zero hour

തുടക്കം എസ്എഫ്‌ഐയില്‍ നിന്ന്, എം.എസ്.എഫും അത്ര പുണ്യാത്മാക്കളൊന്നുമല്ല – ഫ്രറ്റേണിറ്റി

 

ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച പെരിന്തല്‍മണ്ണ പോളിടെക്‌നിക്കിലെ സംഭവങ്ങളുടെ സത്യാവസ്ഥയെന്തെന്ന് ഫ്രറ്റേണിറ്റി പെരിന്തല്‍മണ്ണ പോളി യൂണിറ്റിലെ പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നു.

എല്ലാ പ്രശ്‌നങ്ങളുടെയും തുടക്കം എസ്എഫ്‌ഐയില്‍ നിന്ന് തന്നെയാണ്്. കാമ്പസിലെ മറ്റ് സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്രം നിഷേധിക്കുന്ന നിലപാടാണ് അവര്‍ക്കുള്ളത്. ഈ അക്രമങ്ങള്‍ക്ക് കാരണമായതും അത് തന്നെ. രണ്ടു ദിവസം മുമ്പ് എം.എസ്.എഫ് യൂണിറ്റ് സമ്മേളനം നടത്തിയിരുന്നു. അന്ന് എസ്.എഫ്.ഐക്കാര്‍ മുദ്രാവാക്യം വിളിച്ചും കൂവി വിളിച്ചും പരിപാടി അലങ്കോലമാക്കിയിരുന്നു. ക്യാമ്പസിന്റെ മുന്നില്‍ പോലും മറ്റൊരു സംഘടനയുടെയും കൊടിമരം സ്ഥാപിക്കാന്‍ അവര്‍ അനുവദിക്കാറില്ല. അഥവാ സ്ഥാപിച്ചാല്‍തന്നെ തൊട്ടടുത്ത ദിവസങ്ങളില്‍ അത് അവിടെനിന്നും കാണാതാകുകയാണ് പതിവ്. ഇലക്ഷന്‍ സമയത്ത് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സ്ഥാപിച്ച കൊടിമരവും പിഴുതെറിയപ്പെട്ടിരുന്നു. അതുപോലെതന്നെയാണ് മറ്റ് സംഘടനകള്‍ നടത്തുന്ന പരിപാടികളുടെ കാര്യവും. ജനുവരി 17 ന് രോഹിത് വെമുല അനുസ്മരണവുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ചാര്‍ട്ടുകളും എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ചിരുന്നു.

എന്നാല്‍, എം.എസ്.എഫും അത്ര പുണ്യാത്മാക്കളൊന്നുമല്ല.
ഇന്നലെ കോളേജ് യൂണിയന്റെ ഭാഗമായി കാന്റീന്‍ ഉദ്ഘാടനം നടക്കുന്ന സമയത്ത് പുറത്ത് നിന്നുള്ള നൂറോളം വരുന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കോളജിലേക്ക് അതിക്രമിച്ചു കയറുകയും കോളേജിന് നേരെ കല്ലെറിയുകയുമുണ്ടായി. കല്ലേറില്‍ വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റു. സ്ഥാപനത്തിനും ഒരുപാട് നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഒട്ടേറെ ക്ലാസ്സ് മുറികളുടെ ജനലുകളും മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഗ്ലാസ്സും കോളേജിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പെരിന്തല്‍മണ്ണയില്‍ മുസ്‌ലിം ലീഗിന്റെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തു. ഇതാണ് യഥാര്‍ഥത്തില്‍ കോളജിലുണ്ടായ പ്രശ്‌നങ്ങള്‍.

ഈ സാഹചര്യത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ കോളേജിന് നേരെ നടത്തിയ അക്രമവും എസ.്എഫ്.ഐ പ്രവര്‍ത്തകര്‍ ലീഗ് ഓഫീസിന് നേരെ നടത്തിയ അക്രമവും തീര്‍ത്തും എതിര്‍ക്കപ്പെടേണ്ടതാണ്. അക്രമങ്ങളെ ഒരിക്കലും മറ്റൊരു അക്രമം കൊണ്ട് തിരുത്താനാവില്ല. അതുവഴി പ്രശ്‌നങ്ങള്‍ കൂടുക മാത്രമേ ചെയ്യൂ. കാമ്പസിലെ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കപ്പെടാന്‍ എല്ലാവരും ഒരുമിച്ചേ തീരൂ.
ഫ്രറ്റേണിറ്റി പെരിന്തല്‍മണ്ണ പോളി യൂണിറ്റ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757