Opinion

അമിത്ഷാ മുഖ്യപ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് ; ജഡ്ജിയുടെ മരണം കൊലപാതകം!

അമിത്ഷാ മുഖ്യപ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്; ജഡ്ജിയുടെ മരണം കൊലപാതകം!

നിരഞ്ജന്‍ താക്ലെ

 

ജഡ്ജിയുടെ കുടുംബാംഗങ്ങള്‍ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
(കാരവന്‍ മാസിക പുറത്തുവിട്ട രണ്ട് റിപ്പോര്‍ട്ടുകളുടെയും മലയാള പരിഭാഷ)
കാരവന്‍ മാസിക കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ ഞെട്ടിക്കുന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണല്ലോ. ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധമായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് അന്ന് വിചാരണ നടത്തിയിരുന്ന സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്ത. സൊഹ്റാബുദ്ദീന്‍ കേസിന്റെ സവിശേഷത, അതിലെ മുഖ്യ പ്രതി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് എന്നുള്ളതാണ്. ജസ്റ്റിസ് ലോയയുടെ മരണം കൊലപാതകമാകാനുള്ള സാധ്യതയാണ് കാരവന്‍ ആദ്യ റിപ്പോര്‍ട്ടില്‍ അഴിച്ചിടുന്നത്. ഒപ്പം നൂറ് കോടിരൂപ കൈക്കൂലി കൊടുത്ത് ലോയയെ വശത്താക്കാനുള്ള ശ്രമം രണ്ടാമത്തെ റിപ്പോര്‍ട്ടിലും. പ്രസ്തുത ശ്രമം നടത്തിയത് ബോംബേ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ മോഹിത് ഷായാണ് എന്ന് അരോപിക്കുന്നു. ഏറ്റവും സ്ഫോടനാത്മകമായ വിവരങ്ങളാണ് കാരവന്‍ റിപ്പോര്‍ട്ടുകളിലൂടെ ലോകമറിഞ്ഞത്. പ്രസ്തുത റിപ്പോര്‍ട്ടുകളുടെ മലയാള വിവര്‍ത്തനമാണ് ചുവടെ.

-1-
ഒരു കുടുംബം നിശബ്ദത വെടിയുന്നു:

സൊഹ്റാബുദ്ദീന്‍ കേസിന്റെ വിചാരണക്ക് നേതൃത്വം നല്‍കിയ ജഡ്ജിയുടെ മരണത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
2014 ഡിസംബര്‍ 1ന് പുലര്‍ച്ചെ 48 വയസുകാരനായ ജസ്റ്റിസ് ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ കുടുംബാംഗങ്ങള്‍ അദ്ദേഹം നാഗ്പൂറില്‍ വെച്ച് മരണമടഞ്ഞതായ വാര്‍ത്ത അറിഞ്ഞു. സി.ബി.ഐ പ്രത്യേക കോടതിയുടെ ജഡ്ജി ആയിരുന്ന ലോയ തന്റെ സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അവിടേക്ക് പോയതാണ്. രാജ്യത്തെ ഏറ്റവും പ്രമാദമായ ഒരു കേസായിരുന്നു അക്കാലത്ത് ലോയ കൈകാര്യം ചെയ്തിരുന്നത്. 2005ല്‍ നടന്ന സൊഹ്റാബുദ്ദീന്‍ ശൈഖിന്റെ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട കേസ്. സോഹ്റാബുദ്ദീന്‍ കൊല്ലപ്പെടുന്ന കാലത്ത് ഗുജറാത്ത് ആഭ്യന്തരമന്ത്രിയും ലോയ മരിക്കുന്ന കാലത്ത് ബി. ജെ.പി ദേശീയ അധ്യക്ഷനുമായിരുന്ന അമിത് ഷായായിരുന്നു സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസിലെ മുഖ്യപ്രതി. ഹൃദയസ്തംഭനം മൂലമാണ് ജഡ്ജി മരിച്ചത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് ഒന്നും സംസാരിച്ചിരുന്നില്ല. 2016 നവംബറിന് ലോയയുടെ മരുമകളായ നുപൂര്‍ ബാലപ്രസാദ് ബിയാനി എന്നെ സമീപിച്ചു. അന്ന് ഞാന്‍ പൂനെ സന്ദര്‍ശിക്കുന്ന സമയമാണ്. തന്റെ അമ്മാവന്റെ മരണത്തെ കുറിച്ച് ചില കാര്യങ്ങള്‍ പറയാനുണ്ട് എന്ന് പറഞ്ഞായിരുന്നു അന്ന് അവരെന്നെ സമീപിച്ചത്. ഇതിനെ തുടര്‍ന്ന് 2016നും 2017നും ഇടക്ക് നിരവധി കൂടിക്കാഴ്ച്ചകള്‍ നടന്നു. അവരുടെ അമ്മയും ലോയയുടെ സഹോദരിയും സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന മെഡിക്കല്‍ ഡോക്ടറുമായ അനുരാധാ ബിയാനിയോടും എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞു. അതുപോലെ മറ്റൊരു സഹോദരിയായ സരിതാ മണ്ഡാനെ, ലോയയുടെ പിതാവ് ഹര്‍കിഷന്‍ എന്നിവരുമായും ഞാന്‍ സംസാരിച്ചു. കൂടാതെ ജഡ്ജിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെ പോസ്റ്റ് മോര്‍ട്ടം ഉള്‍പ്പെടെയുള്ള നയമനടപടികള്‍ പൂര്‍ത്തീകരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കണ്ടെത്തി അവരുമായി സംസാരിക്കുകയും ചെയ്തിരുന്നു.
ഇവരില്‍ നിന്നുള്ള മൊഴികളില്‍ നിന്നും ലോയയുടെ മരണവുമായി ബന്ധപ്പെട്ട് അങ്ങേയറ്റം അസ്വസ്ഥയുണ്ടാക്കുന്ന ചോദ്യങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്: മരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുചെയ്യപ്പെട്ട വിവരങ്ങളിലുള്ള സ്ഥിരതയില്ലായ്മയെ കുറിച്ചുള്ള ചോദ്യങ്ങള്‍, അദ്ദേഹത്തിന്റെ മരണത്തിനു ശേഷം നടന്നിട്ടുള്ള നടപടിക്രമങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍, കുടുംബത്തിന് അദ്ദേഹത്തിന്റെ മൃതദേഹം കൈമാറുന്ന അവസരത്തില്‍ മൃതദേഹത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്നിവയാണവ. ലോയയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു കമീഷനെ നിയമിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടും അത്തരത്തിലൊന്ന് ഇതുവരെയും രൂപീകരിച്ചിട്ടില്ല.

2014 നവംബര്‍ 30ന് ലോയ തന്റെ മൊബൈല്‍ ഫോണില്‍ ഭാര്യ ഷാര്‍മിളയെ രാത്രി 11 മണിക്ക് വിളിച്ചിരുന്നു. അന്നത്തെ ദിവസം അദ്ദേഹത്തിനുണ്ടായിരുന്ന തിരക്കുകളെ കുറിച്ചായിരുന്നു 40 മിനിറ്റുകളോളം അദ്ദേഹം അവരോട് സംസാരിച്ചത്. തന്റെ സഹപ്രവര്‍ത്തകയായ സപ്നാ ജോഷിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാന്‍ നാഗ്പൂരില്‍ പോയതായിരുന്നു അദ്ദേഹം. തുടക്കത്തില്‍ അങ്ങോട്ട് പോകാന്‍ അദ്ദേഹത്തിന് ഉദ്ദേശമുണ്ടായിരുന്നില്ല. സഹപ്രവര്‍ത്തകരായ മറ്റ് രണ്ട് ജഡ്ജിമാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം അങ്ങോട്ട് പോയത്. താന്‍ വിവാഹത്തില്‍ പങ്കെടുത്തുവെന്നും പിന്നീട് ഒരു ചായസല്‍ക്കാരത്തിലും പങ്കെടുത്തിരുന്നുവെന്നാണ് ലോയ തന്റെ ഭാര്യയോട് പറഞ്ഞത്. മകന്‍ അനുജിനെ കുറിച്ചും അദ്ദേഹം തിരക്കി. നാഗ്പൂരിലേക്ക് തന്നോടൊപ്പം വന്നിരുന്ന ജഡ്ജിമാര്‍ക്കൊപ്പം സിവില്‍ ലൈന്‍സ് പ്രദേശത്തെ വി.ഐ.പികള്‍ക്കുള്ള ഒരു സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ആയ രവിഭവനിലാണ് താന്‍ താമസിക്കുക എന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോയ നടത്തിയ അവസാനത്തെ അറിയാവുന്ന ഫോണ്‍ കോളും സംഭാഷണവും ഇതായിരുന്നു. അദ്ദേഹം മരിച്ചു എന്ന വാര്‍ത്തയായിരുന്നു അടുത്ത ദിവസം രാവിലെ അദ്ദേഹത്തിന്റെ കുടുംബത്തെ തേടി വന്നത്.
2014 ഡിസംബര്‍ 1, അതിരാവിലെ ‘മുംബൈയില്‍ താമസിക്കുന്ന അവന്റെ ഭാര്യയ്ക്കും ലത്തൂര്‍ സിറ്റിയിലുള്ള എനിക്കും ധൂലെയിലും ജല്‍ഗാവിലും ഔറംഗാബാദിലുമുള്ള എന്റെ മറ്റ് പെണ്‍മക്കള്‍ക്കും ഫോണ്‍ കാളുകള്‍ വന്നിരുന്നു.” ജഡ്ജിയുടെ പിതാവ് ഹര്‍കിഷന്‍ ലോയ എന്നോട് പറഞ്ഞു. 2016 നവംബറില്‍ ലത്തൂര്‍ സിറ്റിയിലെ അദ്ദേഹത്തിന്റെ താമസസ്ഥലമായ ഗേറ്റ്ഗാവില്‍ നടന്ന ആദ്യ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ”ബ്രിജ് തലേദിവസം രാത്രി മരിച്ചുവെന്നും അദ്ദേഹത്തിന്റെ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞുവെന്നും മൃതദേഹം ലത്തൂര്‍ ജില്ലയിലെ ഗേറ്റ്ഗാവിലേക്ക് അയച്ചിട്ടുണ്ട്” എന്നുമാണ് തങ്ങളെ അറിയിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. ‘ഭൂമികുലുക്കം വന്ന് ഞാന്‍ തകര്‍ന്നുപോകുന്നതുപോലെ എനിക്ക് തോന്നി” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൃദയസ്തംഭനം മൂലമാണ് ലോയ മരിച്ചത് എന്നാണ് കുടുംബത്തെ അറിയിച്ചിരിക്കുന്നത്. ‘അവന് നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് നാഗ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയായ ദാന്ദെ ഹോസ്പിറ്റലില്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയെന്നും അവിടെ വെച്ച് ചില ചികിത്സകളൊക്കെ നല്‍കിയെന്നുമാണ് ഞങ്ങളോട് പറഞ്ഞത്.” ഹര്‍കിഷന്‍ പറഞ്ഞു. ‘ഒരു നിഗൂഢ ഇടമാണ് അത്. ഇ.സി.ജി പോലും അവിടെ പ്രവര്‍ത്തിക്കുന്നില്ല എന്ന് മനസിലായി.” ലോയയുടെ സഹോദരി ബിയാനി കൂട്ടിച്ചേര്‍ത്തു. പിന്നീട് ‘ലോയയെ നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയായ മെഡിട്രീന ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി” ഹര്‍ക്കിഷന്‍ പറഞ്ഞു. ‘ആ യാത്രയില്‍ അവന്‍ മരിച്ചുവെന്നാണ് പറയുന്നത്.” അദ്ദേഹം വ്യക്തമാക്കി.

മരണ സമയത്ത് സൊഹ്റാബുദ്ദീന്‍ കൊലപാതകക്കേസ് മാത്രമാണ് ലോയ കേട്ടുകൊണ്ടിരുന്നത്. അതാകട്ടെ രാജ്യത്ത് തന്നെ എല്ലാവരും ഉറ്റുനോക്കിയിരുന്ന എറ്റവും പ്രധാനപ്പെട്ട കേസും. 2012ല്‍ ഈ കേസിന്റെ വിചാരണ ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് മാറ്റിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. ‘വിചാരണയുടെ സത്യസന്ധത സംരക്ഷിക്കാന്‍ വിചാരണ സംസ്ഥാനത്തിനു പുറത്ത് നടത്തേണ്ടതുണ്ട് എന്ന് ബോധ്യമായിരിക്കുന്നു” എന്ന പ്രസ്താവനയോടെയായിരുന്നു സുപ്രീം കോടതി അത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്. തുടക്കം മുതല്‍ അവസാനം വരേയും ഒരേ ജഡ്ജിയായിരിക്കണം വിചാരണ കേള്‍ക്കേണ്ടത് എന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ചുകൊണ്ട് 2014 മധ്യത്തില്‍ ഈ കേസ് ആദ്യം കേട്ടിരുന്ന ജസ്റ്റിസ് ജെ.ടി ഉത്പത്തിനെ സി.ബി.ഐ പ്രത്യേക കോടതിയില്‍ നിന്ന് നീക്കുകയും ലോയയെ നിയമിക്കുകയുമായിരുന്നു.
കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നുള്ള അമിത് ഷായുടെ അപേക്ഷയില്‍ ജസ്റ്റിസ് ഉത്പത് 2014 ജൂണ്‍ 6ന് കര്‍ശനമായ താക്കീത് നല്‍കിയിരുന്നു. അടുത്ത വിചാരണ ദിവസമായ ജൂണ്‍ 20ന് അമിത്ഷാ ഹാജരാകാത്തതിനെ തുടര്‍ന്ന് ഉത്പത് ജൂണ്‍ 26ലേക്ക് കേസ് കേള്‍ക്കുന്നത് മാറ്റി. എന്നാല്‍, ജൂണ്‍ 25ന് ജഡ്ജിയെ ട്രാന്‍സ്ഫെര്‍ ചെയ്യുകയായിരുന്നു. മുംബൈയില്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഷാ കോടതിയില്‍ ഹാജരാകാത്തത് എന്ന് ഷാക്ക് ഒഴിവ് അനുവദിച്ചുകൊണ്ട് ലോയ 2014 ഒക്ടോബര്‍ 31ന് ചോദിച്ചു. ഡിസംബര്‍ 15ന് അടുത്ത വിചാരണ വെക്കുകയും ചെയ്തു.

ഡിസംബര്‍ 1 ലെ ജസ്റ്റിസ് ലോയയുടെ മരണം എന്നത്തേയും പോലെയുള്ള സാധാരണ വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മാധ്യമശ്രദ്ധ വളരെ കുറച്ചുമാത്രമേ ലഭിക്കുകയും ചെയ്തിരുന്നുള്ളു. ഇന്ത്യന്‍ എക്സ്പ്രസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇങ്ങനെ പറഞ്ഞത്; ‘ഹൃദയാഘാതം കൊണ്ടാണ് ലോയ മരിച്ചത്. എന്നാല്‍ അദ്ദേഹത്തോട് അടുത്തുള്ള വൃത്തങ്ങള്‍ അറിയിക്കുന്നത് ലോയയുടെ മെഡിക്കല്‍ ഹിസ്റ്ററി വളരെ മെച്ചപ്പെട്ടതായിരുന്നുവെന്നാണ്.” എന്നാല്‍ ഡിസംബര്‍ 3ന് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റിനു പുറത്ത് പ്രതിഷേധം നടത്തിയത് പെട്ടെന്ന് മാധ്യമശ്രദ്ധ പിടിച്ചുപറ്റി. അപ്പോള്‍ പാര്‍ലമെന്റില്‍ ശൈത്യകാല സഭ നടക്കുകയായിരുന്നു. ലോയയുടെ മരണത്തില്‍ തന്റെ ഞെട്ടല്‍ രേഖപ്പെടുത്തി അടുത്ത ദിവസം സൊഹ്റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ സി.ബി.ഐക്ക് കത്തെഴുതി. എം.പിമാരുടെ പ്രതിഷേധത്തെ തുടര്‍ന്നോ, റുബാബുദ്ദീന്റെ കത്തിനെ തുടര്‍ന്നോ ഒന്നും സംഭവിച്ചില്ല. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു ഫോളോ അപ്പ് സ്റ്റോറികളും പ്രത്യക്ഷപ്പെട്ടതുമില്ല. ലോയയുടെ കുടുംബാംഗങ്ങളുമായി നിരവധി സംഭാഷണങ്ങള്‍ നടന്നു. തുടര്‍ന്ന് സൊഹ്റാബുദ്ദീന്‍ കേസ് വിചാരണക്ക് ലോയ അധ്യക്ഷം വഹിച്ചതെങ്ങനെയാണെന്നും അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്നും ഒരു വിറങ്ങലിക്കുന്ന വിവരണം എനിക്ക് രൂപപ്പെടുത്താന്‍ സാധിച്ചു. എല്ലാദിവസവും കാര്യങ്ങള്‍ രേഖപ്പെടുത്തിവെക്കാറുള്ള തന്റെ ഡയറിയുടെ ഒരു കോപ്പി ബിയാനി എനിക്ക് തന്നു. അതില്‍ അവരുടെ സഹോദരന്റെ മരണത്തിനു മുമ്പും ശേഷവുമുള്ള ദിവസങ്ങളിലെ വിവരങ്ങളും ഉണ്ടായിരുന്നു. അതില്‍ സംഭവവുമായി ബന്ധപ്പെട്ട് അവരെ അലട്ടിയിരുന്ന പല വിവരങ്ങളും രേഖപ്പെടുത്തിയിരുന്നു. ഞാന്‍ ലോയയുടെ ഭാര്യയെയും മകനെയും കണ്ടിരുന്നെങ്കിലും സ്വജീവനില്‍ ഭയമുണ്ടെന്ന് പറഞ്ഞ് അവര്‍ സംസാരിക്കാന്‍ തയ്യാറായില്ല.

2014 ഡിസംബര്‍ 1-ന് തനിക്കൊരു കോള്‍ വന്നുവെന്നാണ് ധൂലെയില്‍ താമസിക്കുന്ന ബിയാനി പറഞ്ഞത്. ഒരു ജഡ്ജാണെന്നും പേര് ബാര്‍ഡെയെന്നാണെന്നും പരിചയപ്പെടുത്തിയ ഒരാളുടെ കോള്‍ ആയിരുന്നു അത്. ലത്തൂറില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഗേറ്റ് ഗാവിലേക്ക് ലോയയുടെ മൃതദേഹം അയച്ചിട്ടുണ്ടെന്നും അവിടേക്ക് പോകണമെന്നുമായിരുന്നു അവരോട് അദ്ദേഹം പറഞ്ഞത്. വിളിച്ച അതേ ആള്‍ തന്നെയാണ് ബിയാനിയോടും മറ്റുള്ള കുടുംബാംഗങ്ങളോടും ലോയയുടെ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞുവെന്നും മരണകാരണം ഹൃദയസ്തംഭനമാണെന്നും അറിയിച്ചത്. സാധാരണ ഗേറ്റ്ഗാവിലുണ്ടാകാറുള്ള ലോയയുടെ പിതാവ് അന്ന് ലത്തൂറിലുള്ള തന്റെ മകളുടെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തിനും ഫോണ്‍കോള്‍ വന്നിരുന്നു. മകന്റെ മൃതദേഹം ഗേറ്റ്ഗാവിലേയ്ക്ക് അയച്ചുവെന്നാണ് അദ്ദേഹത്തെയും അറിയിച്ചത്. ”മൃതദേഹം ഗേറ്റ്ഗാവിലേയ്ക്ക് എത്തിക്കാനുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഈശ്വര്‍ ബഹേടിയാണ് അച്ഛനോട് പറഞ്ഞത്”; ബിയാനി പറഞ്ഞു. ‘ബ്രിജ് ലോയയുടെ മരണം അയാള്‍ എങ്ങനെ എപ്പോള്‍ എന്തുകൊണ്ട് അറിഞ്ഞു എന്ന് ആര്‍ക്കും അറിയില്ല.”

ലോയ മരിച്ചുവെന്ന വാര്‍ത്ത തന്നെ അറിയിക്കുന്നത് അതി രാവിലെ 5 മണിക്ക് ബാര്‍ഡെ ആയിരുന്നുവെന്ന് ഔറംഗാബാദില്‍ ഒരു ട്യൂഷന്‍ സെന്റര്‍ നടത്തുന്ന ലോയയുടെ മറ്റൊരു സഹോദരിയായ സരിതാ മണ്ഡാനെ പറഞ്ഞു. ‘നാഗ്പൂരില്‍ വെച്ച് ബ്രിജ് മരിച്ചുവെന്നും വേഗം അവിടെ എത്തണമെന്നുമാണ് ഞങ്ങളോട് പറഞ്ഞത്.” ഉടനെ തന്റെ മരുമകനെ അവന് അടുത്ത കാലത്ത് അഡ്മിഷന്‍ ലഭിച്ച ആശുപത്രിയില്‍ നിന്നും പിക്ക് അപ്പ് ചെയ്യാന്‍ പോയി. ‘ആശുപത്രിയില്‍ നിന്നും ഇറങ്ങാന്‍ നേരം ആ മനുഷ്യന്‍, ഈശ്വര്‍ ബഹേടി അവിടേക്ക് വന്നു. ഞങ്ങള്‍ ശാരദാ ഹോസ്പിറ്റലിലുണ്ടാകുമെന്ന് അയാള്‍ എങ്ങനെ അറിഞ്ഞുവെന്ന് എനിക്കറിയില്ല.” മണ്ഡാനെ പറയുന്നതനുസരിച്ച് താന്‍ രാത്രി മുഴുവന്‍ ആളുകളോട് ഫോണ്‍ വിളിച്ച് സംസാരിക്കുകയായിരുന്നുവെന്നും ഇനി നാഗ്പൂരിലേക്ക് പോയിട്ട് കാര്യമില്ല എന്നും കാരണം മൃതദേഹം ഗേറ്റ്ഗാവിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയി എന്നുമാണ് ബഹേടി അവരോട് പറഞ്ഞിരിക്കുന്നത്. ‘താന്‍ എല്ലാത്തിനും സഹകരിക്കാമെന്ന് പറഞ്ഞ് അദ്ദേഹം ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.” മണ്ഡാനെ പറഞ്ഞു. (ഈ സ്റ്റോറി പബ്ലിഷ് ചെയ്യുന്നതുവരെയും ഞാന്‍ അയച്ചുകൊടുത്ത ചോദ്യങ്ങള്‍ക്ക് ബഹേട്ടി ഉത്തരം നല്‍കിയിട്ടില്ല.)
രാത്രിയാണ് ഗേറ്റ്ഗാവില്‍ ബിയാനി എത്തിയത്. മറ്റ് സഹോദരിമാര്‍ നേരത്തെ കുടുംബവീട്ടില്‍ എത്തിയിരുന്നു. ബിയാനിയുടെ ഡയറിയില്‍ നിന്നും മനസിലാകുന്നത് അവര്‍ അവിടെ എത്തിയ ശേഷം രാത്രി 11.30നാണ് മൃതദേഹം വീട്ടിലെത്തുന്നത് എന്നാണ്. നാഗ്പൂരില്‍ നിന്നും ആരംഭിച്ച യാത്രയില്‍ മൃതദേഹത്തോടൊപ്പം ലോയയുടെ സഹപ്രവര്‍ത്തകരായ ആരും തന്നെ കൂടെയുണ്ടായിരുന്നില്ല എന്നത് കുടുംബത്തെ ഞെട്ടിപ്പിച്ചു. ‘വിവാഹത്തിന് നാഗ്പൂരിലേക്ക് പോകാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച ആ രണ്ട് ജഡ്ജിമാരും അദ്ദേഹത്തിന്റെ മൃതദേഹത്തോടൊപ്പം കൂടെയുണ്ടായിരുന്നില്ല എന്നത് ഞങ്ങള്‍ക്കൊരു ഷോക്ക് ആയിരുന്നു. അദ്ദേഹത്തിന്റെ മരണവും പോസ്റ്റ്മോര്‍ട്ടം വിവരങ്ങളും അറിയിച്ച മിസ്റ്റര്‍ ബാര്‍ഡെയും കൂടെയുണ്ടായിരുന്നില്ല. ആരും തന്നെ അദ്ദേഹത്തിന്റെ മൃതദേഹത്തോടൊപ്പം വരാതിരുന്നതെന്താണ്? ഈ ചോദ്യം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു”. ബിയാനി പറഞ്ഞു. അവരുടെ ഒരു ഡയറിവിവരണം ഇങ്ങനെയായിരിന്നു: ‘അദ്ദേഹം ഒരു സി.ബി.ഐ കോടതി ജഡ്ജിയാണ്. അദ്ദേഹത്തിന് സുരക്ഷ ഉണ്ടായിരിക്കേണ്ടതാണ്. ഉചിതമായ വിധത്തില്‍ അദ്ദേഹത്തിന് അകമ്പടിയുണ്ടാകുക എന്നത് അദ്ദേഹം അര്‍ഹിക്കുന്നുണ്ട്.”

ഏതാനും ചില ജഡ്ജിമാര്‍ക്കൊപ്പമാണ് ലോയയുടെ ഭാര്യ ശാര്‍മിളയും മകള്‍ അപൂര്‍വയും മകന്‍ അനുജും മുംബൈയില്‍ നിന്നും ഗേറ്റ്ഗാവിലേയ്ക്ക് എത്തിയത്. ആ ജഡ്ജിമാരിലൊരാള്‍ നിരന്തരം അനുജിനോട് പറയുന്നുണ്ടായിരുന്നു ‘ആരോടും ഒന്നും പറയരുത്” എന്ന്. ബിയാണി എന്നോട് പറഞ്ഞു. ‘അനുജിന് വിഷമവും ഭയവും ഉണ്ടായിരുന്നുവെങ്കിലും അവന്‍ അമ്മക്ക് താങ്ങായി സമാധാനത്തോടെ നിലകൊണ്ടു”.
മൃതദേഹം കണ്ടപ്പോള്‍ എന്തൊക്കെയോ അസ്വാഭാവികമായി തോന്നിയതായി ബിയാനി ഓര്‍ക്കുന്നു. ‘ഷര്‍ട്ടിന്റെ പുറകുവശത്ത് കഴുത്തിനടുത്തായി രക്തപ്പാടുകളുണ്ടായിരുന്നു.” ‘കണ്ണട കഴുത്തിന് താഴെയായിട്ടായിരുന്നു ഉണ്ടായിരുന്നത്” എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോയയുടെ ‘കണ്ണട മൃതദേഹത്തിനു താഴെ ഉടക്കിക്കിടക്കുകയായിരുന്നു”വെന്ന് മണ്ഡനെയും എന്നോട് പറഞ്ഞിരുന്നു.


ബിയാനിയുടെ ഡയറിയിലെ ആ സമയത്തെ ഒരു വിവരണം ഇതാണ്; ‘അദ്ദേഹത്തിന്റെ കോളറില്‍ രക്തമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബെല്‍റ്റ് എതിര്‍വശത്തേക്ക് തിരിഞ്ഞായിരുന്നു കിടന്നിരുന്നത്. പാന്റിന്റെ ക്ലിപ് പൊട്ടിയിരുന്നു. ഇത് വളരെ ദുരൂഹമാണെന്ന് എന്റെ അമ്മാവന് വരെ തോന്നിയിരുന്നു.”
ഹര്‍കിഷനും എന്നോട് പറഞ്ഞിരുന്നു, വസ്ത്രങ്ങളില്‍ രക്തപ്പാടുകള്‍ ഉണ്ടായിരുന്നുവെന്ന്. മണ്ഡാനെയും പറയുന്നു, ‘കഴുത്തില്‍ രക്തപ്പാടുകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ തലയില്‍ മുറിവുണ്ടായിരുന്നു… പുറകുവശത്ത്.” ‘മാത്രവുമല്ല ഷര്‍ട്ടിലും രക്തപ്പാടുകളുണ്ടായിരുന്നു.’ ഹര്‍കിഷന്‍ പറയുന്നത് ”ഷര്‍ട്ടില്‍ ഇടത് തോളിലും ഇടുപ്പിന്റെ ഭാഗത്തും രക്തക്കറ ഉണ്ടായിരുന്നു.”
എന്നാല്‍, നാഗ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നല്‍കിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒരു ഭാഗത്ത് പറയുന്നത് ‘വസ്ത്രത്തിന്റെ അവസ്ഥ: വെള്ളം മൂലമോ മറ്റോ കുതിര്‍ന്നിരുന്നു. രക്തമോ മറ്റോ ചര്‍ദ്ദിച്ചതിലൂടെ ഉണ്ടാകുന്ന വസ്തുവോ കൊണ്ട് കറയുണ്ടായുണ്ടായിരുന്നു.” അതില്‍ കയ്യക്ഷരം കൊണ്ട് വെറുതെ ‘ഉഞഥ” എന്ന് എഴുതി ചേര്‍ത്തിരുന്നു. ശരീരത്തിലുണ്ടായിരുന്ന ആ രക്തക്കറ സംശയാസ്പദമാണ് എന്ന് ബിയാനി കണ്ടെത്തി. കാരണം ഒരു ഡോക്ടറെന്ന നിലയില്‍ ”എനിക്കറിയാം പോസ്റ്റ് മോര്‍ട്ടത്തില്‍ അത്തരത്തില്‍ രക്തം പുറത്തേക്ക് വരില്ല. കാരണം ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കില്ല.” പുനര്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് താന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ”പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കണ്ട എന്ന് പറഞ്ഞ്” അവിടെ കൂടിയ ലോയയുടെ സുഹൃത്തുക്കള്‍ ‘ഞങ്ങളെ നിരുത്സാഹപ്പെടുത്തി.”
ലോയയുടെ കുടുംബം വളരെ മാനസിക സംഘര്‍ഷത്തിലും ഭയത്തിലുമായിരുന്നു. എന്നിട്ടും മരണാനന്തര ശുശ്രൂഷകള്‍ നടത്താന്‍ നിര്‍ബന്ധിതരായി. ഹര്‍കിഷന്‍ പറഞ്ഞു.

ലോയയുടെ മരണം ദുരൂഹമായി കാണപ്പെടുന്നതെന്താണെന്നാല്‍ ഒരു പോസ്റ്റ് മോര്‍ട്ടം നടക്കണമെങ്കില്‍ ഒരു പഞ്ചനാമ* തയ്യാറാക്കുകയും ഒരു മെഡിക്കോ ലീഗല്‍ കേസ് ഫയല്‍ ചെയ്യുകയും വേണം എന്നാണ് നിയമ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ‘നിയമനടപടിക്രമങ്ങളനുസരിച്ച് മരിച്ച ആളുടെ വസ്തുക്കള്‍ എല്ലാം ശേഖരിക്കുകയും സീല്‍ ചെയ്യുകയും ഒരു പഞ്ച്നാമയില്‍ അവയെല്ലാം ലിസ്റ്റ് ചെയ്യുകയും അതുപോലെ തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്യേണ്ടത് പോലീസ് ഡിപ്പാര്‍ട്ട്മെന്റാണ്.” പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ അസിം സരോദ് പറഞ്ഞു. കുടുംബത്തിന് പഞ്ച്നാമയുടെ ഒരു കോപ്പിയും നല്‍കിയില്ല എന്ന് ബിയാനി പറഞ്ഞു. ലോയയുടെ മൊബൈല്‍ ഫോണ്‍ തിരികെ നല്‍കപ്പെട്ടു. എന്നാല്‍, അത് തിരികെ നല്‍കിയത് പോലീസ് ആയിരുന്നില്ല, ബഹേട്ടിയായിരുന്നുവെന്ന് മിയാനി പറഞ്ഞു. ‘മൂന്നോ നാലോ ദിവസങ്ങള്‍ കഴിഞ്ഞാണ് ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മൊബൈല്‍ തിരികെ ലഭിച്ചത്. പെട്ടെന്ന് തന്നെ തരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം വിളിച്ച കോളുകളെ കുറിച്ചും സംഭവിച്ച മറ്റ് കാര്യങ്ങളെ കുറിച്ചുമെല്ലാം അതില്‍ വിവരങ്ങളുണ്ടാകും. ഫോണ്‍ കിട്ടിയിട്ട് അതൊക്കെ ഞങ്ങള്‍ക്ക് അറിയണമായിരുന്നു. അതുപോലെ എസ്.എം.എസുകളും. ഈ വാര്‍ത്തക്കും ഒന്ന് രണ്ട് ദിവസങ്ങള്‍ക്കു മുന്നെ ഒരു മെസ്സേജ് അതില്‍ വന്നിരുന്നു. ‘ സര്‍ ഇവരില്‍ നിന്നും താങ്കള്‍ സുരക്ഷിതമായ ഇടത്തേക്ക് മാറണം’ എന്ന് പറഞ്ഞുകൊണ്ടുള്ള ഒന്ന്. ആ എസ്.എം.എസ് ഫോണില്‍ ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ മെസ്സേജുകളും ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു.” അവര്‍ പറഞ്ഞു. ലോയയുടെ മരണദിവസത്തിലെയും തുടര്‍ന്നുള്ള പ്രഭാതത്തിലെയും സംഭവങ്ങളെ കുറിച്ച് ബിയാനിക്ക് നിരവധി ചോദ്യങ്ങള്‍ ഉണ്ട്. എങ്ങനെയാണ്, എന്തുകൊണ്ടാണ് ലോയയെ ഒരു ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ കൊണ്ടുപോകുക? അതും ഏറ്റവും അടുത്ത ഓട്ടോറിക്ഷാ സ്റ്റാന്റ് ഉള്ളത് രവി ഭവനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയായിരിക്കുമ്പോള്‍. ‘രവിഭവന് അടുത്ത് ഓട്ടോറിക്ഷാ സ്റ്റാന്റ് ഒന്നും തന്നെ ഇല്ല. പകല്‍ സമയത്ത് പോലും ആളുകള്‍ക്ക് അവിടെ നിന്ന് ഓട്ടോറിക്ഷ ലഭിക്കില്ല.”’ അപ്പോള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവര്‍ക്ക് ആ അര്‍ദ്ധരാത്രി എങ്ങനെയാണ് ഓട്ടോറിക്ഷ ലഭിച്ചിട്ടുണ്ടാകുക?” അവര്‍ ചോദിക്കുന്നു.

മറ്റു ചില ചോദ്യങ്ങളും ഉത്തരമില്ലാതെ അവശേഷിക്കുന്നു. ലോയയെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ എന്തുകൊണ്ടാണ് അറിയിക്കാതിരുന്നത്? അദ്ദേഹം മരിച്ച ഉടനെ പോലും അവരെ വിവരമറിയിക്കാത്തതെന്ത്? പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനു മുമ്പ് അനുമതി വാങ്ങുകയോ അത് നടത്തുന്നുവെന്ന് ആരെയെങ്കിലും അറിയിക്കുകയോ ചെയ്യാതിരുന്നതെന്ത്? ആരാണ് പോസ്റ്റ്മോര്‍ട്ടത്തിന് നിര്‍ദ്ദേശിച്ചത്? എന്തുകൊണ്ട്? പോസ്റ്റ് മോര്‍ട്ടം നിര്‍ദ്ദേശിക്കാന്‍ തക്കവിധം ലോയയുടെ മരണത്തില്‍ ദുരൂഹത എന്തായിരുന്നു? ഡാന്ദേ ഹോസ്പിറ്റലില്‍ അദ്ദേഹത്തിന് നല്‍കിയ മരുന്നുകളെന്താണ്? മന്ത്രിമാര്‍ ഐ.എ.എസ്സുകാര്‍, ഐ.പി.എസ്സുകാര്‍ ജഡ്ജിമാര്‍ എന്നിങ്ങനെയുള്ള വി.ഐ.പികള്‍ക്ക് എപ്പോഴും ആതിഥ്യമരുളുന്ന രവിഭവനില്‍ ഒരു വാഹനം പോലും എടുക്കാനില്ലായിരുന്നോ? മഹാരാഷ്ട്ര സംസ്ഥാന അസംബ്ലിയുടെ ശൈത്യകാലസഭ നാഗ്പൂരില്‍ തുടങ്ങുന്നത് ഡിസംബര്‍ 7നാണ്. സഭയുടെ തയ്യാറെടുപ്പുകള്‍ക്കായി നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ സിറ്റിയില്‍ അതിനു മുമ്പേ തന്നെ വന്നിട്ടുണ്ട്. നവംബര്‍ 30നും ഡിസംബര്‍ 1നും രവിഭവനിലുണ്ടായിരുന്ന വി.ഐ.പികള്‍ ആരൊക്കെയായിരുന്നു? ”ഇതൊക്കെയും വളരെ ന്യായമായ ചോദ്യങ്ങളാണ്” അഭിഭാഷകനായ സരോഡെ പറഞ്ഞു. ‘ഡാന്ദേ ഹോസ്പിറ്റലില്‍ നടന്ന ചികിത്സയെ കുറിച്ചുള്ള റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ കുടുംബത്തിന് നല്‍കാതിരുന്നത് എന്ത്? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ആര്‍ക്കെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നോ?”
‘കുടുംബത്തെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും കരുതിയാണ് ഈ ചോദ്യങ്ങള്‍ ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്നത്” ബിയാനി പറഞ്ഞു.
ലോയയെ നാഗ്പൂരിലേക്ക് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് പോയ ആ ജഡ്ജിമാര്‍ ‘ഒരു മാസത്തോളമോ ഒന്നര മാസത്തോളമോ” അദ്ദേഹത്തിന്റെ മരണശേഷം വന്നു കണ്ടിരുന്നില്ല എന്നതാണ് ആശയക്കുഴപ്പം കൂട്ടുന്നത്. അവര്‍ വന്നതിനു ശേഷമാണ് ലോയയുടെ അവസാന മണിക്കൂറിലെ വിവരങ്ങള്‍ കുടുംബത്തിന് കേള്‍ക്കാനായത്. ബിയാനിയില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് അവര്‍ രണ്ടുപേരും പറഞ്ഞത് ഇതാണ്; അര്‍ദ്ധരാത്രി 12.30 ന് അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായി. തുടര്‍ന്ന് അവര്‍ അദ്ദേഹത്തെ ഡാന്ദേ ഹോസ്പിറ്റലില്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി. അവിടെ അദ്ദേഹം ‘തന്നെ പടികളില്‍ പിടിച്ചു കയറിയിരുന്നു. തുടര്‍ന്ന് ചില ചികിത്സകള്‍ ലഭിച്ചു. പിന്നീട് മെഡിട്രീന ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പോകും വഴി അദ്ദേഹം മരണപ്പെട്ടു.”

ഇതിനു ശേഷവും കുറേ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ കിടപ്പുണ്ട്. ‘ഡാന്ദെ ഹോസ്പിറ്റലില്‍ അദ്ദേഹത്തിനു നല്‍കപ്പെട്ട ചികിത്സയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചതാണ്. എന്നാല്‍ അതേ കുറിച്ചുള്ള ഒരു വിവരവും വെളിപ്പെടുത്താന്‍ ആശുപത്രി അധികൃതരോ ഡോക്ടര്‍മാരോ തയ്യാറായില്ല.” ബിയാനി വ്യക്തമാക്കി. നാഗ്പൂരിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന ലോയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് എനിക്ക് ലഭിച്ചു. ആ രേഖ തന്നെ നിരവധി ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ ഓരോ താളും നാഗ്പൂരിലെ സദര്‍ പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പോലീസ് ഇന്‍സ്പെക്ടര്‍ ഒപ്പ് വെച്ചിട്ടുണ്ട്. ഒപ്പം ‘മയ്യാത്തച്ച ചുലത്ഭാവു” (മരിച്ചയാളുടെ പിതൃബന്ധത്തിലെ സഹോദരന്‍)വും ഒപ്പ് വെച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് ഈ വ്യക്തിയായിരിക്കും ശരീരം ഏറ്റുവാങ്ങിയത്. ‘എനിക്ക് നാഗ്പൂരില്‍ ഒരു സഹോദരനോ പിതൃബന്ധത്തിലുള്ള സഹോദരനോ ഇല്ല.” ലോയയുടെ പിതാവ് പറഞ്ഞു. ‘റിപ്പോര്‍ട്ടില്‍ ഒപ്പിട്ടിരിക്കുന്ന ഈ ആള്‍ ആരാണ് എന്നതാണ് മറ്റൊരു ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യം.”
കൂടാതെ ശവശരീരം മെഡിട്രീന ഹോസ്പിറ്റലില്‍ നിന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത് നാഗ്പൂരിലെ സിതാബര്‍ജി പോലീസാണ്. പ്രസ്തുത പോലീസ് സ്റ്റേഷനിലെ പങ്കെജ് എന്ന് പേരുള്ള കോണ്‍സ്റ്റബിളായിരുന്നു ഒപ്പമുണ്ടായിരുന്നത്. കോണ്‍സ്റ്റബിളിന്റെ ബാഡ്ജ് നമ്പര്‍ 6238 ആണ്. 2014 ഡിസംബര്‍ 1 രാവിലെ 10.50 നാണ് ബോഡി കൊണ്ടുവന്നത്. പോസ്റ്റ് മോര്‍ട്ടം 10.55 ആരംഭിക്കുകയും ചെയ്തു. 11.55 വരെ അത് നീളുകയും ചെയ്തു.


പോലീസിന്റെ അഭിപ്രായത്തില്‍ ‘ലോയ മരിക്കുന്നത് 1/1/14 0615 മണിക്കൂറിനാണ്.” ‘04.00 മണിക്ക് അനുഭവപ്പെട്ട നെഞ്ച് വേദനയെ തുടര്‍ന്നാണത്.” എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ‘അദ്ദേഹത്തെ ആദ്യം ഡാന്ദേ പോസ്പിറ്റലില്‍ കൊണ്ടുപോയിരുന്നു. പിന്നീട് മെഡിട്രിന ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചാണ് അദ്ദേഹം മരിച്ചതായി പ്രഖ്യാപിക്കുന്നത്.” റിപ്പോര്‍ട്ടില്‍ മരണ സമയം രേഖപ്പെടുത്തിയിരിക്കുന്നത് രാവിലെ 6.15 എന്നാണ്. അതും പൊരുത്തക്കേട് നിറഞ്ഞതാണ്. കാരണം ലോയയുടെ കുടുംബാംഗങ്ങള്‍ക്ക് കോളുകള്‍ വരുന്നത് പുലര്‍ച്ചെ 5 മണിമുതലാണ്. കൂടാതെ എന്റെ വ്യക്തിപരമായ അന്വേഷണത്തില്‍ രണ്ട് സ്രോതസുകളില്‍ നിന്നായി അറിയാന്‍ കഴിഞ്ഞത്, അതായത് നാഗ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും സീതാബര്‍ഡി പോലീസ് സ്റ്റേഷനില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്, അര്‍ദ്ധരാത്രിയോടെയാണ് ലോയ മരിച്ചത് എന്നാണ്. രാത്രി മൃതദേഹം തങ്ങള്‍ വ്യക്തിപരമായി കണ്ടു എന്നും അവര്‍ പറയുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞതോടെ തന്നെ പോസ്റ്റ് മോര്‍ട്ടം നടന്നു എന്നും അവര്‍ പറഞ്ഞു. കുടുംബത്തിന് പുലര്‍ച്ചെ ഫോണ്‍ കോളുകള്‍ വന്നു എന്നതിലുപരി രാവിലെ 6.15ന് മരണം സംഭവിച്ചു എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നതും ഗൗരവമായ ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. ‘പോസ്റ്റ് മോര്‍ട്ടം നടന്നപോലെ ശരീരം മുറിച്ചിട്ട് തുന്നിക്കെട്ടാന്‍” സുപ്പീരിയര്‍ ഓഫീസര്‍മാര്‍ നിര്‍ദ്ദേശിച്ചതായി പോസ്റ്റ് മോര്‍ട്ടം നടന്ന രഹസ്യമുറിയിലുണ്ടയിരുന്ന ആളും (സോഴ്സും) എന്നോട് പറഞ്ഞു.
‘ഹൃദയരക്തധമനി സതംഭനം” (രീൃീിമൃ്യ മൃലേൃ്യ ശിൗെളളശരശലിര്യ) ആകാം മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഹൃദയധമനി സ്തംഭനത്തിന് പ്രധാനകാരണം ‘സാധാരണയായി പ്രായം കുടുന്നത്, കുടുംബത്തില്‍ മുമ്പ് തന്നെ ഉണ്ടായിരിക്കല്‍, പുകവലി, കൂടിയ കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിത വണ്ണം, ഡയബറ്റീസ് എന്നിവയൊക്കെയാണ്” എന്ന് മുംബൈയിലെ അറിയപ്പെടുന്ന കാര്‍ഡിയോളജിസ്റ്റ് ആയ ഹസ്മുഖ് രാവത് അഭിപ്രായപ്പെടുന്നു. തന്റെ സഹോദരന് ഇതൊന്നും ഉണ്ടായിരുന്നില്ല എന്ന് ലോയയുടെ സഹോദരിയായ ബിയാനി വ്യക്തമാക്കുന്നു. ‘ബ്രിജിന് 48 വയസാണ് ഉണ്ടായിരുന്നത്. ഞങ്ങളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് 85-ഉം 80-ഉം വയസ് പ്രായമാണ് ഉള്ളത്. അവര്‍ക്കിപ്പോഴും ഹൃദയസംബന്ധമായ രോഗങ്ങളൊന്നുമില്ല. നല്ല ആരോഗ്യമുള്ളവരാണ്. മദ്യവിരോധിയാണ് അദ്ദേഹം. വര്‍ഷങ്ങളായി എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ ടേബിള്‍ ടെന്നീസ് കളിക്കുമായിരുന്നു. ഡയബറ്റീസോ രക്തസമ്മര്‍ദ്ദമോ ഒന്നും ഉണ്ടായിരുന്നില്ല.” ബിയാനി ഓര്‍മിക്കുന്നു.
തന്റെ സഹോദരന്റെ മരണത്തെ കുറിച്ചുള്ള ഔദ്യോഗിക മെഡിക്കല്‍ വിശദീകരണങ്ങള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ് എന്നാണ് ബിയാനി പറയുന്നത്. ‘ഞാനൊരു ഡോക്ടറാണ്. അസിഡിറ്റി, ചുമ പോലുള്ള ചെറിയ കാര്യങ്ങള്‍ വന്നാല്‍ പോലും അദ്ദേഹം എന്നോട് കണ്‍സള്‍ട്ട് ചെയ്യുമായിരുന്നു. അദ്ദേഹത്തിന് ഹൃദ്രോഗ സംബന്ധമായ ചരിത്രമൊന്നുമില്ല. ഞങ്ങളുടെ കുടുംബത്തിനുമില്ല.” ബിയാനി കൂട്ടിച്ചേര്‍ത്തു.

-2-
സൊഹ്റാബുദ്ദീന്‍ കേസില്‍ അനുകൂല വിധിയുണ്ടാകാന്‍ ചീഫ് ജസ്റ്റിസ് മോഹിത് ഷാ എന്റെ സഹോദരന് 100 കോടിരൂപ വാഗ്ദാനം ചെയ്തു; അന്തരിച്ച ലോയയുടെ സഹോദരി

നാഗ്പൂരിലേയ്ക്കുള്ള ഒരു യാത്രയില്‍ 2014 നവംബര്‍ 30 രാത്രിക്കും ഡിസംബര്‍ 1 പുലര്‍ച്ചക്കും ഇടക്കാണ് മുംബൈയിലെ സി.ബി.ഐ പ്രത്യേക കോടതിയുടെ ജഡ്ജിയായിരുന്ന ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയ അന്തരിച്ചത്. ബി.ജെ.പി പ്രസിഡന്റ് അമിത്ഷാ മുഖ്യപ്രതിയായ സൊഹ്റാബുദ്ദീന്‍ കേസ് ആയിരുന്നു അന്ന് അദ്ദേഹം കേട്ടിരുന്നത്. ഹൃദയസ്തംഭനം മൂലമാണ് ലോയ മരിച്ചത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2016 നവംബറിനും 2017 നവംബറിനും ഇടയ്ക്ക് ഞാന്‍ നടത്തിയ അന്വേഷണങ്ങള്‍ മുകളില്‍ കൊടുത്തിട്ടുള്ള റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ മരണ സാഹചര്യങ്ങളെകുറിച്ച് അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങളാണ് ഉയര്‍ത്തിയത്. അദ്ദേഹത്തിന്റെ ശരീരം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തപ്പോള്‍ അതിനുണ്ടായിരുന്ന അവസ്ഥയെ കുറിച്ചുള്ള ചോദ്യങ്ങള്‍വരെ ഉള്‍പ്പെടുന്നുണ്ട് അതില്‍.
ഞാന്‍ അന്ന് സംസാരിച്ചവരില്‍ ഒരാള്‍ ലോയയുടെ സഹോദരിയും മഹാരാഷ്ട്രയിലെ ധൂലെയില്‍ ജോലി ചെയ്യുന്ന ഒരു മെഡിക്കല്‍ ഡോക്ടര്‍ ആയ അനുരാധാ ബിയാനിയാണ്. ബിയാനി എന്നോട് ഒരു സ്ഫോടനാത്മകമായ വെളിപ്പെടുത്തല്‍ നടത്തി: അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ജസ്റ്റിസ് മോഹിത് ഷാ അനുകൂല വിധിയുണ്ടാകാന്‍ 100 കോടിരൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്ന് ലോയ അവരോട് പറഞ്ഞിരുന്നു എന്നതായിരുന്നു ആ വെളിപ്പെടുത്തല്‍. മരിക്കുന്നതിനും ഏതാനും ആഴ്ച്ചകള്‍ക്കു മുമ്പ് കുടുംബത്തിലെ എല്ലാവരും കൂടി ദീപാവലിക്ക് ഗേറ്റ്ഗാവിലുള്ള കുടുംബവീട്ടില്‍ ഒരുമിച്ചുകൂടിയപ്പോഴാണ് അദ്ദേഹം ഇത് ബിയാനിയോട് പറഞ്ഞത്. ലോയയുടെ പിതാവും ഇക്കാര്യം എന്നോട് പറഞ്ഞിരുന്നു. അതായത് പണവും മുംബൈയില്‍ ഒരു വീടും നല്‍കാം, മറിച്ച് അനുകൂല വിധി പുറപ്പെടുവിക്കണമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന് ലോയ അച്ഛനോട് പറഞ്ഞിരുന്നു.

കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും അമിത്ഷായെ ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ അദ്ദേഹത്തെ ശാസിച്ചതിനെ തുടര്‍ന്ന് അന്നത്തെ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ജെ.ടി ഉത്പതിനെ സ്ഥലം മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായി അധികാരമേല്‍ക്കുന്നത്. ‘ഉത്പുത് അധ്യക്ഷം വഹിച്ചിരുന്ന ഒരു വര്‍ഷക്കാലത്തിനുള്ളിലും അതിനുശേഷവുമുള്ള സി.ബി.ഐ കോടതിയുടെ രേഖകള്‍ കാണിക്കുന്നത് അമിത്ഷാ ഒരിക്കല്‍ പോലും-കേസ് കഴിയുന്ന അവസാനത്തെ ദിവസം പോലും-ഹാജരായിട്ടില്ലെന്നാണ്. ‘ഒരു ഡയബറ്റിക് രോഗിയായതിനാല്‍ അധികം സഞ്ചരിക്കാന്‍ സാധിക്കില്ല’ എന്നതുമുതല്‍ ‘ദല്‍ഹിയില്‍ അദ്ദേഹം തിരക്കിലാണ്’ എന്നതുവരെയുള്ള കാരണങ്ങള്‍ കാട്ടി വ്യക്തിപരമായി അമിത്ഷാ ഹാജരാകണമെന്നതില്‍ ഒഴിവ് തരണമെന്ന് വാക്കാലുള്ള അദ്ദേഹത്തിന്റെ അഭിഭാഷകന്റെ അപേക്ഷകള്‍ മാത്രമാണ് കോടതിയില്‍ നടന്നിട്ടുള്ളത്.” 2015 ഫെബ്രുവരിയില്‍ ഔട്ട്ലുക്ക് റിപ്പോര്‍ട്ട് ചെയ്തതാണിത്.
ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് തുടരുന്നത് ഇങ്ങനെയാണ്; ‘ഷാക്ക് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് അവധികൊടുക്കുന്ന വേളയില്‍ ഉത്പുത് തന്റെ അനിഷ്ടം ഷായുടെ അഭിഭാഷകനെ അറിയിക്കുകയും ജൂണ്‍ 20ന് ഷാ ഹാജരാകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍, ആ ദിവസവും ഷാ ഹാജരായില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഷായുടെ അഭിഭാഷകനോട് അന്ന് ഉത്പുത് പറഞ്ഞത് ഇതാണ്; ‘ഒരു കാരണവുമില്ലാതെ എപ്പോഴും നിങ്ങള്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവ് ചോദിക്കുകയാണ്.” അതേ സ്റ്റോറിയില്‍ വീണ്ടും വ്യക്തമാക്കുന്നതിങ്ങനെ; ‘ഉത്പത് അടുത്ത വിചാരണാദിവസം ജൂണ്‍ 26 ആയി നിശ്ചയിച്ചു. എന്നാല്‍ ജൂണ്‍ 25ന് അദ്ദേഹം പൂനെയിലേക്ക് സ്ഥലം മാറ്റപ്പെട്ടു.” 2012 സെപ്തംബറിലെ സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമായിരുന്നു ഇത്; സൊഹ്റാബുദ്ദീന്‍ കേസ് വിചാരണ ചെയ്യേണ്ടത് ഒരേ ഉദ്യോഗസ്ഥനായിരിക്കണം എന്നായിരുന്നു അന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്.

ഷായുടെ അപേക്ഷയോട് തുറന്ന സമീപനമായിരുന്നു ലോയക്ക് തുടക്കത്തില്‍ ഉണ്ടായിരുന്നത്. വ്യക്തിപരമായി ഹാജരാകുന്നതില്‍ നിന്ന് ഷായ്ക്ക് അദ്ദേഹം ഒഴിവ് നല്‍കുകയും ചെയ്തു. ഔട്ലുക്ക് പറയുന്നതനുസരിച്ച്; ‘ചാര്‍ജ്ജുകള്‍ ഫ്രെയിം ചെയ്യുന്നതുവരെ’ വ്യക്തിപരമായി ഹാജരാകുന്നതില്‍ നിന്ന് ഷായ്ക്ക് ഒഴിവ് നല്‍കിയിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ലോയ ഒരു മാന്യമായ സമീപനം സ്വീകരിച്ചപ്പോഴും ഷാക്കെതിരായ ചാര്‍ജുകള്‍ ഒഴിവാക്കാന്‍ തയ്യാറായിരുന്നില്ല എന്ന് വ്യക്തമാണ്.” സൊഹ്റാബുദ്ദീന്റെ സഹോദരനായ റുബാബുദ്ദീന്റെ-ഈ കേസിലെ പരാതിക്കാരന്‍-അഭിഭാഷകന്‍ മിഹിര്‍ ദേശായിയുടെ അഭിപ്രായത്തില്‍ പതിനായിരം പേജുകള്‍ ഉള്ള കുറ്റപത്രം മൊത്തം സ്‌ക്രൂട്ട്ണൈസ് ചെയ്യുന്നതിലും തെളിവുകളും സാക്ഷികളും സസൂക്ഷ്മം പരിശോധിക്കുന്നതിലും ശ്രദ്ധയോടെ വ്യാപൃതനായിരുന്നു. ”ആ കേസ് വളരെ സെന്‍സിറ്റീവും പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. ഒരു ജഡ്ജ് എന്ന നിലയില്‍ ലോയക്ക് കീര്‍ത്തിയുണ്ടാക്കുകയോ അല്ലെങ്കില്‍ അത് നിര്‍ണയിക്കുകയോ ചെയ്യുന്ന ഒന്നുമായിരുന്നു പ്രസ്തുത കേസ്;” ദേശായ് പറയുന്നു. ‘എന്നാല്‍ സമ്മര്‍ദങ്ങള്‍ തീര്‍ച്ചയായും ശക്തവുമായിരുന്നു.” അദ്ദേഹത്തിന്റെ മുഖത്ത് സമ്മര്‍ദങ്ങള്‍ നന്നായി പ്രതിഫലിച്ചിരുന്നു എന്നാണ് മുംബൈയില്‍ ലോയയുടെ കുടുംബത്തോടൊപ്പം താമസിച്ച അദ്ദേഹത്തിന്റെ മരുമകള്‍ നുപുര്‍ ബാലപ്രസാദ് ബിയാനി എന്നോട് പറഞ്ഞത്. ‘കോടതിയില്‍ നിന്നും അദ്ദേഹം വരുമ്പോള്‍, ‘നല്ല ടെന്‍ഷന്‍’ ഉള്ളതായി തോന്നിയിരുന്നു;”അവര്‍ പറഞ്ഞു. ‘സമ്മര്‍ദം. ഇത് ഒരു വലിയ കേസ് ആണല്ലോ. എങ്ങനെയാണ് അത് കൈകാര്യം ചെയ്യുക? എല്ലാരും അതില്‍ ബന്ധപ്പെട്ടിട്ടുണ്ട്.” രാഷ്ര്ട്രീയ മൂല്യങ്ങളുടെ പ്രശ്നമായിരുന്നു ഇതെന്നും നിപുര്‍ പറയുന്നു.

ദേശായ് പറഞ്ഞു; ‘കോടതി മുറി എല്ലായ്പ്പോഴും സംഘര്‍ഷാവസ്ഥയിലായിരുന്നു. എല്ലാ ചാര്‍ജുകളും അമിത്ഷായില്‍ നിന്നും ഒഴിവാക്കാന്‍ പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അതേ സമയം സി.ബി.ഐ സമര്‍പ്പിച്ച തെളിവുകളിലെ ഫോണ്‍കോളുകള്‍ ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യാനും അത് ഇംഗ്ലീഷില്‍ നല്‍കാനുമായിരുന്നു ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്.” ലോയക്കോ പരാതിക്കാരനോ തെളിവുകളായ ടേപ്പുകളില്‍ ഉണ്ടായിരുന്ന ഗുജറാത്തി സംഭാഷണങ്ങള്‍ മനസിലായിരുന്നില്ല എന്നും ദേശായി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ടേപ്പുകള്‍ ഇംഗ്ലീഷിലേക്ക് ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യുന്നതിനെ പ്രതിഭാഗം അഭിഭാഷകന്‍ ആവര്‍ത്തിച്ച് എതിര്‍ത്തിരുന്നു എന്നും മറിച്ച് ഷായെ കുറ്റവിമുക്തനാക്കണമെന്ന പരാതി കേള്‍ക്കണമെന്നും നിര്‍ബന്ധിക്കുകയും ചെയ്തിരുന്നുവെന്നും ദേശായ് വ്യക്തമാക്കുന്നു. അതുപോലെ തന്നെ കോടതി മുറിക്കുള്ളില്‍ അറിഞ്ഞുകൂടാത്ത ദുരൂഹമായ ചിലര്‍ എപ്പോഴും ഉണ്ടായിരുന്നുവെന്ന് തന്റെ ജൂനിയര്‍ അഭിഭാഷകര്‍ ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രവുമല്ല പ്രതിഭാഗം അഭിഭാഷകനെ ഭീഷണിപ്പെടുത്തുന്ന മട്ടില്‍ അവര്‍ പിറുപിറുക്കുകയും പെരുമാറുകയും ചെയ്തിരുന്നു.

അമിത് ഷാ എന്താണ് ഹാജരാകാത്തത് എന്ന് ഒക്ടോബര്‍ 21ന് ലോയ ചോദിച്ചിരുന്നുവെന്നും ദേശായ് ഓര്‍മിക്കുന്നു. ഹാജരാകുന്നതില്‍ നിന്നും അമിത് ഷായെ ലോയ തന്നെ ഒഴിവാക്കിയിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. ഷാ സംസ്ഥാനത്ത് ഇല്ലാത്ത സമയത്ത് മാത്രമാണ് അത്തരമൊരു അവധി ഷാക്ക് നല്‍കിയതെന്ന് ലോയ വ്യക്തമാക്കി. അന്ന് മഹാരാഷ്ട്രയിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് ഷാ പങ്കെടുത്തിരുന്നുവെന്നും അത് കോടതിയില്‍നിന്നും ഒന്നര കിലോമീറ്റര്‍ ദൂരെയായിരുന്നു നടന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അമിത്ഷാ ഉള്ളപ്പോള്‍ ഹാജരാകുമെന്ന് ഉറപ്പിക്കാന്‍ ഷായുടെ അഭിഭാഷകനോട് പറഞ്ഞുകൊണ്ട് അടുത്ത വിചാരണ ഡിസംബര്‍ 15ലേക്ക് മാറ്റുകയും ചെയ്തു. 2010 ജൂണ്‍ മുതല്‍ 2015 സെപ്തംബര്‍ വരെ ബോംബെ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന മൊഹിത്ഷാ അനുകൂല വിധി പുറപ്പെടുവിക്കാന്‍ ലോയക്ക് 100 കോടി രൂപ കൈക്കൂലിയായി വാഗ്ദാനം ചെയ്തിരുന്നുവെന്ന് ലോയ തന്നോട് പറഞ്ഞിരുന്നതായാണ് അനുരാധ ബിയാനിപറഞ്ഞത്. മോഹിത്ഷാ ‘സിവില്‍ ഡ്രസില്‍ വരികയും ലോയയെ വിളിച്ച് കൂടിക്കാഴ്ച്ച നടത്തുകയും എത്രയും പെട്ടെന്ന് വിധി പുറപ്പെടുവിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. പോസിറ്റീവ് വിധിയായിരിക്കണമെന്ന് അദ്ദേഹം ഉറപ്പിക്കുകയും ചെയ്തിരുന്നു.’ബിയാനി വിവരിക്കുന്നു. ബിയാനി പറയുന്നതനുസരിച്ച്, ‘അനുകൂല വിധിയുണ്ടാകാന്‍ എന്റെ സഹോദരന് 100 കോടി കൈക്കൂലി വാഗ്ദാനം ചെയ്തു. ചീഫ് ജസ്റ്റിസ് ആയ മോഹിത്ഷാ നേരിട്ടാണ് അത് ചെയ്തത്.”
‘വിധി ഡിസംബര്‍ 30ന് മുമ്പ് തന്നെ പുറപ്പെടുവിക്കണമെന്നും അല്ലെങ്കില്‍ ആളുകളുടെ ശ്രദ്ധ ഇതിലേക്ക് തിരിയുമെന്നും കാരണം, അതേ സമയത്ത് തന്നെ ജനങ്ങളുടെ ശ്രദ്ധ തട്ടിമാറ്റുന്ന സ്ഫോടനാത്മകമായ മറ്റൊരു വാര്‍ത്ത വരുന്നുണ്ടെന്നു”മാണ് മോഹിത്ഷാ തന്റെ സഹോദരനോട് പറഞ്ഞത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതേകാര്യം ലോയയുടെ പിതാവ് ഹര്‍കിഷനും സ്ഥിരീകരിക്കുന്നു. ‘ അതെ. അവന് പണം വാഗ്ദാനം ചെയ്തിരുന്നു. നിങ്ങള്‍ക്ക് മുംബൈയില്‍ ഒരു വീട് വേണ്ടേ? അതിന് എത്ര ഭൂമിയാണ് നിങ്ങള്‍ക്ക് വേണ്ടത്? എത്ര പണം ആവശ്യം വരും? അവന്‍ ഞങ്ങളോട് ഇക്കാര്യം പറഞ്ഞിരുന്നു. അത് ഒരു ഓഫര്‍ ആയിരുന്നു.” ആ വാഗ്ദാനം തന്റെ മകന്‍ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഒന്നുകില്‍ രാജി വെക്കുകയോ അല്ലെങ്കില്‍ സ്ഥലം മാറ്റം വാങ്ങിക്കുകയോ ചെയ്യാന്‍ പോകുന്നുവെന്നും ‘ഞാന്‍ നമ്മുടെ ഗ്രമത്തിലേക്ക് പോയി കൃഷിപണി ചെയ്യും എന്നും അവന്‍ പറഞ്ഞു;” ഹര്‍കിഷന്‍ ഓര്‍ക്കുന്നു.

ലോയയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തലിനോടുള്ള പ്രതികരണത്തിനുവേണ്ടി മോഹിത്ഷായെയും അമിത്ഷായെയും ഞാന്‍ ബന്ധപ്പെട്ടിരുന്നു. ഈ സ്റ്റോറി പ്രസിദ്ധീകരിക്കുന്നതുവരെയും അവര്‍ പ്രതികരിച്ചിട്ടില്ല. അവര്‍ പ്രതികരിക്കുകയാണെങ്കില്‍ ഈ സ്റ്റോറി അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
ലോയയുടെ മരണ ശേഷം എം.ബി. ഗോസാവിയെ സൊഹ്റാബുദ്ദീന്‍ കേസില്‍ ജഡ്ജിയായി നിയമിച്ചു. 2014 ഡിസംബര്‍ 15ന് ഗോസാവി ഈ കേസ് കേള്‍ക്കാന്‍ ആരംഭിച്ചു. ‘അമിത്ഷായെ എല്ലാ കുറ്റങ്ങളില്‍ നിന്നും മുക്തമാക്കാന്‍ അദ്ദേഹത്തിന് പ്രതിഭാഗത്തെ മൂന്ന് ദിവസം മാത്രമേ കേള്‍ക്കേണ്ടിവന്നുള്ളു. അതേസമയം സി.ബി.ഐയും പ്രോസിക്യൂഷനും 15 മിനിറ്റുകളോളം വാദിച്ചിട്ടുണ്ട്. അദ്ദേഹം ഡിസംബര്‍ 17ന് വിചാരണ കേള്‍ക്കുന്നത് പൂര്‍ത്തിയാക്കുകയും ഉത്തരവ് പുറത്തുവിടാതിരിക്കുകയും ചെയ്തു.”

ലോയയുടെ മരണം കഴിഞ്ഞ് എതാണ്ട് ഒരു മാസത്തിനു ശേഷം ഡിസംബര്‍ 30ന് ഗോസാവി പ്രതിഭാഗം വാദങ്ങളെ ശരിവെക്കുകയും സി.ബി.ഐ രാഷ്ട്രീയപ്രേരിതമായി പ്രതിക്കുമേല്‍ ആരോപണം ഉന്നയിച്ചതാണെന്ന് വിധിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ അമിത്ഷായെ വെറുതെ വിട്ടു. ക്രിക്കറ്റില്‍ നിന്നും എം.എസ് ധോണി വിരമിക്കുന്ന വാര്‍ത്തകളായിരുന്നു അന്നേദിവസം ടി.വി മൊത്തം. കേവലം ടി.വിയിലെ അടിയിലൂടെ ഒരു ന്യൂസ് ടിക്കറായി ‘അമിത് ഷാ കുറ്റക്കാരനല്ല” എന്ന് എഴുതിക്കാണിച്ച് പോകുക മാത്രമേ ചെയ്തിരുന്നുള്ളു. ബിയാനി ഓര്‍ക്കുന്നു. ലോയയുടെ മരണം കഴിഞ്ഞ് വീണ്ടും ഏതാണ്ട് രണ്ടരമാസം കഴിഞ്ഞ ശേഷം മാത്രമാണ് മോഹിത്ഷാ ലോയയുടെ കുടംബത്തെ സന്ദര്‍ശിച്ചിട്ടുള്ളു. ലോയയുടെ കുടുംബത്തില്‍ നിന്നും എനിക്ക് ഒരു കത്ത് ലഭിച്ചിരുന്നു. ചീഫ് ജസ്റ്റിസിന്റെ സന്ദര്‍ശന ദിവസം ലോയയുടെ മകനായ അനുജ് കുടുംബാംഗങ്ങള്‍ക്ക് എഴുതിയ കത്താണത്. അത് 2015 ഫെബ്രുവരി 18നുള്ളതായിരുന്നു. അതായത് ലോയ മരിച്ചിട്ട് 80 ദിവസങ്ങള്‍ക്ക് ശേഷമുള്ളത്. അതില്‍ അനുജ് എഴുതി; ‘ഈ രാഷ്ട്രീയക്കാര്‍ എന്റെ കുടുംബത്തിലെ ഏതെങ്കിലും ഒരാളെ അപകടപ്പെടുത്തുമോ എന്ന് എനിക്ക് പേടിയാവുന്നു. അവരോട് പോരാടാന്‍ ഞാന്‍ അത്ര ശക്തനല്ല.” മോഹിത്ഷായെയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ‘അച്ഛന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു എന്‍ക്വയറി കമ്മീഷനെ നിയമിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അവര്‍ക്കെതിരെ എന്തെങ്കിലും ചെയ്യുന്നത് തടയാന്‍ വേണ്ടി ഞങ്ങളുടെ ഏതെങ്കിലും കുടുംബാംഗത്തെ അപകടപ്പെടുത്തുമോ എന്ന് എനിക്ക് പേടിയുണ്ട്. ഞങ്ങളുടെ ജീവന് ഭീഷണിയുണ്ട്.”
അനുജ് വീണ്ടും കത്തില്‍ എഴുതുന്നു; ‘എനിക്കോ എന്റെ കുടുംബാംഗത്തിനോ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍, ചീഫ് ജസ്റ്റിസ് മോഹിത് ഷായും ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റുള്ളവരുമാകും അതിന് കാരണക്കാര്‍.”
2016 നവംബറില്‍ ഞാന്‍ കാണുമ്പോള്‍ ലോയയുടെ അച്ഛന്‍ പറഞ്ഞു; ‘എനിക്ക് 85 വയസായി. എനിക്കിപ്പോള്‍ മരണഭയമൊന്നും ഇല്ല. എനിക്ക് നീതി വേണം. എന്നാല്‍ എന്റെ പെണ്‍മക്കളുടെയും പേരക്കുട്ടികളുടെയും ജീവനില്‍ എനിക്ക് നല്ല പേടിയുണ്ട്.” അതു പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നോട്ടം ചുവരില്‍ തൂങ്ങിക്കിടന്നിരുന്ന ലോയയുടെ ചിത്രത്തിലുമായിരുന്നു, ആ കുടുംബവീട്ടില്‍.

കടപ്പാട്: കാരവന്‍ മാസിക.
എഴുതിയത്: നിരഞ്ജന്‍ താക്ലെ
സി.എന്‍.എന്‍-ഐ.ബി.എന്‍, ദി വീക്ക് എന്നിവയില്‍ പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകനാണ് നിരഞ്ജന്‍ താക്ലെ.
റിപ്പോര്‍ട്ടുകളുടെ മലയാളം വിവര്‍ത്തനം (സ്വതന്ത്ര വിവര്‍ത്തനം) : ഷഫീഖ് സുബൈദ അബ്ദുല്‍ ഹഖീം

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757