Opinion

സംഘ്പരിവാറും ഇടതുപക്ഷത്തിന്റെ പ്രതിരോധ ഭീതിയും – സുഫീറ എരമംഗലം

 

ആപേക്ഷികമായ പ്രബുദ്ധതയില്‍ മറ്റു സംസ്ഥാനങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിന്റെ പൊതു ബോധവും സവര്‍ണ ബോധങ്ങളില്‍ നിന്നാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ജാതീയമായ വേരുകളില്‍ ഊന്നിനിന്ന കാലം നവോത്ഥാനഘട്ടങ്ങളിലൂടെ കടന്നുവന്ന് ഭൗതികമായ സ്വാതന്ത്ര്യ സൗകര്യങ്ങളെ കേരളത്തിന് സമ്മാനിക്കുകയുണ്ടായി. (ഈ പൊതു വസ്തുതയുടെ അക്ഷരങ്ങള്‍ക്കിടയിലൂടെ വായിക്കേണ്ടതായ ഒരു കാലസന്ധിയിലാണ് നാമുള്ളത്) ഇതര സംസ്ഥാനങ്ങളെക്കാള്‍ ദുര്‍ഘടങ്ങളായ സാമൂഹിക അനീതികള്‍ കേരളത്തിലെ കീഴാള ജീവിതത്തെ അനുഭവിപ്പിച്ചതിനു പിന്നില്‍ വര്‍ണാശ്രമ കുടില മനസ്‌കതയായിരുന്നു. മിഥ്യാഭിമാന ബോധങ്ങള്‍ ആഢ്യത്വത്തിന്റെ ആവരണങ്ങളണിഞ്ഞ് ഹിംസാത്മകമായ ചെയ്തികളിലൂടെ സഹജീവിതങ്ങളെ ദുഷ്‌കരമാക്കി. ജീവിതത്തിന്റെ സുഖദുഃഖങ്ങള്‍ക്കിടയില്‍ ജാതി മതിലുകള്‍ പണിത് ഇടപാടുകളിലെയും ഇടപെടലുകളിലെയും വഴികളില്‍ അസ്വാതന്ത്ര്യത്തിന്റെ അകറ്റിനിര്‍ത്തലുകളെ കര്‍ക്കശമായി സ്ഥാപിച്ചു. ഈ വരേണ്യ ‘ഭൂത’ത്തെ പുറംകാല്‍കൊണ്ട് വകഞ്ഞുമാറ്റിയ നവോത്ഥാനം ഇന്ന് ന്യൂനപക്ഷ-കീഴാള ജീവിതങ്ങള്‍ക്ക് ആത്മവിശ്വാസവും നിര്‍ഭയത്വവും നല്‍കുന്നുണ്ടോ എന്നതിനെക്കുറിച്ച പുതിയ ചിന്തകള്‍ ഉയര്‍ന്നുവരുന്നുണ്ട്.

തികച്ചും പ്രകൃതിപരമായതും തെരഞ്ഞെടുപ്പ് അപ്രാപ്യവുമായ ജന്മത്തിന്റെ പേരില്‍ പീഢനപര്‍വങ്ങള്‍ താണ്ടിയ കീഴാള ജീവിതം തീക്ഷ്ണാനുഭവങ്ങളിലൂടെ അടിച്ചമര്‍ത്തപ്പെട്ടപ്പോള്‍ അവരിലെ സ്വാതന്ത്ര്യപരമായ മാറ്റത്തിനായ ഉല്‍ക്കടമായ അഭിനിവേശം നവോത്ഥാന പരിശ്രമങ്ങളായി. ചരിത്രം എന്നും സര്‍ഗാത്മകമായിട്ടുള്ളത് വേദനകളുടെയും അടിച്ചമര്‍ത്തലുകളുടെയും നീറ്റലുകളില്‍നിന്നുയരുന്ന നിശ്വാസ ധൂമങ്ങളെ ഊര്‍ജമായി സ്വീകരിച്ചുകൊണ്ടാണ്. സുഖലോലുപതയുടെ സ്തംഭനാവസ്ഥകളാണ് നിഷേധാത്മകമായ മാറ്റത്തിന്റെ പതനാവസ്ഥയിലേക്ക് നയിച്ചത്.

വിദേശാധിപത്യത്തിന് നാടിനെ അടിയറ വെക്കുവാന്‍ നാട്ടുരാജാക്കന്മാരെ പ്രേരിപ്പിച്ചത് നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് മുമ്പില്‍ സുഖസ്തംഭനം ആസ്വാദന ലക്ഷ്യമാക്കിയതാണ്. അല്ലെങ്കിലും പ്രതിരോധത്തിന്റെ പാഠങ്ങള്‍ ഉയിരെടുത്തത് ജാതി ബോധങ്ങളില്‍ നിന്നന്യമായ നീതി ബോധ്യങ്ങളില്‍നിന്നായിരുന്നു. ”നമ്മുടെ രാജ്യത്ത് സ്വജാതിയിലോ ഉയര്‍ന്ന ജാതിയിലോ പെട്ട പുരുഷന് വശംവദയാകാത്ത സന്മാര്‍ഗ ഹീനകളായ സ്ത്രീകളുണ്ടെങ്കില്‍ അവരെ ഉടന്‍ വധിക്കേണ്ടതാകുന്നു” എന്ന കാര്‍ത്തികപ്പള്ളി നാടുവാഴിയുടെ വിളംബരത്തിലെ സ്ത്രീ വിരുദ്ധതയും വ്യഭിചാരാഹ്വാനവും, ടിപ്പുവിന്റെ വിളംബരത്തിലെ നൈതിക മൂല്യത്തില്‍നിന്ന് എപ്രകാരം വ്യത്യസ്തമായിരിക്കുന്നുവെന്നത് പഴമയുടെയും തനിമാവാദത്തിന്റയും പ്രചാരകര്‍ക്കു മുന്നില്‍ വെക്കുകയാണ്. ”നിങ്ങളുടെ ഇടയില്‍ ഏതു സ്ത്രീക്കും പത്തു പുരുഷന്മാരോടൊപ്പം കഴിയാമെന്ന ആചാരം നിലവിലുള്ളത് കൊണ്ടും നിങ്ങള്‍ അമ്മ പെങ്ങന്മാരെ അങ്ങനെ അഴിഞ്ഞാട്ടം നടത്താന്‍ അനുവദിക്കുന്നതുകൊണ്ടും നിങ്ങളത്രയും വ്യഭിചാര സന്തതികളാണെന്ന് മാത്രമല്ല, മൃഗങ്ങളെക്കാള്‍ കഷ്ടകരമാണ് നിങ്ങളുടെ ലൈംഗിക ബന്ധങ്ങള്‍. ഇത്തരം പാപകരമായ പ്രവൃത്തിയില്‍നിന്ന് വിരമിക്കാനും നാം നിങ്ങളോട് ആജ്ഞാപിക്കുന്നു.” വ്യഭിചാരത്തിലേക്കുള്ള ഭീബത്സമായ ക്ഷണവും വ്യഭിചാരത്തില്‍നിന്ന് വിട്ടുനില്‍ക്കുവാനുള്ള ആഹ്വാനവും തമ്മില്‍ എത്രമാത്രം ധാര്‍മിക നൈതിക അകലമുണ്ടോ അത്രത്തോളം അകലം തന്നെയാണ് വൈദേശിക ആധിപത്യ പ്രതിരോധ പാഠങ്ങളില്‍ പ്രസ്തുത തലത്തിലുള്ള ഭരണാധികാരികളെക്കുറിച്ച പരസ്പര വിശകലനങ്ങളിലും നിലനില്‍ക്കേണ്ടത്. പക്ഷേ, ചരിത്ര ബോധങ്ങളെ കീഴ്‌മേല്‍ മറിച്ചിടുന്ന അവബോധങ്ങളെയാണ് ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമായ ചരിത്രമെഴുത്തുകള്‍ പകര്‍ന്നു നല്‍കുന്നത്. ടിപ്പുവിനെ ക്ഷേത്ര ധ്വംസകനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുത്തവനും ഹിന്ദുരാജാക്കന്മാരുടെ ഘാതകനുമാക്കി ചിത്രീകരിക്കുന്നതിലൂടെ അവര്‍ ലക്ഷ്യം വെക്കുന്നത് മുസ്‌ലിം വിരുദ്ധതയുടെ അനിവാര്യത ബോധ്യപ്പെടുത്തുന്നിടത്തേക്ക് ചരിത്രത്തെ അപനിര്‍മിക്കുക എന്നതാണ്. വര്‍ത്തമാന-ഭൂതകാല ബോധങ്ങളെ രൂപപ്പെടുത്തുക മാത്രമല്ല, ഭൂതകാല ബോധ്യങ്ങളെ മലിനമാക്കുകയും ഉടച്ചു വാര്‍ക്കുകയും ചെയ്യുക എന്നതുകൂടി ഫാഷിസത്തിന്റെ രീതിയാണ്. ഭൂതകാല ചരിത്രത്തെ വികലമാക്കി വര്‍ത്തമാന മനോഭാവങ്ങളെ രൂപപ്പെടുത്തി ഭാവിയെ നിര്‍ണയിക്കുകയും വരുതിയിലാക്കുകയും ചെയ്യുന്ന സവര്‍ണ ഫാഷിസത്തിന്റെ പദ ചലനങ്ങളെക്കുറിച്ച് നാം ജാഗരൂകരാകേണ്ടിയിരിക്കുന്നു.

സംഘ്പരിവാറിന്റെ ഇത്തരം ഫാഷിസ്റ്റ് വത്കരണങ്ങള്‍ മോദി കാലത്ത് അവര്‍ സമര്‍ഥമായി അടിച്ചേല്‍പിക്കുന്നതില്‍ വിജയിച്ചുകൊണ്ടിരിക്കുന്നു. മുസ്‌ലിം ജനസംഖ്യാ വര്‍ധനവ് നിയന്ത്രിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ മൂന്ന് പതിറ്റാണ്ടിനകം ഇന്ത്യ മുസ്‌ലിം രാഷ്ട്രമായി മാറുമെന്ന വിഷവാക്കുകള്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്് കേരളത്തില്‍ വന്ന് പ്രഖ്യാപിക്കുകയുണ്ടായി. കുമ്മനം ശശികലമാര്‍ വിഷവിശറി വീശിക്കൊണ്ടിരിക്കുന്നത് അനുയായികളില്‍ അസഹിഷ്ണുതയുടെ ആവേശം പകര്‍ന്നുകൊണ്ടാണ്. സോഷ്യല്‍ മീഡിയകളിലെ ട്രോള്‍ ആര്‍മിയാണ് ആക്ടിവിസ്റ്റുകളുടെ കൊലകളിലേക്കുള്ള ആയുധപ്പുരകളാകുന്നത്. ലൗജിഹാദ്, തീവ്രവാദി, രാജ്യദ്രോഹി തുടങ്ങിയ പദാവലികളിലൂടെ അപരപ്പെട്ട സമുദായത്തില്‍നിന്ന് ഫൈസല്‍, റിയാസ് മൗലവി തുടങ്ങിയവരുടെ ജീവനെടുത്തവര്‍ മത സംവാദത്തിനായുള്ള സ്വതന്ത്ര അന്തരീക്ഷത്തെ പൂര്‍ണമായും ഇല്ലാതാക്കി. ആയുധപ്പുരകളും ആയോധന മുറകളും അലങ്കാരമാക്കുന്നവര്‍ ദേശീയ മാതൃകകള്‍ ഉള്‍ക്കൊണ്ട് അവ പയറ്റുന്നതിനുള്ള കലാപങ്ങള്‍ക്കായി മണം പിടിച്ചുകൊണ്ടിരിക്കുകയാണ്.

ചരിത്രത്തിന്റെ സാംസ്‌കാരിക-സൗന്ദര്യാത്മകതകളെ പോലും അസഹിഷ്ണുതയുടെ കണ്ണുകളിലൂടെ കാണുന്നതിന്റെ നിരവധി ഉദാഹരണങ്ങളിലൊന്നാണ് താജ്മഹലിന്റെ നേര്‍ക്കുള്ള ആരോപണാക്രമണങ്ങള്‍. പ്രിയ പത്‌നി മുംതാസിനോടുള്ള പ്രണയസ്മാരകമായി മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണിയിപ്പിച്ച ലോകാത്ഭുതത്തെയും ശിവക്ഷേത്രം എന്ന വാദത്തിലൂടെ അവര്‍ പിടികൂടിയിരിക്കുകയാണ്. ചരിത്ര സ്മാരകത്തിലെ സൗന്ദര്യാവിഷ്‌കാരത്തെ ചോദ്യം ചെയ്യുന്നവര്‍ സിനിമയിലെ ചരിത്ര-കാല്‍പനിക സമ്മിശ്രണങ്ങളെയും കലഹ ഭൂമികയാക്കുന്നു. സ്മാരകങ്ങളും ആവിഷ്‌കാരങ്ങളും അദൃശ്യവത്കരിക്കുന്നതിലേക്കുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് പത്മാവതി എന്ന സിനിമ. സഞ്ചയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പത്മാവതി എന്ന സിനിമ റാണി പത്മിനിയെക്കുറിച്ച കേവല മിത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 14-ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച അലാവുദ്ദീന്‍ ഖില്‍ജിയെ അവതരിപ്പിക്കുന്നുവെന്നത് (പ്രതിലോമപരമായിട്ടും) തന്നെയാണ് ഫാഷിസ്റ്റുകളെ ചൊടിപ്പിക്കുന്നത്. വൈദേശിക ആധിപത്യത്തിനെതിരെ നിതാന്ത സമരം നയിച്ച അലാവുദ്ദീന്‍ ഖില്‍ജി യഥാര്‍ഥത്തില്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലം നിരന്തരമായ മംഗോള്‍ ആക്രമണങ്ങള്‍ക്കെതിരിലുള്ള പ്രതിരോധമായിരുന്നു, സാംസ്‌കാരികവും വൈജഞാനികവുമായ അഭ്യുന്നതിയിലേക്ക് രാജ്യത്തെ നയിക്കുന്നതായിരുന്നു. ആവിഷ്‌കാരങ്ങള്‍ക്കും കലകള്‍ക്കും വിജ്ഞാനീയങ്ങള്‍ക്കും മതാതീതമായ പരിപ്രേക്ഷ്യത്തിലൂന്നിയ വിനിമയ വികാസങ്ങളെ സാധ്യമാക്കിയ ഒരു ഭരണാധികാരിയെത്തന്നെ കലാവിഷ്‌കാരത്തില്‍ പോലും ചിത്രപ്പെടുവാന്‍ അനുവദിക്കാത്തിടത്തേക്കുള്ള വംശീയ അധോയാനമാണിവിടെ കാണുന്നത്. സഞ്ചയ് ലീലാ ബന്‍സാലിയുടെയും ദീപികാ പദുക്കോണിന്റെയും തലക്ക് പത്തു കോടി വിലയിട്ട് ഹരിയാനയിലെ ബി.ജെ.പി. നേതാവ് സൂരജ്പാല്‍ വധഭീഷണി മുഴക്കിയിരിക്കുന്നു. ദീപികാ പദുക്കോണിനെ ജീവനോടെ കത്തിക്കുന്നവര്‍ക്ക് ഉത്തര്‍ പ്രദേശിലെ അഖില ഭാരതീയ ക്ഷത്രിയ മഹാസഭാ നേതാവ് ഭുവനേശ്വര്‍സിംഗ് ഒരുകോടി രൂപ പാരിതോഷികവും വാഗ്ദാനവും ചെയ്തിട്ടുണ്ട്്. മതേതര ജനാധിപത്യ പാരമ്പര്യം ഘോഷിക്കുന്ന ഒരു രാജ്യത്തിന്റെ ഭരണകക്ഷിയുടെ ഉത്തരവാദ നേതൃത്വത്തില്‍ നിന്നുതന്നെ ഹിംസയുടെ വിഷവാളുകള്‍ ഉതിരുമ്പോഴും മൗനത്തെ മറയാക്കിയുള്ള ഭരണകൂട ആശീര്‍വാദങ്ങളാണ് പൗരന്മാരില്‍ അരക്ഷിതത്വവും ഭീതിയും ഉളവാകുന്നത്.

പച്ചമാംസത്തോടുള്ള ആസക്തി നരഭോജി മനോഭാവത്തെയാണ് പ്രകടമാക്കുന്നത്. ആരാധനയുടെയും പേരിലും ഭക്ഷണ സ്വാതന്ത്ര്യത്തിന്റെ പേരിലും ആണ്‍ പെണ്‍ ഭേദമന്യേ പച്ചക്ക് കത്തിക്കപ്പെടുകയും നിഷ്ഠൂരമായി അരിയപ്പെടുകയും ചെയ്തത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയുണ്ടായിട്ടുണ്ട്. മനുഷ്യത്വത്തിന്റെ അണുമാത്രയെങ്കിലും ഉള്ളവര്‍ക്ക് അതു കാണുവാനുള്ള കെല്‍പ് ഇല്ലാതിരിക്കുന്നത് ഇരയുടെ വേദനകളോട് തന്മയീഭാവം പുലര്‍ത്തുന്നതുകൊണ്ടുതന്നെയാണ്. ഇത് കണ്ടാസ്വദിക്കുകയും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ ഫാഷിസ്റ്റ് മനോഗതി മൃഗീയം എന്നു വിശേഷിപ്പിച്ചാല്‍ മൃഗങ്ങളോടുള്ള അനീതിയാകും. പൈശാചികം എന്ന പദം പോലും അര്‍ഥവ്യാപ്തിക്ക് അപര്യാപ്തമാണ്. ഭാഷയെ പോലും നിര്‍വീര്യമാക്കുന്ന കാലം പാതക പര്യായങ്ങളെ ആവാഹിച്ച് ക്രൗര്യവും ഹൃദയശൂന്യതയും തേടിക്കൊണ്ടിരിക്കുന്ന പുതിയ ഫാഷിസ്റ്റ് പദാവലികള്‍ ഉടലെടുത്തുകൊണ്ടിരിക്കുന്നു.
അധികാരത്തിന്റെ പരിലാളനകളോടെ രാജ്യത്തുടനീളം വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് സാംസ്‌കാരികതയില്‍ ഊന്നിയ പൊതുബോധത്തിന്റെ കേരളത്തിലേക്കുള്ള കടന്നുവരവ് എങ്ങനെയൊക്കെ തടയാം എന്നതിനെക്കുറിച്ച ചിന്തകളും പദ്ധതികളുമാണ് പുതിയ കാലം ആവശ്യപ്പെടുന്ന ഏറ്റവും വലിയ നവോത്ഥാന പ്രവര്‍ത്തനം.

ഇടതുപക്ഷ പ്രതിരോധത്തിന്റെ പ്രതിസന്ധികള്‍
ദേശദ്രോഹീ, ജിഹാദി തുടങ്ങിയ ആക്ഷേപപദങ്ങളിലൂടെ ഭാഷ ‘വികസിച്ചു’കൊണ്ടിരിക്കുന്നു. ജനരക്ഷാ യാത്രയിലൂടെ കേരളത്തിന്റെ രാഷ്ട്രീയ ബോധത്തിന്റെ അനുഭാവം സാധ്യമായില്ലെങ്കിലും സാംസ്‌കാരിക ബോധത്തെ അലോസരപ്പെടുത്താതെ തന്നെ ആശയ സാധുത കരഗതമായി. ജിഹാദ് കമ്യൂണിസ്റ്റ് ഭീകരതക്കെതിരെ കാലാള്‍പ്പട നയിച്ചവരെ കേരളത്തിന്റെ പ്രബുദ്ധ ബോധം അവഗണിച്ചുവെങ്കിലും അതിലൂടെ രാഷ്ട്രീയ മികവ് ലഭിച്ചത് സി.പി.എമ്മിന് തന്നെയാണ്. ബീഫിലൂടെ കൈയാളിയ ന്യൂനപക്ഷ സംരക്ഷണ പ്രതിഛായയുടെ തുടര്‍ച്ചക്ക് ജനരക്ഷായാത്ര ഉപകരിച്ചു. ദീര്‍ഘനാളത്തെ സാമൂഹിക രാഷ്ട്രീയ പരിഷ്‌കരണങ്ങളിലൂടെ ഉണര്‍വ് നേടിയതാണ് കേരളത്തിന്റെ സമ്മിശ്ര പാരമ്പര്യം. അത് നിലവില്‍ വരികയും നിലനില്‍ക്കുകയും ചെയ്യുന്ന സാമൂഹിക അസ്തിവാരം പണിയുന്നതില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കുള്ള പങ്ക് അനിഷേധ്യമാണ്. എങ്കിലും അവ മാത്രമല്ല, കേരളത്തിന്റെ നവോത്ഥാനത്തെ സാധ്യമാക്കിയത് എന്ന് ചരിത്രത്തില്‍ അടയാളപ്പെട്ടിട്ടുണ്ട്്. ‘കേരള നമ്പര്‍ വണ്‍’ എന്നതിന്റെ മുഴുവന്‍ ക്രഡിറ്റും നിലനില്‍ക്കുന്ന ഭരണകക്ഷിക്ക് ചാര്‍ത്തപ്പെട്ടത് മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ഇമേജ് വര്‍ണാഭമാക്കുന്നതിന് സഹായകമായി. സാമൂഹിക മാധ്യമങ്ങളിലൂടെ അതിധ്രുതം പടര്‍ന്ന കേരളീയ മൈത്രീ ബോധം ശുഭോദര്‍ക്കമാണ്. ഫാഷിസത്തിന്റെ രാഷ്ട്രീയ ദൃശ്യതകളെ നിരാകരിക്കുമ്പോഴും സാംസ്‌കാരിക സ്വാംശീകരണത്തിലൂടെ ഫാഷിസത്തിന് അനുകൂലമായ മണ്ണിനെയും മനസ്സിനെയും പാകപ്പെടുത്തുന്ന നടപടികളാണ് ഇടതു സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ജിഹാദി ചുകപ്പ് ഭീകരത എന്ന ഫാഷിസ്റ്റുകളുടെ സമന്വയത്തിലൂടെ ഭരണകക്ഷിയായ സി.പി.എമ്മിന് ഭരണസ്വാധീനമില്ലാത്ത മുസ്‌ലിം വിഭാഗത്തിന്റെ സംരക്ഷണം ബാധ്യതയായി. എന്നാല്‍, ജനരക്ഷാ യാത്രയില്‍ ബി.ജെ.പി ക്ക് നെഗറ്റീവ് ഇഫക്ട് ഉണ്ടാക്കിയ സമാന സംബോധന തന്നെ സഹ ആരോപിതര്‍ക്ക് സി.പി.എം ചാര്‍ത്തിക്കൊടുക്കുന്ന വൈരുധ്യം ജനകീയ സമരമുഖങ്ങളില്‍ കാണുവാന്‍ കഴിഞ്ഞു.

ഗെയില്‍ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട തികച്ചും ന്യായമായ, മണ്ണ് നിഷേധിക്കപ്പെടുന്നവരുടെ അതിജീവന സമരത്തെ അഭിമുഖീകരിച്ചത് തീവ്രവാദി എന്നാക്ഷേപിച്ചുകൊണ്ടാണ്. ഭരണകൂടത്തിന് എതിരു നില്‍ക്കുന്നവരെ തീവ്രവാദ മുദ്ര ചാര്‍ത്തുക എന്നത് സാമ്രാജ്യത്വ ശക്തികള്‍ മുമ്പും പ്രയോഗിച്ചിട്ടുള്ളതാണ്. വൈദേശിക ശക്തികളോട് എതിരു നിന്ന് 1921-ലെ മലബാര്‍ സമരത്തെ അടിച്ചമര്‍ത്തുവാന്‍ അവര്‍ ഉപയോഗിച്ചത് ഇതേ തന്ത്രം തന്നെയാണ്. കേരളത്തിലെ ഇടതു പൊതുബോധം അനുവദിച്ചുകൊടുക്കാത്ത ഭീകരവാദ മുദ്ര സ്വാഭാവികമായി വന്നുപതിയുന്നത് ജനകീയ സമരങ്ങളെ അവഗണിക്കാത്ത നവരാഷ്ട്രീയ മുന്നേറ്റങ്ങളുടെ മേലാണ്. ഫലത്തില്‍ ഇടതാണ് ശരി എന്ന യാഥാസ്ഥിതികമായ സാമാന്യ കാഴ്ചപ്പാട് ഇടതിന്റെ ഇടര്‍ച്ചകളെ കാണാതിരിക്കുന്നു. ഇടതിനു മാത്രമാണ് ന്യൂനപക്ഷ സംരക്ഷണാവകാശമെന്ന അവബോധം അപരമായി കരുതുന്ന ജനാധിപത്യത്തിന്റെ പുതിയ തുടിപ്പുകളെ മുന്‍വിധിയുടെ കണ്ണടകളിലൂടെ മാത്രം നോക്കിക്കാണുന്നു. ഇരകളുടെ പക്ഷം എന്ന് വായ്ത്താരി ഇടുമ്പോഴും ന്യൂനപക്ഷ പ്രീണനം എന്ന ന്യൂനപക്ഷ വിരുദ്ധ സമസ്യയെ ഭയന്നുകൊണ്ടിരിക്കുന്നു ഇടതു സര്‍ക്കാര്‍.

മുന്നോക്ക സംവരണം എന്ന ‘തുലാഭാര’ത്തിലൂടെ സി.പി.എം പ്രസാദിപ്പിക്കുന്നത് ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ സാംസ്‌കാരിക ‘ബോധദിവ്യതയെ’ തന്നെയാണ്. കേന്ദ്രത്തിലെ ഫാഷിസ്റ്റ് സര്‍ക്കാറിനേക്കാള്‍ ഒരു മുഴം മുമ്പേയെറിഞ്ഞ കയര്‍ സ്വയം കുരുക്കാകുന്ന കാലമാണ് കാത്തിരിക്കുന്നത്. സംവരണം എന്നത് ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന അവശ വിഭാഗങ്ങളെ ആനുപാതികമായ കൈത്താങ്ങ് കൊടുത്തുകൊണ്ട് സാമൂഹിക സുസ്ഥിതിയിലേക്ക് നയിക്കുക എന്നതാണ്. നിലനിന്നിരുന്ന ജാതീയ വിവേചനങ്ങളുടെ ഇരകളെയാണ് സംവരണം മോചിപ്പിക്കുവാന്‍ ശ്രമിക്കുന്നത്. ഇതുവരെ നേടിയെടുത്ത കീഴാള ഉയിര്‍ത്തെഴുന്നേല്‍പുകളെയെല്ലാം അട്ടിമറിക്കുന്നതാണ് സി.പി.എമ്മിന്റെ നിലപാട്. ഭൂരിപക്ഷ പ്രീണനം എന്നത് കേരളത്തിലെ രാഷ്ട്രീയ നിഘണ്ടുവില്‍ ഇല്ല എന്നതിനാല്‍ എക്കാലത്തും അവര്‍തന്നെ എല്ലാം വരവുവെക്കുന്ന സ്ഥിതിവിശേഷം ഫാഷിസ രാഷ്ട്രീയത്തിന്റെ പാത സുഗമമാക്കുന്നതിലേക്കാണ് നയിക്കുക. രാഷ്ട്രീയമായ പിന്നാക്കാവസ്ഥയിലും സാംസ്‌കാരികമായ ബോധാധീശത്വം സ്ഥാപിക്കുവാനും നിലനിര്‍ത്തുവാനും ഇത്തരം സവര്‍ണ യുക്തികള്‍ക്ക് കഴിയുന്നുണ്ട്.

ദീന്‍ ദയാല്‍ ഉപാധ്യായ എന്ന ജനസംഘ നേതാവിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ പേരു പറഞ്ഞ് രാജ്യത്തുടനീളമുള്ള പാഠശാലകളില്‍ പ്രസംഗ ക്വിസ് മത്സരങ്ങളും മറ്റും സംഘടിപ്പിക്കപ്പെടുകയുണ്ടായി. ഇളം തലമുറകള്‍ സവര്‍ണ യുക്തികളാല്‍ വാര്‍ക്കപ്പെടുവാനായി വിദ്യാഭ്യാസ രംഗങ്ങളില്‍ ഭരണഘടനാ വിരുദ്ധമായ കൈകടത്തലുകള്‍ നടത്തുന്ന മോദി സര്‍ക്കാറിന്റെ നയങ്ങളെ തിരസ്‌കരിക്കുവാന്‍ ആര്‍ജവം കാണിക്കുന്നില്ല എന്നതിന്റെ തെളിവാണ് ചരിത്രത്തെ വികലമാക്കുന്ന പ്രസ്തുത ആഘോഷങ്ങള്‍ നടത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയത്. വിദ്യാഭാരതി സംഘടിപ്പിക്കുന്ന മത്സര പരീക്ഷയുടെ മറവിലും മറ്റും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘ്പരിവാര്‍ പാഠ്യപദ്ധതി വിതരണം ചെയ്യപ്പെട്ടു.
ഹാദിയ വിഷയത്തില്‍ പുലര്‍ത്തുന്ന മുസ്‌ലിം വിരുദ്ധ-സ്ത്രീ വിരുദ്ധ നിലപാട് തന്നെയാണ് തൃപ്പൂണണിത്തുറയിലെ ഘര്‍വാപസി കേന്ദ്രത്തിലെ പീഢനം വെളിപ്പെടുത്തിയ യുവതിയും അഭിമുഖീകരിച്ചത്. ഇരട്ട നീതി എന്നത് കേരളത്തിലും യാഥാര്‍ഥ്യമായതാണ്. നഗ്നമായ മനുഷ്യാവകാശ ലംഘനവും സ്ത്രീ പീഢനവും നടന്നിട്ടും അതിനെതിരെ ചെറുവിരലനക്കാതിരുന്നതിനു പിന്നില്‍ കേരളത്തിലും ശക്തിപ്പെട്ടുവരുന്ന വരേണ്യ പൊതുബോധ നിര്‍മിതി തന്നെയാണ്. ഭരണത്തണലിലെ ഈ സാംസ്‌കാരിക ബോധ നിര്‍മിതിയില്‍ അപരമാക്കപ്പെടുകയും അരക്ഷിതമാക്കപ്പെടുകയും ചെയ്യുന്നത് കീഴാള ന്യൂനപക്ഷ ബോധങ്ങളാണ്. ഭൂരിപക്ഷ ജനാധിപത്യത്തിന്റെ പരിക്കുകള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന വോട്ട് രാഷ്ട്രീയത്തിന്റെ ജനാധിപത്യ ഇരകള്‍ കൂടിയാണവര്‍. ഏറ്റവും ഒടുവില്‍ ഗുരുവായൂരില്‍ രാഷ്ട്രീയ കാപാലികരാല്‍ കൊല ചെയ്യപ്പെട്ട ആനന്ദിന്റെ അകാല ഹത്യക്ക് പിന്തുടര്‍ച്ചക്കാര്‍ ഉണ്ടാകാതിരിക്കുമോ? പശുവിന്റെ പേരില്‍ കൊലചെയ്യപ്പെട്ട രാജസ്ഥാനിലെ ആല്‍വയിലെ ഉമര്‍ മുഹമ്മദിന്റെ ഘാതകര്‍ ശിക്ഷിക്കപ്പെടുമോ. ഉമര്‍ മുഹമ്മദ് എന്നത് പൂര്‍ണ വിരാമമാകട്ടെ എന്ന ജനാധിപത്യപരവും മനുഷ്യത്വപരവുമായ ആഗ്രഹം ചെന്നുനില്‍ക്കുന്നത് ഇവക്കെല്ലാം ഉത്തരവാദികളായ പ്രതിലോമ രാഷ്ട്രീയ ചലനങ്ങളുടെ മുന്നേറ്റങ്ങളിലേക്കാണ്.

ഇങ്ങനെ സംഘ്പരിവാര്‍ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന നിലപാടുകള്‍ തുടരുന്നതുകൊണ്ട് ഇരകളുടെ രക്ഷകവേഷം പ്രഛന്നമായിപ്പോലും എടുത്തണിയുവാന്‍ യോഗ്യത നഷ്ടപ്പെട്ട സര്‍ക്കാറായി ഇടതുസര്‍ക്കാര്‍ മാറിക്കൊണ്ടിരിക്കുന്നു. കേരളത്തില്‍ കാലുറപ്പിച്ചു തുടങ്ങുന്ന സംഘ് പരിവാര്‍ രാഷ്ട്രീയത്തിന് അനുഗുണമായ പൊതുബോധ നിര്‍മിതികളെ താലോലിക്കുന്ന സര്‍ക്കാര്‍ ആയി ചരിത്രത്തില്‍ പിണറായി സര്‍ക്കാര്‍ ഇടംപിടിക്കും. അപ്പോഴും നവോത്ഥാന ഓര്‍മകളെ അയവിറക്കി അതില്‍ നിന്ന് ഒന്നും തന്നെ ആഗിരണം ചെയ്യാതിരിക്കുന്ന പ്രത്യയശാസ്ത്ര പരാജയം ബംഗാളിനെ അനുസ്മരിപ്പിക്കും. ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കുവാന്‍ വരേണ്യത ആശ്ലേഷിക്കാത്ത ബഹുജന ബോധത്തിന്റെ അടരുകളും പ്രതിരോധ ബോധങ്ങളാല്‍ ഊട്ടപ്പെട്ട രാഷ്ട്രീയ നവ തരംഗവും ഇടതുപക്ഷം സ്വാംശീകരിക്കേണ്ടതുണ്ട്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757