Opinion

ഓര്‍മകള്‍ കൊണ്ട് നാം സമരം തീര്‍ക്കുക, രോഹിത് വെമുല അമര്‍ രഹേ! – കെ വി സഫീര്‍ ഷാ

 

രോഹിത് വെമുലയുടെ ജീവത്യാഗത്തിന് ജനുവരി 17നു രണ്ടു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഭയം മൂലം ജീവിതത്തില്‍ നിന്നും ഒളിച്ചോടുകയായിരുന്നില്ല രോഹിത്. ഹൈദരാബാദ് സര്‍വകലാശാലയിലെ സവര്‍ണാധികൃതരില്‍ നിന്ന് നേരിട്ട അച്ചടക്ക നടപടിയില്‍ മനം നൊന്തോ ജാതി പീഡനത്തില്‍ ഹൃദയം നോവിച്ചോ സംഘ് പരിവാറിനോട് പിടിച്ചു നില്‍ക്കാനുള്ള ത്രാണിയില്ലാഞ്ഞിട്ടോ അല്ല രോഹിത് വെമുല ആത്മഹത്യ ചെയ്തത്. രോഹിതിന്റെ ജീവത്യാഗം കൃത്യമായ രാഷ്ട്രീയായുധമായിരുന്നു. സമര്‍പണവും ത്യാഗവും സവര്‍ണത്ക്കും സംഘ്പരിവാറിനുമെതിരിലുള്ള പോരാട്ടത്തിന്റെ അനിവാര്യതയാണെന്ന് മനസ്സിലാക്കിയ രോഹിത് ആത്മഹത്യയെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കായുള്ള ആയുധമായി കാണുകയായിരുന്നു. രോഹിതിന്റെ ജീവത്യാഗം ഇന്ത്യയില്‍ പുതിയ ജനാധിപത്യ ഭാവനകള്‍ രൂപപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും രചനാത്മകമായ പങ്ക് വഹിച്ചിട്ടുണ്ട്; വഹിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ മാത്രമൊതുങ്ങുന്നതല്ല അത്. രാജ്യത്തെ പുതുതലമുറ ആ രാഷ്ട്രീയത്തെ പുതിയ നിറങ്ങളിലും രൂപങ്ങളിലും ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ്. കള്ളികള്‍ വരച്ചു തന്ന് നിങ്ങള്‍ കള്ളിവലയങ്ങള്‍ക്കകത്തു നിന്ന് ആലോചിച്ചു നോക്കൂ എന്ന് പറഞ്ഞവരോട് കള്ളികള്‍ക്കപ്പുറത്തുള്ള പുതിയ സാധ്യതകള്‍ ആരായുന്ന കാമ്പസുകളെയാണ് രോഹിതാനന്തരം നമ്മള്‍ കണ്ടത്.

പുതിയ ജനാധിപത്യത്തെ രൂപപ്പെടുത്തുന്നതില്‍ വ്യത്യസ്ത പശ്ചാത്തലങ്ങളും പ്രത്യയ ശാസ്ത്ര പിന്‍ബലങ്ങളുമുള്ള വിദ്യാര്‍ഥി കൂട്ടായ്മകളും സംഘടനകളും സഹവര്‍തിത്വത്തിന്റെ പൊതു ഇടങ്ങള്‍ അന്വേഷിക്കുക മാത്രമല്ല, അതിനെ പ്രയോഗത്തില്‍ സാക്ഷാത്കരിക്കുകയുമുണ്ടായി. ജെ.എന്‍.യു, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി തുടങ്ങിയ കാമ്പസുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ അത് കൂടുതല്‍ പ്രകടമായിരുന്നു. ജനാധിപത്യം ഇവിടെ പുനരാവിഷ്‌കരിക്കപ്പെടുകയാണ്. അമൂര്‍ത്തതകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ടാര്‍ഗറ്റ് ആര്‍ചറിയിലെ ഏറ്റവും അകത്തേ വൃത്തത്തില്‍ കൃത്യമായിത്തന്നെ അമ്പുകള്‍ തറച്ചു തുടങ്ങിയിരിക്കുന്നു. സാധാരണഗതിയില്‍ ഒന്നു രണ്ടാഴ്ചക്കാലത്തെ ബഹളത്തെതുടര്‍ന്ന് നിശബ്ദമായിപ്പോകേണ്ടിയിരുന്ന മാന്‍ മിസ്സിംഗ് ഇഷ്യൂ ഇന്ന് മാസങ്ങളോളം മുഴങ്ങുന്ന ‘വേര്‍ ഈസ് നജീബ്’ മുദ്രാവാക്യമായി മുഴങ്ങിക്കൊണ്ടിരിക്കുന്നു. രാജ്യദ്രോഹിയായ മകന്റെ മയ്യത്ത് കാണേണ്ടെന്ന സ്വയംസാക്ഷ്യം, പൊതുബോധ സമ്മര്‍ദത്താലിരയാക്കപ്പെട്ട ഫയാസിന്റെ ഉമ്മക്ക് പറയേണ്ടി വന്ന നിസ്സഹായതയുടെ വാക്കുകളായിരുന്നുവെങ്കില്‍ ‘മേ ഏക് ശഹീദ് കാ മാ ഹൂം’ എന്നത് ഭോപ്പാല്‍വ്യാജ ഏറ്റുമുട്ടലില്‍ കൊല ചെയ്യപ്പെട്ട മുജീബ് ശൈഖിന്റെ ഉമ്മ മുംതാസ് പര്‍വീന്‍ ശൈഖിന്റെ ഒരു രാഷ്ട്രീയ നയപ്രഖ്യാപനമാണ്. പൊതുബോധ നിര്‍മിതികളെ വല്ലാതെ തച്ചുടക്കുന്നുണ്ട് ആ വാക്കുകള്‍. ഇരബോധത്തില്‍ നിന്നും പ്രതിരോധ ബോധത്തിലേക്കും ആത്മാഭിമാന ബോധത്തിലേക്കുമുള്ള വളര്‍ച്ചയാണത്. ജിഗ്നേഷ് മേവാനിയുടെ അസ്മിത യാത്ര ഇപ്പോള്‍ യുവ ഹുങ്കാര്‍ റാലിയില്‍ എത്തി നില്‍ക്കുകയാണ്. ജിഗ്നേഷ് ഇന്നൊരു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി കൂടിയാണ്. അമിതാധികാരപ്രയോഗങ്ങളിലൂടെ അടിച്ചമര്‍ത്താനുള്ള ഭരണകൂടശ്രമങ്ങളെ അതിജീവിച്ചു കൊണ്ടാണ് യു.പി യിലെ ഭീം ആര്‍മിയും ചന്ദ്രശേഖര്‍ ആസാദും മുന്നോട്ട് പോയത്. ഭീമ കൊറെഗാവില്‍ സവര്‍ണ ഹിംസക്കെതിരില്‍ മഹറുകള്‍ നടത്തിയ പടയോട്ടം ഒരു കള്‍ച്ചറല്‍ കാപിറ്റലായി ഓര്‍മിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയുമാണ്. ‘നവ ജനാധിപത്യം’, ‘വിദ്യാര്‍ത്ഥി പ്രതിപക്ഷം’ തുടങ്ങിയ പദാവലികള്‍ പൊതു വ്യവഹാരങ്ങളിലിടംപിടിച്ചു. പരമ്പരാഗത രാഷ്ട്രീയ കൂട്ടായ്മകള്‍ ഇതൊന്നും മനസ്സിലാക്കാതെ, ഇതിനോടൊന്നും എന്ഗേയ്ജ് ചെയ്യാതെ പഴയ സ്വത്വവാദ-മാവോയിസ്റ്റ്-വര്‍ഗീയവാദ കൂട്ടുകള്‍ ചേര്‍ത്തരച്ചു തീസിസ് രചനകളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയവും ജെ.എന്‍.യുവിലെ ബാപ്സയുടെ മുന്നേറ്റങ്ങളും ജിഗ്‌നേഷിന്റെ തെരഞ്ഞെടുപ്പ് വിജയവും രോഹിതാനന്തര കാലത്തെ അനുഭവങ്ങളെ സൂക്ഷ്മതലത്തില്‍ വിലയിരുത്തുവാന്‍ പോലും ഇടതുപക്ഷത്തിനു സാധിക്കുന്നില്ല.

രോഹിതിന്റെ വിയോഗത്തില്‍ നമ്മള്‍ വ്യഥിതരാണ്. എന്നാല്‍, വ്യഥകളെയും നഷ്ടങ്ങളെയും പോരാട്ടങ്ങള്‍ കൊണ്ടും പുനരാവിഷ്‌കാരങ്ങള്‍കൊണ്ടും അതിജയിക്കേണ്ടവരാണ് നാം. അത് കൊണ്ട് തന്നെ നവജനാധിപത്യത്തിന്റെ രണ്ടു വര്‍ഷങ്ങള്‍ തികയുന്ന ഈ വേളയില്‍ കേരളത്തിലെ കാമ്പസുകളില്‍ രോഹിതിനെയും രോഹിതിന്റെ രാഷ്ട്രീയത്തെയും ഫ്രറ്റേണിറ്റി ഓര്‍ക്കുകയാണ്, ചര്‍ച്ച ചെയ്യുകയാണ്. ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി രോഹിതിന്റെ ഫെയ്‌സ്ബുക് കുറിപ്പുകള്‍ സമാഹരിച്ചു പുറത്തിറക്കും. കാമ്പസുകളില്‍ രോഹിത് സ്‌ക്വയര്‍ രൂപീകരിച്ചും, പുസ്തക ചര്‍ച്ചകള്‍ നടത്തിയും, ഡോക്യൂമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ചും വിദ്യാര്‍ത്ഥി കൂട്ടായ്മകളിലൂടെയും രോഹിത് വെമുലയുടെ അനശ്വരതയെ ഫ്രറ്റേണിറ്റി അഭിവാദ്യം ചെയ്യും. മറക്കണമെന്നു പറയുന്നവര്‍ക്കെതിരിലുള്ള ഏറ്റവും മികച്ച സമരം ഓര്‍മയത്രെ. അതിനാല്‍ ഓര്‍മകള്‍ കൊണ്ട് നാം സമരം തീര്‍ക്കുക. രോഹിത് വെമുല അമര്‍ രഹേ !
കെ വി സഫീര്‍ ഷാ
പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757