editorial

മതേതരത്വം നിഷ്‌കാസനം ചെയ്യപ്പെടുമ്പോള്‍ ..

മതേതരത്വം നിഷ്‌കാസനം ചെയ്യപ്പെടുമ്പോള്‍ നിശബ്ദത പാലിച്ചാല്‍ പിന്നീട് ജനാധിപത്യം ഇല്ലാതാക്കപ്പെടുമ്പോള്‍ ശബ്ദിക്കേണ്ടിവരില്ല.

ഇന്ത്യ സമൂലമാറ്റത്തിലേക്ക് നീങ്ങുകയാണ്. മതേതര ഇന്ത്യയില്‍നിന്ന് ഹിന്ദുത്വ ഇന്ത്യയിലേക്ക് മാറുകയാണ്. സംഘ്പരിവാറിന്റെ സമഗ്രാധിപത്യമുള്ള ഇന്ത്യ. ജനാധിപത്യ പ്രക്രിയയിലൂടെതന്നെ ജനാധിപത്യം ദുര്‍ബലപ്പെടുത്തപ്പെടുകയാണ്. ഹിറ്റ്‌ലറും മുസോളിനിയും അധികാരത്തില്‍ വന്നത് ജനാധിപത്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തന്നെയാണ്. ജനാധിപത്യം എണ്ണത്തിന്റെ ആധിപത്യം മാത്രമായാല്‍ ചില ഘട്ടങ്ങളില്‍ മാനവികമായ മൂല്യങ്ങളെ മുഴുവന്‍ അത് വിഴുങ്ങിക്കളയും. അപ്പോള്‍ ജനാധിപത്യത്തെ ഗണാധിപത്യത്തിനപ്പുറത്തേക്ക് വികസിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തേണ്ടിവരും. നമ്മുടെ ജനാധിപത്യം മതേതര സോഷ്യലിസ്റ്റ് ജനാധിപത്യമാണ്. ഭൂരിപക്ഷത്തിന്റെ മൂല്യരഹിതമായ ആധിപത്യമായി മാറിത്തീരാവുന്ന ജനാധിപത്യ പ്രയോഗത്തെ മതനിരപേക്ഷതയും സാമൂഹ്യനീതിയും കൊണ്ട് മൂല്യാധിഷ്ഠിതമാക്കുകയാണ് നമ്മുടെ രാഷ്ട്ര ശില്‍പികള്‍ ചെയ്തത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഹൃദയമായ ഈ മൂല്യബോധത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിക്കൊണ്ടാണ് ബി.ജെ.പി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളില്‍ വന്‍വിജയം കൊയ്തത്.
അതുകൊണ്ടാണ് ഈ വിജയത്തെ ബി.ജെ.പിയുടെ വിജയമായിത്തന്നെ നാം മനസ്സിലാക്കുമ്പോഴും രാഷ്ട്രത്തിന്റെ പരാജയമായി നമുക്ക് മനസ്സിലാക്കേണ്ടിവരുന്നത്. ആദ്യം മതേതരത്വം കൊലചെയ്യപ്പെടുകയും പിന്നെ ജനാധിപത്യവും കൊലചെയ്യപ്പെടുക എന്നതായിരിക്കും രാജ്യത്ത് സംഭവിക്കുക. മതേതരത്വം നിഷ്‌കാസനം ചെയ്യപ്പെടുമ്പോള്‍ നിശബ്ദത പാലിച്ചാല്‍ പിന്നീട് ജനാധിപത്യം ഇല്ലാതാക്കപ്പെടുമ്പോള്‍ ശബ്ദിക്കേണ്ടിവരില്ല. ശബ്ദിക്കാന്‍ കഴിയില്ല. ശബ്ദിക്കാനുള്ള മുഴുവന്‍ തുറസ്സും അതിനുമുമ്പുതന്നെ ഇല്ലാതാക്കപ്പെട്ടിട്ടുണ്ടാവും. അതുകൊണ്ട് ജനാധിപത്യത്തെയും സാമൂഹ്യനീതിയെയും സംരക്ഷിക്കുക എന്നത് ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന്റെ മുന്നുപാധിയാണ്.
സാമൂഹ്യ നീതിയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്നതിലും അത് ജനമനസ്സുകളില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിലും പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടതിന്റെ ഫലംകൂടിയാണ് സംഘ്പരിവാര്‍ ഇപ്പോള്‍ നേടിയ മിന്നുന്ന വിജയം. ഹിന്ദുത്വത്തെ തലോടി ഈ പന്തയത്തില്‍ ജയിക്കാനാണ് മതേതര പാര്‍ട്ടികള്‍ ശ്രമിച്ചുപോന്നത്. അതിന്റെ മുഴുവന്‍ ഗുണഫലവും ബി.ജെ.പി അടിച്ചെടുത്തു. തെരഞ്ഞെടുപ്പിലെ ബി.ജെ.പിയെ അല്ല, ബി.ജെ.പിയുടെ വംശീയ വിദ്വേഷ യുക്തികളെയാണ് ഒന്നാമതായി പരാജയപ്പെടുത്തേണ്ടത്. ഈ യുക്തികളെ പരാജയപ്പെടുത്തിയാലേ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയൂ. ഇത്തരമൊരു ദൗത്യമേറ്റെടുക്കാത്ത രാഷ്ട്രീയത്തിന് ബി.ജെ.പിയെ പ്രതിരോധിക്കാനാവില്ല.
ഇവിടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി പോലുള്ള നവരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ പ്രസക്തമാവുന്നത്. ജനാധിപത്യം അപകടപ്പെടുമ്പോഴാണ് ഏറ്റവും ഗുണമേന്മയുള്ള ജനാധിപത്യം രാജ്യത്തിന് കൂടുതല്‍ ആവശ്യമായി വരുന്നത്. തെരഞ്ഞെടുപ്പ് എന്ന ഈ യുദ്ധത്തിന്റെ അവസാനറൗണ്ടില്‍ പരമ്പരാഗത മതേതരപാര്‍ട്ടികളെ പിന്തുണച്ചുമാത്രം നമുക്ക് ഈയുദ്ധത്തില്‍ ജയിക്കാനവില്ല. അടിത്തട്ടില്‍നിന്ന് ഒരുമതേതര സോഷ്യലിസ്റ്റ് രാഷ്ട്രീയം കെട്ടിപ്പടുത്തുകൊണ്ടേ നമുക്ക് ഇനി സംഘ്പരിവാറിനെ പ്രതിരോധിക്കാന്‍ കഴിയൂ. സമഗ്രാധിപത്യത്തിനും ന്യൂനപക്ഷ വിധ്വേഷത്തിനും സവര്‍ണ മേല്‍ക്കോയ്മക്കും ജനവിരുദ്ധ കോര്‍പറേറ്റ് നയങ്ങള്‍ക്കുമെതിരെ ഒരു ദേശീയ പ്രസ്ഥാനംതന്നെ അതില്‍ തല്‍പരരായ മുഴുവന്‍ മനുഷ്യരെയും അണിനിരത്തി കെട്ടിപ്പടുക്കേണ്ടതുണ്ട്. ആ വഴിയിലെ സുപ്രധാനമായ ഒരു ചുവടാണ് യു.പി ഇലക്ഷനുശേഷം നടക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംഘ്പരിവാര്‍ സമഗ്രാധിപത്യത്തിനെതിരായ ദേശീയ പ്രക്ഷോഭം.

ടി.മുഹമ്മദ്
ചീഫ് എഡിറ്റര്‍

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757