keralanewsOpinion

കമ്യൂണിസ്റ്റ് പാര്‍ട്ടി ആരുടെ പാര്‍ട്ടിയാണ്; വിമര്‍ശനവുമായി വെല്‍ഫെയര്‍ പാര്‍ട്ടി

 

ഹാരിസണ്‍ കമ്പനി സംസ്ഥാന സര്‍ക്കാരിന്റെ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നുവെന്നും ആ ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണമെന്നുമുള്ള രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പ്രമേയം പാസാക്കിയതിനെ വിമര്‍ശിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്തുവന്നു. ഇടതു മുന്നണി അധികാരത്തില്‍ വന്നശേഷം ഹാരിസണിന്റെ ഭൂമി തിരിച്ച് പിടിക്കുന്ന നടപടികള്‍ എല്ലാം നിശ്ചലമായി. വിദേശ കോര്‍പറേറ്റ് കമ്പനിയുടെ കയ്യേറ്റത്തിനനുകൂലമായി ലജ്ജാകരമായ പ്രമേയം പാസാക്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടി ആരുടെ പാര്‍ട്ടിയാണ്. മന്ത്രി എം.എം മണി കയ്യേറ്റക്കാരുടെ ദല്ലാളായി നാടുനീളേ പ്രചരണം നടത്തുന്നു. മുഖ്യമന്ത്രി കൊട്ടക്കാമ്പൂര്‍ കുറിഞ്ഞി ഉദ്യാന വിഷയത്തിലടക്കം കയ്യേറ്റക്കാരുടെ പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നു. കയ്യേറ്റക്കാര്‍ക്കായി പാര്‍ട്ടി ഹര്‍ത്താല്‍ നടത്തുമ്പോള്‍ മറുവശത്ത് കയ്യേറ്റക്കാര്‍ക്കായി സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ ശഫീഖ് ഉന്നയിച്ചത്. ഹാരിസണ്‍-ഇടതു സര്‍ക്കാര്‍ ഒത്തുകളിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ജനുവരി 17 ന് നടത്തുന്ന കലക്ട്രേറ്റ് ധര്‍ണ വിശദീകരിക്കുന്നതിനുവേണ്ടി എറണാകുളം പ്രസ്സ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് വിമര്‍ശനം ഉന്നയിച്ചത്.

 

 

 

 

 

 

 

 

 

 

 

രാജമാണിക്യം മാത്രമല്ല, റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന നിവേദിതാ പി ഹരനും ലാന്റ് റവന്യു ഡപ്യട്ടി കമ്മീഷണറായിരുന്ന സജിത് ബാബുവും രാജമാണിക്യത്തിന് മുമ്പ്തന്നെ സമാനമായ ശുപാര്‍ശ സര്‍ക്കാറിന് മുന്നില്‍ വെച്ചിരുന്നു. ഭൂമി തിരിച്ചുപിടിക്കാന്‍ സമഗ്രമായ ഭൂനിയമം നിര്‍മിക്കണമെന്നും മേല്‍ കമ്മിറ്റികളെല്ലാം ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിയമം നിര്‍മിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ അതിന് മുതിരാതെ ഹാരിസണ് ഒത്താശ ചെയ്യുകയാണ്. ഹാരിസന്റെ ഭൂമി തിരിച്ച് പിടിക്കാന്‍ രാജമാണിക്യം നോട്ടീസ് നല്‍കിയിരുന്നു. അതിനെതിരെ ഹാരിസണ്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ രാജമാണിക്യത്തിന്റെ നടപടി നിയമാനുസൃതമായിരുന്നു എന്നാണ് കോടതി കണ്ടെത്തിയത്. ഹാരിസന്റെ ഭൂമി സംബന്ധിച്ച കേസില്‍ 2015 നവംബര്‍ 15 ന് ജസ്റ്റിസ് പി.വി ആശയുടെ നിഗമനങ്ങളില്‍ ഭൂപരിഷ്‌കരണ നിയമം സെക്ഷന്‍ 2(43) പ്രകാരം വിദേശ കമ്പനിയായ ഹാരിസണിനെ കുടിയാനോ കര്‍ഷക കുടിയാനോ ആയി കണക്കാനാവില്ല എന്നും ഫെറ നിയമങ്ങള്‍ പ്രകാരം സ്ഥലം കൈവശം വെക്കാനുള്ള രേഖകള്‍ ഹാരിസണിന് ഇല്ല എന്നും വ്യക്തമാക്കുകയുണ്ടായി. തുടര്‍ന്ന് കേസ് ചില ഭരണഘടനാ പ്രശ്നങ്ങളുള്ളതിനാല്‍ ഡിവിഷന്‍ ബഞ്ചിന്റെ റഫറന്‍സിനയക്കുകയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഡിവിഷന്‍ ബഞ്ച് രൂപീകരിക്കുന്നത്. കേസില്‍ ഹാരിസണിന് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതുകൊണ്ടാണ് നിയമ വകുപ്പ് സെക്രട്ടറി, രാജമാണിക്യം റിപ്പോര്‍ട്ട് നിലനില്‍ക്കില്ലെന്ന ഉപദേശം സര്‍ക്കാരിന് നല്‍കിയത്. ഈ നിയമോപദേശമാണ് കേസില്‍ ഹാരിണിന്റെ പിടിവള്ളി.


.1947ലേയും 1956ലേയും ഇന്ത്യന്‍ കമ്പനീസ് രജിസ്ട്രേഷന്‍ ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഒരു കമ്പനിക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുക സാധ്യമല്ലെന്നിരിക്കെ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഹാരിസണ് കേരളത്തിലെ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി കൈവശംവെച്ച് അനുഭവിക്കാന്‍ അവസരം നല്‍കിയതിന് കേരളത്തിലെ ഇടതു – വലത് മുന്നണികള്‍ ജനങ്ങളോട് സമാധാനം പറയണം. കേരളത്തിലെ ഭൂരഹിതര്‍ക്ക് ലഭ്യമാക്കേണ്ട അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി കൈവശം വെയ്ക്കുകയും ലക്ഷകണക്കിന് തൊഴിലാളികളുടെ അധ്വാനത്തെ കൊള്ള ചെയ്യുകയും സമ്പത്ത് വിദേശങ്ങളിലേക്ക് കടത്തുകയുമാണ് ഹാരിസണ്‍ ചെയ്യുന്നത്. 1947ലെ വിദേശനാണ്യ വിനിമയ നിയമവും 1973ലെ വിപുലീകൃത രുപമായ ഫെറ നിയമത്തേയും ലംഘിച്ചുകൊണ്ടാണ് ഹാരിസണടക്കമുള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ലക്ഷക്കണക്കിന് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാമെന്ന വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയാണ് സര്‍ക്കാരുകള്‍ ചെയ്തത്. ഹാരിസണിന്റെ ഭൂമി പിടിച്ചെടുത്താല്‍ കേരളത്തിലെ ഭൂരഹിതരുടെ ഭൂമിയില്ലായ്മ എന്ന പ്രശ്നത്തിന് നല്ലൊരു പങ്ക് പരിഹാരമാകും. ഹാരിസണടക്കമുള്ള കുത്തകകളുടെ കയ്യേറ്റ ഭൂമികള്‍ തിരിച്ച്പിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുക എന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന കലക്ട്രേറ്റ് മാര്‍ച്ചിന്റെ പ്രധാന ആവശ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, ജ്യോതിവാസ് പറവൂര്‍, ജില്ലാ കണ്‍വീനര്‍ മുസ്തഫ പള്ളുരുത്തി, ജില്ലാസെക്രട്ടറി ഷംസുദ്ദീന്‍ എടയാര്‍, മീഡിയാ സെക്രട്ടറി കെ.എ സദീഖ്, ഭൂസമര സമിതി അസി. കണ്‍വീനര്‍ മിര്‍സാദ് റഹ്മാന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757