Opinion

വിഴിഞ്ഞം; മിച്ചമൂല്യവും പ്രകൃതിയും ജനങ്ങളുടേതാണ് – കെ.പി ശശി

 

നമ്മള്‍ മനുഷ്യര്‍ ഒരു പരിധിവരെ ക്ഷമാശീലരാണ്. എന്നാല്‍ പ്രകൃതി അങ്ങിനെയല്ല. പ്രകൃതിയെ നമ്മള്‍ അടിച്ചാല്‍ അത് തിരിച്ചടിക്കും. പ്രകൃതിക്ക് താങ്ങാവുന്നതിലധികം നമ്മള്‍ പ്രകൃതിയില്‍നിന്ന് ഊറ്റിയെടുത്തിരിക്കുന്നു. കേരള സര്‍ക്കാരും മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കന്‍മാരും ഈ അടിസ്ഥാന വസ്തുത തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വിഴിഞ്ഞത്ത് ജനങ്ങളുടെ ജീവനോപാധിയും പ്രകൃതിയേയും നശിപ്പിച്ച് അദാനിക്ക് ലാഭമുറപ്പിക്കുന്നതിനായി മാര്‍ക്സിസ്റ്റ് മൂല്യങ്ങള്‍ അടിയറവ് വെക്കരുതെന്ന് സി.പി.ഐ.എം നേതൃത്വം മനസ്സിലാക്കണം. മിച്ചമൂല്യവും പ്രകൃതിയും ജനങ്ങളുടേതാണ് അത് അദാനിക്ക് അടിയറവു വെക്കരുത്.
പത്തൊന്‍പതാം നൂറ്റാണ്ടിലെ ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥിതിയെ നിശിതമായി വിമര്‍ശിച്ച് പുതിയ ലോകം വിഭാവനം ചെയ്ത കാള്‍ മാര്‍ക്സ് നീതിയുടെ പക്ഷത്താണ് നിലകൊണ്ടത്. മാര്‍ക്സിസ്റ്റുകളെന്ന് സ്വയം വിളിക്കണമെങ്കില്‍ സി.പി.ഐയും സി.പി.ഐ.എമ്മും മാര്‍ക്സിന്റെ പാത പിന്തുടര്‍ന്ന് നീതിയുടെ പക്ഷത്ത് നില്‍ക്കണം.

പ്രകൃതി ഇന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. വരും തലമുറക്കും പ്രകൃതിയിലെ സര്‍വജീവജാലങ്ങള്‍ക്കും അവയുടെ വരും തലമുറകള്‍ക്കും കൂടി അവകാശപ്പെട്ടതാണ്. കടലിനടിയിലെ പാറകള്‍ പൊട്ടിക്കാന്‍ തുടങ്ങുന്നതോടെ ഇപ്പോഴെ തകര്‍ന്ന കടലിലെ ജൈവവൈവിധ്യം കൂടുതല്‍ നശിക്കും. അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമാണ്.

അമ്പതിനായിരത്തിലധികം വരുന്ന തീരദേശവാസികളുടെ ഉപജീവനമാര്‍ഗത്തെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്. ഇതിന് എന്ത് പരിഹാരമാണ് ഗവണ്‍മെന്റിന്് ചെയ്യുവാന്‍ സാധിക്കുക. വിഴിഞ്ഞം പ്രദേശത്തുള്ള ഗ്രാമങ്ങളിലെ വീടുകള്‍ക്ക് നഷ്ടപരിഹാരം ആര് കൊടുക്കും. വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണത്തിന് മുമ്പ് ഇതിനുള്ള തുക വകയിരുത്തുമോ? ഇനി ഇതിന് മറ്റേതെങ്കിലും രീതിയിലാണ് പണം കണ്ടെത്തുന്നത് എങ്കില്‍ ആ പണം എവിടെ നിന്ന്് വരുന്നു? ജനങ്ങളുടെ നികുതിയില്‍ നിന്ന് കൊടുക്കാം എന്നാണോ വിചാരിക്കുന്നത്? അപ്പോള്‍ നികുതി നല്‍കുന്ന ഈ ജനങ്ങള്‍ക്ക് ആര് നഷ്ടപരിഹാരം കൊടുക്കും.
ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് (wedge bank/highest biodiversity region) അറബിക്കടലിന്റെ തെക്കന്‍ മേഖലയായ ഈ പ്രദേശം. ലോകത്ത് മൊത്തമുള്ള ഇരുപത് ജൈവ കലവറയില്‍ ഇന്ത്യയില്‍ ഉള്ള ഏക ജൈവ കലവറയാണ് ഇത്. വളരെ അപൂര്‍വമായ സ്പീഷ്യസുകളുണ്ട് ഈ മേഖലകളില്‍. അവക്ക് സംഭവിക്കുന്ന ഭീഷണിക്ക് പരിഹാരം കണ്ടെത്താന്‍ ഗവണ്‍മെന്റിന് സാധിക്കുമോ. അത്പോലെ തീരദേശപ്രദേശത്ത് ജീവിക്കുന്ന അമ്പതിനായിരത്തിലധികം മുകളില്‍ വരുന്ന ജനങ്ങള്‍ക്ക് നഷ്ടപ്പെടുന്ന ജോലി, നഷ്ടപ്പെടാന്‍ പോകുന്ന പശ്ചിമ ഘട്ടത്തിലുള്ള രണ്ട് മലനിരകള്‍, നഷ്ടപ്പെടുന്ന കടല്‍ത്തീരങ്ങള്‍ ഇവയൊക്കെയെങ്ങനെയാണ് നിങ്ങള്‍ പുനസ്ഥാപിക്കുക. വെറും പാറക്കെട്ടാകാന്‍ പോകുന്ന പ്രസിദ്ധമായ കോവളം ബീച്ചിനെ നിങ്ങള്‍ എങ്ങിനെയാണ് പുന:സ്ഥാപിക്കുക. വികസനമെന്ന ഭീകരവാദത്തിന്റെ പേരില്‍ നശിപ്പിക്കപ്പെടുന്ന ഇരുപത്തഞ്ചില്‍പരം തീരദേശ ഗ്രാമങ്ങളെ എങ്ങനെയാണ് നിങ്ങള്‍ പുനരധിവസിപ്പിക്കുക.


അദാനി നിര്‍മാണം തുടങ്ങിയതോടെ കടലിലെ ജൈവവൈവിധ്യം നശിക്കുന്നത് വീഡിയോ തെളിവുകളോടെ പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നതാണ്. കടലമ്മയെയാണ് അദാനിയുടെ ഡൈനാമിറ്റുകള്‍ മുറിപ്പെടുത്തുന്നതെന്ന് മല്‍സ്യത്തൊഴിലാളി നേതാക്കന്‍മാര്‍ മനസിലാക്കണം. ഇതിന് മൂകസാക്ഷികളായി നിന്നാല്‍ അവരെ നേതാക്കന്‍മാരെന്ന് വിളിക്കാനാവില്ല. മല്‍സ്യസമ്പത്തും കടലിന്റെ ജൈവവൈവിധ്യവും സംരക്ഷിക്കാന്‍ ചരിത്രപരമായ ഉത്തരവാദിത്തം ഉണ്ടെന്ന് ഈ നേതാക്കന്‍മാര്‍ മനസിലാക്കണം. അദാനിയുമായുള്ള ലാഭക്കച്ചവടത്തിലൂടെ കടലമ്മയെ ഒറ്റുകൊടുക്കാന്‍ മല്‍സ്യത്തൊഴിലാളി സമൂഹത്തിന് നേതൃത്വം നല്‍കുന്നവര്‍ തയാറാകരുത്.
ഒരു മരം വെട്ടുന്നതിനെതിരെ പോലും കേരളത്തിലെ വിവിധയിടങ്ങളില്‍ പ്രക്ഷോഭമുയര്‍ന്നിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ രണ്ടു മലകളാണ് പുലിമുട്ട് നിര്‍മാണത്തിനായി ഇടിച്ചു നിരത്തുന്നത്. എത്രമരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഇപ്പോള്‍ കണക്കാക്കാനാവില്ല. ഈ മലകളില്‍ മരങ്ങള്‍ കുറവാണെന്ന വാദമുന്നയിച്ചാലും പശ്ചിമഘട്ട മലനിരകള്‍ വഹിക്കുന്ന പാരിസ്ഥിതിക ദൗത്യം കേരളത്തിന്റെ ജീവനാഡിയാണ്. പ്രദേശത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്. മലനിരകള്‍ ഇടിച്ചുനിരത്തുന്നതിനെതിരെ പ്രദേശവാസികള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉണര്‍ന്നെണീക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇത് വില്‍പ്പനയുടെ കാലമാണ്. കടലും, മലയും, മല്‍സ്യത്തൊഴിലാളികളും, അവരുടെ തീരവും മല്‍സ്യസമ്പത്തും ആവാസ വ്യവസ്ഥയും ഏറെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ബീച്ചുകളും ഇന്ന് വില്‍പ്പനക്ക് വെച്ചിരിക്കുകയാണ്. വാങ്ങുന്നതാകട്ടെ കൊള്ളക്കാരനായ അദാനിയും. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് അദാനി നമ്മുടെ സ്വത്ത് കൊള്ളയടിക്കുകയാണ്. സര്‍ക്കാരോ അദാനിയോ അല്ല കടലിന്റെയും കടല്‍തീരത്തിന്റെയും മലകളുടെയും അവകാശികള്‍. പ്രകൃതിയുടെ അവകാശികള്‍ ഇവരല്ല. പ്രകൃതി അവരുടെ സ്വകാര്യ സ്വത്തല്ല. പ്രകൃതി പൊതുസ്വത്താണ്. അതില്‍ ജീവിക്കുന്നവരുടെയും വരും തലമുറയുടെയും സ്വത്താണ്. ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന സര്‍വജീവജാലങ്ങളുടെയും സ്വത്താണ്.
പ്രകൃതിയുടെ നാശത്തിന് വില നിശ്ചയിക്കാനാവില്ല. എത്ര വില കിട്ടിയാലും അത് പകരം വെക്കാനുമാവില്ല. രാഷ്ട്രീയക്കാര്‍ക്ക് അധികാരവും പണവും ശക്തിയുമുപയോഗിച്ച് അത് സ്വന്തമാക്കാമെന്നും മുപ്പതുവെള്ളിക്കാശിന് വില്‍ക്കാമെന്നും കരുതുന്നുവെങ്കില്‍ വരും തലമുറയെയാണ് നിങ്ങള്‍ ഒറ്റിക്കൊടുക്കുന്നത്. പ്രകൃതിയെ നശിപ്പിക്കുന്ന പല പദ്ധതികള്‍ക്കുമെതിരെ കേരളത്തില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ജനകീയ മുന്നേറ്റത്തെത്തുടര്‍ന്ന് പല പദ്ധതികളും ഉപേക്ഷിക്കേണ്ടതായും വന്നിട്ടുണ്ട്. സൈലന്റ് വാലി മുതലുള്ള സമരചരിത്രം കേരളത്തിലെ പരിസ്ഥിതി സംരക്ഷകരുടെ കരുത്ത് വിളിച്ചറിയിക്കുന്നു.

പരിസ്ഥിതി തകര്‍ക്കുന്ന പദ്ധതികളെ ചോദ്യം ചെയ്യാന്‍ തക്ക സാമൂഹ്യബോധവും, രാഷ്ട്രീയ ബോധവും പരിസ്ഥിതി ബോധവുമുള്ളയാളുകള്‍ ഇവിടെയുണ്ടെന്ന് കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റ് മനസിലാക്കണം. കേരളത്തിന്റെ പ്രകൃതി സമ്പത്ത് വില്‍പ്പനച്ചരക്കല്ലെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ മനസിലാക്കണം. തെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം എല്‍.ഡി.എഫ് ഗവണ്‍മെന്റ് മറന്നിരിക്കുന്നു. പരിസ്ഥിതി നശിപ്പിക്കാതെയും ജനങ്ങളുടെ ജീവിതം നശിപ്പാതെയുമുള്ള വികസനം എന്നായിരുന്നു തിരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞത്. ഈ വാഗ്ദാനം വിശ്വസിപ്പിച്ച് വോട്ടുനേടിയവര്‍ അത് പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഈ വാഗ്ദാനം പാലിക്കാനാവില്ലെങ്കില്‍ ഇടതുസര്‍ക്കാര്‍ മാന്യതയോടെ രാജി വെച്ചൊഴിയണം. തങ്ങള്‍ക്ക് പറ്റിയ തെറ്റ് പരസ്യമായി സമ്മതിക്കണം. പ്രതിപക്ഷത്തായിരുന്നപ്പോള്‍ വിഴിഞ്ഞം പദ്ധതിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി വീണ്ടും ഉയര്‍ത്തണം. എല്‍.ഡി.എഫ് ഗവണ്‍മെന്റിന് അതിനു കഴിയുന്നില്ലെങ്കില്‍ മാര്‍ക്സിസത്തിന്റെ അന്തസത്ത നശിപ്പിച്ച് കേരളത്തില്‍ മാര്‍ക്സിസത്തെ നശിപ്പിക്കുകയാണെന്ന് അവര്‍ മനസിലാക്കണം. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ തയാറാക്കിയ റിപ്പോര്‍ട്ട്, മാര്‍ക്സിസത്തിന്റെ അന്തസത്തയായ നീതിക്കുവേണ്ടിയുള്ള ദാഹമാണ് പ്രകടിപ്പിക്കുന്നത്. പക്ഷേ, നഷ്ടപരിഹാരവും പുനരധിവാസത്തിലും സര്‍ക്കാര്‍ എത്ര സത്യസന്ധത പുലര്‍ത്തുമെന്നതുമാത്രമല്ല, അതുകൊണ്ട് പരിഹരിക്കപ്പെടുന്നതല്ല പദ്ധതിയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍. സി.എ.ജി റിപ്പോര്‍ട്ട് അദാനിയുമായുള്ള കരാര്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നും കേരളത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്നും അസന്ദിഗ്ധമായി വ്യക്തമാക്കിട്ടുണ്ട്. പ്രാദേശിക ജനങ്ങളുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് അദാനിയുടെ വിഴിഞ്ഞം ട്രാന്‍സിസ്റ്റ് ഹാര്‍ബര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും നിര്‍ത്തിവെക്കേണ്ടി വന്നിട്ടുണ്ട്.. നഷ്ടപരിഹാരവും, പുനരധിവാസവും വാഗ്ദാനം ചെയ്താണ് ഇവര്‍ ഇതിനെ മറികടക്കാന്‍ ശ്രമിക്കുന്നത്്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757