keralanewspravasiUncategorized

പാസ്സ് പോര്‍ട്ട് നിറം മാറ്റം; പ്രവാസി സംഘടനകള്‍ യോജിച്ച പോരാട്ടത്തിന്

 

കുവൈത്ത്: പാസ്സ്‌പോര്‍ട്ടിന് വിദ്യാഭ്യാസയോഗ്യതക്കനുസരിച്ച് നിറങ്ങള്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ആലോചനക്കെതിരെ പ്രവാസികള്‍ പ്രതിഷേധവുമായി രംഗത്ത്. വിഷയത്തില്‍ കുവൈത്തിലെ പ്രവാസി സംഘടനകള്‍ യോജിച്ച പോരാട്ടത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി പ്രവാസി വെല്‍ഫെയര്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരെപങ്കെടുത്തുകൊണ്ടുള്ള പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സാധ്യമാകുന്ന എല്ലാ സംഘടനകളെയും ഉള്‍പ്പെടുത്തി സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ യോഗം തീരുമാനിച്ചു.

കമ്മിറ്റി അംഗങ്ങളായി കൃഷ്ണന്‍ കടലുണ്ടി, സണ്ണി മണ്ണാര്‍ക്കാട്, സത്താര്‍ കുന്നില്‍, ഫൈസല്‍ മഞ്ചേരി, അന്‍വര്‍ സെയീദ്, അലക്‌സ്, സഫീര്‍.പി ഹാരിസ്, മുബാറക് കാമ്പ്രത്ത്, ഖലീല്‍ റഹ്മാന്‍, റസീന മൊയ്തീന്‍ എന്നിവരെ നിശ്ചയിച്ചു. ഈ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ മറ്റുള്ളവരുമായി ചേര്‍ന്ന് ഭാവിപരിപാടികള്‍ക്ക് രൂപം നല്‍കി.

പ്രതിഷേധ യോഗത്തില്‍ പങ്കെടുത്ത വിവിധ സംഘടന പ്രതിനിധികള്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. പ്രവാസിക്ക് ഏക തിരിച്ചറിയല്‍ രേഖയായ പാസ്‌പോര്‍ട്ടില്‍നിന്ന് അസ്തിത്വ സംബന്ധിയായ വിവരങ്ങള്‍ നീക്കം ചെയ്യുന്നത് പ്രവാസി സമൂഹത്തിന് കടുത്ത പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്ന് വെല്‍ഫെയര്‍ കേരള പ്രസിഡന്റ് ഖലീല്‍ റഹ്മാന്‍ പറഞ്ഞു. പ്രവാസികളുടെ കയ്യിലെ ഏക രേഖ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്നും ഇത്തരം വിഷയങ്ങളെ രാഷ്ട്രീയവല്‍കരിക്കരുതെന്നും കെ.പി.ഡബ്ലിയു.എ പ്രതിനിധി മുബാറക് കാമ്പ്രത്ത് പറഞ്ഞു. ലാഘവത്തോടെയും മുന്‍വിധിയോടെയുമാണ് സര്‍ക്കാര്‍ ഈ വിഷയത്തെ സമീപിച്ചതെന്നും നടപ്പാക്കിയാല്‍ സര്‍ക്കാര്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടിവരുമെന്നും ഒ.ഐ.സി.സി, കെ.ഡി.എന്‍.എ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ച കൃഷ്ണന്‍ കടലുണ്ടി പറഞ്ഞു. ഇന്ത്യന്‍ എംബസിയെ സമീപിച്ച് സര്‍ക്കാരിന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കണമെന്ന് ഐ.എം.സി.സി പ്രതിനിധി സത്താര്‍ കുന്നില്‍ അഭിപ്രായപ്പെട്ടു. ഒരു രാജ്യം പൗരന്‍മാരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണിത്, കുവൈത്തിലെ മുഴുവന്‍ സംഘടനകളുടെയും യോജിച്ച നീക്കമാണ് ഇതിനെതിരെ ഉയര്‍ത്തേണ്ടതെന്ന് കെ.ഐ.ജി പ്രതിനിധി ഫൈസല്‍ മഞ്ചേരി പറഞ്ഞു. ഇന്ത്യന്‍ എംബസിയെ പ്രതിഷേധം അറിയിക്കുകയും പ്രസിഡന്റിന് നിവേദനം നല്‍കുകയും വേണമെന്ന് മലപ്പുറം ജില്ല അസോസിയേഷന്‍ പ്രസിഡന്റ് മനോജ് കുര്യന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ പൗരന്മാരെയും ഇതിന്റെ ഭാഗമാക്കി സംയുക്തനീക്കം നടത്തണമെന്ന് പി.സി.എഫ് പ്രതിനിധി അന്‍സാര്‍ കുളത്തൂപ്പുഴ പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ എല്ലാവരും എംബസിയിലെത്തി പ്രത്യക്ഷ പ്രതിഷേധ പരിപാടികള്‍ നടത്തണമെന്ന് സണ്ണി മണ്ണാര്‍ക്കാട് അഭിപ്രായപ്പെട്ടു. ഭരണഘടനാവിരുദ്ദമായ നീക്കത്തിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രതിഷേധമുയരണമെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. അനവര്‍ സയീദ് ചര്‍ച്ച്ക്ക് നേതൃത്വം നല്‍കി. മജീദ് നരിക്കോടന്‍ സ്വാഗതവും അന്‍വര്‍ ഷാജി നന്ദിയും പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757