zero hour

ചാണ്ടി/ചണ്ടി രാഷ്ട്രീയം – ചാക്യാര്‍

ആണ്ടി മഹാനാണെന്നു ആണ്ടി തന്നെ വീമ്പിളക്കുക. ആളുകളെ കൊണ്ട് അപ്രകാരം പറയിപ്പിക്കുക. നേരത്തെ തയ്ച്ചുവെച്ച കുപ്പായവുമായി തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുക. വിലയേറിയ ഓരോ വോട്ടും ജി.എസ.്ടിയുള്‍പ്പെടെ കുറഞ്ഞവില കൊടുത്തു വാങ്ങിയെടുക്കുക. ജയിച്ചുകയറി ജനപ്രതിനിധിയാവുക. വിദേശത്ത് കച്ചവടവും കായലിനരികെ റിസോര്‍ട്ടും കാന്റീനില്‍ കരിമീനും കൂന്തലുമുണ്ടായാല്‍ മന്ത്രിസ്ഥാനം തന്നെ ചാണ്ടിയെടുക്കുക. മേല്‍വിവരിച്ച പ്രവര്‍ത്തികളാണ് മലയാളം വിക്കീപീഡിയ രാഷ്ട്രീയത്തിന്റെ നിര്‍വചനമായി വിവരിക്കുന്നത്. ഇടതുപക്ഷത്തിന്റെ എല്ലാം ശരിയായ ഭരണകാലത്ത് കുട്ടനാട്ടില്‍ ചണ്ടി ചീഞ്ഞതിന്റെ ദുര്‍ഗന്ധം കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കുള്ളില്‍ ദുസ്സഹമായി തീരുകയും മിന്നല്‍ പിണറായി മന്ത്രിസഭയുടെ മൂന്നാം വിക്കറ്റ് തെറിക്കുന്നതില്‍ അതു കലാശിക്കുകയും ചെയ്തിരിക്കുകയാണല്ലോ. ഈ വിക്കറ്റുകളെല്ലാം സ്വന്തം ഉത്തരവാദിത്തത്തില്‍ തന്നെ വീഴുന്നുവെന്നതാണ് രസകരം. ഫുട്‌ബോളിലാണെങ്കില്‍ നമുക്ക് സെല്‍ഫ് ഗോള്‍ വഴങ്ങിയെന്നു പറയാമായിരുന്നു. ഗതാഗതമെന്നത് അല്ലെങ്കിലും ശ്രദ്ധേയമായ വകുപ്പാണ്. ആളുകളെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കെത്തിക്കുകയാണല്ലോ അതിന്റെ ധര്‍മം. ഗതാഗതമെന്നാല്‍ ആര്‍ക്കുമോര്‍മ വരുന്നത് ആനവണ്ടിയുമാണ്. സ്റ്റേഷനില്‍ ചെന്നാല്‍ ബസ് വരികയും പോവുകയും ചെയ്യും. കേരളത്തിലിപ്പോള്‍ ഗതാഗത മന്ത്രിമാര്‍ക്ക് ആനവണ്ടി പോലെ നില്‍ക്കപ്പൊറുതിയില്ല. അവര്‍ പോവുകയും വരികയും ചെയ്തുകൊണ്ടിരിക്കുകയാണ്. ആദ്യം ശശിചേട്ടന്‍. ദേ ഇപ്പോള്‍ ചാണ്ടിച്ചായാന്‍. ഇനിയാരാണാവോ അവിടെ ആസനസ്ഥനാകാന്‍ പോകുന്നതെന്ന് കൊടിയേരി-കാനം സഖാക്കളാദികള്‍ക്കൊന്നും തന്നെ ഇതുവരേ ഒരു പുടിയും കിട്ടണില്ല. നാലാം വിക്കറ്റ് അടുത്തുതന്നെ വീഴുമെന്നാണ് പ്രവചനം. നീലകുറിഞ്ഞി പൂക്കുന്ന മേഖലയിലെ ഒരാശാന്‍ സര്‍വത്രയാളുകളേയും തെറി പറയാന്‍ തുടങ്ങിയിട്ട് നാളിശ്ശിയായി. മൂന്നാറിലെ കയ്യേറ്റത്തില്‍ തൊട്ടാല്‍ ടിയാന് കരണ്ടടിക്കും. കയ്യേറ്റമാഫിയയുടെ പൂച്ചക്ക് മണികെട്ടാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കെണിയൊരുക്കലാണ് ആശാന്റെ ഇഷ്ടവിനോദം.

ഇടതുപക്ഷം ഭരിക്കുമ്പോള്‍ വൈരുധ്യാതിഷ്ഠിത ഭൗതികവാദം ഇത്ര ശക്തമാകുമെന്ന് സാക്ഷാല്‍ മാര്‍ക്‌സ് പോലും വിചാരിച്ചിട്ടുണ്ടാവില്ല. മുഖ്യമന്ത്രിയുടെ കൂടെ അടുത്തടുത്ത കസേരയിലിരിക്കുകയും കൊടിവെച്ച കാറില്‍ പാറുകയും ചെയ്യുന്ന ഒരു മന്ത്രി സര്‍ക്കാരിനെതിരെ ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തത് ഇക്കാലത്താണ്. മന്ത്രിസഭായോഗത്തിനു അധ്യക്ഷത വഹിക്കാന്‍ പിണറായി സഖാവ് കഷ്ടപ്പെട്ടു വരുന്ന സമയത്ത് സി.പി.ഐ മന്ത്രിമാര്‍ വരുന്നില്ലെന്ന് പ്രഖ്യാപിച്ചു ഒളിച്ചു കളിക്കുക, ഭരണമുന്നണിയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കന്മാര്‍ പരസ്പരം പോര്‍വിളി മുഴക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ വൈരുധ്യവാദത്തിനും പ്രവര്‍ത്തനത്തിനും ശക്തിപകരുക തന്നെയാണ് ചെയ്യുന്നത്. പാളയില്‍ കഞ്ഞികുടിക്കില്ല, തമ്പ്രാനെന്നു വിളിക്കില്ല എന്ന മുദ്രാവാക്യം സി.പി.ഐ ഇതിനകം മുഴക്കിക്കഴിഞ്ഞു. തോളത്തിരുന്ന് ചെവി തിന്നുന്നവര്‍ എന്ന വിശേഷണമാണ് അവരെകുറിച്ച് സി.പി.എം നല്‍കിപ്പോരുന്നതും. വരുംനാളുകളില്‍ നാലാം വിക്കറ്റ് മാത്രമല്ല മന്ത്രിസഭ തന്നെ തകര്‍ന്നു വീണു ഓളൗട്ടാകുമോ എന്ന കാര്യവും കാലാവസ്ഥാനിരീക്ഷകര്‍ കണക്കുകൂട്ടുന്നുണ്ട്.
ഇടതുഭരണകാലത്ത് കാലാവസ്ഥ പോലും കലി തുള്ളുകയാണ് എന്ന മട്ടിലാണ് ഇപ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധരുടെ പ്രചാരണം. കാലാവസ്ഥക്കും പ്രകൃതിക്ഷോഭത്തിനും ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലെങ്കിലും കലക്കവെള്ളത്തില്‍ പരമാവധി മീന്‍ പിടിക്കാന്‍ സര്‍വരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. കാലാവസ്ഥ നിരീക്ഷണകേന്ദ്രമുണ്ടായ കാലം മുതല്‍ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന പതിവു പ്രവചനമാണ് അവര്‍ എപ്പോഴും നടത്തിപ്പോരുന്നത്്. ചിലപ്പോള്‍ മഴ പെയ്യുകയും മറ്റു ചിലപ്പോള്‍ മഴ പെയ്യാതിരിക്കുകയും ചെയ്യും. പ്രവചനം ഫലിച്ചെന്ന മട്ടില്‍ നിരീക്ഷണകേന്ദ്രവും ആശ്വാസം കൊള്ളും. പക്ഷേ, ഓഖി വീശിയടിച്ചപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും ഇടതു സര്‍ക്കാര്‍ അതു പരിഗണിച്ചില്ലെന്നുമാണ് വിമര്‍ശനം. ദുരന്തമുണ്ടായതിനുശേഷമാകട്ടെ ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിച്ചതുമില്ല, തലസ്ഥാനനഗരിയിലുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ചില്ല. റവന്യൂ മന്ത്രി തിരിഞ്ഞുനോക്കിയില്ല. മല്‍സ്യതൊഴിലാളികളായ ദുരിതബാധിതരോട് ശത്രുക്കളോടെന്ന വണ്ണമാണ് പെരുമാറിയത്. ഇപ്പോഴും പഴയ പാര്‍ട്ടി സെക്രട്ടറിയുടെ ഹാങ്ങ് ഓവറില്‍ തന്നെയാണ് മുഖ്യനുള്ളത്. ആവശ്യക്കാര്‍ സെക്രട്ടറിയേറ്റിലോ എ.കെ.ജി സെന്ററിലോ തന്നെ വന്നു കണ്ടുകൊള്ളുമെന്നാണ് അദ്ദേഹം നിനച്ചിരിക്കുന്നത്. അതിനു സാര്‍, ഇത് സര്‍ സി.പി ഭരണകാലമൊന്നുമല്ലല്ലോ എന്നു ധൈര്യത്തോടെ പറയുന്ന ഇടതന്മാരില്ലാതെപോകുന്നുവെന്നത് കേരളത്തിന്റെ സ്വകാര്യ ദുഃഖമാണ്. ആ ദുഃഖത്തിന്റെ വിലയാണ് ഇന്ന് തീരപ്രദേശങ്ങളിലെ മല്‍സ്യതൊഴിലാളികള്‍ അനുഭവിക്കുന്നത്. തിരയടങ്ങിയപ്പോള്‍ മുഖ്യമന്ത്രിയെത്തിയതാകട്ടെ ദുരിതബാധിതരെ കൂടുതല്‍ പ്രകോപിപ്പിക്കുകയാണുണ്ടായത്. ഒരു കാര്യമുറപ്പാണ്. ദുരന്തത്തിലും ദുരിതാശ്വാസത്തിലും രാഷ്ട്രീയം കലര്‍ത്താതിരിക്കാനുള്ള സാമാന്യ മര്യാദ എല്ലാവരും പാലിക്കണം.

കേന്ദ്രം മുന്നറിയിപ്പു നല്‍കിയില്ലെങ്കിലും താന്‍ കൊടുങ്കാറ്റിനെ കുറിച്ചു പ്രവചിച്ചിരുന്നുവെന്നാണ് രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനത്തിലെ ശരീരഭാഷ വ്യക്തമാക്കുന്നത്. അതു ഒരു പരിധിവരെ ശരിയുമായിരുന്നു. കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ ഒരു മാസമെടുത്തു അദ്ദേഹം നയിച്ച ജാഥയുടെ പേര് പടപ്പുറപ്പാട് എന്നായിരുന്നു. എത്ര സന്ദര്‍ഭോചിതമായാണ് അവര്‍ ജാഥക്ക് പേരിടുന്നത്. സരിതോര്‍ജത്തിന്റെ തിണ്ണമിടുക്കുമായാണ് അവര്‍ പടപുറപ്പാടിനിറങ്ങിയിരുന്നത്. സരിതയാണെങ്കില്‍ സാരി മാറുന്നതുപോലെ തന്നെയാണ് വാക്കും മാറ്റിയിരുന്നത്. പട്ടികയിലിടം പിടിച്ചവരും പിടിക്കാത്തവരുമെന്ന മട്ടില്‍ പാര്‍ട്ടിയില്‍ തന്നെ പന്തം കൊളുത്തി പടയുണ്ടാകുന്നതിന് കേരളം സാക്ഷിയായി. ഇടം പിടിച്ചവരാണോ പിടിക്കാത്തവരാണോ കോണ്‍ഗ്രസില്‍ ഭാഗ്യവാന്മാര്‍ എന്ന ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. അതിനിടയിലാണ് ചെന്നിത്തല പ്രവചനം നടത്തിയത്. പടയൊരുക്കം തിരുവനന്തപുരത്തെത്തുമ്പോള്‍ അതൊരു കൊടുങ്കാറ്റാകും. ആ കൊടുങ്കാറ്റില്‍ പടയൊരുക്കത്തിന്റെ വേദി തകര്‍ന്നുവീഴുകയും ചെയ്തു. ചെന്നിത്തലയെ പോലുള്ളവരെ ഇനി കാലാവസ്ഥ നിരീക്ഷണകേന്ദത്തിലാണ് ഇരുത്തേണ്ടത് എന്ന അഭിപ്രായവും ശക്തിപ്പെട്ടുവരുന്നുണ്ട്. ചണ്ടികളും ചാണ്ടികളും ചേര്‍ന്ന് രാഷ്ട്രീയത്തില്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ ഇനിയും തുടരുമെന്ന് സാരം.

വര: അബ്ദുല്‍ ബാസിത്

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757