cultural

ഈട.. കലാപകാലത്തെ പ്രണയം – മുഹമ്മദ് ശമീം

ഒരു റിയലിസ്റ്റിക് സിനിമയാണ് ഈട. അതൊരു റൊമാന്റിക് സിനിമയാണ്, ഒപ്പം രാഷ്ട്രീയ സിനിമയുമാണ്. നിലവാരം കുറഞ്ഞ കോമഡികളും പ്രയോജനശൂന്യമായ ഡയലോഗുകളുമാണല്ലോ മലയാളത്തില്‍ രാഷ്ട്രീയ സിനിമ. കമ്പോളം വരച്ചിട്ട ഇത്തരം ധാരണകളെ അതിവര്‍ത്തിക്കുന്ന മികച്ച രാഷ്ട്രീയ സിനിമകള്‍ അപൂര്‍വം. ഈട ആയിനത്തില്‍പ്പെട്ടതാണ്.

മലയാളഭാഷയുടെ കണ്ണൂര്‍ പ്രയോഗത്തെ ‘ആട ഈട’ എന്ന് തന്നെ വേണമെങ്കില്‍ അടയാളപ്പെടുത്താം എന്നു തോന്നുന്നു. രണ്ട് കൊല്ലത്തോളം കാസര്‍ഗോഡ് ജീവിച്ചിരുന്നു ഈ കുറിപ്പുകാരന്‍. ബ്യാരി ഭാഷ സംസാരിക്കുന്ന കുറേ സുഹൃത്തുക്കള്‍ കാസര്‍ഗോഡും ദക്ഷിണ കനറയിലുമായി ഉണ്ട്. ഭാഷ എന്ന നിലക്ക് സ്വതന്ത്രസ്വത്വമുള്ളതാണെങ്കിലും മലയാളത്തിന്റെ ഒരു ദേശീയഭേദമെന്ന് പറയാവുന്ന ഒന്നാണ് ബ്യാരി. കാസര്‍ഗോട്ടുകാര്‍ ബ്യാരിയെ വിശേഷിപ്പിക്കാറുള്ളത് നക്ക് നിക്ക് ഭാഷ (നനയുക എന്നതിലെ രണ്ടാമത്തെ നയുടെ ഉച്ചാരണം) എന്നാണ്. നക്ക് എന്നു പറഞ്ഞാല്‍ എനിക്ക്, നിക്ക് എന്നാല്‍ നിനക്ക്.

സമാനമായി കണ്ണൂര്‍ മലയാളത്തെ വിശേഷിപ്പിക്കാവുന്ന വാചകമാണ് ആട ഈട. ആട, ഈട, ഏട എന്നാല്‍ യഥാക്രമം അവിടെ, ഇവിടെ, എവിടെ. എവിടെ എന്നതിന് ചിലേടത്ത് ഓട്ത്തു എന്നും കേള്‍ക്കാറുണ്ട്. സത്യം പറഞ്ഞാല്‍ കണ്ണൂരില്‍ത്തന്നെ പലേടത്ത് പല ഭേദങ്ങളുണ്ട്. എന്റെ തറവാട് വളപട്ടണത്തും ഞാന്‍ ജനിച്ചു വളര്‍ന്നത് പാപ്പിനിശ്ശേരിയിലുമാണ്. ഒരു പുഴയ്ക്കപ്പുറത്തുമിപ്പുറത്തുമുള്ള രണ്ട് ഗ്രാമങ്ങളിലും സൂക്ഷ്മമായ മൊഴ്യന്തരങ്ങളുണ്ട്. കണ്ണൂര്‍ മൊഴിയോടൊപ്പം മാപ്പിള മലയാളവും കൂടി കലര്‍ന്നതാണ് ചെറുപ്പം മുതലേ കേട്ട് ശീലിച്ച വാക്കുകള്‍.

ബി അജിത് കുമാറിന്റെ ഈട എന്ന സിനിമ കാണുന്നതിന് മുന്നേ ആ പേര് തന്നെ അത്യാകര്‍ഷകമായിത്തീര്‍ന്നത് ഞാനൊരു ‘കണ്ണൂക്കാരന്‍’ ആയതു കൊണ്ടാവാം. എന്തായാലും ആ സിനിമ കാണണം എന്ന് തീരുമാനിച്ചതിന് മറ്റൊരു കാരണം കൂടിയുള്ളത് അജിത് കുമാര്‍ എന്ന എഡിറ്ററെ പല സിനിമകളിലും അനുഭവിച്ചിട്ടുണ്ട് എന്നതായിരുന്നു. അതിരുകള്‍ക്കപ്പുറം വളര്‍ന്ന പ്രഗത്ഭരായ മലയാള ചലച്ചിത്രകാരന്മാരുടെ എഡിറ്ററാണ് ബി അജിത് കുമാര്‍. നിഴല്‍ക്കുത്ത് മുതല്‍ക്ക് അടൂര്‍ ഗോപാലകൃഷ്ണന്റെയും സായാഹ്നം തൊട്ട് എം.പി സുകുമാരന്‍ നായരുടെയും എല്ലാ സിനിമകളും എഡിറ്റു ചെയ്തത് അദ്ദേഹമാണ്. കെ.പി കുമാരന്‍, ലെനിന്‍ രാജേന്ദ്രന്‍, രാജീവ് രവി എന്നിങ്ങനെ നീളും അദ്ദേഹത്തിന്റെ സിനിമകളുടെ സംവിധായകരുടെ നിര.

ഒരു റിയലിസ്റ്റിക് സിനിമയാണ് ഈട. അതൊരു റൊമാന്റിക് സിനിമയാണ്, ഒപ്പം രാഷ്ട്രീയ സിനിമയുമാണ്. നിലവാരം കുറഞ്ഞ കോമഡികളും പ്രയോജനശൂന്യമായ ഡയലോഗുകളുമാണല്ലോ മലയാളത്തില്‍ രാഷ്ട്രീയ സിനിമ. കമ്പോളം വരച്ചിട്ട ഇത്തരം ധാരണകളെ അതിവര്‍ത്തിക്കുന്ന മികച്ച രാഷ്ട്രീയ സിനിമകള്‍ അപൂര്‍വം. ഈട ആയിനത്തില്‍പ്പെട്ടതാണ്.

കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ കൊലക്കത്തി രാഷ്ട്രീയം മാത്രമാണ് മറ്റുള്ളവരുടെ മനസ്സില്‍ വരിക എന്നത് പലരുമായുള്ള സംസാരത്തില്‍ നിന്നും ബോധ്യപ്പെട്ട ഒരു കാര്യമാണ്. അതിനപ്പുറം ഒരു കണ്ണൂരുണ്ട്. ആത്മാര്‍ത്ഥത കൂടിപ്പോയതില്‍ നിന്നാണ് രാഷ്ട്രീയക്കൊലകള്‍ നടക്കാറുള്ളത് എന്നു പോലും വിശകലനമുണ്ട്. പിന്നെ, തെയ്യങ്ങളുടെയും തിറകളുടെയും നാടാണ് കണ്ണൂര്‍. സമുദായ സൗഹാര്‍ദ്ദവും കൊടുക്കല്‍ വാങ്ങലുകളും നിലനില്‍ക്കുന്ന ദേശം. സാംസ്‌കാരികമായ ആദാനപ്രദാനങ്ങളുടെ വലിയ ചരിത്ര തന്നെയുണ്ട് കണ്ണൂരിന്. എന്നാല്‍ കണ്ണൂരിനെപ്പറ്റി നില നില്‍ക്കുന്ന ഇമേജിന്റെ പുറത്ത് മാത്രമാണ് ഈട സഞ്ചരിക്കുന്നത് എന്നത് സിനിമയുടെ ദോഷമായി പറയാം. തെയ്യവും തിറയുമൊക്കെ കടന്നു വരുന്നുണ്ടെങ്കില്‍പ്പോലും നിലനില്‍ക്കുന്ന കണ്ണൂരോഫോബിയയെ അരക്കിട്ടുറപ്പിക്കുകയാണ് സിനിമ ചെയ്യുന്നത് എ്ന്ന വിമര്‍ശം ഉണ്ടായേക്കാം.

മറുഭാഗത്ത്, ഷെയ്ക്സ്പിയര്‍ നാടകത്തിലെ, കുടിപ്പക നിലനില്‍ക്കുന്ന രണ്ട് കുടുംബങ്ങളെ കേരള രാഷ്ട്രീയ പരിസരത്തേക്ക് കൊണ്ടു വന്ന് അതിന്റെ പശ്ചാത്തലത്തില്‍ മാത്രം പറയുന്ന കഥയാണിത് എന്ന് ന്യായീകരിക്കുകയുമാവാം. കണ്ണൂരിന്റെ സംഘര്‍ഷരാഷ്ട്രീയ ഭൂമിയിലേക്കാണ് അജിത് കുമാര്‍ വില്യം ഷേക്സ്പിയറിന്റെ റോമിയോ ആന്റ് ജൂലിയറ്റിനെ ഇറക്കിക്കൊണ്ടു വരുന്നത്. ഒരു ഹര്‍ത്താലിന്റന്ന് കഥയിലെ ‘ജൂലിയറ്റാ’യ ഐശ്വര്യ എന്ന അമ്മു (നിമിഷ സജയന്‍) കണ്ണൂര്‍ സ്റ്റേഷനില്‍ വണ്ടിയിറങ്ങുന്നു. വീട്ടലെത്താന്‍ അവള്‍ക്ക് ‘റോമിയോ’ ആനന്ദ് എന്ന നന്ദുവിന്റെ (ഷൈന്‍ നിഗം) സഹായം ആവശ്യമായി വരുന്നു. ഇങ്ങനെയാണ് സിനിമയുടെ തുടക്കം. മറ്റൊരു ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഒടുക്കവും.

പരസ്പരം ശത്രുതയിലായിരുന്ന മോണ്‍ടെഗ്യു, കാപ്പുലെ കുടുംബങ്ങളില്‍ നിന്നാണല്ലോ യഥാര്‍ത്ഥ റോമിയോയും ജൂലിയെറ്റും വരുന്നത്. ഷെയ്ക്സ്പിയറുടെ നാടകത്തിന് തന്നെ പല അവലംബങ്ങളും ചൂണ്ടിക്കാണിക്കാറുണ്ട്. മസൂചോ സലര്‍നിറ്റാനോയുടെ ഇല്‍ നോവല്ലിനോ, ലൂയിജി ദാ പോര്‍ട്ടോയുടെ Newly Found Story of Two Noble Lovers, ആര്‍തര്‍ ബ്രൂക്കിന്റെ The Tragical History of Romeus and Juliet തുടങ്ങിയവ ഉദാഹരണങ്ങള്‍. ഇവ തന്നെയും അവലംബമാക്കുന്നത് പ്രാചീന റോമന്‍ കവിയായ ഒവിഡിന്റെ മെറ്റമോര്‍ഫസിസിലെ പിരമസിന്റെയും തിസ്ബിയുടെയും കഥയാണെന്നും പറയപ്പെടുന്നു. അതാകട്ടെ, പഴയ ഇറ്റാലിയന്‍ നാടോടിക്കഥയുടെ ആവിഷ്‌കാരവുമാണ്. എന്തായാലും അതിപ്രാചീന വേരുകളുള്ളതാണ് റോമിയോയുടെയും ജൂലിയറ്റിന്റെയും പ്രണയ കഥ. അവരാണ് കണ്ണൂരില്‍ നന്ദുവും അമ്മുവുമായി പുനര്‍ജനിച്ചത്.

മോണ്‍ടെഗ്യു, കാപ്പില കുടുംബങ്ങളുടെ സ്ഥാനത്ത് ഈടയില്‍ കടന്നു വരുന്നത് കണ്ണൂരിലെ രണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളാണ്. കെ.ജെ.പി എന്നും കെ.പി.എം എന്നും പേരുള്ള രണ്ട് പാര്‍ട്ടികള്‍ പരസ്പരം കുടിപ്പക വെച്ചു പുലര്‍ത്തുന്നു. രാഷ്ട്രപരിവാര്‍ ആണ് കെ.ജെ.പിയുടെ ശക്തി. പേരുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും രാഷ്ട്രപരിവാറിന്റെയും കെ.ജെ.പിയുടെയും തത്വശാസ്ത്രം വിചാരധാരയാണ് എന്ന് കൃത്യമായി ഒരു സീനില്‍ കാണിക്കുന്നുണ്ട്.

ഈ പാര്‍ട്ടികളെയോ അവരുടെ പ്രത്യയശാസ്ത്രങ്ങളെയോ കൊലപാതകങ്ങള്‍ക്ക് ഇരുകൂട്ടരും ചമയ്ക്കുന്ന ന്യായാന്യായങ്ങളെയോ ഒന്നും സിനിമ പരാമര്‍ശിക്കുന്നില്ല. നീണ്ടു നില്‍ക്കുന്ന കൊലപാതക മല്‍സരങ്ങള്‍ കണ്ണൂരിന്റെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നത് മാത്രമാണ് അജിത് കുമാര്‍ അന്വേഷിക്കുന്നത്. അതിലദ്ദേഹം കണ്ടെത്തുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളാണ് താനും. കണ്‍മുന്നില്‍ പച്ച ജീവിതങ്ങള്‍ പിടഞ്ഞു വീഴുന്നത് കാണേണ്ടി വരുന്ന കുഞ്ഞുങ്ങള്‍ തൊട്ട് ഹര്‍ത്താലുകളില്‍ തട്ടി നില്‍ക്കുന്ന ജനജീവിതങ്ങള്‍ വരെ ഒട്ടും അതിഭാവുകത്വമോ നാടകീയതയോ കൂടാതെ ഈടയുടെ കഥയില്‍ കടന്നു വരുന്നു.

പ്രത്യയശാസ്ത്ര വിശകലനങ്ങള്‍ കടന്നു വരുന്നില്ലെങ്കിലും കെ.ജെ.പി പ്രവര്‍ത്തകര്‍ ആയുധങ്ങളുണ്ടാക്കുകയും സൂക്ഷിക്കുകയും അത്യാവശ്യം വരുമ്പോള്‍ ഒളിവില്‍ കഴിയുകയും ചെയ്യുന്ന വീട്ടില്‍ ഒരാള്‍ വിചാരധാര വായിക്കുന്നത് നാം കാണുന്നു. കെ.പി.എം പ്രവര്‍ത്തകരിലാകട്ടെ സഖാവ് ഗോപാലന്റെ (ബാബു അന്നൂര്) മേശപ്പുറത്ത് ചില പുസ്തകങ്ങള്‍ കാണുന്നുണ്ട്. പിന്നെ, പാര്‍ട്ടിയുടെ ജീവിക്കുന്ന രക്തസാക്ഷിയായി അവതരിപ്പിക്കുന്ന, ചക്രക്കസേരയിലിരിക്കുന്ന സഖാവ് ചെഗുവേരയെ വായിക്കുന്നുമുണ്ട്. ഇവര്‍ രണ്ടു പേരും കൊലരാഷ്ട്രീയത്തെ എതിര്‍ക്കുന്നവരാണ്. ഗോപാലേട്ടനെപ്പഴാ ഗാന്ധിയനായത് എന്ന് കരിപ്പള്ളി ദിനേശന്‍ (സുജിത് ശങ്കര്‍) ചോദിക്കുന്നതും കേള്‍ക്കാം.

അതായത്, കെ.ജെ.പിക്കാര്‍ (രാഷ്ട്ര പരിവാറുകാര്‍) അപകടകാരികളാകുന്നത് ഗോള്‍വല്‍ക്കറെ വായിക്കുന്നത് കൊണ്ടാണ്. എന്നാല്‍ മാര്‍ക്സിസ്റ്റുകാര്‍ അങ്ങനെയാകുന്നത് മാര്‍ക്സിനെ വായിക്കാത്തതു കൊണ്ടാണ്. എല്ലാ ഗൂഢാലോചനകള്‍ക്കും ആശീര്‍വാദവുമായി ഗീതാ ക്ലാസ്സെടുക്കുന്ന ശ്രീരാം ഭട്ടിനെയും (പി ബാലചന്ദ്രന്‍) കാണാം.

ചേര്‍ത്തു വായിക്കാവുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ആനന്ദിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കെ.ജെ.പിക്കാരാണ്. അടിയുറച്ച കെ.പി.എം കുടുംബത്തിലാണ് ഐശ്വര്യ. സുഹൃത്തുക്കളെല്ലാം പാര്‍ട്ടിക്കാരായിരിക്കുമ്പോഴും ആനന്ദിന് പക്ഷേ, കെ.ജെ.പിയുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ ഐശ്വര്യ പാര്‍ട്ടി പരിപാടികളിലെല്ലാം പണ്ടു മുതല്‍ക്കേ നിത്യ സാന്നിധ്യമാണ്. ആനന്ദ് പാര്‍ട്ടിക്കാരനല്ല. എന്നുവെച്ചാല്‍ വിചാരധാര പിന്തുടരുന്ന ഒരു രാഷ്ട്രപരിവാറുകാരന്റെ മനസ്സില്‍ എങ്ങനെ പ്രണയം മുളയ്ക്കാനാണ്.

കണ്ണൂര്‍ രാഷ്ട്രീയ കലാപങ്ങളുമായി ബന്ധപ്പെട്ട് എനിക്ക് മറ്റൊരു ചിന്ത കൂടിയുണ്ട്. തങ്ങള്‍ അപരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ജനതയുടെയും സംഘടനകളുടെയും പ്രതീകമായി അറിയപ്പെടുന്ന ചില പ്രദേശങ്ങളെ ഡെമനൈസ് ചെയ്യുക എന്നത് ഫാഷിസത്തിന്റെ രാഷ്ട്രീയ പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ്. കേരളത്തില്‍ അക്കാര്യത്തിലുള്ള മുഖ്യ ഊന്നല്‍ മലപ്പുറം ജില്ലയ്ക്കാണ്. അതിനു വേണ്ടി പല പരിശ്രമങ്ങളും അവര്‍ നടത്തിയിട്ടുണ്ട്. ഇതിലൂടെ മുസ്ലിം ഭീതി ഉല്‍പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. അതേസമയം മലപ്പുറത്തിന്റെ ജീവിതത്തില്‍ വിള്ളലുണ്ടാക്കുന്നതിനുള്ള സകല ശ്രമങ്ങളും പരാജയപ്പെട്ടിട്ടേയുള്ളൂ. ഇതുപോലെ ടാര്‍ഗറ്റഡ് ആയ പ്രദേശമാണ് കണ്ണൂര്‍. കണ്ണൂര്‍ കമ്യൂനിസത്തിന്റെ അടയാളമാണ്. കേരളത്തില്‍ കമ്യൂനിസ്റ്റ് പ്രസ്ഥാനം പിറവി കൊണ്ട പ്രദേശം. കണ്ണൂരിനു മേല്‍ പതിയുന്ന ഭീകരമുദ്ര സംസ്ഥാന, ദേശീയ രാഷ്ട്രീയത്തില്‍ തങ്ങള്‍ക്കുള്ള പിടി മുറുക്കും എന്നവര്‍ കരുതുന്നു. ഈ രാഷ്ട്രീയം തിരിച്ചറിയുന്നില്ല എന്നത് കണ്ണൂരിലെ മാര്‍ക്സിസ്റ്റുകാരുടെ ഒരു പരാജയം തന്നെയാണെന്നാണ് ഈ കുറിപ്പുകാരന്റെ അഭിപ്രായം.

അമ്മുവിന്റെയും നന്ദുവിന്റെയും പ്രണയത്തിന്റെ വികാസമാണ് ചിത്രത്തിന്റെ ആദ്യപകുതി. അതിന് കാല്‍പനികഛായയാണുള്ളത്. എന്നാല്‍ രണ്ടാം പകുതിയോടെ ഗതി മാറുന്നു. സംഘര്‍ഷങ്ങളുടെ യാഥാര്‍ത്ഥ്യത്തിലൂടെയാണ് പിന്നെ നാം സഞ്ചരിക്കുന്നത്. അമ്മുവിന്റെയും നന്ദുവിന്റെയും ജീവിതങ്ങളെ യഥാക്രമം സഖാവ് ചെന്ന്യം സുധാകരനും (അബു വളയംകുളം) ഗോവിന്ദേട്ടനും (അലന്‍സിയര്‍ ലേ ലോപ്പസ്) ഏറ്റെടുക്കുന്നു. ഷെയ്ക്സ്പിയര്‍ നാടകത്തിലെ പാരീസ് പ്രഭുവിന്റെ സ്ഥാനത്താണ് സഖാവ് സുധാകരന്‍. ചിത്രത്തിന്റെ അവസാനമാകട്ടെ, ഒരു ഫാന്റസി പോലെ തോന്നിക്കുകയും ചെയ്യുന്നു.

ഒരു സാധാരണ കമ്പോള പ്രണയച്ചിത്രത്തിന്റെ ചേരുവകള്‍ തന്നെയാണ് അമ്മുവിലും നന്ദുവിലും അജിത് കുമാറും പ്രയോഗിക്കുന്നത്. കണ്ടുമുട്ടുന്നേടത്ത് നന്ദുവിന്റെ പള്‍സര്‍ ബൈക്ക് ഒരു പ്രധാന ഘടകമാണ്. തുടര്‍ന്ന് മൈസൂര്‍, വുഡ്ലാന്റ്സ് തിയറ്ററിലെ സിനിമ, ഫോണ്‍, ഫേസ്ബുക്, പാര്‍ക്ക് പിന്നെ നാട്ടിലെത്തുമ്പോള്‍ അമ്പലവും തെയ്യവും. അതേസമയം എന്തുപയോഗിക്കുന്നു എന്നതിലല്ല എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണല്ലോ കാര്യം. വിശ്വവും സീതയും തമ്മിലുള്ള പ്രണയത്തെയും (സ്വയംവരത്തിലെ മധുവും ശാരദയും) നാം അന്നത്തെ അതേ പരിസരങ്ങളിലൊക്കെത്തന്നെയാണല്ലോ കണ്ടിരുന്നത്. അതിനു ശേഷം അത്രയും തീവ്രമായി അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രണയം പറയുന്നത് നിഴല്‍ക്കുത്തിലാണ്. പശ്ചാത്തലത്തിന് വലിയ മാറ്റമൊന്നുമില്ല. മല്ലികയുടെ (റീജ/ മല്ലിക) കാമുകന്‍ പുല്ലാങ്കുഴല്‍ വാദകനായതു കൊണ്ട് കുറച്ചു കൂടി ആസ്വാദ്യമായി എന്നു മാത്രം. അതേസമയം സീതയും മല്ലികയുമൊക്കെ ഒരു സിനിമാസ്വാകനില്‍ ഉണ്ടാക്കുന്ന പ്രതികരണം വ്യത്യസ്തമാണ്. അത്തരമൊരു ഫീലിലൂടെയാണ് അമ്മുവിന്റെയും നന്ദുവിന്റെയും ജീവിതവും മുന്നോട്ട് പോകുന്നത്.

ഇതില്‍ നല്ലൊരളവോളം സഹായകമായിത്തീര്‍ന്ന ഘടകം ചിത്രത്തിന്റെ കാസ്റ്റിങ് ആണ്. എന്തൊരു പാകതയാണ് ഷൈനിന്റെയും നിമിഷയുടെയും പ്രകടനത്തിന്. ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും അതേല്‍പിക്കപ്പെട്ട നടീനടന്മാര്‍ ഹൃദ്യമാക്കി.

സാധാരണഗതിയില്‍ പ്രണയജീവിതങ്ങള്‍ക്കിടയില്‍ കുഴപ്പക്കാരനായി കടന്നു വരാറുള്ളത് മതമാണ്. നാട്ടില്‍ വര്‍ഗീയതയും രക്തച്ചൊരിച്ചിലും ഉണ്ടാക്കുന്നതും മതമാണ്. എന്നാല്‍ വ്യത്യസ്തമായ മറ്റൊരു യാഥാര്‍ത്ഥ്യത്തിലേക്കാണ് അജിത് കുമാറിന്റെ സഞ്ചാരം. അമ്മുവിന്റെയും നന്ദുവിന്റെയും ജീവിതത്തെ നരകമാക്കുന്നത് രാഷ്ട്രീയപ്പാര്‍ട്ടികളാണ്. പിന്തിരിപ്പത്തത്തിന്റെയും മുരടത്തത്തിന്റെയും തത്വശാസ്ത്രം മതമാണ്, മതം മാത്രമാണ് എന്ന ധാരണയെ തീര്‍ച്ചയായും ഇത് നിരാകരിക്കുന്നുണ്ട്.

തന്റെ ഏറ്റവുമടുത്ത സുഹൃത്തായ ഉപേന്ദ്രനെ (മണികണ്ഠന്‍ ആചാരി) ഗോവിന്ദേട്ടന്‍ അടക്കം ചേര്‍ന്ന് ഇരയാക്കുകയായിരുന്നു എന്ന് ആനന്ദ് തിരിച്ചറിയുന്നുണ്ട്. അതിന്റെ ഫലവും അയാള്‍ കണ്ടു. പകരം വീട്ടാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നിടത്ത് അയാള്‍ ചോദിക്കുന്നത് അതിന് പകരം നല്‍കാന്‍ നമ്മള്‍ ആരെയാണ് കണ്ടുവെച്ചിട്ടുള്ളത് എന്നാണ്. ഇങ്ങനെത്തന്നെയാണ് കുടിപ്പക രാഷ്ട്രീയത്തെ കണ്ണൂരുകാര്‍ അനുഭവിക്കാറുള്ളത്. അടുത്തതായി കെണിയില്‍പ്പെടുത്താന്‍ പോകുന്നത് തന്നെയാണെന്ന് അയാള്‍ മനസ്സിലാക്കുന്നുമുണ്ട്. അയാള്‍ക്ക് സഹായമായിത്തീരുന്നത് കെ.ജെ.പി കുടുംബക്കാരി തന്നെയായ പുഷ്പലതയും (സുരഭി ലക്ഷ്മി) കെ.പി.എം പ്രവര്‍ത്തകരായ ലീലയും ഉണ്ണികൃഷ്ണനുമൊക്കെയാണ് താനും. ഇത്തരം സങ്കീര്‍ണതകള്‍ കണ്ണൂരിലെ സാധാരണക്കാരുടെ മാനസികാവസ്ഥകളെയും പ്രതിഫലിപ്പിക്കുന്നുണ്ട്.

പപ്പുവിന്റെ ദൃശ്യങ്ങളും അജിത് കുമാറിന്റെ തന്നെ എഡിറ്റിങ്ങും മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും പശ്ചാത്തല സംഗീതം പലപ്പോഴും അരോചകമായി അനുഭവപ്പെട്ടു.

ചിത്രം കണ്ടയുടനെയുള്ള എന്റെ സ്റ്റാറ്റസ് ഇവിടെയും ആവര്‍ത്തിക്കട്ടെ. ഫോര്‍ട്ട് കൊച്ചിയിലെ അന്നയ്ക്കും റസൂലിനും ശേഷം മലയാള സിനിമയില്‍ പ്രണയം പെയ്തിറങ്ങിയത് ഈട, കണ്ണൂരിലാണ്.

എല്ലാ സംഘര്‍ഷങ്ങള്‍ക്കുമപ്പുറം കണ്ണൂരിന്റെ നന്മയും കൂടിയാണത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757