press release

കേരള വനിതാ കമ്മീഷന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും നഷ്ടപ്പെടുന്നു – വെല്‍ഫെയര്‍ പാര്‍ട്ടി വനിതാ വിഭാഗം

എറണാകുളം: കേരള വനിതാ കമ്മീഷന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും നഷ്ടപ്പെടുന്നതായി വെല്‍ഫെയര്‍ പാര്‍ട്ടി വനിതാ വിഭാഗം നേതാക്കള്‍ പത്ര സമ്മേളനത്തില്‍ ആരോപിച്ചു. കേരളത്തിലെ സ്ത്രീകള്‍ക്ക് വനിതാ കമ്മീഷന്‍ വഴി നീതി കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സമകാലിക സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഹാദിയ എന്ന പെണ്‍കുട്ടി മാസങ്ങളോളം വീട്ടുതടങ്കലില്‍ കഴിഞ്ഞിട്ടും അവിടെ സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ വനിതാ കമ്മീഷന്റെ അധികാരം ഉപയോഗിച്ചില്ലെന്നു മാത്രമല്ല ഇത് സംബന്ധിച്ച് ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകര്‍ അടക്കം നല്‍കിയ പരാതികളെല്ലാം യാതൊരു നടപടിയുമില്ലാതെ ചവറ്റുകൊട്ടയില്‍ കളയുകയാണ്. തൃശൂരിലെ ഒരു കോളേജ് അധ്യാപിക്കുനേരെ സംഘ്പരിവാറിന്റെ വധ ഭീഷണിയും സോഷ്യല്‍ മീഡിയവഴി തേജോവധവും നടന്ന സമയത്ത് പൊതു പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പോലീസില്‍ കേസുകൊടുക്കുക എന്ന് അധിക്ഷേപിക്കുന്ന രീതിയുള്ള മറുപടിയാണ് വനിതാ കമ്മീഷന്‍ നല്‍കിയത്. തൃപ്പൂണിത്തുറയിലെ ഘര്‍വാപസി പീഢന കേന്ദ്രത്തില്‍ നിരവധി പെണ്‍കുട്ടികള്‍ പീഢിപ്പക്കപ്പെട്ട വാര്‍ത്തകള്‍ വന്നിട്ടും സ്വമേധയാ യാതൊരു നടപടിയും വനിതാ കമ്മീഷന്റെ ഭാഗത്തു നിന്നുണ്ടായില്ല. അവിടെ പീഢനത്തിന് വിധേയരായ ഒരു ഉത്തരേന്ത്യന്‍ പെണ്‍കുട്ടി കമ്മീഷന് നല്‍കിയ പരാതിയില്‍ തുടര്‍ കാര്യങ്ങള്‍ യാതൊന്നും ചെയ്തിട്ടില്ല, മറ്റൊരു പെണ്‍കുട്ടി ഇതേ സ്ഥാപനത്തിനെതിരെ നേരിട്ട് നല്‍കിയ പാരതിയില്‍ കമ്മീഷനെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം അത് മൂടിവെക്കുകയാണ് ചെയ്തത്. മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം നടത്തിയ രാധാകൃഷ്ണപിള്ള എന്ന ആര്‍.എസ്എസ് പ്രവര്‍ത്തകനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര നല്‍കിയ പരാതിയിലും ഒരു നടപടിയും കമ്മീഷന്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍, മലപ്പുറത്ത് ഫ്‌ളാഷ് മോബ് നടത്തിയ പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയിലൂടെ അധിഷേപിച്ച ചിലര്‍ക്കെതിരെ സ്വമേധയാ കേസെടുക്കുമെന്ന് കമ്മീഷന്‍ പ്രസ്താവന നല്‍കി. ശേഷമെന്തെങ്കിലും നടപടിയെടുത്തോ എന്ന് അറിയില്ല.
തെരെഞ്ഞെടുപ്പില്‍ സീറ്റ് കീട്ടാത്ത പാര്‍ട്ടി നേതാക്കളെ കുടിയിരുത്താനുള്ള വേദിയായി വനിതാ കമ്മീഷന്‍ മാറിയിരിക്കുന്നു. സംഘ്പരിവാര്‍ രൂപപ്പെടുത്തിയ സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പൊതുബോധമനുസരിച്ച് മാത്രമാണ് കേരളത്തില്‍ വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. നീതി പ്രതീക്ഷിച്ച് കമ്മീഷനെ സമീപിക്കുന്ന കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്ന നിലപാടാണ് വനിതാ കമ്മീഷനുള്ളത്. ഖജനാവിന് ബാധ്യതയുണ്ടാക്കുന്നുണ്ട് എന്നല്ലാതെ കേരളത്തിലെ സ്ത്രീകള്‍ക്ക് നാളിതുവരെ വനിതാ കമ്മീഷന്റെ പ്രവര്‍ത്തനം മൂലം എന്ത് നേട്ടമാണുണ്ടായതെന്ന് സോഷ്യല്‍ ഓഡിറ്റിങ് നടത്തേണ്ട സമയമായെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757