Opinion

ഗുജറാത്ത്; മതേതരത്വത്തിന്റെയും പരീക്ഷണശാലയാണ് – സജീദ് ഖാലിദ്

 

ഹിമാചലിലും ഗുജറാത്തിലും ഡിസംബറില്‍ നടന്ന തെരെഞ്ഞെടുപ്പുകളില്‍ ബി.ജെ.പി വിജയം നേടിയതാണ് 2017 അവസാനിക്കുമ്പോള്‍ രാജ്യം കേള്‍ക്കുന്ന വലിയ രാഷ്ട്രീയ വാര്‍ത്ത. 60 അംഗ നിയമസഭയായ ഹിമാചലില്‍ ഭരണം ബി.ജെ.പി പിടിച്ചടക്കിയപ്പോള്‍ തുടര്‍ച്ചയായ ആറാം വട്ടം 182 അംഗ ഗുജറാത്ത് അസംബ്ലിയില്‍ വന്‍ജയം ലക്ഷ്യമിട്ട് ഇറങ്ങിയ ബി.ജെ.പി 99 സീറ്റ് നേടി കഷ്ടിച്ച് ഭരണം നിലനിര്‍ത്തി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ 150 സീറ്റായിരുന്നു ലക്ഷ്യമിട്ടത്. എന്നിട്ടും 2012 നെ അപേക്ഷിച്ച് 16 സീറ്റുകളുടെ കുറവാണ് ബി.ജെ.പിക്കുണ്ടായത്. കോണ്‍ഗ്രസാകട്ടെ മുന്‍ തവണത്തെ 61 സീറ്റ് 77 സീറ്റായി ഉയര്‍ത്തി, 3 സീറ്റ് സഖ്യകക്ഷികള്‍ക്കും ലഭിച്ചതോടെ 80 പേരുടെ പിന്തുണയുള്ള ശക്തമായ പ്രതിപക്ഷമായി മാറിയിട്ടുണ്ട്.

ഗുജറാത്ത്, ഹിമാചല്‍ അസംബ്ലികളിലേക്ക് നടന്ന തെരെഞ്ഞെടുപ്പ് രാജ്യമാകെ ശ്രദ്ധിച്ച തെരെഞ്ഞെടുപ്പാണ്. ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളില്‍ നടക്കുന്ന പൊതു തെരെഞ്ഞെടുപ്പ് തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടും. എന്നാല്‍, ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പ് ഉദ്വേഗത്തോടെയാണ് രാജ്യത്തെ പൗരസമൂഹം ഉറ്റുനോക്കിയത്. അതിന് നിരവധി കാരണങ്ങളുണ്ട്. രാജ്യത്തെ ഹിന്ദുത്വ ശക്തികളുടെ പരീക്ഷണാലയമാണ് ഗുജറാത്ത്. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അങ്ങനെ മോഡിഫൈ ചെയ്‌തെടുത്തത് ഗുജറാത്തിലെ ഹിന്ദുത്വ പരീക്ഷണങ്ങളാണ്. ബി.ജെ.പിയിലെ സീനിയര്‍ നേതാവല്ലാഞ്ഞിട്ടും നിരവധി നേതാക്കളെ മറികടന്ന് അമിത്ഷാ രാജ്യംഭരിക്കുന്ന കക്ഷിയുടെ ദേശീയാധ്യക്ഷനായി മാറിയത് ഗുജറാത്തിലെ രാഷ്ട്രീയ ലാബോറട്ടറിയില്‍ അദ്ദേഹം നടത്തിയ പരീക്ഷണങ്ങളുടെ വിജയമായിരുന്നു. തുടര്‍ച്ചയായി 5 തെരെഞ്ഞെടുപ്പു വിജയങ്ങളുടെ ചരിത്രവുമായാണ് ബി.ജെ.പി ആറാംവട്ടം തെരെഞ്ഞെടുപ്പിലേക്കിറങ്ങിയത്. എന്നാല്‍, മുന്‍കാലങ്ങളിലേതുപോലെയായിരുന്നില്ല കാര്യങ്ങള്‍. കടുത്ത വെല്ലുവിളി ഉണ്ടാകാവുന്ന നിരവധി സാമൂഹ്യ കാരണങ്ങള്‍ ഈ തെരെഞ്ഞെടുപ്പില്‍ ബി.ജെപിക്കു മുന്നിലുണ്ടായിരുന്നു.
കോണ്‍ഗ്രസിനും ഈ തെരെഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെടുന്നത് ഗുജറാത്ത് പ്രചരണത്തിനിടയിലാണ്. രാജ്യത്തെ നയിക്കാന്‍ പ്രാപ്തനായ നേതാവ് എന്ന ഇമേജ് രാഹുല്‍ ഗാന്ധിക്കു നേടിയെടുക്കാന്‍ ഈ തെരെഞ്ഞെടുപ്പ് ഫലം വലിയ ഘടകമായിരിക്കും.

2019 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിലേക്കുള്ള ദിശാസൂചിക കൂടിയാണ് ഗുജറാത്ത്. മതേതര ചേരിക്ക് ആത്മ വിശ്വാസമണ്ടാക്കാന്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് പ്രകടനം വഴിയൊരുക്കേണ്ടതാണ്. ഈ നിര്‍ണായക തെരെഞ്ഞെടുപ്പിലെ ഫലം ആരും പ്രതീക്ഷിക്കാത്തതല്ല. ജി.എസ്.ടിയും നോട്ടു നിരോധവും അടക്കമുള്ള ജനവിരുദ്ധ നടപടികള്‍ മോദി സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് സാരമായ പരിക്ക് ഏല്‍പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിതിയും കാര്‍ഷിക സ്ഥിരതയും തകര്‍ത്തെറിഞ്ഞാണ് മോദി ഭരണകൂടം മുന്നോട്ട് പോകുന്നത്. രാജ്യത്തെ ഏതോ അജ്ഞാത കാലഘട്ടത്തിലേക്ക് നയിക്കുകയാണ് സംഘ്പരിവാര്‍ ഭരണമെന്ന് പൊതുവേ ജനം വിലയിരുത്തിതുടങ്ങിയിരുന്നു. മതന്യൂനപക്ഷങ്ങള്‍, ദലിത് വിഭാഗങ്ങള്‍ എന്നിവ വലിയ അളവിലുള്ള അരക്ഷിതാവസ്ഥയാണ് രാജ്യത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യം, പൗരാവകാശം, മതസ്വാതന്ത്ര്യം എന്നിവയെല്ലാം തീര്‍ത്തും നിരാകരിക്കപ്പെടുന്ന അവസ്ഥയിലേക്ക് രാജ്യം മാറി. പശുവിന്റെ പേരില്‍ തെരുവുകളില്‍ ദലിതരും മുസ്‌ലിംകളും ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നു. ഗൗരി ലങ്കേഷിനെപ്പോലെ, കല്‍ബുര്‍ഗിയെപ്പോലെയുള്ള പത്രപ്രവര്‍ത്തകരും സാഹിത്യകാരന്മാരും സാസ്‌കാരിക പ്രവര്‍ത്തകരും കൊലചെയ്യപ്പെടുന്നു. ഇതെല്ലാം സംഘ്പരിവാര്‍ ഭരണത്തിന്റെ തണലില്‍ ആസൂത്രണം ചെയ്യുന്നവയാണ്. ഇനിയും ഈ നിലയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ഇന്ത്യയുടെ ഭാവിതന്നെ ഇരുളടയുന്ന അവസ്ഥയിലെത്തും. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഗുജറാത്തില്‍ തെരെഞ്ഞെടുപ്പ് വരുന്നത്. ഹാര്‍ദിക് പട്ടെല്‍ എന്ന 23 കാരന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന പട്ടേല്‍ വിഭാഗക്കാരുടെ പ്രക്ഷോഭവും ഗുജറാത്ത് ക്ഷത്രിയ-ഠാക്കൂര്‍ സേന എന്നപേരില്‍ അല്‍പേഷ് ഠാക്കൂറിന്റെ നേതൃത്വത്തിലെ മദ്യവിരുദ്ധ പ്രക്ഷോഭവും ഉനയിലെ ദലിത് പീഢനത്തിന്റെ പശ്ചാത്തലത്തിലുയര്‍ന്ന ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിലെ ദലിത് പ്രക്ഷോഭവും സാമൂഹ്യമായ വെല്ലുവിളി ബി.ജെ.പി ഭരണത്തിനെതിരെ ഉയര്‍ത്തിയിരുന്നു.

വിജയം സാങ്കേതികം

തുടര്‍ച്ചയായ ആറാം തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടിറങ്ങിയ ബി.ജെ.പിയുടെ വിജയം വെറുസാങ്കേതികം മാത്രമായിരുന്നു. 2012 ല്‍ 115 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പിക്ക്് 99 സീറ്റുകളേ നേടാനായുള്ളൂ. കോണ്‍ഗ്രസാകട്ടെ 2012ല്‍ നേടിയ 61 സീറ്റ്, 15 എണ്ണം വര്‍ധിപ്പിച്ച് 77 ആക്കി. 2 സീറ്റ് സഖ്യകക്ഷിയായ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്ക് ലഭിച്ചു. കോണ്‍ഗ്രസ് പിന്തുണച്ച സ്വതന്ത്രന്‍ ദലിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനി വിജയിച്ച സീറ്റ്കൂടി കണക്കാക്കിയാല്‍ 80 സീറ്റുള്ള പ്രതിപക്ഷ ഗ്രൂപ്പായി കോണ്‍ഗ്രസ് പക്ഷം മാറി. 2012 ലെ വോട്ടിംഗ് ശതമാനം 38.93 ല്‍ നിന്ന് 41.4 ലേക്കുയര്‍ത്താന്‍ കോണ്‍ഗ്രസിനായി. 2.5% വോട്ട് വര്‍ധിച്ചുവെന്നര്‍ഥം. ബി.ജെ.പിക്ക് 2012 നേക്കാള്‍ 0.3% വോട്ട് വര്‍ധിച്ചു.
എന്നാല്‍, 2014 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 59.1% വോട്ടും കോണ്‍ഗ്രസിന് 32.9% വോട്ടുമാണ് ലഭിച്ചത്. ഇതില്‍ ബി.ജെ.പിക്ക് 10 ശതമാനം വോട്ടിന്റെ കുറവാണ് സംഭവിച്ചതെങ്കില്‍ കോണ്‍ഗ്രസ് 10% വോട്ട് അധികം കരസ്ഥമാക്കി. നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യം, തെരെഞ്ഞെടുപ്പ് കമ്മീഷന്റ കയ്യയച്ച സഹായം, അദാനി പോലുള്ള വമ്പന്‍ കോര്‍പ്പറേറ്റുകളുടെ അകമഴിഞ്ഞ പിന്തുണ, അമിത്ഷായെപ്പോലെ കുബുദ്ധിയും കുശാഗ്രബുദ്ധിയുമുള്ള നേതാവിന്റെ സാന്നിദ്ധ്യം, വര്‍ഗീയ ധ്രൂവീകരണത്തിലൂടെ നേടിയെടുത്ത ഭൂരിപക്ഷ ജനതയുടെ പിന്തുണ തുടങ്ങി ഒട്ടെല്ലാ ഘടകങ്ങളുണ്ടായിട്ടും ബി.ജെ.പിക്ക് പതറേണ്ടി വന്നെങ്കില്‍ അത് ചെറിയ കാര്യമല്ല.

വോട്ടിംഗ് മെഷീനും തെരെഞ്ഞെടുപ്പു കമ്മീഷനും

പോര്‍ബന്തര്‍ മണ്ഡലത്തില്‍ 1905 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനര്‍ഥി അര്‍ജുന്‍ഭായ് മോദ്വാദിയ പരാജയപ്പെട്ടത്. ഇവിടെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മേമന്‍വാഡയിലെ 3 പോളിംഗ്‌സ്‌റ്റേഷനുകളില്‍ ബ്ലൂടൂത്ത് ഉപയോഗിച്ച് വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രിത്രിമം കാട്ടിയതായി അര്‍ജുന്‍ഭായ് പരാതിപ്പെട്ടിരുന്നു. ബ്ലൂടൂത്ത് ഉപയോഗിച്ച ആളുടെ പേരുള്‍പ്പെടെയാണ് പരാതി ല്‍കിയത്. സൂറത്തിലും കച്ചിലും അടക്കം തൊള്ളായിരത്തിലധികം പരാതികളാണ് വോട്ടിംഗ് മെഷിന്‍ ക്രിത്രിമവുമായി ബന്ധപ്പെട്ടുണ്ടായത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച, വോട്ട് ചെയ്തതിന് ശേഷവും ക്രിത്രിമം കാണിക്കാനാവുന്ന തരത്തില്‍ വോട്ടിംഗ് മെഷിനില്‍ നിയന്ത്രണത്തിന് ബാഹ്യ ശക്തികള്‍ക്ക് സാധിക്കുന്നതാണ്. തെരെഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും പരാതിയെ മുഖവിലക്കെടുക്കാതെയാണ് മുന്നോട്ട് പോകുന്നത്. തെരെഞ്ഞെടുപ്പിന്റെ വിശ്വാസ്യതക്ക് ഇത് മങ്ങലേല്‍പിച്ചിരിക്കുന്നു. ഇക്കുറി വിവിപാറ്റ് മെഷീനുകളാണ് ഗുജറാത്തില്‍ ഉപയോഗിച്ചത്. വോട്ട് ചെയ്യുന്നവര്‍ക്ക് അവര്‍ വോട്ട് ആര്‍ക്കാണ് എന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പാക്കാനാവുന്ന പേപ്പര്‍ രസീതി ലഭിക്കുന്നതരം മെഷീനാണ് വിവിപാറ്റ്. ഇതിലെ പേപ്പര്‍ രസീതികള്‍ എണ്ണണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ട് വെച്ചിരുന്നു. പക്ഷേ, തെരെഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിച്ചില്ല. കോണ്‍ഗ്രസ് കോടതിയില്‍ പോയിട്ടും അനുവദിച്ച് കിട്ടിയില്ല. തെരെരെഞ്ഞെടുപ്പ് പ്രക്രിയക്കിടെ കോടതി ഇടപെടില്ലെന്ന കീഴ്‌വഴക്കം വെച്ചാണ് കോടതി ആ നിലപാടെടുത്തത്.
യു.പിയിലും മഹാരാഷ്ട്രയിലും നേരത്തേ ഇത്തരത്തില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമങ്ങള്‍ കാട്ടിയതായി പരാതിയുയര്‍ന്നു. 2012 ലെ ഹിമാചല്‍ തെരെഞ്ഞെടുപ്പിനെപ്പറ്റി അന്ന് ബി.ജെ.പി സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഇ.വി.എം എന്നത് അത്ര വിശ്വാസ യോഗ്യമായ സാധനമല്ല എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്, ഇ.വി.എം പുനരാലോചിക്കേണ്ട സമയമായിരിക്കുന്നു. ചരിത്രത്തിലാദ്യമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിസ്ഥാനത്തു വന്നു എന്ന പ്രത്യേകതകൂടിയുണ്ട് ഈ ഗുജറാത്ത് തെരെഞ്ഞെടുപ്പിന്. വോട്ടിംഗ് മെഷിനിലെ കൃത്രിമത്തിന്റെ സാധുതകളെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ മുഖവിലക്കെടുത്തില്ല. സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും അനുകൂലമായി പ്രതികരിച്ചില്ല. ഇതിനെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യാലയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകവരെ ചെയ്തു. മോദിയുടെ സന്ദര്‍ശനത്തിനായി ഹിമാചലിലെ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഗുജറാത്തിലെ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയെ പരസ്യമായി സഹായിക്കുന്നു എന്ന ആരോപണം നേരത്തെ തന്നെ വന്നിരുന്നു. റോഡ്‌ഷോയുടെ പേരില്‍ രാഹുലിന് ചട്ടലംഘനം കാട്ടി നോട്ടീസ് നല്‍കിയ കമ്മീഷന്‍ മോദി തെരെഞ്ഞെടുപ്പ് ദിവസം തന്നെ ചട്ടം ലംഘിച്ച് റോഡ്‌ഷോ നടത്തിയത് കണ്ണടച്ചു മായിച്ചിരുന്നു. സ്റ്റാറ്റിയൂട്ടറി അധികാരമുള്ള കമ്മീഷനുകളെ വരുതിയിലാക്കാനുള്ള ബി.ജെ.പി നീക്കത്തില്‍ തെരെഞ്ഞെടുപ്പ് കമ്മീഷനും വലയിലായോ എന്ന് സാധാരണക്കാര്‍ രാജ്യത്ത് സംശയം ചോദിച്ചു തുടങ്ങിയിരിക്കുന്നു.

മേവാനി ഫാക്ടര്‍

ഗുജറാത്ത് തെരെഞ്ഞെടുപ്പിലെ വലിയ ഘടകമായിരുന്നു മേവാനിയുടെ സാന്നിദ്ധ്യം. സംഘ്പരിവാര്‍ ഭരണത്തിന് കീഴിലെ ദലിത് പീഢനം ഉയര്‍ത്തി അദ്ദേഹത്തിന്റെ നേതൃത്വത്തിലെ ദലിത് മുന്നേറ്റം ഗുജറാത്തില്‍ പുതു ഉണര്‍വുകള്‍ സൃഷ്ടിച്ചിരുന്നു. ദലിത്-മുസ്‌ലിം-പിന്നാക്ക രാഷ്ട്രീയ ഐക്യം എന്നതാണ് മേവാനി ഉയര്‍ത്തിയ രാഷ്ട്രീയം. വാദ്ഗാം മണ്ഡലത്തില്‍ അദ്ദേഹം സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചു. അതോടെ കോണ്‍ഗ്രസ് മേവാനിക്ക് പിന്തുണയുമായെത്തി. ദലിത് വോട്ടുകളെ നിരവധി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂലമാക്കാന്‍ ഇതോടെ കഴിഞ്ഞിട്ടുണ്ട്. ജനകീയ ഫണ്ട് ശേഖരണവും പ്രചരണവും മേവാനിക്ക് തുണയായി. കേരളത്തില്‍ നിന്ന് ഫ്രറ്റേണിറ്റി മുവ്‌മെന്റെ മുതല്‍ ഡല്‍ഹിയില്‍ നിന്ന് സമര നായിക അരുന്ധതി റോയി വരെ പല തരത്തില്‍ മേവാനിയെ പിന്തുണച്ചു. മേവാനിക്കെതിരെ മുസ്‌ലിം ബന്ധമാരോപിച്ചപ്പോള്‍ മുസ്‌ലിംകളടക്കമുള്ള ജനവിഭാഗത്തിന്റെ പിന്തുണയോടെയാണ് താന്‍ മത്സരിക്കുന്നതെന്ന് മടിയില്ലാതെ പ്രഖ്യാപിച്ചു. അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നുവെന്ന ബി.ജെ.പി പ്രചരണത്തെ ഭയത്തോടെ സമീപിച്ച കോണ്‍ഗ്രസില്‍നിന്ന് വ്യത്യസ്തമായിരുന്നു മേവാനിയുടെ ശൈലി. വാഗ്ദാമില്‍ മേവാനിക്ക് ഭിഷണിയായിനിന്ന സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് (അദ്ദേഹം കോണ്‍ഗ്രസ് മുന്‍ എം.എല്‍.എയുടെ മകനാണ്) പ്രചരണത്തിന് വന്‍ പണം ഒഴുകിയെത്തി. ഇതെല്ലാം മറികടന്ന് മിന്നുന്ന ജയമാണ് മേവാനി നേടിയത്. രാജ്യത്തിന് പുതിയ രാഷ്ട്രീയ ദിശാ സൂചിക തന്നെയാണിത്.

ഹാര്‍ദ്ദിക് പട്ടേല്‍- അല്‍പേഷ് താക്കൂര്‍ ഫാക്ടറുകള്‍

സംവരണമാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ച പട്ടേല്‍ ഗ്രൂപ്പിന്റെ നേതാവായ ഹാര്‍ദിക് പട്ടേലാണ് ഈ തെരെഞ്ഞെടുപ്പിലെ മറ്റൊരു പ്രധാന താരം. അദ്ദേഹത്തിന്റെ വാഗേദോരണി ബി.ജെ.പിയെ ചില്ലറയല്ല വെള്ളം കുടിപ്പിച്ചത്. സ്ഥാനാര്‍ഥി ആകാനുള്ള പ്രായമായ 25 വയസ്സ് തികയാത്തതിനാല്‍ അദ്ദേഹം തെരെഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. എന്നാല്‍ മോദിയും രാഹുലും പങ്കെടുത്ത തെരെഞ്ഞെടുപ്പ് റാലികളെക്കാല്‍ വലിയ ജന സഞ്ചയമാണ് ഹാര്‍ദിക് പട്ടേലിന്റെ പൊതുയോഗങ്ങളിലുണ്ടായിരുന്നത്. കോണ്‍ഗ്രസിന് സോപാധികമായ പിന്തുണയാണ് ഹാര്‍ദ്ദിക് പട്ടേല്‍ നല്‍കിയത്. കോണ്‍ഗ്രസിന് സീറ്റു വര്‍ധിക്കാന്‍ ഹാര്‍ദിക് പട്ടേലിന്റെ സാന്നിദ്ധ്യവും നിര്‍ണായകമായി. മദ്യ വിരുദ്ധ പ്രക്ഷോഭത്തിലൂടെ ബി.ജെ.പിയെ വെള്ളംകുടിപ്പിച്ച അല്‍പേഷ് താക്കൂറും അദ്ദേഹം രൂപ നല്‍കിയ ഒ.ബി.സി, എസ്.സി എസ്.ടി ഏകതാ മഞ്ചും കോണ്‍ഗ്രസിന് തുണയായ മറ്റൊരു ഘടകമാണ്. അല്‍പേഷ് കോണ്‍ഗ്രസ് ചിഹ്നത്തില്‍ രാധന്‍പൂര്‍ ണമ്ഡലത്തില്‍ നിന്ന് വിജയിച്ചു. ഒ.ബി.സി വോട്ടുകളില്‍ ചെറിയ വിഭാഗത്തെ കോണ്‍ഗ്രസിലേക്കെത്തിക്കുന്നതില്‍ അല്‌പേഷിന്റെ പങ്ക് നിര്‍മായകമാണ്.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വം

ഗുജറാത്ത് തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടക്കാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധി തെരെഞ്ഞെടുക്കപ്പെടുന്നത്. 2019ല്‍ രാജ്യത്തെ നയിക്കാന്‍ രാഹുലിന് പ്രാപ്തിയുണ്ടോ എന്ന് രാജ്യം ഉറ്റുനോക്കിയത് ഗുജറാത്തിലെ രാഹുലിന്റെ പ്രകടനത്തിലേക്കാണ്. പക്വത വന്ന രാഷ്ട്രീയ നേതാവിന്റെ പ്രതിഛായ രാഹുലിന് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തീര്‍ത്തും സംഘടനാ ദൗര്‍ബല്യമുള്ള ഒരു പാര്‍ട്ടിയെയാണ് നയിക്കുന്നത് എന്ന അപകര്‍ഷതയില്ലാതെ അദ്ദേഹം കോണ്‍ഗ്രസിനെ ഭംഗിയായി നയിച്ചു. ജി.എസ്.ടിയും നോട്ടു നിരോധവും തകര്‍ത്ത സാമ്പത്തിക വ്യവസ്ഥയെ ചൂണ്ടിക്കാട്ടി. ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ താനൊരു നല്ല ഹിന്ദുവാണെന്ന പ്രതീതി ജനിപ്പിക്കാനും രാഹുല്‍ ശ്രമിച്ചു. ഇതെല്ലാം വന്‍ തകര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കുന്ന ഘടകങ്ങളായി. തീര്‍ച്ചയായും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന മുന്നേറ്റത്തിന് 2019 ല്‍ നേതൃത്വം കൊടുക്കാന്‍ കഴിയുന്ന നേതാവായി രാഹുല്‍ ഗാന്ധി മാറി എന്നത് ഗുജറാത്ത് തെരെഞ്ഞെടുപ്പ് നല്‍കുന്ന പ്രതീക്ഷയാണ്.

ചെറുപാര്‍ട്ടികളുടെ സാന്നിദ്ധ്യം
താരതമ്യേനെ ചെറുപാര്‍ട്ടികള്‍ മത്സരരംഗത്തില്ലാത്ത തെരെഞ്ഞെടുപ്പായിരുന്നു ഇക്കുറി ഗുജറാത്തിലേത്. ബി.എസ്.പി, എന്‍.സി.പി, ജനതാദള്‍(യു) എന്നിവയാണ് മത്സരിച്ച അത്തരത്തിലുള്ള പാര്‍ട്ടികള്‍. ഇതില്‍ എന്‍.സി.പി ഒരു സീറ്റ് നേടുകയും ചെയ്തു. കേവലം 327 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് പരാജയപ്പെട്ട ധോല്‍ക മണ്ഡലത്തില്‍ ബി.എസ്.പി നേടിയ 3139 വോട്ടുകളും, രണ്ടായിരത്തിലധികം വോട്ടുകളുടെ മാത്രം ഭൂരിപക്ഷം ബി.ജെ.പിക്ക് ലഭിച്ച ഫത്തേപുരയില്‍ എന്‍.സി.പി സ്ഥാനാര്‍ഥി നേടിയ 2716 വോട്ടുകളും ബി.എസ്.പി നേടിയ 1189 വോട്ടുകളും ഫലം ബി.ജെ.പിക്ക് അനുകൂലമാക്കുന്നതിന് ഇടവരുത്തി. ഇത്തരത്തില്‍ ഹിമത് നഗര്‍, പോര്‍ബന്തര്‍, വിജാപൂര്‍, ദിയോദര്‍, ദാംഗ്‌സ്, മാന്‍സ, ഗോദ്ര എന്നിങ്ങനെ ഒരു ഡസനിലധികം മണ്ഡലങ്ങളുണ്ട്. ഇത്തരത്തില്‍ ബി.ജെ.പിക്ക് 14 സീറ്റാണ് അധികമായി കിട്ടിയത്. മതേതര പാര്‍ട്ടികള്‍ പരസ്പരം സഹകരിച്ച് മത്സരിക്കാതിരിക്കുന്നതിലെ അപകടം ഇത് വ്യക്തമാക്കുന്നു. ഏകപക്ഷീയമായി തങ്ങളെ പിന്തുണക്കണമെന്ന വാശി വലിയ പാര്‍ട്ടികള്‍ വെടിയുകയും എല്ലാ സീറ്റിലും മത്സരിക്കണമെന്ന വാശി ചെറുപാര്‍ട്ടികള്‍ ഉപേക്ഷിക്കുകയും വേണം. വെല്‍ഫെയര്‍ പാര്‍ട്ടി ഗുജറാത്തില്‍ കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ നല്‍കുകയുണ്ടായി. ഗുജറാത്തില്‍ പാര്‍ട്ടി രൂപീകരിച്ചിട്ട് ഏതാനും മാസങ്ങളേ ആകുന്നുള്ളൂ. ഇതിനിടയില്‍ ഒരു തെരെഞ്ഞടുപ്പിനെ നേരിടാനുള്ള സംഘടനാ സംവിധാനം ഗുജറാത്തിലുണ്ടായിരുന്നില്ല. മതേതര കക്ഷികളുമായി ഐക്യത്തിനും സഹകരണത്തിനുമാണ് പാര്‍ട്ടി ശ്രമിച്ചത്. രാഷ്ട്രീയ മുന്നണിയോ കൂട്ടുകെട്ടോ രൂപീകരിക്കാനുള്ള അവസരം ലഭ്യമായില്ലെങ്കിലും തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് സമാഹരിച്ചു നല്‍കാന്‍ പാര്‍ട്ടി ശ്രമിച്ചിരുന്നു. വാദ്ഗാം മണ്ഡലത്തില്‍ ജിഗ്നേഷ് മേവാനിയുടെ വിജയത്തിനുവേണ്ടി സജീവമായി വെല്‍ഫെയര്‍ പാര്‍ട്ടി പ്രചരണ രംഗത്തുണ്ടായിരുന്നു.

മതന്യൂനപക്ഷങ്ങളും ഗുജറാത്ത് തെരെഞ്ഞെടുപ്പും

അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു എന്നതാണ് കോണ്‍ഗ്രസിനെ നേരിടാന്‍ ബി.ജെ.പി ഇറക്കിയ തുറുപ്പ് ശീട്ട്. മുതിര്‍ന്ന നേതാവിനെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കിയാല്‍ എന്താണ് കുഴപ്പം എന്ന് തിരിച്ചു ചോദിക്കാന്‍ കഴിയുന്ന സാമൂഹ്യസ്ഥിതി ആയിരുന്നില്ല ഗുജറാത്തിലുണ്ടായിരുന്നത്, പകരം ബി.ജെ.പി കള്ളം പറയുന്നുവെന്നും ഗുജറാത്ത് രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും അഹമ്മദ് പട്ടേലിനെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ്. ഇത് മുസ്‌ലിം മത ന്യൂനപക്ഷം ഗുജറാത്തില്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. മൂവായിരത്തിലധികം മനുഷ്യര്‍ പിടഞ്ഞു വീണ കലാപത്തിന്റെ കാരണക്കാരയവരെ ശിക്ഷിക്കുമെന്നോ ഇരകള്‍ക്ക് നീതി ലഭിക്കുമെന്നോ പറയാനുള്ള ആര്‍ജവം രാഹുല്‍ ഗാന്ധിക്കോ കോണ്‍ഗ്രസിനോ ഇല്ലായിരുന്നു. മതന്യൂനപക്ഷങ്ങളോ മതന്യൂനപക്ഷങ്ങളില്‍ പെട്ട വ്യക്തികള്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടികളോ പരസ്യമായി പിന്തുണ പ്രഖ്യാപിക്കരുതെന്ന സന്ദേശമാണ് കോണ്‍ഗ്രസ് കൈമാറിയത്. അങ്ങനെ പിന്തുണക്കുന്നത് അപകടകരമായിരിക്കും എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തിയത്. മതനിരപേക്ഷതയെ എത്രമാത്രം പ്രതിസന്ധിയിലാക്കുന്ന നിലപാടാണിത്. ഇത്യയിലിനി (ഗുജറാത്തിലെങ്കിലും) മതന്യൂനപക്ഷങ്ങള്‍ ഭരണഘടനാപരമായ അവസരങ്ങള്‍ക്കു പോലും മിണ്ടാന്‍ പാടില്ല എന്ന അപകടകരമായ നിലപാടിലേക്ക് രാജ്യത്തെ മതേതര സമൂഹം പോലും എത്തിയിരിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇത് ഗുജറാത്തില്‍ മാത്രം ഒതുങ്ങുമെന്ന് കരുതാനാവില്ല. പശുവിന്റെ പേരില്‍, വ്യാജ ലൗജിഹാദ് ആരോപിച്ച് തെരുവില്‍ ചുട്ടെരിക്കപ്പെടുന്നവരുടെ സമൂഹം അവകാശം ചോദിച്ച് നില്‍ക്കരുത് എന്ന സമീപനം രാജ്യത്തെ മതേതര പാര്‍ട്ടികള്‍ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളിലും ഉയര്‍ത്തിയാല്‍ ഭയാനകമാകും സ്ഥിതി. ഇത് ഗുജറാത്ത് നല്‍കുന്ന ഭയാശങ്കയാണ്.

ബി.ജെ.പിയെ പരാജയപ്പെടുത്തിയതുകൊണ്ട് പ്രശ്‌നം തീരുന്നില്ല. മതനിരപേക്ഷത അതുകൊണ്ട മാത്രം സംഭവിക്കില്ല. ബി.ജെ.പി ഉയര്‍ത്തുന്ന സംഹാരാത്മക ഹിന്ദുത്വ വാദത്തിന് ബദല്‍ മൃദുഹിന്ദുത്വ സമീപനമല്ല വേണ്ടതെന്ന് മതേതര പാര്‍ട്ടികള്‍ ഇനിയെങ്കിലും തിരിച്ചറിയണം. മേവാനി ഉയര്‍ത്തിയ രാഷ്ട്രീയം മാതൃകയാകുന്നത് അവിടെയാണ്. ആശയ-പ്രത്യയശാസ്ത്ര ശാഠ്യം പറഞ്ഞ് മതേതര ഐക്യത്തിന് തടയിടാന്‍ ഒരുങ്ങുന്ന സി.പി.എമ്മിനും, നല്ല ഹിന്ദുക്കളാണ് തങ്ങളെന്ന് വരുത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനും മേവാനിയില്‍ നിന്ന് പഠിക്കാനുണ്ട്. രാജ്യത്തിന്റെ ഭാവി സാഹോദര്യ രാഷ്ട്രീയത്തിലാണ് എന്ന് കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികള്‍ തിരിച്ചറിയണം. ഇതാണ് ഗുജറാത്ത് നല്‍കുന്ന പാഠം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757