keralanews

പെട്രോള്‍ -ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധം

 

എക്‌സൈസ് തീരുവ കുറച്ച് ഇന്ധനവില കുറക്കണം – റസാഖ് പാലേരി

കോഴിക്കോട്: പെട്രോളിനും ഡാസലിനും കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന എക്‌സൈസ് തീരുവയും നികുതിയും കുറച്ച് ഇന്ധവവില കുറക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ആവശ്യപ്പെട്ടു. ദിനം പ്രതി കൂട്ടിക്കൊണ്ടിരിക്കുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാകമ്മിറ്റി ഹെഡ്‌പോസ്റ്റോഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വില കുറയുമ്പോള്‍ ഇന്ത്യയില്‍ ഇന്ധനവില വര്‍ധിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രധാനകാരണം എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുന്നു എന്നതാണ്. 2014 ല്‍ ഒമ്പത് രൂപയായിരുന്ന എക്‌സൈസ് ഡ്യൂട്ടി മോദി അധികാരത്തില്‍വന്നതിനുശേഷം പല ഘട്ടങ്ങളിലായി വര്‍ധിപ്പിച്ച് ഇപ്പോള്‍ 22 രൂപയിലാണ് എത്തിനില്‍ക്കുന്നത്. എക്‌സൈസ് ഡ്യൂട്ടി ഒടുക്കുന്നതില്‍ കൃതൃമം കാണിച്ച് ഓയില്‍ കമ്പനികളാണ് ഇതിന്റെ നേട്ടം കൊയ്യുന്നത്. കോര്‍പ്പറേറ്റ് കമ്പനികളുടെ നിയന്ത്രണത്തിലാണ് ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ ഭരിക്കുന്നത്. അനിയന്ത്രിതമായ ഇന്ധന വിലക്കയറ്റം മൂലം നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചതിനാല്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമായി മാറിക്കഴിഞ്ഞു. പൊതുഗതാഗതവും ചരക്കു കടത്തും നിര്‍മാണ പ്രവര്‍ത്തനമേഖലയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. ജന ജീവിതത്തെ സാരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ കാണിക്കുന്ന നിസ്സംഗത പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി അധ്യക്ഷത വഹിച്ചു. പി.സി ഭാസ്‌കരന്‍, ടി.കെ മാധവന്‍, എ.പി വേലായുധന്‍, പി.സി മുഹമ്മദ്കുട്ടി, കെ.ടി മുബാറക്, നഈം ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. മുതലക്കുളത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് മുസ്തഫ പാലാഴി, ശശീന്ദ്രന്‍ ബപ്പങ്ങാട്, എം.എ ഖയ്യും, അന്‍വര്‍ സാദത്ത് കുന്ദമംഗലം, പി.പി ജമീല എന്നിവര്‍ നേത്യത്വം നല്‍കി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757