keralanewspress release

ഇടതു സര്‍ക്കാരിന്റെ നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍ ബില്‍ ഉദാരീകരണ നയത്തിന്റെ ഭാഗം – ഹമീദ് വാണിയമ്പലം

 

ഫാസിസത്തേക്കാള്‍ ഭീഷണിയായി ഉദാരീകരണ നയത്തെ വിശദീകരിക്കുന്ന കരട് രാഷ്ട്രീയ സമീപന രേഖയുടെ മഷി ഉണങ്ങുന്നതിന് മുമ്പ്തന്നെ ജനാധിപത്യ-തൊഴിലാളി-പരിസ്ഥിതി വിരുദ്ധമായ നിയമം അവതരിപ്പിച്ചതിലൂടെ തങ്ങളുടെ രാഷ്ട്രീയ നിലപാട് കാപട്യമാണെന്ന് തുറന്ന് പ്രഖ്യാപിക്കുകയാണ് ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം ചെയ്യുന്നത്.

തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ച ‘കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബില്‍-2018’, ഉദാരീകരണ നയത്തിന്റെ ഭാഗമായി കോര്‍പറേറ്റ് ശക്തികള്‍ക്കുവേണ്ടി നടത്തുന്ന പാദസേവയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. ഫാസിസത്തേക്കാള്‍ ഭീഷണിയായി ഉദാരീകരണ നയത്തെ വിശദീകരിക്കുന്ന കരട് രാഷ്ട്രീയ സമീപന രേഖയുടെ മഷി ഉണങ്ങുന്നതിന് മുമ്പ്തന്നെ ജനാധിപത്യ-തൊഴിലാളി-പരിസ്ഥിതി വിരുദ്ധമായ നിയമം അവതരിപ്പിച്ചതിലൂടെ തങ്ങളുടെ രാഷ്ട്രീയ നിലപാട് കാപട്യമാണെന്ന് തുറന്ന് പ്രഖ്യാപിക്കുകയാണ് ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം ചെയ്യുന്നത്. നിലവിലെ പരിസ്ഥിതി-ഭൂനിയമങ്ങളുടെ താല്‍പര്യങ്ങളെ ലംഘിക്കുന്നതും കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്ക് വിധേയമാകുന്നതുമാണ് നിര്‍ദ്ദിഷ്ട നിയമം. നേരത്തെ ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ കൊണ്ടുവന്ന ജനവിരുദ്ധ നീക്കം നിയമസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് നിയമമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമം നടപ്പായാല്‍ പഞ്ചായത്ത് രാജ-നഗരപാലികാ നിയമ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് നല്‍കാനുള്ള അധികാരം ഉദ്യോഗസ്ഥരില്‍ നിക്ഷിപ്തമാകും. നെല്‍വയല്‍-നീര്‍ത്തട നിയമം അടക്കമുള്ള പരിസ്ഥിതി-ഭൂനിയമങ്ങള്‍വഴി ഉണ്ടായ സകല നിയന്ത്രണങ്ങളും മറികടന്ന് കോര്‍പറേറ്റ് കുത്തകകള്‍ക്ക് വിഭവ ചൂഷണം നടത്താനുള്ള വഴി സുഗമമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

കടുത്ത ജലക്ഷാമത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ വന്‍ വരള്‍ച്ചയിലേക്ക് തള്ളിയിടുന്നതാണ് പരിധിയില്ലാത്ത ജല ചൂഷണത്തിന് നല്‍കുന്ന അനുമതി. സാധാരണ ജനങ്ങളുടെ കുടിവെള്ളത്തേക്കാള്‍ മുതലാളിമാരുടെ ലാഭത്തിന് പ്രാധാന്യം നല്‍കുന്ന നയത്തിനാണോ ഇടതുപക്ഷ നയം എന്ന് പറയുന്നത്? ചുമട്ടു തൊഴിലാളി, വ്യവസായങ്ങള്‍ക്ക് ബാധ്യതയാണെന്ന അവഹേളനപരമായ പരാമര്‍ശമടങ്ങിയ തൊഴിലാളി വിരുദ്ധ നിയമമാണ് തൊഴിലാളി വര്‍ഗ്ഗത്തിന്റെ പേരില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നത്. സി.പി.എമ്മില്‍നിന്ന് വ്യത്യസ്തമായ നയമാണ് തങ്ങളുടെതെന്ന് അവകാശപ്പെടുന്ന സി.പി.ഐ നേതൃത്വം ഇതില്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. സംസ്ഥാനത്തെ പലനിലക്കും പ്രതികൂലമായി ബാധിക്കുന്ന ബില്ലിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി നിലപാട് സ്വീകരിക്കാന്‍ എം.എല്‍.എമാര്‍ തയ്യാറാകണം. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട നിര്‍ദ്ദിഷ്ട ബില്‍ പാസ്സാക്കാനുള്ള ശ്രമത്തില്‍നിന്ന് ഇടതു സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757