Opinion

വടയമ്പാടിയിലെ ജാതിമതിലും അശാന്തന്‍ മാഷിന്റെ മൃതദേഹത്തോട് കാണിച്ച അയിത്തവും നല്‍കിയ തിരിച്ചറിവ് – കെ.കെ ബാബുരാജ്

സമരങ്ങളിലൂടെ പ്രാന്തവത്കരിക്കുക എന്നതായിരുന്നു വിവിധ കമ്മ്യൂണിസ്റ്റ് കൊടിയുടെ കീഴില്‍ നിന്നപ്പോഴുള്ള ദലിത് അനുഭവം. എന്നാല്‍, സമരങ്ങളില്‍ നിന്നും ശാക്തീകരണത്തിലേക്ക്, അവിടെനിന്നും സഹവര്‍ത്തിത്വത്തിലേക്ക് എന്നതാണ് അംബേദ്കറിസം വരുത്തിയ ഗതിമാറ്റം.

വടയമ്പാടിയിലെ ജാതിമതിലും അശാന്തന്‍ മാഷിന്റെ മൃതദേഹത്തോട് കാണിച്ച അയിത്തവും ദലിത് ബഹുജനങ്ങളെ സംബന്ധിച്ചെടുത്തോളം തങ്ങളുടെ ‘ഇല്ലായ്മകളും വല്ലായ്മകളും’ ബോധ്യപ്പെടുത്തി എന്നതിനപ്പുറം; തങ്ങള്‍ സാമൂഹികമായി പുറന്തള്ളപ്പെട്ടവരും വിവേചനം അനുഭവിക്കുന്നവരുമാണെന്ന തിരിച്ചറിവാണ് നല്‍കിയത്. ജാതി, ഉപജാതി വിഭജനങ്ങളും, സംഘടന പെരുപ്പവും, വ്യത്യസ്ത ആശയധാരകളും ഉണ്ടങ്കില്‍തന്നെ വിശാലമായ ദലിത് പാരസ്പര്യത്തിന് പ്രേരണയാവുന്നതാണ് ഈ തിരിച്ചറിവുകള്‍.

സോഷ്യല്‍ മീഡിയ കാലത്തെ നിരവധി ദലിത് കൂട്ടായ്മകളും മുസ്‌ലിംകളിലും പിന്നാക്ക വിഭാഗങ്ങളിലും ഉണ്ടാവുന്ന മുന്നേറ്റങ്ങളും പുത്തന്‍ യൂത്ത്കള്‍ച്ചറും വിവിധ ഫെമിനിസങ്ങളും ശക്തമായ കൗണ്ടര്‍ നരേറ്റിവുകളിലൂടെ സവര്‍ണ-ലെഫ്റ്റ് അധീശത്വ അവകാശവാദങ്ങളെ അപ്പപ്പോള്‍തന്നെ പൊളിച്ചുകളയുന്നുണ്ട്. മാത്രമല്ല, മധ്യ തിരുവിതാങ്കൂര്‍ മുതല്‍ തെക്കോട്ടു അംബേദ്കര്‍ ആശയങ്ങള്‍ക്ക് പ്രചാരമുള്ള സ്ഥലങ്ങളില്‍ ദലിതര്‍ പ്രക്ഷോഭകാരികളായി മാറിക്കൊണ്ടിരിക്കുകയാണ്.

സമീപകാലത്തു വമ്പിച്ചനിലയില്‍ ദലിതര്‍ അണിനിരന്ന ഉന, ഭീമ ഗോരേഗാവ് പ്രക്ഷോഭങ്ങള്‍ കേവല സാമ്പത്തികമാത്ര അവകാശ സമരങ്ങള്‍ ആയിരുന്നില്ലെന്ന് ഓര്‍ക്കുക. അവ പ്രാഥമികമായും സാമൂഹികമായ വിവേചനങ്ങള്‍ക്ക് എതിരെ എന്നതുപോലെ മുസ്‌ലിംകളോടും ഇതര പിന്നാക്ക വിഭാഗങ്ങളുമായി സഹവര്‍ത്തിക്കാനുള്ള ശ്രമവും ആയിരുന്നു.

സമരങ്ങളിലൂടെ പ്രാന്തവത്കരിക്കുക എന്നതായിരുന്നു വിവിധ കമ്മ്യൂണിസ്റ്റ് കൊടിയുടെ കീഴില്‍ നിന്നപ്പോഴുള്ള ദലിത് അനുഭവം. എന്നാല്‍, സമരങ്ങളില്‍ നിന്നും ശാക്തീകരണത്തിലേക്ക്, അവിടെനിന്നും സഹവര്‍ത്തിത്വത്തിലേക്ക് എന്നതാണ് അംബേദ്കറിസം വരുത്തിയ ഗതിമാറ്റം.

അഖിലേന്ത്യ തലത്തില്‍ ദലിത് പ്രക്ഷോഭങ്ങള്‍ ബി.ജെ.പി.യെ ആണ് ശോഷിപ്പിക്കുന്നതെങ്കില്‍ കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ദലിതര്‍ പിരിഞ്ഞുപോകുന്ന സ്ഥിതിയാണ് ഉളവാക്കുന്നത്. ബി.ജെ.പി ഹൈന്ദവ യാഥാസ്ഥിക വിഭാഗങ്ങളെയും നാഗരിക സവര്‍ണരെയും കൂടുതല്‍ ആകര്‍ഷിക്കുമ്പോള്‍, മാര്‍ക്‌സിസ്‌റ് പാര്‍ട്ടിയാവട്ടെ നായര്‍-സവര്‍ണ ക്രൈസ്തവ വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കാനാണ് നോക്കുന്നത്.

 

ദളിത് സമരങ്ങള്‍ മുസ്‌ലിംകളോടും പിന്നാക്കക്കാരോടും ചേര്‍ന്നുനില്‍ക്കുന്നതാകുമ്പോള്‍; മുന്നോക്കകാരോടല്ല ഭരണകൂടത്തോടാണ് എതിരാവേണ്ടത്. എങ്കില്‍ മാത്രമേ സമൂഹത്തിനകത്തു ജനാധിപത്യപരമായ പൊളിച്ചെഴുത്തുകള്‍ സാധ്യമാകൂ.

www.facebook.com/kk.b.raj.1

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757