keralanewspress release

ഇടതുസര്‍ക്കാരിന്റെ നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍ ബില്ലിനെതിരെ എഫ്.ഐ.ടി.യു

ഇടതു സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ‘കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബില്‍ – 2018’ കടുത്ത തൊഴിലാളി വഞ്ചനയാണെന്ന് തൃശൂരില്‍ ചേര്‍ന്ന എഫ്.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയോഗം പ്രസ്താവിച്ചു. വ്യവസായങ്ങളും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ നേരത്തേ ഓര്‍ഡിനന്‍സായിറക്കിയ ജനാധിപത്യ വിരുദ്ധ തീരുമാനങ്ങളെ നിയമമാക്കാനാണ് പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നത്. തൊഴിലാളിവര്‍ഗത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം തയ്യാറാക്കിയ ബില്ലില്‍ ചുമട്ടു തൊഴിലാളി വ്യവസായത്തിന് ബാധ്യതയാണ് എന്ന പരാമര്‍ശമുണ്ട്. ഇത് തൊഴിലാളി സമൂഹത്തോടുള്ള അവഹേളനമാണ്.

ത്യാഗങ്ങളിലൂടെ തൊഴിലാളി വര്‍ഗം നേടിയെടുത്ത തൊഴിലവകാശങ്ങളാണ് ഈ ബില്ലിലൂടെ ഇല്ലാതാകുന്നത്. പഞ്ചായത്തിരാജ് – നഗരപാലികാ ബില്ലുകളിലൂടെ ജനങ്ങള്‍ക്ക് ലഭ്യമായ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന വകുപ്പുകള്‍ ബില്ലില്‍ ചേര്‍ത്തിട്ടുണ്ട്. 1978ലെ ചുമട്ടുതൊഴിലാളി നിയമത്തിലൂടെ ലഭ്യമായ പരിരക്ഷകള്‍ ഇല്ലാതാക്കുകയും പരിസ്ഥിതിനിയമങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന നിര്‍ദിഷ്ട ബില്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് ഇടതു സര്‍ക്കാര്‍ പിന്മാറണം. തൊഴിലാളി വര്‍ഗത്തെ വഞ്ചിച്ച് കോര്‍പ്പറേറ്റ് പ്രീണനം നടത്തുന്ന ഇടതു സര്‍ക്കാര്‍ നീക്കം അത്യന്തം പ്രതിക്ഷേധാര്‍ഹമാണ്. ഇത്തരം ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിയമങ്ങള്‍ നിയമസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് നിര്‍മ്മിക്കാമെന്നാണ് പിണറായി സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ സംഘടിത തൊഴിലാളി വര്‍ഗം അതിനെ ചെറുക്കണമെന്ന് എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആഹ്വാനം ചെയ്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757