interview

വിദ്യാര്‍ഥികളുടെ വ്യക്തി-സാമൂഹ്യ ജീവിതത്തിന്റെ ഭാഗം തന്നെയാണ് രാഷ്ട്രീയവും. അഭിമുഖം  – കെവി സഫീര്‍ഷ

ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും തട്ടാത്ത ഇരുട്ടറകളെന്നാണ് കേരളത്തിലെ പ്രമുഖമായ പല കാമ്പസുകളെകുറിച്ചുമുള്ള പൊതു വര്‍ത്തമാനം. എസ്.എഫ്.ഐക്കും എ.ബി.വി.പിക്കും മാത്രം പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള ഇത്തരം ഇരുട്ടറകളിലേക്കാണ് സാഹോദര്യ രാഷ്ട്രീയത്തിന്റെ വെള്ളിവെട്ടവുമായി ഫ്രറ്റേണിറ്റി കടന്നുവരുന്നത്. പ്രഥമ തെരഞ്ഞെടുപ്പില്‍ തന്നെ വലിയ മുേന്നറ്റം നടത്താന്‍ ഫ്രറ്റേണിറ്റിക്ക് കഴിഞ്ഞത് കാമ്പസുകള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ്. കാമ്പസ് രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. പഴയ രാഷ്ട്രീയ മുദ്രാവാക്യങ്ങളല്ല ഇന്ന് കാമ്പസുകളില്‍ മുഴങ്ങുത്. ഫ്രറ്റേണിറ്റിയുടെ രാഷ്ട്രീയ സമീപനത്തെക്കുറിച്ചും മാറിയ കാമ്പസ് സാഹചര്യങ്ങളെക്കുറിച്ചും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.വി സഫീര്‍ഷ ‘ജനപക്ഷ’ത്തോട് സംസാരിക്കുന്നു. കാമ്പസ് രാഷ്ട്രീയത്തിന് വിലക്കുവീണ കോടതി വിധിയെക്കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കുന്നു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം എന്താണ്?

ജനാധിപത്യം, സാമൂഹ്യനീതി, സാഹോദര്യം എന്നീ രാഷ്ട്രീയ മൂല്യങ്ങളുടെ അടിത്തറയില്‍ സാമൂഹിക പുനഃക്രമീകരണം എന്ന ആശയമാണ് ഫ്രറ്റേണിറ്റി മുന്നോട്ടുവെക്കുന്നത്. നിലനില്‍ക്കുന്ന ജനാധിപത്യത്തിന്റെ വൈകല്യങ്ങളും പിഴവുകളും പോരായ്മകളും രാജ്യത്തിനു സമ്മാനിച്ച വിവേചനങ്ങളുടെ നേര്‍കാഴ്ചകള്‍ നാം അനുദിനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തില്‍ ഇടമില്ലാത്ത, സാമൂഹ്യ നീതി നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗം ജനങ്ങള്‍ രാജ്യത്ത് നിരന്തരം അപരവല്‍കരണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും നമ്മുടെ നാട്ടിലെ കക്ഷി രാഷ്ട്രീയ സംഘടനകളും ഭരണാധികാരികളും സാമൂഹ്യനീതിയെ കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ടെങ്കിലും യാഥാര്‍ഥ്യങ്ങള്‍ അവകാശ വാദങ്ങളില്‍ നിന്നും ബഹുദൂരം അകലെയാണുള്ളത്. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ജനാധിപത്യം എന്ന ഒരു പുതിയ രാഷ്ട്രീയ ഭാവനയെയാണ് ഫ്രറ്റേണിറ്റി മുന്നോട്ടുവെക്കുന്നത്. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ജനാധിപത്യം പുലരുന്ന സാമൂഹിക ക്രമത്തിന്റെ സൃഷ്ടിപ്പിനും നിലനില്‍പ്പിനും വേണ്ടി സാഹോദര്യ രാഷ്ട്രീയം എന്ന ആശയത്തെ ഒരു രാഷ്ട്രീയ മുദ്രാവാക്യമായി ഉയര്‍ത്തിപ്പിടിക്കുകയാണ് ഫ്രറ്റേണിറ്റി ചെയ്യുന്നത്. ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട് രാജ്യത്തെ വിദ്യാര്‍ഥി യുവജനങ്ങളുടെ സര്‍ഗ-കര്‍മ ശേഷികളെ സംഘടിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും വേണമെന്നാണ് നാം ആഗ്രഹിക്കുന്നത്. അതോടൊപ്പം സമാനസ്വഭാവമുള്ള രാഷ്ട്രീയ ആശയങ്ങള്‍ മുന്നോട്ടുവെക്കുന്ന വ്യത്യസ്ത കൂട്ടായ്മകളെയും പ്ലാറ്റ്‌ഫോമുകളെയും ശക്തിപ്പെടുത്തണമെന്നതും മര്‍ദിതരും പീഡിതരും അവകാശങ്ങള്‍ ഹനിക്കപ്പെട്ടവരുമായ വിവിധ സാമൂഹിക ജനവിഭാഗങ്ങളുടെ രാഷ്ട്രീയമുന്നേറ്റങ്ങളെ ഐക്യപ്പെടുത്തണമെന്നതും ഫ്രറ്റേണിറ്റിയുടെ പ്രധാനപ്പെട്ട രാഷ്ട്രീയ ഉള്ളടക്കമാണ്.

സാമൂഹ്യനീതിയിലധിഷ്ഠിതമായ ജനാധിപത്യം എന്ന ആശയത്തിന്റെ രാഷ്ട്രീയ വ്യാഖ്യാനം എന്താണ്? ഇതേ ആശയം തന്നെയല്ലേ, ഇതര സംഘടനകളും പറഞ്ഞു കൊണ്ടിരിക്കുത്?

നേരത്തെ സൂചിപ്പിച്ചത്‌പോലെ ഇവിടെയുള്ള പരമ്പരാഗത സംഘടനകള്‍ എല്ലാം തന്നെ ജനാധിപത്യത്തെ കുറിച്ചും നീതിയെ കുറിച്ചുമെല്ലാം സംസാരിക്കുന്നുണ്ട്. പക്ഷെ, വളരെ ഉപരിപ്ലവമാണത്. ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തില്‍ നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള വലിയ പോരാട്ടങ്ങളും സമരങ്ങളും നടിട്ടുണ്ട്. ആശയപരവും സമീപനപരവുമായ നിരവധി വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ഈ പോരാട്ടങ്ങളൊക്കെ. ഇതെല്ലാം കൂടിച്ചേര്‍ന്നാണ് നമ്മളിന്നു പറയുന്ന ജനാധിപത്യം ഇവിടെ സാധ്യമാക്കിയത്. എന്നാല്‍, ആ ജനാധിപത്യംപോലും ഇപ്പോള്‍ ഇവിടെ പരിമിതമായ അര്‍ഥത്തിലേ ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നുള്ളൂ എന്നാണു സൂചിപ്പിച്ചത്. ജനാധിപത്യവും സാമൂഹ്യ നീതിയും പരസ്പരബന്ധിതമാണ്. സാമൂഹ്യനീതിക്കു വരുന്ന ഏതു പോറലും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. അധികാര പങ്കാളിത്തം, വിഭവവിതരണം, തുല്യപദവി, വ്യത്യസ്ത മത- ജാതി, സാമൂഹിക ജനവിഭാഗങ്ങള്‍ക്കുള്ള അര്‍ഹമായ പ്രാതിനിധ്യം, ആത്മാഭിമാനത്തോടെ ജീവിക്കുവാനും സാമൂഹികമായ അടയാളപ്പെടുത്തലുകള്‍ നടത്തുവാനുമുള്ള സ്വാതന്ത്ര്യം, അതിനുള്ള അന്തരീക്ഷം തുടങ്ങിയവയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒന്നാണ് സാമൂഹ്യനീതി. എന്നാല്‍ മേല്‍പറഞ്ഞ പലതും ചിലര്‍ക്ക് മാത്രം ലഭ്യമാക്കുകയും മറ്റു ചിലര്‍ക്കു നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ഈ നീതി നിഷേധങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും പിറകില്‍ കൃത്യമായ സാമൂഹ്യ രാഷ്ട്രീയ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു നാം മനസ്സിലാക്കണം. ദാരിദ്ര്യം ഒരു പ്രകൃതി പ്രതിഭാസമല്ലെന്നും ദാരിദ്ര്യവത്കരണം എന്നതാണ് ശരിയായ പ്രയോഗമെന്നും പറയാറുണ്ടല്ലോ. അത് പോലെ തന്നെയാണിത്. നീതിനിഷേധവും വിവേചനങ്ങളും ഉണ്ട് എന്ന് പറയുമ്പോള്‍ അതിന്റെ അടിസ്ഥാനകാരണങ്ങളെ കുറിച്ച് നാം ആലോചിക്കേണ്ടതായി വരും. ഇന്ത്യയുടെ സാമൂഹികഘടനയില്‍ മതം, ജാതി, വര്‍ഗം, ലിംഗം, ഭാഷ, ദേശം തുടങ്ങിയ സാമൂഹ്യ രാഷ്ട്രീയ ഘടകങ്ങള്‍ വിവേചനങ്ങള്‍ക്കു കാരണമാകുന്നുണ്ട്. പക്ഷെ, പലപ്പോഴും ഇത്തരം അടിസ്ഥാന കാരണങ്ങളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ വിശകലനങ്ങള്‍ ഇവിടെ നടത്താറില്ല. അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒന്നിനെ മാത്രം അടിസ്ഥാനമായെടുക്കുകയും മറ്റുള്ളതിനെ നിഷേധിക്കുകയും ചെയ്യുന്ന രീതിയാണുള്ളത്. മുസ്‌ലിമായത് കൊണ്ട് അപരവത്കരിക്കപ്പെടുന്നു, ദലിതനായത് കൊണ്ട് വിവേചനങ്ങളനുഭവിക്കുന്നു, സ്ത്രീകളും ട്രാന്‍സ്‌ജെണ്ടറും ആയതു കൊണ്ട് അവഗണിക്കപ്പെടുന്നു, കശ്മീരി ആയതു കൊണ്ട് പൗരത്വം തെളിയിക്കേണ്ടി വരുന്നു തുടങ്ങിയ ഉദാഹരണങ്ങള്‍ എടുത്തു നോക്കിയാല്‍ പ്രശ്‌നത്തോടൊപ്പം അസോസിയേറ്റ് ചെയ്തു നില്‍ക്കുന്ന കാരണവും നമുക്ക് കാണുവാന്‍ സാധിക്കും. ഇങ്ങനെ, നേര്‍ക്ക്‌നേരെ രാഷ്ട്രീയം പറയുന്നവരെ വളരെ പെട്ടെന്ന് രാജ്യദ്രോഹി, ദേശവിരുദ്ധന്‍, മാവോയിസ്റ്റ്, വിഘടനവാദി തുടങ്ങിയ പദാവലികള്‍ ഉപയോഗിച്ച് ഇവിടുത്തെ മേല്‍ക്കോയ്മ രാഷ്ട്രീയം ടാഗ് ചെയ്യുന്നതും കാണാം. സാമൂഹ്യ നീതിയെ കുറിച്ച് നിങ്ങള്‍ സംസാരിക്കുമ്പോള്‍ മേല്‍പറഞ്ഞ രാഷ്ട്രീയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി സംസാരിക്കണമെന്നാണ് ഫ്രറ്റേണിറ്റി പറയുന്നത്. നമ്മുടെ ജനാധിപത്യ ഭാവനകളും കൂടുതല്‍ വികസിതമാകേണ്ടതുണ്ട്. ജനാധിപത്യം എന്ന് പറയുമ്പോള്‍ പലപ്പോഴും രാഷ്ട്രീയ ജനാധിപത്യം എന്ന ഒറ്റക്കള്ളിയില്‍ നമ്മുടെ കാഴ്ചകള്‍ ഉടക്കിപ്പോകുകയാണ് ചെയ്യുന്നത്. ആ രാഷ്ട്രീയ ജനാധിപത്യത്തില്‍ പോലും ഇവിടുത്തെ മുസ്‌ലിം, ദലിത്, ആദിവാസി, സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, ദരിദ്രര്‍ തുടങ്ങിയ പലര്‍ക്കും അര്‍ഹിക്കുന്ന ഇടമില്ല. രാഷ്ട്രീയ ജനാധിപത്യത്തോടൊപ്പം സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക ജനാധിപത്യത്തെ കുറിച്ച് കൂടി നാം ആലോചിക്കേണ്ടിയിരിക്കുന്നു. വ്യക്തി സാമൂഹിക ജീവിതങ്ങളില്‍ സംതൃപ്തി പ്രദാനം ചെയ്യുന്ന മൂല്യമായി ജനാധിപത്യത്തെ വിഭാവന ചെയ്യുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

പുതിയ കാലത്ത് സാഹോദര്യ രാഷ്ട്രീയം എന്ന ആശയത്തിന്റെ പ്രസക്തിയെ കുറിച്ച് ?

മനുഷ്യര്‍ തമ്മിലുള്ള അടിസ്ഥാനപരമായ ബന്ധം സാഹോദര്യ ബന്ധമാണെന്നാണ് ഫ്രറ്റേണിറ്റി മനസ്സിലാക്കുന്നത്. എല്ലാ വിധത്തിലുള്ള വൈജാത്യങ്ങള്‍ക്കും വൈവിധ്യങ്ങള്‍ക്കും അപ്പുറത്തുള്ള സാഹോദര്യമാണത്. ഈ സാഹോദര്യ ബന്ധത്തിന് വിലക്കുകളും വിലങ്ങുകളും തീര്‍ക്കുന്നത് മേല്‍ക്കോയ്മാ രാഷ്ട്രീയവും അധീശത്വ ആധിപത്യ ശക്തികളുമൊക്കെയാണ്. മുസ്‌ലിമിനെ അപരവത്കരിക്കുന്നതിലൂടെ (ഇസ്‌ലാമോഫോബിയ), കീഴ്ജാതിക്കാരെ മാറ്റി നിറുത്തുന്നതിലൂടെ, ആദിവാസികളെയും കര്‍ഷകരെയും ദരിദ്രരെയും മറ്റും അരികുവല്‍കരിക്കുന്നതിലൂടെ ഈ സാഹോദര്യത്തെയാണ് അസന്നിഹിതമാക്കുത്. നീതിനിഷേധങ്ങളും വിവേചനങ്ങളും അപരവത്കരണങ്ങളും അനുഭവിക്കുന്നവര്‍ക്കിടയിലെ സവിശേഷമായി രൂപപ്പെടേണ്ട രാഷ്ട്രീയ സാഹോദര്യബന്ധങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതേട്ടം കൂടിയാണ്. ഇന്ത്യയിലെ കാമ്പസുകളില്‍ അത്തരം രാഷ്ട്രീയ മുന്നേറ്റങ്ങള്‍ നടന്നിട്ടുണ്ട്. കാമ്പസുകളിലെ അധീശവ്യവഹാരങ്ങളെ അക്കാദമികമായും രാഷ്ട്രീയമായും ഈ പുതിയ രാഷ്ട്രീയം വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഹൈദരാബാദ് കേന്ദ്ര സര്‍വകാലാശാലയില്‍ വിജയിച്ച അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന പ്ലാറ്റ്‌ഫോമൊക്കെ ഈ പ്രതിവ്യവഹാരങ്ങളുടെ രാഷ്ട്രീയ പ്രസക്തിയുടെ സമീപകാല ഉദാഹരണങ്ങളാണ്. അധീശത്വങ്ങളെയും മേല്‍ക്കോയ്മകളെയും മേല്‍പറഞ്ഞ രാഷ്ട്രീയ സാഹോദര്യത്തിലൂടെ മറികടക്കാന്‍ സാധിക്കുമെന്നും അതുവഴി ജനാധിപത്യ സാമൂഹ്യനീതി സങ്കല്‍പങ്ങള്‍ സമൂഹത്തില്‍ പ്രയോഗവത്കരിക്കാനാകുമെന്നുമാണ് ഫ്രറ്റേണിറ്റി പ്രതീക്ഷിക്കുന്നത്.

വിദ്യാര്‍ഥി സംഘടന, യുവജന സംഘടന എന്ന പതിവുകളില്‍ നിന്ന് മാറി ഒരു വിദ്യാര്‍ഥി യുവജന സംഘടനയാണ് ഫ്രറ്റേണിറ്റി ?

പതിനഞ്ചിനും മുപ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥി യുവജനങ്ങളാണ് ഫ്രറ്റേണിറ്റിയില്‍ അംഗങ്ങളാകുന്നത്. വിദ്യാര്‍ഥി-യുവജന വിഭജനങ്ങള്‍ താരതമ്യേന അത്ര പ്രസക്തമല്ലാത്ത സാഹചര്യമാണ് ഇവിടെയുള്ളത്. വിദ്യാഭ്യാസ രംഗങ്ങളില്‍ ഉണ്ടായിട്ടുള്ള ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍, വിവരസാങ്കേതിക വിദ്യയുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും ജനകീയത, അവകാശങ്ങളെ സംബന്ധിച്ചുണ്ടായിട്ടുള്ള ബോധങ്ങള്‍ തുടങ്ങി പല കാരണങ്ങളും ഇതിനു പിറകിലുണ്ട്. വിദ്യാര്‍ഥി-വിദ്യാഭ്യാസ വിഷയങ്ങള്‍ മാത്രമല്ല വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ ഉള്ളടക്കം. സമീപകാലത്ത്, പ്രത്യേകിച്ച് കേന്ദ്രത്തില്‍ സംഘപരിവാറിന്റെ അധികാര ആരോഹണത്തിനു ശേഷം ഇന്ത്യയിലെ പല കാമ്പസുകളിലും ഉയര്‍ന്നു വന്നിട്ടുള്ള സമരങ്ങളുടെയും രാഷ്ട്രീയ ചര്‍ച്ചകളുടെയും ഉള്ളടക്കം വിദ്യാര്‍ഥി-വിദ്യാഭ്യാസ വിഷയം എന്നതിലുപരി പൊതു സാമൂഹിക രാഷ്ട്രീയ വിഷയങ്ങളായിരുന്നു. രോഹിത് വെമുല, നജീബ് അഹ്മദ് തുടങ്ങിയ വിദ്യാര്‍ഥികള്‍ ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയ ഐക്കണുകളായി മാറിയിരിക്കുകയാണ്. സാങ്കേതിക പ്രതിപക്ഷത്തിനപ്പുറത്തു വിദ്യാര്‍ഥിപ്രതിപക്ഷം എന്ന സംജ്ഞ തന്നെ ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. നജീബ്-രോഹിത് വെമുല സമര പ്രക്ഷോഭങ്ങള്‍ ഒരു വിദ്യാര്‍ഥി വിഷയം എന്നതിലുപരി കൃത്യമായ സംഘ് സവര്‍ണതാ വിരുദ്ധ ഉള്ളടക്കമുള്ള ഒന്നായിരുല്ലോ. സാമൂഹ്യ വിഷയങ്ങള്‍ കാമ്പസുകള്‍ക്കകത്തും കാമ്പസ് വിഷയങ്ങള്‍ പൊതു സമൂഹത്തിലും ഉയിക്കപ്പെടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി ഏറി വരികയാണ്.

കാമ്പസുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വിലക്കുകള്‍ വന്നു കൊണ്ടിരിക്കുകയാണല്ലോ. സ്‌കൂളുകളിലെ രാഷ്ട്രീയ നിരോധനത്തിന് ശേഷം ഇപ്പോള്‍ കോളേജുകളിലും രാഷ്ട്രീയത്തിന് കോടതി വിധിയുടെ വിലക്ക് വീഴുകയാണ്. ഹൈകോടതി വിധിയെ എങ്ങനെ കാണുന്നു ?

കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം വിലക്കുന്ന ഹൈകോടതി വിധി വിദ്യാര്‍ത്ഥികളുടെ മൗലികാവകാശങ്ങളെ സംബന്ധിച്ച് മൗനം പാലിക്കുകയാണ് ചെയ്യുന്നത്. വോട്ടവകാശമുള്ള പൗരന്മാര്‍ കൂടിയാണ് കാമ്പസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍. ഭരണഘടന ഉറപ്പു നല്‍കുന്ന സംഘടിക്കാനും ഒത്തു ചേരാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം വിദ്യാര്‍ഥികള്‍ക്കുണ്ട്. കോടതിവിധിയിലൂടെ ഇത്തരം മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് ജനാധിപത്യത്തെ തന്നെയാണ് ദുര്‍ബലപ്പെടുത്തുന്നത്. അരാഷ്ട്രീയ കാമ്പസുകളില്‍ തുടര്‍ന്നു വരുന്ന ചൂഷണങ്ങളും പീഡനങ്ങളും സമീപകാലത്തും സമൂഹത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ജിഷ്ണു പ്രണോയ് അതിന്റെ അവസാന ഉദാഹരണം മാത്രമാണ്. നിലവിലെ വിദ്യാഭ്യാസ വ്യവസ്ഥകളിലെ അനീതികളോടും വിവേചനങ്ങളോടും സ്ഥാപന അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന വിദ്യാര്‍ഥി വിരുദ്ധ നിലപാടുകളോടും നടപടികളോടും പ്രാഥമികമായി പ്രതികരിക്കേണ്ടത് ഇവിടുത്തെ വിദ്യാര്‍ഥി സമൂഹം തന്നെയാണ്. അതോടൊപ്പം കാമ്പസ് രാഷ്ട്രീയത്തിന്റെ സാമൂഹിക സംഭാവനകളെ മുഖവിലക്കെടുക്കുവാനും കോടതിക്ക് സാധിക്കണമായിരുന്നു. വിദ്യാര്‍ഥിസമൂഹം പല കാലങ്ങളിലായി ഉയര്‍ത്തിക്കൊണ്ടു വന്ന സമരപോരാട്ടങ്ങളിലൂടെ കൂടിയാണ് സാമൂഹികമായ പല സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നമുക്ക് കരഗതമായിട്ടുള്ളത്. വിദ്യാര്‍ഥി വിദ്യാഭ്യാസ വിഷയങ്ങളോടൊപ്പം പൊതു സാമൂഹിക വിഷയങ്ങളും പരിസ്ഥിതി വികസന മനുഷ്യാവകാശ പ്രശ്‌നങ്ങളും മറ്റും കാമ്പസുകളില്‍ ഉന്നയിക്കപ്പെടുകയും അതുവഴി വിദ്യാര്‍ഥിപക്ഷ ശബ്ദങ്ങള്‍ നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജെ,എന്‍,യു, എച്.സി.യു കാമ്പസുകളിലെ സമീപകാല അനുഭവങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്.

പഠിക്കാനാണ് കോളേജില്‍ വരുന്നതെന്നും രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കാണെങ്കില്‍ കാമ്പസിന് പുറത്തു പോകണമെന്നുമാണ് കോടതി പറയുന്നത്. രാഷ്ട്രീയത്തെയും വിദ്യാര്‍ഥിത്വത്തെയും രണ്ടായി കാണുന്നു എന്ന വലിയൊരു അപകടം ഈ പരാമര്‍ശത്തിലുണ്ട്. വിദ്യാര്‍ഥികളുടെ വ്യക്തി സാമൂഹ്യ ജീവിതത്തിന്റെ ഭാഗം തന്നെയാണ് രാഷ്ട്രീയവും. അതൊരു തൊഴിലോ, വ്യക്തിത്വത്തില്‍ നിന്നും നിലപാടുകളില്‍ നിന്നും മാറ്റി നിറുത്തപ്പെടേണ്ടു ഒന്നോ അല്ല. രാഷ്ട്രീയ ജീവിതത്തെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും വ്യക്തി സാമൂഹിക ജീവിതങ്ങളില്‍ നിന്നും വേറിട്ട് കാണുന്നത് ശരിയായ കാഴ്ചപ്പാടല്ല. അതേസമയം വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പ്രതിലോമകരവും സംഹാരാത്മകവും ആകുന്നുവെന്ന വിമര്‍ശനങ്ങളെ മുഖവിലക്കെടുക്കാന്‍ ഇവിടുത്തെ പരമ്പരാഗത വിദ്യാര്‍ഥി സംഘടനകള്‍ തയ്യാറാകണം. പൊന്നാനി എം.ഇ.എസ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വേളയില്‍ എസ്.എഫ്.ഐ കോളേജില്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നിലവിലെ ഹൈകോടതി വിധി വന്നിരിക്കുന്നത്. നിര്‍മാണാത്മകവും ആത്മവിര്‍ശനപരവും കൂടുതല്‍ ജനാധിപത്യപരവുമായ കാമ്പസ് രാഷ്ട്രീയത്തെ കുറിച്ച് വിദ്യാര്‍ഥി സംഘടനകള്‍ ആലോചിക്കണം. കാമ്പസ് രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനു വേണ്ടി വിദ്യാര്‍ഥി യുവജനങ്ങളെ അണി നിരത്തിക്കൊണ്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മുന്നോട്ടു പോകും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757