editorial

കാമ്പസില്‍ ജനപക്ഷ രാഷ്ട്രീയത്തിന്റെ പ്രഭാതഭേരി

വിദ്യാര്‍ഥികള്‍ ഭാവിയുടെ വാഗ്ദാനങ്ങള്‍ മാത്രമല്ല, ഭാവിയെ സൃഷ്ടിക്കുന്നവര്‍ കൂടിയാണ്. വിദ്യാര്‍ഥി രാഷ്ട്രീയ ചരിത്രത്തിന്റെ ചൂണ്ടുപലകയാണ്. ചരിത്രം അതിന്റെ ഭാവിയെക്കുറിച്ച് ചുമരെഴുതാറുള്ളത് കാമ്പസിലാണ്. ഇന്ത്യന്‍ കാമ്പസുകള്‍ മോദിക്കെതിരെ ഒന്നിനു പിറകെ ഒന്നായി വിധിയെഴുതുകയാണ്. ബി.ജെ.പിക്കെതിരെ ഇന്ത്യയിലെ കാമ്പസുകള്‍ ഒന്നിക്കുകയാണ്. കേന്ദ്രത്തില്‍ ഭരണത്തില്‍ വരുന്നതിനു മുമ്പടക്കം സംഘ്പരിവാറിന് ലഭിച്ചിരുന്ന ഡല്‍ഹി യൂനിവേഴ്‌സിറ്റി ഉള്‍പ്പെടെ അവരെ തള്ളിപ്പറയുകയാണ്. ജെ.എന്‍.യുവില്‍ മതേതര ചേരി ഭിന്നിച്ച് മത്സരിച്ചിട്ട് പോലും എ.ബി.വി.പി രക്ഷപ്പെട്ടില്ല. ഇടതുപക്ഷവും കീഴാള രാഷ്ട്രീയവും വെവ്വേറേ ശക്തമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. രോഹിത് വെമുലയുടെ ഹൈദരാബാദ് സര്‍വകലാശാലയില്‍ ഇടതുപക്ഷ-കീഴാള-മുസ്‌ലിം സംഘടനകളുടെ പൊതുവേദിയായ സാമൂഹ്യ നീതി മുന്നണി എ.ബി.വി.പിയെ മലര്‍ത്തിയടിക്കുകയായിരുന്നു. പുതിയ തലമുറയുടെ കൂടി പിന്തുണയോടെ അധികാരത്തില്‍ വന്ന മോദിയെ പുതിയ തലമുറക്ക് മടുത്തിരിക്കുന്നു. രോഹിത്് വെമുലയുടെ ആത്മബലി വെറുതെയാവില്ലെന്ന് കാലം സാക്ഷ്യപെടുത്തുകയാണ്.
കേരളത്തിലെ ജനപക്ഷ രാഷ്ട്രീയത്തിന്റെയും വസന്തം തുടങ്ങുന്നത് കലാലയങ്ങളിലാണ്. വസന്തം വരവറിയിച്ചു കഴിഞ്ഞു. ഇത്രയും ജനാധിപത്യ പ്രബുദ്ധതയുള്ള കേരളത്തില്‍ കലാലയങ്ങള്‍ ചില ജനാധിപത്യ രഹിത ഇടങ്ങളാകുന്നത് മലയാളിക്ക് അപമാനമാണ്. എസ്.എഫ്.ഐയുടെ ഏകാധിപത്യത്തോട് സഹനത്തോടെയും സര്‍ഗാത്മകതയോടെയും പൊരുതാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും മുന്നോട്ട് വരാത്തതിന്റെ ഫലം കൂടിയാണ് ചോദ്യം ചെയ്യപ്പെടാത്ത എസ്.എഫ്.ഐ ആധിപത്യം.
കാലം എപ്പോഴും ചില പോരാളികളെ കാത്തിരിക്കാറുണ്ട്. അവര്‍ രംഗത്തു വന്നാല്‍ എതിരാളികള്‍ വഴിമാറി കൊടുക്കേണ്ടി വരും. ഫ്രറ്റേണിറ്റി എസ്.എഫ്.ഐക്ക് അത്തരമൊരു ചരിത്രാനുഭവമാണ് സമ്മാനിക്കുന്നത്. വഴിമാറുക, ഇവിടെ കാറ്റും വെളിച്ചവും വരട്ടേ എന്ന് ഫ്രറ്റേണിറ്റിയുടെ പ്രഖ്യാപനത്തിനു മുന്നില്‍ എസ്.എഫ്.ഐക്ക് മുട്ടു വിറക്കുകയും കാലിടറുകയുമാണ്. കേരളത്തിലെ കാമ്പസുകളെ ജനാധിപത്യവല്‍ക്കരിക്കുക എന്ന ചരിത്ര ദൗത്യം ആരെങ്കിലും ഏറ്റെടുത്തേ പറ്റൂ എന്ന അനിവാര്യതയില്‍ എത്തി കഴിഞ്ഞിരിക്കുന്നു.
മടപ്പള്ളിയിലെ ക്യാംപസിന്റെ ജനാധിപത്യവല്‍ക്കരണത്തിനായി രൂപീകരിക്കപെട്ടിരുന്ന ഇങ്കിലാബ് പ്രവര്‍ത്തകര്‍ക്കെതിരെ എസ്.എഫ്.ഐ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ പ്രതിരോധവുമായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന സാരഥിയും സഹഭാരവാഹികളും മടപ്പള്ളിയിലെത്തി. പാര്‍ട്ടി അധ്യക്ഷന്‍ നേരിട്ടഭിമുഖീകരിച്ച കേരളത്തിലെ ആദ്യത്തെ കലാലയം മടപ്പള്ളിയാണ്. മറുപടി പറയാന്‍ വന്നത് സാക്ഷാല്‍ കൊടിയേരി ബാലകൃഷ്ണനാണ്. എന്നാല്‍ ഫ്രറ്റേണിറ്റിയുടെ വിജയ ജൈത്രയാത്ര മടപള്ളിയുടെ മണ്ണില്‍വെച്ചുതന്നെ ആരംഭിച്ചു. കേരളത്തിന്റെ രാജകീയ കലാലയം, മഹാരാജാസ് ഏകാധിപത്യത്തിനെതിരെ ഒരു പോരാളിയെ കാത്തിരിക്കുന്ന പോലെയായിരുന്നു. ഫ്രറ്റേണിറ്റിയുടെ പ്രവര്‍ത്തകരെ പോലും വിസ്മയിപ്പിച്ച വിജയമാണ് ഈ കലാലയം വിദ്യാര്‍ഥി സഹോദര്യത്തിന്റെ പുത്തന്‍ രാഷ്ട്രീയത്തിനു നല്‍കിയത്. കെ.എസ്.യുവിന് ഫ്രറ്റേണിറ്റിയുടെ പിറകില്‍ സ്ഥാനം ഉറപ്പിക്കേണ്ടി വന്നു. രോഹിത് വെമുലയുടെ ആത്മത്യാഗം മാത്രമല്ല മടപ്പള്ളിയിലെ സല്‍വാ അബ്ദുല്‍ ഖാദര്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനവും അപവാദ പ്രചരണവും വെറുതെയായില്ല എന്നാണ്

തെരഞ്ഞടുപ്പുകള്‍ ബാക്കിവെച്ചത്. മടപ്പള്ളിയില്‍ ഫ്രറ്റേണിറ്റി ജയിച്ച സീറ്റില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആറു തവണയാണ് റീകൗണ്ടിംങ്ങ് ആവശ്യപെട്ടത്. അടുത്ത തവണ കേരളത്തില്‍ ഫ്രറ്റേണിറ്റി മല്‍സരിക്കുന്ന മുഴുവന്‍ കാമ്പസിലും ആറുതവണ കൗണ്ടിംഗ് നടത്താന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇപ്പോള്‍ തന്നെ ഒരുങ്ങുന്നതായിരിക്കും നന്നാവുക.
സാഹോദര്യത്തിന്റെ ഈ വിദ്യാര്‍ഥി രാഷ്ട്രീയത്തിനു മുന്നില്‍ എസ്.എഫ്.ഐക്ക് രണ്ടു ഓപ്ഷനുകള്‍ മാത്രമെയുള്ളൂ. ഒന്നുകില്‍ ഈ സാഹോദര്യത്തിനു മുന്നില്‍ സ്വയം ജനാധിപത്യവല്‍കരിക്കുക. മറ്റു കക്ഷികളെ പോലെ ഒരു കക്ഷിയായി എസ്.എഫ്.ഐക്കും വിദ്യാര്‍ഥി കേരളത്തില്‍ പ്രവര്‍ത്തിക്കാം. അല്ലെങ്കില്‍ സാഹോദര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ഈ വിദ്യാര്‍ഥി മുന്നേറ്റത്തോട് ഏറ്റുമുട്ടി തകര്‍ന്നു തരിപ്പണമാകാം. ഇതില്‍ ഏതുവേണമെന്ന് എസ്.എഫ്.ഐ മാത്രമല്ല സി.പി.ഐ (എം) പൊതുവില്‍ തന്നെയാണ് ആലോചിക്കേണ്ടത്.

ടി മുഹമ്മദ്
ചീഫ് എഡിറ്റര്‍

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757