keralanews

ഇന്ധന വില വര്‍ധന: വാഹന പണിമുടക്ക് വിജയിപ്പിക്കുക – എഫ് ഐ ടി യു

 

കൊച്ചി: ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ജനുവരി 24 ബുധനാഴ്ച നടത്തുന്ന വാഹന പണിമുടക്ക് വിജയിപ്പിക്കാന്‍ കേരള മോട്ടോര്‍ വര്‍ക്കേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് യൂണിയന്‍ (എഫ് ഐ ടി യു) ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായാണു പണിമുടക്കുന്നത്.

പെട്രോള്‍, ഡീസല്‍ വില അനിയന്ത്രിമായി കുതിച്ചുയരുകയാണ്. വില വീണ്ടും ഉയരുമെന്നാണു സൂചന. പെട്രോളിയം കമ്പനികള്‍ക്കു കൊള്ള ലാഭമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട ഒത്താശ ചെയ്യുന്നതുമൂലമാണ് താങ്ങാനാകാത്ത വിലക്കയറ്റമുണ്ടാകുന്നത്. രാജ്യാന്തര കമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ചെറിയ വര്‍ധനയുണ്ടായതിന്റെ പേരു പറഞ്ഞാണു യാതൊരു നീതികരണവുമില്ലാത്ത രീതിയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയത്. മോട്ടോര്‍ തൊഴിലാളികളും സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ ഉള്‍പ്പെടെയുള്ള തൊഴിലുടമകളുമാണ് ഇതുമൂലം നരകയാതന അനുഭവിക്കുന്നത്. വലിയ വിലക്കയറ്റത്തിന് ഈ വിലവര്‍ധന ഇടയാക്കും. ഡീസല്‍, പെട്രോള്‍ വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികള്‍ക്കു നിര്‍ദ്ദേശം നല്‍കാനും നേരത്തെ വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ വേണ്ടെന്നു വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് സമദ് നെടുമ്പാശ്ശേരി ആവശ്യപ്പെട്ടു. റോഡ് ഗതാഗതമേഖല ഒന്നാകെ കുത്തകവല്‍ക്കരിക്കാനും ദശലക്ഷക്കണക്കിനു മോട്ടോര്‍ തൊഴിലാളികളെയും തൊഴില്‍ ഉടമകളെയും വഴിയാധാരമാക്കാനും ഇടയാക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757