന്റെ ആരോഗ്യത്തെ പുഷ്ടിപ്പെടുത്തിയത് വെല്‍ഫെയര്‍ പാര്‍ട്ടിയാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്‌നേഹം, പ്രാര്‍ഥന അവരോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങള്‍ അതിനെക്കാള്‍ വലുതല്ല ഒരു മരുന്നും എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ട് കൂടുതല്‍ സമയവും അതിനായി അദ്ദേഹം നീക്കിവെച്ചു.

പൊതുപ്രവര്‍ത്തനത്തിലെ ലാളിത്യത്തിനും ത്യാഗത്തിനും അദ്ദേഹം മാതൃകയായിരുന്നു. തിരുവനന്തപുരത്ത് ട്രെയിനിറങ്ങി ചെറിയ ബാഗ് കയ്യില്‍ തൂക്കി ഓഫീസിലേക്ക് അദ്ദേഹം നടക്കും. ഓട്ടോ വിളിച്ച്കൂടെ സാറെ എന്ന് ചോദിച്ചാല്‍ അതൊന്നും വേണ്ട എന്നേ പറയൂ. നമ്മുടെ പാര്‍ട്ടിയില്‍ സൗകര്യങ്ങള്‍ കുടുതലാണ്. ഇത്രയും സൗകര്യങ്ങള്‍ പൊതു പ്രവര്‍ത്തകര്‍ക്ക് വേണ്ടതില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തിരുവനന്തപുരത്തെ സൗകര്യം കുറഞ്ഞ പാര്‍ട്ടി ഓഫീസിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ലാളിത്യമുണ്ടെങ്കിലേ നമുക്ക് ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നായിരുന്നു. തെന്നിലാപുരത്തിന്റെ ഈ ഉപദേശം മുഴുവന്‍ പ്രവര്‍ത്തകരും ഏറ്റെടുക്കണം. ഒരു സൗകര്യവും അദ്ദേഹം ആവശ്യപ്പെടില്ല, പരാതിയും പരിഭവങ്ങളും ഇല്ല. സംഘടനയെ അത്രമേല്‍ അദ്ദേഹം സ്വന്തത്തോട് ചേര്‍ത്തിരുന്നു. പാര്‍ട്ടിക്ക് താന്‍ കാരണം ഒരു പ്രയാസവും ഉണ്ടാകാതിരിക്കുക എന്നതില്‍ കടുത്ത നിഷ്്ഠയായിരുന്നു അദ്ദേഹത്തിന്.

കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് പരമാവധി മണ്ഡലത്തില്‍ അദ്ദേഹം പോയി. ഇരിട്ടിയില്‍ കോരിച്ചൊരിയുന്ന മഴയില്‍ കുടചൂടിയാണ് അദ്ദേഹം സംസാരിച്ചത്. കടുത്ത ക്ഷീണത്തിലായിരുന്നു അദ്ദേഹം. പരിപാടി ഒഴിവാക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ വേണ്ട, ഞാന്‍ എത്തും, എനിക്ക് പ്രസിഡണ്ടിന്റെ മണ്ഡലത്തില്‍ കൂടി പോകണം എന്ന് പറഞ്ഞ് അവിടെ കൂടി പോയി. ആത്മാര്‍ഥയില്‍ അദ്ദേഹം ഒന്നാമനായിരുന്നു. തന്റെ ജീവിതകാലത്ത് തന്നെ പാര്‍ട്ടിയെ മുന്‍ നിരയില്‍ എത്തിക്കണമെന്ന വാശി. എല്ലാ അനാരോഗ്യങ്ങളെയും അത് കൊണ്ടാണ് അദ്ദേഹം അതിജീവിച്ചത്. പാര്‍ലമെന്റില്‍ മത്സരിക്കാന്‍ അദ്ദേഹത്തോട് പാര്‍ട്ടി പറഞ്ഞപ്പോള്‍ ഉടന്‍ അദ്ദേഹം ഏറ്റെടുത്തു. ദീര്‍ഘകാലം വലിയ മുന്നണിയുടെ വലിയ നേതാവായിരുന്ന മണ്ണില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം അദ്ദേഹത്തിന് അഭിമാനമായിരുന്നു. കീഴാള രാഷ്ട്രീയം, മര്‍ദ്ദിതരുടെ രാഷ്ട്രീയം, നീതിയുടെ പക്ഷം, സംസ്‌കാരമുള്ള രാഷ്ട്രീയം. രാഷ്ട്രീയത്തിലെ ആത്മീയത, മാറ്റി നിര്‍ത്തപ്പെട്ടവന്റെ അവകാശം ചോദിക്കല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ ഇങ്ങനെ പലതരം വിശേഷണങ്ങളില്‍ അദ്ദേഹം വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രസംഗ ഭാഷ അസാധാരണമായിരുന്നു. ധാരാളം വായിക്കുന്ന രാഷ്ട്രീയക്കാരനായിരുന്നു. കലയും സാഹിത്യവും ഇതിഹാസങ്ങളും മത-ആത്മീയ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ വായനയില്‍ കടന്നുവന്നു. അദ്ദേഹം സംസാരിക്കുന്ന വേദിയില്‍ പ്രസംഗിക്കുക എന്നത് ശ്രമകരമായിരുന്നു. ആ ഗാഭീര്യമുള്ള ശബ്ദം പാര്‍ട്ടി വേദികള്‍ക്ക് നഷ്ടപ്പെട്ടിക്കുന്നു.

രണ്ടാം നിര നേതാക്കള്‍ക്ക് വേണ്ടി തെന്നിലാപുരം പ്രസംഗം ചുരുക്കി വഴി മാറും. സഹപ്രവര്‍ത്തകരുടെ വളര്‍ച്ചയില്‍ ശ്രദ്ധിക്കുന്ന നേതാവായിരുന്നു. അഭിനന്ദിക്കും, പ്രചോദിപ്പിക്കും. നിര്‍ഭയനായിരുന്നു തെന്നിലാപുരം, ശരി ഉച്ചത്തില്‍ പറയും. അധികാര രാഷ്ട്രീയത്തിന്റെ നിറ തൂവലുകള്‍ വിട്ടെറിഞ്ഞ് ഇറങ്ങി പോകാന്‍ കഴിഞ്ഞത് അതുകൊണ്ടായിരുന്നു. ഒരിക്കല്‍ വിട്ട് വീഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ നിലപാട് അസ്വസ്ഥപ്പെടുത്തിയ ശക്തികള്‍ അദ്ദേഹത്തെ ഇരുട്ടിന്റെ മറവില്‍ ആക്രമിച്ച് മുറിവേല്‍പ്പിച്ചു. അതിനൊന്നും അദ്ദേഹത്തെ തളര്‍ത്താനായില്ല.

പ്രവര്‍ത്തകരോടും അവരുടെ കുടുംബാംഗങ്ങളോടും ബന്ധം ഉണ്ടാക്കുന്നതിലും അത് കാത്ത് സൂക്ഷിക്കുന്നതിലും അവരെ പ്രോല്‍സാഹിപ്പിക്കുന്നതിലും അദ്ദേഹം മുന്നിലായിരുന്നു. അതിന് മാത്രമായി അദ്ദേഹം യാത്ര ചെയ്യും. ചെറിയ കുട്ടികള്‍ക്ക് സമ്മാനപ്പൊതി നല്‍കും. ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കും. അങ്ങനെ ഞങ്ങള്‍ക്ക് താങ്ങും തണലുമായിരുന്ന തറവാട്ട് കാരണവര്‍ ഞങ്ങളെ വിട്ട് മടങ്ങി.

സാമൂഹിക പ്രവര്‍ത്തനത്തില്‍ അങ്ങനെയാണ്, തങ്ങളുടെ ജീവിത ദൗത്യം പൂര്‍ത്തീകരിച്ചവര്‍ മടങ്ങും. ജനങ്ങള്‍ക്ക് വേണ്ടി മരിക്കാന്‍ കൊതിക്കുന്നവര്‍ക്ക് മരണം ഒരു കടമ്പയല്ല. യാത്രാ വഴിയിലെ ഒരു ഘട്ടം മാത്രം. നേര്‍ച്ച പൂര്‍ത്തിയാക്കിയവര്‍ മടങ്ങും. അത് കാത്തിരിക്കുന്നവര്‍ക്ക് മടങ്ങിയവര്‍ പ്രചോദനമാണ്. ഏറ്റെടുത്ത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പുനഃപ്രതിഞ്ജയുടെ സന്ദര്‍ഭം. പ്രിയപ്പെട്ട തെന്നിലാപുരം അങ്ങ് വഴിതെളിച്ച നേരിന്റെ രാഷ്ട്രീയത്തിലൂടെ നീതിയുടെ പക്ഷം ചേര്‍ന്ന് ഞങ്ങള്‍ യാത്ര തുടരും. അങ്ങ് ആഗ്രഹിച്ചത് ഞങ്ങള്‍ നേടും. ജോണ്‍ അമ്പാട്ടും തെന്നിലാപുരവും ക്ഷേമ രാഷ്ട്ര നിര്‍മിതിക്ക് സ്വയം സമര്‍പ്പിച്ച ധീര നായകരാണ്. അവരുടെ ആത്മാക്കളെ ഞങ്ങള്‍ നിരാശപ്പെടുത്തില്ല. പൊരുതി ഞങ്ങള്‍ അല്ലെങ്കില്‍ ഞങ്ങളുടെ മക്കള്‍ അത് നേടും. സമാധാനത്തോടെ അങ്ങ് യാത്രയാവുക..
പ്രിയ സഖാവിന് അന്ത്യാഭിവാദ്യം….

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757