cultural

പി.എസ്.സി.യുടെ ‘മെറിറ്റ്’ മായങ്ങള്‍ (പുസ്തക വായന) – മുജീബുല്ല. കെ.വി

സുദേഷ് എം. രഘു എഴുതിയ ‘പി.എസ്.സി. നിയമങ്ങളിലെ മെറിറ്റ് അട്ടിമറി’ എന്ന പുസ്തകത്തിന്റെ വായന

ഗൗരവ വായനയും ചര്‍ച്ചയും ആവശ്യപ്പെടുന്ന കൃതിയാണ് സുദേഷ് എം. രഘുവിന്റെ പി.എസ്.സി. നിയമങ്ങളിലെ മെറിറ്റ് അട്ടിമറി. കേരളാ പബ്ലിക് സര്‍വീസ് കമ്മീഷനിലെ വിവിധങ്ങളായ വകുപ്പുകളിലേക്കുള്ള നിയമനങ്ങളില്‍ പി.എസ്.സി. പിന്തുടര്‍ന്നു വരുന്ന നിയമന രീതി മൂലം മെറിറ്റ് സീറ്റുകളില്‍ നടക്കുന്ന അട്ടിമറിയാണ് ഗ്രന്ഥകാരന്‍ ചര്‍ച്ച ചെയ്യുന്നത്. സമഗ്രവും ആധികാരികവുമാണ് പി.എസ്.സി.യുടെ വിവിധ റാങ്ക് ലിസ്റ്റുകളും വിഷയ സംബന്ധിയായ രേഖകളും കോടതി വിധികളും ഉദ്ധരിച്ചുകൊണ്ടുള്ള ഗ്രന്ഥകാരന്റെ വിശകലനം.

 

50:50 അനുപാതത്തിലാണ് പി.എസ്.സി. നിയമനങ്ങള്‍ നടക്കുന്നത്. 20-ന്റെ യൂണിറ്റുകളായി നടക്കുന്ന നിയമനങ്ങളില്‍ 50% മെറിറ്റിലും 50% സംവരണത്തിലും ആണ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുക. ഇതില്‍ മെറിറ്റില്‍ തന്നെ സ്ഥാനം നേടിയ സംവരണ വിഭാഗം ഉദ്യോഗാര്‍ഥിയെ മെറിറ്റില്‍ തന്നെയാണ് നിയമിക്കേണ്ടത്. നിയമനത്തിന്റെ ആദ്യ യൂണിറ്റില്‍ പി.എസ്.സി. ഇത് പാലിക്കാറുണ്ടെങ്കിലും, തുടര്‍ന്നുള്ള യൂണിറ്റുകളില്‍ പാലിക്കപ്പെടുന്നില്ല. മെറിറ്റ് ലിസ്റ്റില്‍ സ്ഥാനം നേടിയ, മെറിറ്റില്‍ തന്നെ നിയമനം ലഭിക്കേണ്ട പിന്നാക്കക്കാരെ സംവരണത്തില്‍ ഒതുക്കുകയും അങ്ങനെ ജനറല്‍ സീറ്റ് മുഴുവന്‍ മുന്നാക്കസമുദായക്കാര്‍ സംവരണം ചെയ്‌തെടുക്കുകയും ചെയ്യുന്ന പരിപാടിയാണ് ഫലത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു. അസി. ഡെന്റല്‍ സര്‍ജന്‍ തസ്തികയില്‍ 63 പേരെ നിയമിച്ചപ്പോഴേക്കും സംവരണ സമുദായക്കാര്‍ക്ക് ഏഴു സീറ്റുകള്‍ നഷ്ടമായത് റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമനങ്ങളുടെ ഉദാഹരണ സഹിതം വിശദീകരിക്കുന്നുണ്ട്.

ഒ.സി. എന്നത് സംവരണേതര വിഭാഗങ്ങള്‍ക്കു മാത്രമായുള്ളതാണെന്ന ഒരു ‘അബദ്ധ’ ധാരണ പി.എസ്.സി. വെച്ചുപുലര്‍ത്തുന്നുണ്ടോയെന്നു സംശയിച്ചുപോകും. OC-യെന്നാല്‍ open competition (തുറന്ന മത്സര) വിഭാഗമാണ്. സംവരണ /സംവരണേതര വിഭാഗങ്ങള്‍ക്ക് ഒരുപോലെ ഉയര്‍ന്ന മാര്‍ക്ക് നേടി മെറിറ്റില്‍ ഇടം പിടിക്കാവുന്ന വിഭാഗം.

സംവരണേതര വിഭാഗങ്ങള്‍ക്ക് 50% വരുന്ന OC കാറ്റഗറിയില്‍ ഇടം പിടിച്ച് ജോലി നേടാന്‍ അവസരമുള്ളപ്പോള്‍, നൂറുക്കണക്കിനു വരുന്ന വിവിധ പിന്നാക്ക വിഭാഗങ്ങള്‍ക്ക് (കേരളത്തില്‍ സംവരണാവകാശമുള്ള 70-ല്‍പ്പരം ഒ.ബി.സി. ജാതികളും, 53 പട്ടിക ജാതിക്കാരും 35 പട്ടിക വര്‍ഗ്ഗക്കാരുമുണ്ട്) OC കാറ്റഗറിയിലും, ഒപ്പം തങ്ങളുടെ സംവരണ വിഭാഗത്തിലും ഇടംപിടിച്ച് (അഥവാ മെറിറ്റ് വഴിയും സംവരണം വഴിയും) ജോലി നേടാന്‍ അവസരമുണ്ട്. ഇതില്‍, സംവരണ വിഭാഗക്കാരുടെ മെറിറ്റ് വഴി ജോലി നേടാനുള്ള അവസരത്തെയാണ്, നിലവിലുള്ള നിയമന രീതിയിലൂടെ പി.എസ്.സി. അട്ടിമറിക്കുന്നത്. എന്നാല്‍ ‘പട്ടിക ജാതി, പട്ടിക വര്‍ഗ, മറ്റു പിന്നാക്ക വര്‍ഗ (ഒ.ബി.സി.) ഉദ്യോഗാര്‍ഥികള്‍ക്കും മെറിറ്റ് നിയമനത്തിന് അര്‍ഹതയുണ്ടെന്നും അങ്ങനെ അവര്‍ക്കു മെറിറ്റില്‍ നിയമനം കിട്ടിയെന്നു കരുതി അവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളെ അതു ബാധിക്കരുതെന്നും നിയമം അനുശാസിക്കുന്നു. പക്ഷേ, ഒന്നാം റാങ്ക് കിട്ടിയ സംവരണ സമുദായ ഉദ്യോഗാര്‍ഥി പോലും സംവരണ ടേണില്‍ തെരഞ്ഞെടുക്കപ്പെട്ട സംഭവങ്ങളുണ്ട്’.

2000-ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ കേരളത്തിലെ വിവിധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ജോലി ചെയ്യുന്ന പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജ. നരേന്ദ്രന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ 7 സംവരണ സമുദായങ്ങള്‍ക്ക് 10 വര്‍ഷത്തിനിടെ 18525 തസ്തികകള്‍ നഷ്ടമായെന്നു കണ്ടെത്തുകയുണ്ടായി. മുസ്‌ലിം സമുദായത്തിനു മാത്രം 7383 തസ്തികകളുടെ കുറവ് സംഭവിച്ചിട്ടുണ്ടെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. തുടര്‍ന്ന്് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിനുവേണ്ടിയും (അതിനെതിരായും) ഉയര്‍ന്ന മുറവിളികള്‍ ഓര്‍ക്കുക. പ്രശ്‌ന പരിഹാരത്തിന് ഒത്തുതീര്‍പ്പ് ഫോര്‍മുലയായി അവതരിപ്പിക്കപ്പെട്ട നിയമ ഭേദഗതി മുസ്‌ലിം സമുദായത്തിനു തന്നെ എങ്ങനെ ദോഷകരമായി ഭവിച്ചു എന്നും സുദേഷ് വിശദീകരിക്കുന്നുണ്ട്.

നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ ബാക് ലോഗിനേക്കാളും ഭീമമായ നഷ്ടം കാലങ്ങളായുള്ള മെറിറ്റ് നിയമന അപാകതയിലൂടെ സംവരണ വിഭാഗങ്ങള്‍ക്ക് സംഭവിച്ചിട്ടുണ്ടാവും! എന്നാലോ, ഗ്രന്ഥകാരനെപ്പോലുള്ളവര്‍ വര്‍ഷങ്ങളായി നിരന്തരം എഴുതിക്കൊണ്ടിരുന്നിട്ടും, സുപ്രീം കോടതിയില്‍ വരെ എത്തിയ കേസ് നടന്നിട്ടും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നേടിയ ശ്രദ്ധയുടെ ഒരംശംപോലും ഈ വിഷയത്തില്‍ സംവരണ സമുദായങ്ങളില്‍നിന്ന് ഉണ്ടാവുന്നില്ലെന്നതാണു യാഥാര്‍ഥ്യം. സംവരണനിയമങ്ങള്‍ മാറ്റംകൂടാതെ നിലനില്‍ക്കുന്നതിനാലും സംവരണം മിക്കപ്പോഴും പാലിക്കപ്പെടുന്നതിനാലും മെറിറ്റ് നഷ്ടം എളുപ്പത്തില്‍ ശ്രദ്ധിക്കപ്പെടുന്നില്ലെന്നതും പി.എസ്.സിയാകുമ്പോള്‍ നിയമന കാര്യങ്ങള്‍ കൃത്യമായും വെടിപ്പായും നടന്നുകൊള്ളുമെന്നുള്ള ‘മാമൂല്‍’ ധാരണയുമാവാം ഇതിനു കാരണം. അപൂര്‍വം ചില സന്ദര്‍ഭങ്ങളിലൊഴികെ, വിഷയം സജീവമാക്കി നിര്‍ത്തുന്നതിലും കൃത്യമായ ഒരു പരിഹാരം ആവശ്യപ്പെടുന്നതിലും സംവരണ സമുദായങ്ങളുടെ ഭാഗത്തുനിന്ന് രാഷ്ട്രീയമായ തുടര്‍ച്ച ഉണ്ടാവുന്നില്ല.

വിഷയം ശാസ്ത്രീയമായും ആക്ഷേപരഹിതമായും എങ്ങനെ പരിഹരിക്കാനാവുമെന്നതിനെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാട് ഗ്രന്ഥകാരന്‍ സമര്‍പ്പിക്കുന്നുണ്ട്. ശാസ്ത്രീയമായ നിയമന രീതിയിലൂടെ പി.എസ്.സി. നിയമനത്തില്‍ നിലവിലുള്ള അപാകം പരിഹരിക്കാവുന്നതേയുള്ളൂ: ‘ആദ്യത്തെ യൂണിറ്റുകളില്‍ സംവരണ ടേണില്‍ തെരഞ്ഞെടുക്കപ്പെട്ട സംവരണ സമുദായ ഉദ്യോഗാര്‍ഥിയുടെ മെറിറ്റ് ടേണ്‍ പിന്നീടുള്ള യൂണിറ്റുകളില്‍ വരികയാണെങ്കില്‍ ആ ടേണില്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെ നിയമനം ലഭിക്കാത്ത തൊട്ടടുത്ത ഉദ്യോഗാര്‍ഥിയെ സമുദായ പരിഗണനയൊന്നും നോക്കാതെ തിരഞ്ഞെടുക്കാന്‍ പാടില്ല. മറിച്ച് ആ ടേണില്‍ ആ സമുദായത്തില്‍ / ഗ്രൂപ്പില്‍ പെട്ട, നിയമനം ലഭിക്കാത്ത, തൊട്ടടുത്ത ഉദ്യോഗാര്‍ഥിയെ മാത്രമേ തിരഞ്ഞെടുക്കാവൂ. ആദ്യത്തെ സംവരണ ടേണ്‍ മെറിറ്റ് ടേണ്‍ ആയും ഇപ്പോഴത്തെ മെറിറ്റ് ടേണ്‍ അതാതു സംവരണ ടേണായും പരിവര്‍ത്തനം ചെയ്യണമെന്നര്‍ഥം. അതൊരു തുടര്‍ പ്രക്രിയയും ആയിരിക്കണം.’

ജനറല്‍ മെറിറ്റിലുള്ളവര്‍ക്കു സംവരണ ടേണില്‍ നിയമനം നല്‍കിയതിനാല്‍ തങ്ങള്‍ക്കു നിയമനം ലഭിച്ചില്ലെന്ന പരാതിയുമായി 2006-ല്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയുടെ റാങ്ക് ലിസ്റ്റ് മുന്‍നിര്‍ത്തി ഡോ. ബീര്‍ മസ്താന്‍, ഡോ. ഷംല പടിയത്ത് എന്നിവര്‍ ഹൈക്കോടതിയില്‍ കേസിനു പോവുകയുണ്ടായി. റൊട്ടേഷന്‍ ടേണ്‍ തയ്യാറാക്കിയപ്പോള്‍ ഒന്നാം റാങ്കുകാരനെപ്പോലും സംവരണ ടേണിലാണു നിയമിച്ചതെന്നു വെളിപ്പെട്ടു..! കേസില്‍ സിംഗിള്‍ ബെഞ്ചും തുടര്‍ന്ന് എന്‍.എസ്.എസിനൊപ്പം പി.എസ്.സി. അപ്പീലിനു പോയപ്പോള്‍ ഡിവിഷന്‍ ബഞ്ചും ഹരജിക്കാര്‍ക്ക് അനുകൂലമായി വിധിക്കുകയാണുണ്ടായത്.

എന്നാല്‍ എന്‍.എസ്.എസ്സാകട്ടെ, യോഗ്യരായ വക്കീലന്മാരുടെ ഒരു സംഘവുമായി സുപ്രീം കോടതിയില്‍ പോയി. ഹൈക്കോടതിയുടെ കൃത്യമായ അനുകൂല വിധിയുണ്ടായിട്ടും, കേസ് എത്തിയത് ജസ്റ്റിസ് കഡ്ജുവിനെപ്പോലൊരു പ്രഗത്ഭനു മുന്നിലായിട്ടും, സുപ്രീം കോടതിയില്‍ സംവരണ സമുദായങ്ങള്‍ക്കായി കേസ് വേണ്ടുംവിധം വാദിക്കാന്‍ ആളുണ്ടായില്ല! കോടതിയെ ബോധ്യപ്പെടുത്താനാവാത്തതിനാല്‍ സുപ്രീം കോടതിയില്‍ വിധി പ്രതികൂലമാവുകയായിരുന്നു. വിഷയത്തില്‍ പിന്നാക്ക / സംവരണ സാമുദായങ്ങള്‍ക്കുള്ള വിവരക്കുറവിനും തന്മൂലമുണ്ടായ അനാസ്ഥക്കും ഇതില്‍പ്പരം സാക്ഷ്യമെന്തിന്..! (അതുകൊണ്ടുതന്നെ, തീര്‍ച്ചയായും സംവരണ സാമുദായങ്ങള്‍ക്ക് ഈ കൃതി ഒരു കൈപ്പുസ്തകമാക്കാം..!)

സംവരണത്തിന്റെ മറവില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള മെറിറ്റ് അട്ടിമറിക്കപ്പെടാതിരിക്കാന്‍, സങ്കീര്‍ണമായ ഈ വിഷയം നീതിയുക്തം പരിഹരിക്കാന്‍, ഗ്രന്ഥകര്‍ത്താവിനെപ്പോലെ വിഷയത്തില്‍ പാണ്ഡിത്യവും പരിചയ സമ്പത്തുമുള്ള വ്യക്തികളുടെ സേവനം പി.എസ്.സി. ഉപയോഗപ്പെടുത്തുക എന്നതാവും ഏറ്റവും കരണീയമായിട്ടുള്ളത്. ഒപ്പം, പി.എസ്.സി. നിയമനം ശാസ്ത്രീയമാകുംവിധം നിയമ നിര്‍മാണം നടത്താന്‍, ആവശ്യമായ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാവാന്‍, പിന്നാക്ക വിഭാഗങ്ങള്‍ അവരുടെ രാഷ്ട്രീയ ശക്തി ഉപയോഗിക്കണം.

ജസ്റ്റിസ് കെ. സുകുമാരന്റെ പ്രൗഢമായ അവതാരികയുമുണ്ട പുസ്തകത്തില്‍. ഈ വിഷയത്തില്‍ ഒരുപാടു പോരാട്ടങ്ങള്‍ നടത്തിയ പ്രൊഫ. കെ.എം. ബഹാവുദ്ദീനാണു കൃതി സമര്‍പ്പിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ പകുതിയോളം ഭാഗം അനുബന്ധങ്ങളാണെന്നതുതന്നെ, ഈ പുസ്തക രചനയ്ക്കുപിന്നിലുള്ള ഗ്രന്ഥകര്‍ത്താവിന്റെ സമര്‍പ്പണവും അധ്വാനവും വ്യക്തമാക്കുന്നു.
കോഴിക്കോട് ‘അദര്‍ ബുക്‌സ്’ Other Books ആണ് പ്രസാധകര്‍. വില: 180/

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757