Opinion

സോഷ്യല്‍ മീഡിയ കാലത്തെ ഇടതുസര്‍ക്കാറിന്റെ പ്രോഗ്രസ്സ് കാര്‍ഡ് – എസ്.എ അജിംസ്

 

പിണറായി വിജയന് മറ്റൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കുമില്ലാത്ത ഒരു പ്രത്യേകതയുണ്ട്. സോഷ്യല്‍ മീഡിയകാലത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണദ്ദേഹം. കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ കാലത്ത് ഓര്‍ക്കുട്ടും ബ്ലോഗുകളും വ്യാപകമായിരുന്നുവെങ്കിലും അതെല്ലാം സി.പി.എമ്മിനകത്തെ ഉള്‍പ്പാര്‍ട്ടി പോരുകളും വിഎസ്-പിണറായി വിഭാഗങ്ങളുടെ വാക്‌പോരും നിറഞ്ഞതായിരുന്നു. ഇന്നതല്ല സാഹചര്യം. രാജ്യത്ത് ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകളുള്ള സംസ്ഥാനമാണ് കേരളം. ഓരോ നൂറുപേരില്‍ 34 പേര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനുണ്ടെന്നാണ് പോയവര്‍ഷത്തെ കണക്ക്. ആക്ടീവ് ആയ ഫേസ്ബുക്ക് ഉപയോക്താക്കള്‍ മൊത്തം വോട്ടര്‍മാരുടെ ഇരുപത് ശതമാനം വരും. ഈ സാഹചര്യത്തില്‍, ജനവികാരവും ജനാഭിലാഷവും അടുത്തറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഒരു ഭരണകൂടത്തിന് സാധിക്കേണ്ടതാണ്. എന്നാല്‍, കഴിഞ്ഞ ഒന്നരവര്‍ഷം പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനാഭിലാഷപ്രകാരമായിരുന്നോ?

പ്രതിച്ഛായയും പ്രതീക്ഷയും
കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോഴുണ്ടായ സമാനമായ പ്രതിച്ഛായയാണ് പിണറായി വിജയനും ലഭിച്ചത്. രാഷ്ട്രീയ ശത്രുക്കള്‍ അദ്ദേഹത്തെ ഇരട്ടച്ചങ്കനെന്ന് ആക്ഷേപിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അനുയായിവൃന്ദം ആ പ്രതിച്ഛായയെ ഊട്ടിയുറപ്പിക്കുന്ന തിരക്കില്‍ തന്നെയായിരുന്നു. ബ്രണ്ണന്‍ കോളജിലെ ഊരിപ്പിടിച്ച കത്തികള്‍ക്കിടയിലൂടെ സിനിമാ സ്‌റ്റൈലില്‍ നടന്നു നീങ്ങുന്ന പിണറായി വിജയനെ ജനം മനസില്‍ കണ്ടു. ആര്‍ജവം, അഭിപ്രായ സുബദ്ധത, ധീരമായ നേതൃത്വം, ഫാഷിസ്റ്റ് വിരുദ്ധത ഇതെല്ലാം ജനം സ്വാഭാവികമായും പിണറായി സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ചു. ആ പ്രതീക്ഷയെ പ്രത്യക്ഷത്തില്‍ തൃപ്തിപ്പെടുത്തുന്നതായിരുന്നു പിണറായിയുടെ പ്രസ്താവനകളും പ്രസംഗങ്ങളും. വികസനം, ക്ഷേമപദ്ധതികള്‍, കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനോടും അതിന്റെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വത്തോടുളള മനോഭാവം ഇതു സംബന്ധിച്ച പിണറായിയുടെ നിലപാടുകള്‍ അദ്ദേഹത്തിന്റെ ആരാധക വൃന്ദത്തില്‍ നിന്ന് വലിയ കൈയടി നേടിക്കൊടുത്തു. എന്നാല്‍, ഈ സര്‍ക്കാര്‍ സ്വീകരിച്ച പല നിലപാടുകളും അദ്ദേഹത്തിന്റെ വിമര്‍ശകരുടെ രൂക്ഷമായ എതിര്‍പ്പും നേരിടേണ്ടി വന്നു.

സോഷ്യല്‍ മീഡിയ കാലത്തെ സുതാര്യത
ഈ മന്ത്രിസഭ കേരളത്തിലെ മറ്റു മന്ത്രിസഭകളേക്കാള്‍ സുതാര്യമായ ഒന്നായി മാറേണ്ട ഒന്നാണ്. നിരന്തരം ഓരോ നടപടികളും സോഷ്യല്‍ മീഡിയ ഓഡിറ്റിന് വിധേയമാവുന്നത് തന്നെ കാരണം. എന്നാല്‍, മുഖ്യമന്ത്രിയായി അധികാരമേറ്റയുടന്‍ പിണറായി മാധ്യമങ്ങളെ അറിയിച്ചത് തന്റെ സര്‍ക്കാര്‍ ഒട്ടും സുതാര്യമല്ല എന്ന സന്ദേശമാണ്. ഇതുവരെ നടന്നുപോന്ന രീതിയില്‍ മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള പ്രസ് ബ്രീഫിങ് നിര്‍ബന്ധമായും താന്‍ നടത്തില്ലെന്നായിരുന്നു പിണറായി ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം അറിയിച്ചത്. അറിയിക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് നിങ്ങളെ അറിയിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ തന്നെ, മന്ത്രിസഭാ നോട്ടുകള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുകയാണ് പതിവ്. എന്നാല്‍, ഇത് വിവരങ്ങളുടെ മേലുള്ള ഒരുതരം സെന്‍സറിങ് തന്നെയായിരുന്നു. ജനം അറിയണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് സര്‍ക്കാര്‍ അറിയിച്ചു പോന്നത്. മാധ്യമങ്ങളോട് പിണറായി വിജയന്‍ വ്യക്തിപരമായി അനിഷ്ടത്തിലാണെന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ ചില വാര്‍ത്തകള്‍ ഉണ്ടായതാകാം കാരണം. എന്നാലും മാധ്യമങ്ങളോട് അദ്ദേഹത്തിന്റെ പെരുമാറ്റം ഒരു മുഖ്യമന്ത്രിക്ക് യോജിച്ച വിധത്തിലായിരുന്നില്ല എന്ന് തെളിയിക്കുന്ന ഒന്നിലധികം സംഭവങ്ങളുണ്ടായി. ആര്‍.എസ.്എസ്-സി.പി.എം സംഘട്ടനത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ കടക്കൂ പുറത്ത് എന്നാക്രോശിച്ചാണ് അദ്ദേഹം മാറ്റി നിര്‍ത്തിയത്. ഈ സമീപനം സര്‍ക്കാരിന്റെ മുഴുവന്‍ കാര്യങ്ങളിലുമുണ്ടായി.  ഇതിന് ഏറ്റവും നല്ല ഉദാഹരമാണ് കഴിഞ്ഞ ഒക്ടോബറില്‍ നിയമസഭാ സമ്മേളനം അവസാനിക്കുന്ന ദിവസങ്ങളിലുണ്ടായ ഓര്‍ഡിനന്‍സ്. നേരന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഓര്‍ഡിനന്‍സിലൂടെ നിയമനിര്‍മാണം നടത്തുന്നതിനെതിരെ സി.പി.എം കേന്ദ്ര നേതൃത്വം വിമര്‍ശമുന്നയിച്ച സാഹചര്യത്തിലായിരുന്നു കേരളത്തില്‍ ഓര്‍ഡിനന്‍സിലുടെ നിയമഭേദഗതി നടന്നത്. പ്രതിപക്ഷം പോലുമറിയാതെ ഓര്‍ഡിനന്‍സിറക്കിയെന്നത് മാത്രമല്ല ഈ നിയമഭേദഗതിയിലെ പ്രശ്‌നം. തികഞ്ഞ വലതുപക്ഷ നയങ്ങളായിരുന്നു ഇതിലൂടെ നടപ്പാക്കിയത് എന്നതായിരുന്നു. ഒരു പക്ഷേ ഒരു യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്നെങ്കില്‍ കേരളത്തില്‍ സമരങ്ങളുടെ വേലിയേറ്റമുണ്ടാവുകയും സഭ സ്തംഭിക്കുകയും ചെയ്യാവുന്നത്ര ഗുരുതരമായ നിയമഭേദഗതികള്‍.

തദ്ദേശ സ്ഥാപനങ്ങളുടെ ചിറകരിയുന്നു
കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറങ്ങിയ വിജ്ഞാപനത്തിലൂടെ ഏഴ് നിയമങ്ങളാണ് ഭേദഗതി ചെയ്തത്. പഞ്ചായത്തീരാജ്, നഗരപാലിക, ചുമട്ടു തൊഴിലാളി നിയമം, ഭൂജല നിയമം, സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ആക്ട് തുടങ്ങി ഏഴ് നിയമങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്തു. ഇതില്‍ നാല് നിയമങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക പരിസ്ഥിതി മേഖലയെ ഗുരുതരമായി ബാധിക്കുന്നതാണ്. കേരള ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ് കഴിഞ്ഞ ഒക്ടോബര്‍ ഇരുപതിന് കേരളസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ്. എന്നാല്‍, ഇങ്ങനെയൊരു ഓര്‍ഡിനന്‍സ് ഇറങ്ങിയ കാര്യം കേരളത്തിലെ പ്രതിപക്ഷം പോയിട്ട് ഭരണപക്ഷത്തുള്ളവരില്‍ പോലും പലരും അറിഞ്ഞില്ല. ഈ ഓര്‍ഡിനന്‍സ് ഇറങ്ങി അഞ്ചു ദിവസം കഴിഞ്ഞ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു. കേരളത്തില്‍ വ്യവസായ-വാണിജ്യസ്ഥാപനങ്ങളാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയാണ് ഈ സര്‍ക്കാരെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ ഭാഗമായി നോക്കുകൂലി നിര്‍ത്തലാക്കും. വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് വ്യവസ്ഥകള്‍ ഉദാരമാക്കും. അപേക്ഷ നല്‍കി മുപ്പത് ദിവസത്തിനകം അനുമതി ലഭിക്കുന്ന വിധം വ്യവസ്ഥകള്‍ ഉദാരമാക്കും എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എന്നാല്‍, ഇതിനായി പുറത്തിറക്കിയ ഓര്‍ഡിനന്‍സ് സംബന്ധിച്ച മാധ്യമങ്ങളറിയുന്നത് അതിനും ഒരു മാസത്തിന് ശേഷമാണ്. നിയമസഭ ചേരാത്ത കാലമായതിനാല്‍ പ്രതിപക്ഷവും ഇതറഞ്ഞില്ല. പ്രതിപക്ഷം പോട്ടെ, ഭരണപക്ഷത്തെ പാര്‍ട്ടി നേതാക്കളൊ ട്രേഡ് യൂനിയന്‍ നേതാക്കളോ ഈ നിയമഭേദഗതി അറിഞ്ഞില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്നതെന്തിനെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ഈ നിയമഭേദഗതി.

ലോകബാങ്ക് വികസിപ്പിച്ചെടുത്ത ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ റാങ്കിങ്ങില്‍ മുന്‍നിരയിലേക്കെത്താനുള്ള ശ്രമങ്ങളുടെ ആദ്യപടിയായാണ് ഓര്‍ഡിനന്‍സ് ഉണ്ടായിരിക്കുന്നത്. 189 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ 134ാം സ്ഥാനത്താണ്. റാങ്കിങ്ങില്‍ മുന്നേറാനായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച 231 ഇന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ വിമുഖത പ്രകടിപ്പിച്ച് നില്‍ക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളാണ്.

ഇനി എന്താണ് നിയമഭേദഗതിയെന്ന് നോക്കാം. വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ ചരക്കിറക്കുന്നതും കയറ്റുന്നതും എങ്ങനെ വേണം, ആരെയുമുപയോഗിക്കണമെന്നെല്ലാം തൊഴിലുടമക്ക് തീരുമാനിക്കാം. അതായത്, ചുമട്ടു തൊഴിലാളികള്‍ക്ക് ചുമട്ടു തൊഴില്‍ ചെയ്യാനുള്ള അവകാശം തന്നെ എടുത്തു കളയുന്നു. ഇതിനായി മുഖ്യമന്ത്രി പറഞ്ഞ ന്യായീകരണം നോക്കുകൂലി ഇല്ലാതാക്കാന്‍ എന്നാണ്. സി.ഐ.ടി.യു നേതൃത്വം പോലും അറിയാതെ നടപ്പാക്കിയ ഈ ഭേദഗതിക്കെതിരെ അവര്‍ രംഗത്തെത്തിയിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ ചിറകരിയുന്നതാണ് രണ്ടാമത്തെ നിയമം. ഇതുവരെ വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അവകാശം അതത് തദ്ദേശ സ്വയംഭരണ സമിതികളില്‍ നിക്ഷിപ്തമായിരുന്നു. ഈ നിയമഭേദഗതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഭരണസമിതിയില്‍നിന്ന് ആ അധികാരം എടുത്തുമാറ്റി പഞ്ചായത്ത്-നഗരസഭാ സെക്രട്ടറിമാര്‍ക്ക് നല്‍കി. ഇതോടെ, പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണി എന്ന അവസ്ഥയിലേക്ക് അധികാര വികേന്ദ്രീകരണവും തദ്ദേശ സ്ഥാപനങ്ങളും എത്തി നില്‍ക്കുകയാണ്. അപേക്ഷ നല്‍കി മുപ്പത് ദിവസത്തിനുള്ളില്‍ അനുമതി നല്‍കണമെന്നാണ് പുതിയ ഭേദഗതി. പതിനഞ്ചു ദിവസത്തിനുള്ളില്‍ അപേക്ഷക്ക് മറുപടി നല്‍കിയില്ലെങ്കില്‍ അപേക്ഷ സ്വീകരിച്ചതായി കണക്കാക്കാമെന്നാണ് ഭേദഗതി. ഏത് പഞ്ചായത്തിലും ജനവിരുദ്ധമായ എന്ത് സംരംഭവും ആരംഭിക്കാന്‍ എളുപ്പമെന്ന് സാരം. നേരത്തെ പാറമടകളും ജനവാസകേന്ദ്രങ്ങളും തമ്മിലുള്ള ദൂരം കുറച്ച് ഉത്തരവിട്ടതും ഇതേ സര്‍ക്കാരാണ്.

ഭൂഗര്‍ഭജലത്തിന് അനുമതി വേണ്ട
ഭൂഗര്‍ഭ ജല നിയമവും ഈ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്യപ്പെട്ടിരിക്കുന്നു. നേരത്തെ ഭൂഗര്‍ഭ ജലം എടുക്കുന്നതിന് ഭൂഗര്‍ഭ ജലവകുപ്പിന്റെ അനുമതി വേണമായിരുന്നു. ഇനി അനുമതി ആവശ്യമില്ല. പകരം, എടുക്കുന്ന ജലത്തിന്റെ അളവ് കൂടാതിരുന്നാല്‍ മതി. ഇത് കേരളത്തിന്റെ ഭൂഗര്‍ഭ ജലസമ്പത്തിനുണ്ടാക്കുന്ന ആഘാതം എന്താണെന്ന പഠനം വേറെതന്നെ വേണ്ടിവരും. പ്ലാച്ചിമടയില്‍ കൊക്കോ കോള കമ്പനിക്കെതിരായ സമരം വിജയിച്ചതിന്റെ ഒരു കാരണം, ആ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയ പെരുമാട്ടി പഞ്ചായത്തിന്റെ നടപടിയായിരുന്നു. അവരുടെയും പുതുശ്ശേരി പെപ്‌സി കമ്പനിയുടേയും ഭൂഗര്‍ഭ ജലചൂഷണത്തിന് തടയിട്ട എല്ലാ നിയന്ത്രണങ്ങളും ഇതോടെ ഇല്ലാതാവുകയാണ്.

മുകളില്‍ സൂചിപ്പിച്ച ഓര്‍ഡിനന്‍സിലൂടെയുള്ള നിയമഭേദഗതി ഒരു ഇടതു സര്‍ക്കാരാണ് കൊണ്ടുവന്നത് എന്നതും ചരിത്രമാവുകയാണ്. ഈ ഓര്‍ഡിനന്‍സ് ഉമ്മന്‍ചാണ്ടിയാണ് കൊണ്ടുവന്നിരുന്നതെങ്കിലുള്ള സ്ഥിതി ആലോചിച്ചു നോക്കൂ. ഇതിനെതിരെയുള്ള പ്രതിപക്ഷത്തിന്റെയും പൗരസമൂഹത്തിന്റെയും മൗനം ഒരു ഓര്‍ഡിനന്‍സ് രാജിനുള്ള സമ്മതപത്രമാവുകയാണ്. മോദിയില്‍ നിന്ന് പിണറായിയിലേക്കുള്ള അകലമെത്രയെന്ന് പറയേണ്ടത് സി.പി.എം ദേശീയ നേതൃത്വമാണ്. മോദി ഭരണത്തെ ഓര്‍ഡിനന്‍സ് രാജ് എന്ന് ശരിയായി വിളിച്ചത് അവരാണല്ലോ.

പിണറായിയുടെ പോലീസ്
ഒരു ഭരണത്തിന്റെ നിലവാരമളക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാപിനി ആഭ്യന്തരവകുപ്പിനെ പരിശോധിക്കുകയാണ്. പിണറായി പോലീസ് സംഘി പോലീസ് എന്ന ആക്ഷേപം ഈ ഭരണത്തിന്റെ തുടക്കം മുതല്‍ കേള്‍ക്കുന്നതാണ്. സീനിയോരിറ്റി മറികടന്ന് ലോക്‌നാഥ് ബെഹ്‌റയെ ഡി.ജി.പിയാക്കിയപ്പോഴും ആഭ്യന്തരവകുപ്പിന്റെ ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്തവയെ നിയോഗിച്ചപ്പോഴുമാണ് ഈ ആക്ഷേപം ആദ്യമായി ഉയര്‍ന്നത്. സംഘ്പരിവാര്‍ അജണ്ടകള്‍ക്കനുസരിച്ച് എന്‍.ഐ.എയില്‍ പ്രവര്‍ത്തിച്ച ലോക്‌നാഥ് ബെഹ്‌റ എങ്ങനെ ഇടതു സര്‍ക്കാരിന് പ്രിയങ്കരനായി എന്ന ചോദ്യത്തിന് ഉത്തരമില്ലാതായി. പാലക്കാട് രഥയാത്രയോടനുബന്ധിച്ച് ‘ഐ വാണ്ട് മുസ്്‌ലിം ഡെഡ്‌ബോഡീസ്’ എന്നലറി സിറാജുന്നീസ എന്ന പിഞ്ചുബാലികയെ വെടിവെച്ചു കൊല്ലാന്‍ കാരണക്കാരനായ രമണ്‍ ശ്രീവാസ്തവയെ ആഭ്യന്തര വകുപ്പിന്റെ ഉപദേഷ്ടാവാക്കിയതെന്തിന് എന്ന ചോദ്യവും ഉത്തരമില്ലാതെ അലഞ്ഞു. പിന്നീട് കേരളത്തില്‍ സംഘ്പരിവാര്‍ പ്രതിസ്ഥാനത്ത് വന്ന എല്ലാ കേസുകളിലും പോലീസ് അവര്‍ക്കനുകൂല നിലപാട് സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. പറവൂരില്‍ മതപ്രബോധനത്തിനിറങ്ങിയവരെ സംഘ്പരിവാര്‍ അനുകൂലികള്‍ മര്‍ദിച്ച് പോലീസിലേല്‍പ്പിച്ചപ്പോള്‍ മുസ്‌ലിംകള്‍ മതപ്രബോധനം നടത്തി സംഘ്പരിവാറിന് മരുന്നിട്ടു കൊടുക്കരുതെന്ന് പിണറായി വിജയന്‍ ഉപദേശിച്ചു. വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ മുസ്‌ലിം പ്രഭാഷകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ പോലീസ് വര്‍ഗീയ വിഷം വിളമ്പിയ സംഘ്പരിവാര്‍ പ്രഭാഷകര്‍ക്കെതിരെ ചെറുവിരലനക്കാന്‍ മടിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മാവോയിസ്റ്റുകളാക്കി മുദ്ര കുത്തി ചെറുപ്പക്കാര്‍ക്കെതിരെ യു.എ.പി.എ ചുമത്തി. നിലമ്പൂരില്‍ നിരായുധരായ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നു. പുതിവൈപ്പിനില്‍ സമരം ചെയ്തവരില്‍ പിഞ്ചു കുഞ്ഞുങ്ങളെ വരെ പോലീസ് മര്‍ദിച്ചു. ഗെയില്‍ പൈപ് ലൈനിനെതിരെ സമരം ചെയ്തവരെ തല്ലിച്ചതച്ചു. സമീപകാലത്ത് കേരളത്തിലുണ്ടായ ഏറ്റവും ജനവിരുദ്ധ പോലീസ് നയമായി മാറി പിണറായിയുടേത്. ജനകീയ സമരങ്ങളെ ലാത്തികൊണ്ട് നേരിടാന്‍ പോലീസിനെ ഉപദേശിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. കഴിഞ്ഞ വേനല്‍ക്കാലത്ത് പാലക്കാട് ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായപ്പോള്‍, കുടിവെള്ളത്തിനായി സര്‍ക്കാര്‍ ഓഫീസുകളിലേക്ക് സമരവുമായെത്തുന്നവരെ ലാത്തി കൊണ്ട് നേരിടാന്‍ പിണറായി നിര്‍ദേശിച്ചിരുന്നു. ഒരു ജനവിരുദ്ധ ഏകാധിപത്യ ശൈലിയാണ് പിണറായി വിജയന്റെ പോലീസ് നയത്തിനുള്ളതെന്ന് വ്യക്തമാണ്.
ലവ് ജിഹാദ്, ഘര്‍വാപ്പസി, ഹാദിയ കേസ്, തൃപ്പൂണിത്തുറ യോഗകേന്ദ്രം തുടങ്ങിയ വാര്‍ത്തകളില്‍ പിണറായി വിജയന്റെ പോലീസിന്റെ സംഘ്പരിവാര്‍ ആഭിമുഖ്യം കൂടുതല്‍ വ്യക്തമായി. ലൈംഗിക പീഡനമുള്‍പ്പടെ ആരോപിക്കപ്പെട്ട തൃപ്പൂണിത്തുറയിലെ സ്ഥാപനം ഇന്നും സുഗമമായി പ്രവര്‍ത്തിക്കുന്നു. ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും സ്വീകരിച്ച നിലപാടുകളും സര്‍ക്കാരിന്റെ സംഘ്പരിവാര്‍ അനുകൂല നിലപാടിന് തെളിവായി മാറി.
എന്തു കൊണ്ടാകും ഒരു ഇടതു സര്‍ക്കാര്‍ ഇത്തരത്തില്‍ സംഘ് അനുകൂല നിലപാട് സ്വീകരിക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്. പ്രത്യക്ഷത്തില്‍ സായുധമായി സംഘ്പരിവാറിനെ ചെറുത്തു നില്‍ക്കുന്ന ഒരു പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാര്‍ ഇങ്ങനെയാകുമോ? ഇവിടെ മറ്റൊരു സിദ്ധാന്തം പ്രചരിക്കുന്നുണ്ട്. ലാവ്ലിന്‍ കേസില്‍ കേന്ദ്ര സര്‍ക്കാരും സി.ബി.ഐയും സ്വീകരിക്കുന്ന നിലപാടില്‍ ഭയന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണ് പിണറായിയുടേതെന്ന്. അതല്ല, ഒരു മൃദു ഹിന്ദുത്വ ലൈന്‍ സ്വീകരിച്ച് മുസ്‌ലിം വിരുദ്ധ പിന്തുണ നേടാനുള്ള ശ്രമമായും വ്യാഖ്യാനിക്കപ്പെടുന്നു. അതല്ല, എല്ലാ ഇടതു സര്‍ക്കാരുകളും ഇതുപോലെ തന്നെയാണ് എന്ന വാദവുമുണ്ട്. എന്തായാലും മൃദു സംഘ്പരിവാര്‍ അജണ്ടയുടെ പേരില്‍ പഴികേള്‍ക്കേണ്ടിവന്ന മറ്റൊരു ഇടതുസര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ല.

മന്ത്രിമാരുടെ രാജി
മൂന്ന് മന്ത്രിമാരാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജിവെച്ചത്. സ്വജനപക്ഷപാതത്തിന്റെ പേരില്‍ ഇപി ജയരാജന് വ്യവസായ മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നു. പിന്നാലെ ഹണിട്രാപ് സംഭവത്തില്‍ എകെ ശശീന്ദ്രനും. ദിവസങ്ങള്‍ക്ക് പിന്നാലെ ശശീന്ദ്രന്റെ പിന്‍ഗാമി തോമസ് ചാണ്ടി കായല്‍ വിവാദത്തിലും സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് ജോസഫ് ഗ്രൂപ്പില്‍ പി.ജെ ജോസഫും ടി.യു കുരുവിളയും രാജിവെച്ച അതേ സ്ഥിതിവിശേഷം. പിന്നീട് ജോഫ് കുറ്റവിമുക്തനായപ്പോള്‍ കുരുവിളയുടെ പിന്‍ഗാമി മോന്‍സ് രാജിവെച്ച് ജോസഫിന് കസേര കൊടുത്തു. ഇവിടെ ശശീന്ദ്രന്‍ കസേര കാത്തു നില്‍ക്കുന്നു. മാധ്യമങ്ങള്‍ തന്നെയാണ് മന്ത്രിമാരുടെ രാജിക്ക് പിന്നില്‍. അതില്‍ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച സംഭവത്തില്‍ ഒരു മാധ്യമസ്ഥാപനത്തിന്റെ പ്രഫഷണല്‍ നൈതികത ചോദ്യം ചെയ്യപ്പെട്ടു. സോഷ്യല്‍ മീഡിയ കാലത്ത് പിണറായി സര്‍ക്കാര്‍ മാത്രമല്ല, പൊതു സമൂഹവും മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിക്കാന്‍ തുടങ്ങിയിരിക്കുന്നു. ദൃശ്യമാധ്യമങ്ങള്‍ തുടര്‍ന്നു പോന്ന ഹിംസാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വാഭാവിക തിരിച്ചടിയായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടു. മറുപക്ഷത്ത് പോസ്റ്റ് ട്രൂത്ത് കാലത്ത് , സോഷ്യല്‍ മീഡിയ കാലത്ത് മുഖ്യധാരാ മാധ്യമങ്ങളോട് ജനങ്ങള്‍ക്കുണ്ടാകുന്ന അവിശ്വാസത്തിന്റെ പ്രതിഫലനമായും ഇത് വ്യാഖ്യാനിക്കപ്പെട്ടു. എന്തായാലും മാധ്യമങ്ങളും സ്വയം വിമര്‍ശം നടത്തുന്നതിലേക്ക് സംഭവങ്ങളെത്തിച്ചേര്‍ന്നു.

 

സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ്
ഈ സര്‍ക്കാരിനെ സംബന്ധിച്ച് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിലയിരുത്തല്‍ വിഷമകരമാണ്. ക്ഷേമപദ്ധതികള്‍, സംയോജിത ഭവനനിര്‍മാണ പദ്ധതിയായ ലൈഫ് എന്നിവ നേട്ടമായി വിവരിക്കുമ്പോഴും കോട്ടങ്ങളുടെ എണ്ണം നിരവധിയാണ്. മൂന്നാര്‍ ഒഴിപ്പിക്കല്‍, കൊട്ടക്കാമ്പൂരിലെ കുറിഞ്ഞി സാങ്ച്വറി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഭരണമുന്നണിക്കുള്ളിലുണ്ടായ ഭിന്നത, തോമസ് ചാണ്ടി വിഷയത്തില്‍ ചാണ്ടി സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്, കൂട്ടുത്തരവാദിത്തമില്ലായ്മയെന്ന കോടതി പരാമര്‍ശം, അട്ടപ്പാടിയിലെ ശിശുമരണം, ഗോവിന്ദാപുരത്തെ അയിത്ത പ്രശ്‌നത്തില്‍ സര്‍ക്കാരും സി.പി.എമ്മും സ്വീകരിച്ച നിലപാട്, ഏറ്റവുമൊടുവില്‍ ചുഴലിക്കാറ്റ് സംഭവത്തില്‍ മുന്നറിയിപ്പ് നല്‍കുന്നതില്‍ സംഭവിച്ച വീഴ്ച തുടങ്ങിയവയും മേലെ സൂചിപ്പിച്ചവ കൂടാതെ സര്‍ക്കാരിന്റെ വിമര്‍ശകര്‍ക്കുള്ള ആയുധങ്ങളാണ്. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി വിജയനായി നില്‍ക്കുന്നത് പ്രതിപക്ഷത്തെ ദുര്‍ബലമാക്കിയതിലൂടെയാണ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റാരോപിതരായ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്മാറി. പാലക്കാട് ആര്‍.എസ.്എസ് മേധാവി മോഹന്‍ ഭാഗവത് ചട്ടം ലംഘിച്ച് ദേശീയ പതാകയുയര്‍ത്തിയ സംഭവത്തില്‍ കേസെടുക്കാതെ ഭയന്ന് പിന്മാറിയ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയ കലക്ടറെ സ്ഥലം മാറ്റി. കഴിഞ്ഞ വി.എസ് സര്‍ക്കാരുമായി താരതമ്യം ചെയ്താല്‍ കോട്ടങ്ങളും മൈനസ് മാര്‍ക്കുമാണ് ഈ സര്‍ക്കാരിന് മേല്‍ കൂടുതലുമുള്ളത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757