Opinion

പാവങ്ങളെപ്പറ്റി ആകുലപ്പെട്ടുകൊണ്ടേയിരുന്ന ഒരു മനുഷ്യന്‍ – കെ.എ ഷഫീഖ്

പാര്‍ട്ടി രൂപീകരണത്തിന്റെ തുടക്ക നാളുകളില്‍ മൂവാറ്റുപുഴ മണ്ഡലം പ്രഖ്യാപന സമ്മേളനത്തില്‍ വെച്ചാണ് ജോണ്‍ അമ്പാട്ട് എന്ന സ്‌നേഹനിധിയായ മനുഷ്യനെ കാണുന്നത്. കൂടെ അദ്ദേഹത്തിന്റെ സഹധര്‍മണിയും ഉണ്ടായിരുന്നു. തികഞ്ഞ ആത്മാര്‍ഥത, അനീതിയോട് ഒത്തു തീര്‍പ്പില്ലാത്ത നിലപാട്, സ്ഥിരോല്‍സാഹം, നിഷ്‌കളങ്കമായ പെരുമാറ്റം, പൊതുപണം ചിലവഴിക്കുന്നതിലെ അതീവ സൂക്ഷ്മത, ലാളിത്യം ഇങ്ങനെ ആരെയും ആകര്‍ഷിക്കുന്ന ഒരുപാട് ഗുണങ്ങള്‍ ഒത്തുചേര്‍ന്ന, പാവങ്ങളെ കുറിച്ച ആകുലതകളില്‍ ജീവിച്ച ഒരു പച്ച മനുഷ്യന്‍. അങ്ങനെയാണ് അദ്ദേഹം ഭൂസമരത്തിന്റെ നേതാവാകുന്നത്. പാര്‍ട്ടി രൂപീകരണത്തിന് മുമ്പ് തന്നെ അമ്പാട്ട് ഭൂസമര നേതാവായിരുന്നു. മൂവാറ്റുപുഴ കേന്ദ്രീകരിച്ച് രൂപം നല്‍കിയ ജനസഭയുടെ നേതൃത്വത്തില്‍ നടന്ന ഇട്ടിക്കാട് ഭൂസമരം ഇതിലൊന്നായിരുന്നു.
തന്റെ ഇളയ മകന്‍ ബിജോയെയും കൊണ്ടാണ് ഭൂമി പിടിച്ചെടുക്കല്‍ സമരത്തിന് അമ്പാട്ട് പോയത്. പോലീസിന്റെ ക്രൂരമായ മര്‍ദ്ദനം അന്ന് വിദ്യാര്‍ഥിയായ മകന്‍ ബിജോയി അനുഭവിച്ചത് ചിരിച്ച് കൊണ്ടാണ് അമ്പാട്ട് പിന്നീട് പറഞ്ഞത്. ആ സമരം പല നിലക്കും ശ്രദ്ധേയമായിരുന്നു. സമരത്തിന്റെ തുടര്‍ ചര്‍ച്ചകള്‍ക്കിടയിലാണ് അന്നത്തെ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ സീറോ ലാന്റ്‌ലെസ്സ് പദ്ധതി പ്രഖ്യാപിക്കുന്നത്. കേരളത്തിലെ ഭൂരഹിതര്‍ക്ക് സംഘടിക്കാന്‍ കഴിഞ്ഞത് ഇതിലൂടെ ആയിരുന്നു. ഇട്ടിക്കാട് കേസിന് കോടതി കയറുമ്പോഴാണ് അമ്പാട്ടിന്റെ മകന്‍ ബിജോയ് അഭിഭാഷകന്‍ ആകണമെന്ന് തീരുമാനിക്കുന്നത്. ഇന്ന് ബിജോയ് അഭിഭാഷകനാണ്.

അമ്പാട്ടിന്റെ ഭൂസമരാനുഭവങ്ങള്‍ കൂടി ചേര്‍ത്താണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഭൂസമരം പിന്നീട് കേരളത്തില്‍ ശക്തി പ്രാപിച്ചത്. 14 ജില്ലകളിലും ഭൂസമര പ്രവര്‍ത്തകരെ സംഘടിപ്പിക്കാന്‍ അമ്പാട്ട് പോയിട്ടുണ്ട്. അമ്പാട്ടും കോട്ടുവള്ളിയിലെ ബഷീറിക്കായും ഭൂസമരക്കാര്‍ എപ്പോള്‍ വിളിച്ചാലും ഓടിയെത്തുന്ന പാര്‍ട്ടിയുടെ ഭൂസമര നായകരായിരുന്നു. പാര്‍ട്ടിയുടെ ഏറ്റവും വലിയ ജനകീയ സമരമായി ഭൂസമരത്തെ വളര്‍ത്തിയെടുത്തതില്‍ അമ്പാട്ടിന്റെ പങ്ക് അനിഷേധ്യമാണ്.

മൂവാറ്റുപുഴ ഭൂസമരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട അമ്പാട്ടിനെ പോലീസ് ജയിലില്‍ അടച്ചു. അങ്ങനെ പാര്‍ട്ടിയുടെ ഭൂസമരത്തിന്റെ ഭാഗമായി ജയില്‍വാസമനുഭവിച്ച ആദ്യത്തെ നേതാവായി അമ്പാട്ട് ചരിത്രത്തില്‍ ഇടംപിടിച്ചു. പ്രശ്‌നം പരിഹരിക്കാതെ ജയിലില്‍ നിന്നിറങ്ങില്ലെന്നായിരുന്നു അമ്പാട്ടിന്റെ നിലപാട്. മൂവാറ്റുപുഴ എം.എല്‍.എ ജോസഫ് വാഴക്കനും മുന്‍സിപ്പല്‍ അധികാരികളും പാര്‍ട്ടിയുമായി ചര്‍ച്ച നടത്തി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ അദ്ദേഹം തയ്യാറായത്.

ജയിലിലായപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി ജയിലില്‍ പോയ അദ്ദേഹത്തെ കുറിച്ച അഭിമാനമായിരുന്നു ഭാര്യയും മകന്‍ ബിജോയിയും പ്രകടിപ്പിച്ചത്. നിങ്ങള്‍ ധൈര്യത്തോടെ പോയ്‌ക്കോളൂ, സമര ലക്ഷ്യം നേടിയിട്ട് അപ്പാ ഇറങ്ങിയാല്‍ മതി. അത്‌വരെ അമ്മയോടൊപ്പം ഞാനുണ്ടാകുമെന്നായിരുന്നു ബാഗ്ലൂരില്‍ നിന്നെത്തിയ മകന്‍ ബിജോയി ഞങ്ങളോട് പറഞ്ഞത്. അന്നെഴുതിയത് ഓര്‍ക്കുന്നു ‘അമ്പാട്ടിന്റെയും മകന്‍ ബിജോയിയുടെയും പാര്‍ട്ടിയിലാണല്ലോ പ്രവര്‍ത്തിക്കുന്നത് എന്ന അഭിമാനത്തോടെയാണ് ഞങ്ങള്‍ മടങ്ങിയത് ‘.

ജനഹിത രാഷ്ട്രീയ മുന്നേറ്റ യാത്രയിലെ ജാഥാംഗമല്ലാതിരുന്നിട്ടും ജാഥയിലെ സാധാരണ അണിയായിട്ട് മിക്കവാറും ജില്ലകളില്‍ അമ്പാട്ട് ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ വയറിന് വേദന ഉള്ളതായി അദ്ദേഹം പറഞ്ഞതായി ഓര്‍ക്കുന്നു. ജാഥ കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം രോഗബാധിതനായി. കടുത്ത വേദനയോടെ രോഗക്കിടയിലായപ്പോഴും ഭൂസമരത്തെ കുറിച്ച് തന്നെ യായിരുന്നു സംസാരം. ‘ഞാന്‍ വരും, സമരം തുടരണം’ ആത്മവിശ്വാസത്തോടെ അമ്പാട്ട് പറഞ്ഞത് ഓര്‍ത്തു പോകുന്നു.

രോഗ പീഢക്ക് ആശ്വാസം കിട്ടിയപ്പോള്‍ തന്നെ സമര ഭൂമികളിലേക്ക് അദ്ദേഹം ഓടിയെത്തി. അതിനിടയില്‍ സമര സമിതിക്ക് വേണ്ടി ഹൈക്കോടതിയിലെ നിയമ പോരാട്ടത്തിനും അമ്പാട്ട് നേതൃത്വം നല്‍കി. അദ്ദേഹം നല്‍കിയ രണ്ട് കേസിലും വാദം അംഗീകരിച്ച കോടതി വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കിയാണ് കേസ് അവസാനിപ്പിച്ചത്.

സമരത്തിന് വേണ്ടി സമരം എന്നതിനോട് അദ്ദേഹത്തിന് കടുത്ത എതിര്‍പ്പായിരുന്നു. ആ നിലപാട് കൊണ്ട് കൂടിയാണ് പാര്‍ട്ടിയുടെ ഭൂസമര രീതി കൂടുതല്‍ ശക്തമായി മാറിയത്. സമര തുടര്‍ച്ചയില്‍ അദ്ദേഹം പുലര്‍ത്തുന്ന ശ്രദ്ധ എല്ലാവര്‍ക്കും മാതൃകയാണ്. ആയിരത്തിലധികം കുടുംബങ്ങളെ ഭൂവുടമകളാക്കി മാറ്റിയത് ഈ ജാഗ്രതയാണ്. കൂടുതല്‍ വിപുലമായ സമരം പാര്‍ട്ടി ഏറ്റെടുക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം കൂടിയാണ് കല്ലടത്തണ്ണി സമരത്തിലേക്ക് പാര്‍ട്ടിയെ എത്തിച്ചത്. സമര ഭൂമി കാണാന്‍ പ്രയാസങ്ങള്‍ക്കിടയിലും അദ്ദേഹം വന്നു. സമരാസൂത്രണത്തിലും സജീവമായി പങ്കാളിയായി. സമരത്തിന്റെ തലേന്ന് തന്നെ അമ്പാട്ട് എത്തിച്ചേര്‍ന്നു. രാത്രി തന്നെ സമരക്കാരോടൊപ്പം സമര ഭൂമിയിലെത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ആരോഗ്യാവസ്ഥ പരിഗണിച്ച് ഞങ്ങള്‍ അത് തടയുകയായിരുന്നു. എന്നിട്ടും പുലര്‍ച്ചെ തന്നെ അദ്ദേഹം എത്തി. പോലീസിന്റെ ആക്രമണം ഏത് നിമിഷവും പ്രതീക്ഷിക്കാവുന്ന സമര മുഖത്താണ് അതീവ ഗുരുതരമായ രോഗമുള്ള അമ്പാട്ട് നിര്‍ഭയനായി നിലയുറപ്പിച്ചത്. പോലീസിനോടും റവന്യൂ അധികാരികളോടുമുള്ള ചര്‍ച്ചകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.

പാര്‍ട്ടി സംഘടിപ്പിച്ച കേരള ലാന്റ് സമ്മിറ്റിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് രോഗം വീണ്ടും അദ്ദേഹത്തെ കീഴ്‌പ്പെടുത്തി. വേദന വര്‍ധിച്ച് കൊണ്ടിരിക്കുമ്പോഴും അദ്ദേഹത്തെ സന്ദര്‍ശിക്കുന്നവരോട് സമരത്തെ കുറിച്ച് തന്നെയായിരുന്നു അദ്ദേഹം സംസാരിച്ചത്.
ഇനി ഒരു മടക്കം അമ്പാട്ടിന് അസാധ്യമാണെന്ന് തോന്നിയിരുന്നു. അപ്പോഴും ‘ഹാരിസണിന്റെ ഭൂമി പാര്‍ട്ടി പിടിക്കണം. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണം. സമരം പ്ലാന്‍ ചെയ്യണം, ഞാന്‍ മടങ്ങി വരും.’ ഉറച്ച ശബ്ദത്തിലാണ് അദ്ദേഹം അത് പറഞ്ഞത്. ‘അമ്പാട്ട് മടങ്ങി വരണേ’ എന്ന പ്രാര്‍ഥനയോടെ പ്രവര്‍ത്തകര്‍, പ്രത്യേകിച്ചും എറണാകുളം ജില്ലയിലെ പ്രവര്‍ത്തകര്‍ സദാ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.

സമരത്തെ പ്രണയിച്ച പാവങ്ങളുടെ ഭൂരഹിതരുടെ കൂട്ടുകാരനാണ് യാത്രയായത്. ഹാരിസണിനെയും മറ്റ് ഭൂമി കയ്യേറ്റക്കാരെയും തോല്‍പ്പിച്ച്
ഭൂരഹിതര്‍ അവരുടെ അവകാശ ഭൂമി സ്വന്തമാക്കുന്ന ഒരു ദിവസമായിരുന്നു അമ്പാട്ടിന്റെ സ്വപ്നം. അതു സഫലമാകുന്നതിന് മുമ്പ് അമ്പാട്ട് മടങ്ങുകയാണ്. കല്ലടത്തണ്ണിയിലെ സമരത്തിന് ശേഷം ജില്ലാ ഭരണകൂടവുമായി പാര്‍ട്ടി ഉണ്ടാക്കിയ കരാറില്‍ ആദ്യം ഒപ്പുവെച്ചത് അമ്പാട്ടിയിരുന്നു. ആ ഭൂമി 100 കുടുംബങ്ങള്‍ക്ക് നല്‍കുന്നതിന് അളന്ന് തിരിച്ച് കല്ലിട്ടു കഴിഞ്ഞു.

ജോണ്‍ അമ്പാട്ട് എന്ന സമര നേതാവ് ഇനി ഇല്ല. പാര്‍ട്ടിയെ പാവങ്ങളുടെ പ്രസ്ഥാനമായി വളര്‍ത്തിയെടുക്കുന്നതിന് കഠിനാധ്വാനം ചെയ്ത നേതാവാണ് യാത്രയായത്. പാര്‍ട്ടിക്ക് പ്രത്യേകിച്ച് ഭൂസമര സമിതിക്ക് അപരിഹാര്യമായ നഷ്ടം ആണ് ഈ വേര്‍പാട്.
പ്രിയ സഖാവെ ആദരപൂര്‍വ്വം വിട.
സമര വഴികളെ കുറിച്ച് ചോദിക്കാന്‍ ഇനി അമ്പാട്ടില്ലെന്ന യാഥാര്‍ഥ്യം മനസ്സ് അംഗീകരിക്കുന്നില്ലെങ്കിലും അത് സംഭവിച്ച് കഴിഞ്ഞു. അമ്പാട്ടിന്റെ ആകുലതകളെ ഏറ്റെടുത്ത് പാര്‍ട്ടിയുടെ ഭൂസമരം മുന്നോട്ട് പോകും. അദ്ദേഹത്തിന്റെ സ്വപ്‌നം ‘ഭൂരഹിതര്‍ അവരുടെ അവകാശ ഭൂമി സ്വന്തമാക്കുന്ന ദിവസം’ ഞങ്ങള്‍ നേടിയെടുക്കും. അതാണ് ഞങ്ങള്‍ക്ക് അമ്പാട്ടിന് വേണ്ടി ചെയ്യാനുള്ളത്. കണ്ണീരോടെ യാത്രാ മൊഴി…..

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757