editorial

മുട്ടുശാന്തികള്‍ മുട്ടുശാന്തികള്‍ മാത്രമാണ്

ഗുജറാത്ത് സംഘ്പരിവാറിന്റെ മാത്രമല്ല, മതേതരത്വത്തിന്റെയും പരീഷണശാലയാണ്. മതേതരത്വം വിത്തില്‍ ചത്തുപോയിട്ടില്ലെന്ന് തെളിയിക്കപ്പെട്ട ലെബോറട്ടറി. ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ രോഷത്തെ മുസ്്‌ലിം വിരുദ്ധതകൊണ്ട് എത്ര അളവില്‍ മറികടക്കാനാവുന്നു എന്ന പരീഷണമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. അതിന് ഒരു പരിധിയുണ്ട് എന്നാണ് ഗുജറാത്ത് തെളിയിച്ചത്. മുമ്പൊരിക്കല്‍ ഈ കോളത്തില്‍ സൂചിപ്പിച്ചപോലെ നോട്ട് നിരോധനവും ജി.എസ്.ടി യും കൊണ്ട് പൊറുതിമുട്ടുന്നവരോട് മുസ്്‌ലിമാണ് നമ്മുടെ ഏറ്റവും വലിയ ശത്രു, ഇതെല്ലാം അവര്‍ക്കെതിരായ യുദ്ധത്തിന്റെ ഭാഗമാണ് എന്നു പറഞ്ഞാല്‍ മതിയാവില്ല. തീരെ മതിയാവില്ല എന്നു പറയാനാവില്ല. അതിന്റെ രാഷ്ട്രീയ സാധ്യത ഇപ്പോഴും ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാധ്യതകളുടെ വമ്പിച്ച പ്രയോഗമാണ് സംഘ്പരിവാര്‍ ഗുജറാത്തില്‍ നടത്തിയത്. നഗരവാസികളില്‍ ഈ വിഷം ഇപ്പോഴും ഏശുന്നുണ്ട്. ഗ്രാമീണരില്‍ പണ്ടേപ്പോലെ ഫലിക്കാതായിരിക്കുന്നു. ജീവിതം വഴിമുട്ടിയവനോട് ഇതെല്ലാം മുസ്്‌ലിമിനെ സംഹരിക്കാനായിരുന്നു എന്നു പറഞ്ഞാല്‍ അവന് താങ്ങാവുന്നതിനു പരിധിയുണ്ട്. ഈ പരിധി കടന്നിരിക്കുന്നു എന്നാണ് ഗുജറാത്ത് ഫലം നല്‍കുന്ന സൂചന.
മോദിയുടെ അപ്രതിരോധ്യതയുടെ ഘട്ടം അവസാനിച്ചിരിക്കുന്നു. രാഹുല്‍, പുലിയെ അതിന്റെ മടയില്‍ചെന്നുതന്നെയാണ് നേരിട്ടത്. രാഹുല്‍ മോദിക്ക് പര്യാപതനായ പ്രതിപക്ഷമാണെന്ന് തെളിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ അടക്കം കൂട്ടുപിടിച്ച് നടത്തിയ അഭിമാന പോരാട്ടത്തില്‍ കഷ്ടിച്ച് കടന്നുകൂടാന്‍ മാത്രമേ ബി.ജെ.പി ക്ക് കഴിഞ്ഞുള്ളൂ. രാജസ്ഥാനിലെ തദ്ധേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങളും നല്‍കുന്ന സൂചന ഇന്ത്യയില്‍ കാറ്റ് ദിശമാറി വീശിത്തുടങ്ങിയിരിക്കുന്നുവെന്നതാണ്. ആദ്യം വിദ്യാര്‍ഥികളും പിന്നെ കര്‍ഷകരും ഒടുവില്‍ വ്യാപാരികളും ഉയര്‍ത്തിയ പ്രതിപക്ഷ സ്വരങ്ങള്‍ ഇപ്പോള്‍ മുഖ്യധാരതന്നെ അതിന്റെ പരിമിതികളോടെ ഏറ്റെടുക്കുകയാണ്. ജിഗ്്‌നേഷ് മേവാനിയുടെയും ഹര്‍ദിക് പട്ടേലിന്റെയും അല്‍പേഷ് താക്കൂറിന്റെയുംകൂടെ പൗരസമൂഹ പ്രസ്ഥാനങ്ങളെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി കണ്ണി ചേര്‍ക്കാന്‍ കഴിഞ്ഞു എന്നതാണ് ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി നേടിയ മറ്റൊരു വിജയം. കോണ്‍ഗ്രസിന്റെ പ്രകടനം മതേതര ജനാധിപത്യ വാദികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരം തന്നെയാണ്. കോണ്‍ഗ്രസിന് എന്തെല്ലാം ദൗര്‍ഭല്യങ്ങള്‍ ഉണ്ടെങ്കിലും ഫാഷിസവും മതേതരത്വവും മുഖാമുഖം ഏറ്റുമുട്ടുമ്പോള്‍ മതേതരത്വത്തെ പിന്തുണക്കുക എന്നത്് തന്നെയാണ് സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിന് ചെയ്യാനുള്ളത്. അതുകൊണ്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ഗുജറാത്തില്‍ മുഴുവന്‍ മണ്ഡലങ്ങളിലും നിരുപാധിക പിന്തുണ നല്‍കിയത്. അപ്പോഴും രാജ്യവും രാജ്യത്തെ ദുര്‍ബല ജന വിഭാഗങ്ങളും അനുഭവിക്കുന്ന പ്രതിസന്ധിക്ക് കോണ്‍ഗസ് പരിഹാരമല്ലെന്ന രാഷ്ട്രീയ വ്യക്തത പ്രധാനമാണ്. ഗുജറാത്ത് ജനസംഖ്യയിലെ ഒമ്പത് ശതമാനം വരുന്ന 2002 ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ കാര്‍മികത്വത്തില്‍ കൂട്ടക്കൊലക്കിരയായ മുസ്്‌ലിം ന്യൂനപക്ഷത്തെ അപരരും അദൃശ്യരും ആക്കി നിറുത്തിക്കൊണ്ട് തന്നെയാണ് കോണ്‍ഗ്രസ് കാമ്പയിനും മുന്നേറിയത്. ഗുജറാത്തിലെ ഏറ്റവും ദുര്‍ബലരും മര്‍ദിതരുമായ ജനവിഭാഗമാണ് മുസ്്‌ലിംകള്‍. ആ മര്‍ദിത സമൂഹത്തെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ നാലയലത്തടുപ്പിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ജാഗ്രത പുലര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രം മുന്‍നിറുത്തി പരിശോധിക്കുമ്പോള്‍ ഇത് അസാധാരണമായ നയനടപടിയൊന്നുമല്ല. ഇന്ന് കാണുന്ന സംഘ്പരിവാര്‍ ഇന്ത്യക്ക് കളമൊരുക്കിയത് കോണ്‍ഗ്രസിന്റെ നയനിലപാടുകളാണ്. മുസ്്‌ലിം വിരുദ്ധതയില്‍ ബി.ജെ.പി ‘എ’ ആണെങ്കില്‍ കോണ്‍ഗ്രസ് ‘ബി’ ആണ്. കോര്‍പറേറ്റ് ദാസ്യത്തിലും ദലിത് ആദിവാസി വിരുദ്ധതയിലുമെല്ലാം ഈ സമവാക്യം അങ്ങനെത്തന്നെ ശരിയാണ്. 92ല്‍ ബാബരി മസ്ജിദിന്റെ തകര്‍ക്കലിന് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തത് കോണ്‍ഗ്രസാണ്. രാജ്യത്ത് ആയിരക്കണക്കിന് മുസ്്‌ലിംകളും ദലിതരും ആദിവാസികളും ജനകീയ സമര പ്രവര്‍ത്തകരും വേട്ടയാടപ്പെടാന്‍ ഉപകരണമായി വര്‍ത്തിച്ച ടാഡയും യു.എ.പി.എയും നിര്‍മിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകളാണ്. ഇത് മുസ്്‌ലിം സമുദായവുമായി മാത്രം ബന്ധപ്പെട്ട ഒരു പ്രശ്‌നമല്ല. ആ സമുദായം മാത്രം ആലോചിക്കുകയും പരിപഹിക്കുകയും ചെയ്യേണ്ട വിഷയവുമല്ല. ഒരു ജനാധിപത്യ വിഷയമാണ്. രാഷ്ട്രീയ പ്രശ്‌നമാണ്. ദലിതര്‍ അനുഭവിക്കുന്ന വിവേചനങ്ങളും മര്‍ദനങ്ങളും ഒരു ദലിത് വിഷയം മാത്രം അല്ലാത്തതുപോലെ ദരിദ്രരെ കൂടുതല്‍ പാപ്പരീകരിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ ദരിദ്രരുടെ മാത്രം പ്രശ്‌നമല്ലാത്തതുപോലെ മുസ്്‌ലിം സമൂഹം അനുഭവിക്കുന്ന അപരവല്‍കരണവും നിശബ്്ദമാക്കലും പൊതു രാഷ്ട്രീയ പ്രശ്‌നമായി ഉന്നയിച്ച് പരിഹാരമുണ്ടാക്കാന്‍ കഴിയേണ്ടതുണ്ട്. ഇതിന് ബന്ധം മതവും സമുദായവുമായല്ല. സാമൂഹ്യ നീതിയുമായാണ്. ഈ നിശബ്്ദമാക്കലിനോട് നിശബ്ദനയം സ്വീകരിച്ചുകൊണ്ട് ഇത് പരിഹരിക്കാനാവില്ല. അഹമദ് പട്ടേല്‍ എന്ന സീനിയര്‍ നേതാവിനെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കാന്‍ പോകുന്നു എന്ന് ബി.ജെ.പി പ്രചരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് അതിനെ ശക്തിയുക്തം നിഷേധിച്ചു. ഞാന്‍ ഗുജറാത്ത് രാഷ്ട്രിയത്തിലേക്ക് തന്നെ ഇല്ലെന്ന അഹമ്മദ് പട്ടേല്‍ പ്രസ്താവന ഇറക്കി. മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല എന്നല്ല കോണ്‍ഗ്രസ് പറഞ്ഞത്. അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പം എന്ന് കോണ്‍ഗ്രസ് ചോദിച്ചില്ല. ഇതിനെ ഒരു ജനാധിപത്യ മതേതര രാഷ്ട്രീയ പ്രശ്‌നമായി ഉന്നയിച്ചുകൊണ്ടേ പരിഹരിക്കാന്‍ കഴിയുകയുള്ളൂ.
ഇവിടെയാണ് ജിഗ്്‌നേഷ് മേവാനിയുടെ പ്രചരണം വ്യത്യസ്തമാകുന്നത്. വിജയം വേറിട്ടതാകുന്നത്. മേവാനിയുടെ മണ്ഡലത്തില്‍ ചെന്ന് അമിത്ഷാ മേവാനി മുസ്്‌ലിം തീവ്രവാദികളില്‍ നിന്ന് പണംപറ്റിയാണ് മത്സരിക്കുന്നത് എന്നുവരെ പ്രസംഗിച്ചു. മേവാനി അതിന്റെ മുന്നില്‍ കുലുങ്ങുകയോ കീഴടങ്ങുകയോ ചെയ്തില്ല. മുസ്്‌ലിം സമുദായാംഗങ്ങളെ വ്യാപകമായി പ്രചരണ രംഗത്തിറക്കി. ഞാന്‍ മുസ്്‌ലിംകളുടെ ഉത്തമ സുഹൃത്താണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുമ്പോള്‍തന്നെ ഇത് കോണ്‍ഗ്രസില്‍നിന്ന് വ്യത്യസ്തസമായ ഒരു രാഷ്ട്രീയമാണ്. ഉനയിലെ ചത്ത പശുക്കളുടെ തൊലി ഉരിച്ചതിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട ദലിതരുടെ രക്തത്തില്‍ നിന്നാണ് മേവാനിയുടെ രാഷ്ട്രീയം ജനിച്ചത്. അവരുടെ പൊലിഞ്ഞ ജീവനാണ് ഈ രാഷ്ട്രീയത്തിന്റെ തുടിക്കുന്ന ജീവന്‍. പശുവിനെ നിങ്ങള്‍ എടുത്തോ ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭൂമി തരൂ എന്നതായിരുന്ന ഉന മൂവ്‌മെന്റിന്റെ മുദ്രാവാക്യം. ദലിതര്‍, ദരിദ്രര്‍, മുസ്്‌ലിംകള്‍, ആദിവാസികള്‍ എല്ലാവരെയും കണ്ണി ചേര്‍ത്തുകൊണ്ടുള്ള സമര മുന്നേറ്റമായിരുന്നു അത്. ആ മുന്നേറ്റത്തിന്റെ നായകന്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യത്തേലേര്‍പ്പെടുകയായിരുന്നു. മുസ്്‌ലിം പ്രശ്‌നത്തെ രാഷ്ട്രീയമായി അഭിമുഖീകരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ നലംതൊടുകയില്ലെന്ന കോണ്‍ഗ്രസ് വിശ്വാസത്തെയാണ് വാദ്ഗാം മണ്ഡലത്തില്‍ മേവാനി പൊളിച്ചടക്കിയത്. ദരിദ്രരുടെയും ദലിതരുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങള്‍പോലെ മുസ്്‌ലിം പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായി ഉന്നയിച്ചുകൊണ്ട് സാക്ഷാല്‍ ഗുജറാത്തില്‍തന്നെ തെരഞ്ഞെടുപ്പിനെ നേരിടാനും ജയിക്കാനും സാധിക്കുമെന്ന് മേവാനി തെളിയിച്ചു. ഇത് വെല്‍ഫയര്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്റെ മറ്റൊരു പ്രകടനമാണ്. അതുകൊണ്ടാണ് പാര്‍ട്ടി വാദ്ഗാം മണ്ഡലത്തില്‍ മേവാനിക്ക്് വേണ്ടി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഫ്രെറ്റേണിറ്റി മൂവ്‌മെന്റിന്റെ പ്രവര്‍ത്തകര്‍ ക്യാമ്പസുകളില്‍ നിന്ന് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിച്ച് നല്‍കിയത്. കോണ്‍ഗ്രസിന്റെ കോര്‍പ്പറേറ്റ് ചങ്ങാത്ത മൃതു സവര്‍ണ, മൃതു ഹിന്ദുത്വ രാഷ്ട്രീയമല്ല. സാമൂഹ്യ നീതിയുടെ ബദല്‍ രാഷ്ട്രീയം തന്നെയാണ് രാജ്യവും രാജ്യത്തെ ദുര്‍ബല വിഭാഗങ്ങളും അനുഭവിക്കുന്ന പ്രതിസന്ധിക്കുള്ള പരിഹാരം. മുട്ടു ശാന്തികള്‍ മുട്ടു ശാന്തികള്‍ മാത്രമാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757