press release

കെ.എ.എസ് നിയമനങ്ങളിലെ സംവരണ അട്ടിമറി; ഇടതു സര്‍ക്കാര്‍ സാമൂഹ്യ നീതി തകര്‍ക്കുന്നു – വെല്‍ഫെയര്‍ പാര്‍ട്ടി

കൊല്ലം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സംവരണം അട്ടിമറിച്ച് ഭരണഘടന വിഭാവന ചെയ്ത സാമൂഹ്യനീതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായും അത്തരം നീക്കങ്ങളെ ജനാധിപത്യ വിശ്വാസികളോടും സംവരണ സമുദായങ്ങളോടുമൊപ്പം നിന്ന് ചെറുക്കുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ ആരോപിച്ചു. സംവരണം സംബന്ധിച്ച് പിണറായി സര്‍ക്കാറിന്റെ ഓരോ നീക്കവും പിന്നാക്ക ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തം ഇല്ലാതാക്കാനുള്ള ഗൂഢാലോചന നിഴലിക്കുന്നതാണ്.
കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിലെ നേരിട്ടുള്ള നിയമനങ്ങള്‍ക്കുമാത്രം സംവരണം ഏര്‍പ്പെടുത്തിയ നടപടി ഇതിന്റെ അവസാനത്തെ ഉദാഹരണമാണ്. ആകെ നിയമനങ്ങളിലെ മൂന്നിലൊന്ന് മാത്രമാണ് നേരിട്ടുള്ള നിയമനം. ബാക്കി റിക്രൂട്ട്, നിലവിലെ സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് കെ.എ.എസിലേക്ക് നേരിട്ടുള്ള നിയമനം കിട്ടുന്ന രണ്ട് സ്ട്രീമില്‍നിന്നും സംവരണം പൂര്‍ണമായി ഒഴിവാക്കിയികരിക്കുന്നു. അതോടെ 50 ശതമാനം സംവരണ സമുദായങ്ങള്‍ക്ക് അവകാശപ്പെട്ട പോസ്റ്റുകളില്‍ ഫലത്തില്‍ 15 ശതമാനം മാത്രമായി സംവരണം പരിമിതപ്പെടും. പിന്നാക്ക-ദലിത് വിഭാഗങ്ങളെ കേരള അഡ്മിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നീക്കം. സംവരണത്തിലെ ക്രീമിലെയര്‍ പരിധി വാര്‍ഷിക വരുമാനം 8 ലക്ഷമാക്കി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാറിന്റെ 2017 സെപ്തംബറിലെ ഉത്തരവ് പൂഴ്ത്തിവെച്ചത് മറ്റൊന്നാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെല്ലാം ക്രിമിലെയര്‍ പരിധി കേന്ദ്ര നിര്‍ദ്ദേശത്തിനനുസൃതമായി ഉയര്‍ത്തി. ഇതിനു മുന്‍പ് മൂന്നു തവണയും കേന്ദ്രം മേല്‍ത്തട്ട് പരിധിയ ഉയര്‍ത്തിയപ്പോള്‍ അതാത് കാലങ്ങളിലെ കേരളാ സര്‍ക്കാരുകള്‍ ആ നിര്‍ദ്ദേശം പാലിച്ചിരുന്നു.

ദേവസ്വം നിയമനങ്ങളില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം മുന്നാക്ക സമുദായങ്ങള്‍ക്ക് നടപ്പാക്കാനുള്ള നീക്കം സംവരണത്തിന്റെ ഭരണഘടനാ താത്പര്യത്തിന് വിരുദ്ധമാണ്. സംവരണത്തിന് സാമ്പത്തിക മാനദണ്ഡല്ല പരിഗണിക്കേണ്ടത് എന്ന സുപ്രിം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയെ ഇടതു സര്‍ക്കാര്‍ മറികടക്കുകയായിരുന്നു. എന്നു മാത്രമല്ല മെറിറ്റില്‍ വരുന്ന പിന്നാക്ക വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളെ സംവരണത്തിലേക്ക് തട്ടുന്ന കള്ളക്കളികൂടി വ്യക്തമാക്കുന്നതാണ് ദേവസ്വം നിയമനത്തിലെ സാമ്പത്തിക സംവരണം. എയിഡഡ് മേഖലയിലെ ദലിത്- ആദിവാസി സംവരണം റദ്ദാക്കിയ ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമാണ്. സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ കാര്യക്ഷമതയോടെ കേസ് കൈകാര്യം ചെയ്താല്‍ മാത്രമാണ് ഇനി അത് സ്ഥാപിക്കാനാകുക. സ്വകാര്യമേഖലിലും സംവരണം പാലിക്കണമെന്നാണ് സംവരണത്തെ സംബന്ധിച്ച വെല്‍ഫെയര്‍ പാര്‍ട്ടി നയം. ഇതിന് മുന്നോടിയായി സര്‍ക്കാര്‍ശമ്പളം നല്‍കുന്ന എയ്ഡഡ് മേഖലയില്‍ സംവരണം നടപ്പാക്കണം. ഇതിനനുസൃതമായി നിയമ നിര്‍മാണം നടത്തണം. സ്വയംഭരണസ്ഥാപനങ്ങളിലും ബോര്‍ഡ് കോര്‍പ്പറേഷനുകളിലും സംവരണതത്വം പാലിക്കണം.
ഭരണഘടന ഉറപ്പാക്കുന്ന സാമൂഹ്യനീതി രാജ്യത്ത് ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നത് സംഘ്പരിവാര്‍ ശക്തികളാണ്. ദൗര്‍ഭാഗ്യവശാല്‍ സി.പിഎമ്മിനും ആര്‍.എസ്.എസിനും സംവരണത്തില്‍ ഒരേ നയമാണ്. ആര്‍.എസ്.എസിനെപ്പോലും കടത്തിവെട്ടി രാജ്യത്താദ്യമായി സാമ്പത്തിക സംവരണം നടപ്പാക്കിയത് പിണറായി വിജയന്‍ സര്‍ക്കാരാണ്. സാമ്പത്തിക സംവരണത്തിനായി കേന്ദ്ര സര്‍ക്കാരിനെ ഭരണഘടനാ ഭേദഗതിക്ക് സമ്മര്‍ദ്ദം ചെലുത്തുമെന്ന ഇടതു നിലപാട് രാജ്യത്തിനപകടമാണ്.
കാലങ്ങളായി രാജ്യത്ത് സംവരണ അട്ടിമറി നടക്കുന്നുണ്ട്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇത് വ്യക്തമാക്കുന്നതാണ്. ശാസ്ത്ര സാഹിത്യ പരിഷത്തും ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനെക്കുറിച്ച് സര്‍ക്കാരോ ഇടതുമുന്നണിയോ ആശങ്കപ്പെടാത്തതെന്താണ്. പി.എസ്.സിയോ സര്‍ക്കാരോ ഇത് സംബന്ധിച്ച് ആധികാരികമായ വിവരങ്ങളെല്ലാം മറച്ചു വെ്ക്കുകയാണ് നിവലിലെ സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ ബോര്‍ഡ് കോര്‍പ്പറേഷനുകളിലുമുള്ള ജീവനക്കാരുടെ സമുദായ പ്രാതിനിധ്യം സംബന്ധിച്ച ധവളപത്രം സര്‍ക്കാര്‍ പുറത്തിറക്കണം. ജനാധിപത്യ വിശ്വാസികളും സംവരണ സമുദായങ്ങളും ഐക്യപ്പെട്ട് ഇടതു സര്‍ക്കാരന്റെ സംവരണ അട്ടിമറി നീക്കത്തെ ചെറുക്കണമെന്നും അത്തരം നീക്കങ്ങളെ പാര്‍ട്ടി സഹായിക്കുമെന്നും പാര്‍ട്ടിയുടെ നേരിട്ടുള്ള നേതൃത്വത്തിലും പ്രക്ഷോഭങ്ങളുയര്‍ത്തുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പത്ര സമ്മേളനത്തില്‍ പങ്കെടുത്തവര്‍
സുരേന്ദ്രന്‍ കരിപ്പുഴ (സംസ്ഥാന വൈസ് പ്രസിഡന്റ്) , സജീദ് ഖാലിദ് (സംസ്ഥാന എക്സിക്യൂട്ടിവ് അംഗം), ഇസ്മായില്‍ ഗനി (കൊല്ലം ജില്ലാ പ്രസിഡന്റ്), ഡോ. അശോകന്‍ (ജില്ലാ സെക്രട്ടറി)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757