Opinion

സാമ്പത്തിക സംവരണം; സവര്‍ണ ഫാഷിസ്റ്റ് വാദങ്ങള്‍ സി.പി.എം ഏറ്റുപാടുന്നു – കെ.അംബുജാക്ഷന്‍

 

സാമൂഹികനീതിയുടെ പേരിലാണ് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ സാമൂഹിക നീതിക്ക് വിരുദ്ധമായി സംവരണത്തിന്റെ കാര്യത്തില്‍ ഭേദഗതിയിലേക്ക് നയിക്കുന്ന തീരുമാനമെടുത്തിരിക്കുന്നത്. ക്യാബിനറ്റ് മര്യാദകള്‍ പാലിക്കാതെ ഘടകകക്ഷികളായ ഭരണമുന്നണിയിലെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ക്കുപോലും മുന്‍കൂട്ടി ഒരറിയിപ്പുകൊടുക്കാതെ മന്ത്രി തോമസ്ചാണ്ടിയുടെ രാജിവിഷയം പുകഞ്ഞുകൊണ്ടിരുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ വിശിഷ്യാ ആ വിഷയത്തില്‍ മന്ത്രിസഭയിലെ രണ്ടാം കക്ഷിയായ സി.പി.ഐ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച സന്ദര്‍ഭത്തിലാണ് മറ്റുചര്‍ച്ചകളോ നടപടിക്രമങ്ങളോ പാലിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പ്രഖ്യാപനം നടത്തിയത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനങ്ങളില്‍ നടപ്പിലാക്കും എന്നായിരുന്നു മന്ത്രിസഭാ തീരുമാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അത് ഉത്തരവായി ഇറക്കുന്നതിന് മുന്നോടിയായ സാങ്കേതിക നടപടി ക്രമങ്ങളിലാണിപ്പോഴുള്ളത്. എന്നാല്‍, ഉത്തരവിറക്കുന്നകാര്യത്തില്‍ പോലും വ്യക്തതയില്ലാത്തതിനാല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ ഡിപാര്‍ട്ട്‌മെന്റ് ആശയകുഴപ്പത്തിലാണ്. ഈ തീരുമാനത്തിന് നിയമപരമായ വാലിഡിറ്റി ഉണ്ടോ എന്ന ആശയക്കുഴപ്പത്തിലാണിപ്പോള്‍ ഗവണ്‍മെന്റ്. ഇത്തരംവിഷയങ്ങളിലുള്ള നിയമോപദേശം പോലും തേടാതെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത് എന്നതുകൊണ്ടാണ് ഉത്തരവ് പോലും ആശയക്കുഴപ്പത്തിലായിരിക്കുന്ന
ത്.


എല്‍.ഡി.എഫിലെ തന്നെ ഘടക കക്ഷികളില്‍ പ്രധാനപ്പെട്ട പല നേതാക്കളും ഈ വിഷയത്തില്‍ അവരുടെ വിയോജിപ്പുകള്‍ ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു. സര്‍ക്കാരിന്റെ ഈ സംവരണ സംബന്ധത്തിനെതിരെ ഇടതുപക്ഷത്തുള്ള ചില എഴുത്തുകാരും ബുദ്ധിജീവികളുമൊക്കെ തന്നെ ഇത് ഭരണഘടനാവിരുദ്ധമാണെന്നും സാമൂഹികനീതി സങ്കല്‍പ്പത്തിന് എതിരാണെന്നും പറഞ്ഞുകൊണ്ട് വിയോജിപ്പുകളുമായി രംഗത്തുവന്നുകൊണ്ടിരിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ പോലും സി.പി.എമ്മിനേയും സര്‍ക്കാരിനേയും പിന്തുണക്കുന്ന എഴുത്തുകാര്‍ക്കിടയില്‍ പോലും ഇക്കാര്യത്തില്‍ അനുകൂലമായ ഒരു നിലപാടില്ല.
മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ എന്നത് ദാരിദ്രത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പറയുന്നത്. മുന്നോക്കക്കാരില്‍ ദരിദ്രരുണ്ട്, അതുകൊണ്ട് സാമൂഹിക നീതിയുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി മുന്നോക്കക്കാരിലെ ദരിദ്രരെ സാഹായിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട് എന്നും അതുകൊണ്ട്് അവരെ സഹായിക്കാന്‍ അവര്‍ക്ക് പത്ത് ശതമാനം സംവരണം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളില്‍ നടപ്പിലാക്കുന്നു. ദേവസ്വം ബോര്‍ഡിലാകുമ്പോള്‍ ഭരണഘടനാ ഭേദഗതിയില്ലാതെ നടപ്പിലാക്കാം. എന്നാല്‍, മറ്റു മേഖലകളില്‍ ഇത് നടപ്പിലാക്കാന്‍ ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ഭരണഘടനാ ഭേദഗതിക്ക് ശിപാര്‍ശചെയ്യും എന്നുമാണ് സി.പി.എം. നേതൃത്വം പറയുന്നത്. സംവരണത്തെ അടിസ്ഥാനപരമായി നിഷേധിക്കുകയും സംവരണം നിര്‍ത്തലാക്കാല്‍ ആവര്‍ത്തിച്ച് നിലപാട് സ്വീകരിക്കുകയും ആ നിലപാട് ആര്‍.എസ്.എസ്സിന്റെ സര്‍സംഘ് ചാലക്, മോഹന്‍ ഭഗവത് അടക്കമുള്ളവര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് മോഡിയോട് അതായത് ബി.ജെ.പിയോട് ഇടതുപക്ഷ സര്‍ക്കാര്‍ സംവരണ വിഷയത്തില്‍ ഭേദഗതിക്ക് ശിപാര്‍ശ ചെയ്യും എന്ന് പറയുന്നത്. ഇത് പിണറായി വിജയന്‍ പ്രഖ്യാപിക്കുകയും കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിക്കുകയും ചെയ്തുകഴിഞ്ഞു.
ഇത് ഒരുതുടക്കം മാത്രമാണ്, ദേവസ്വം ബോര്‍ഡിന്റെ കാര്യം പറഞ്ഞുകൊണ്ട് സാമ്പത്തിക സംവരണം നടപ്പിലാക്കാനാണ് ശ്രമം. സംവരണത്തിന് സാമ്പത്തികം മാനദണ്ഡമാക്കാന്‍ സാധിക്കുമോ എന്ന ചോദ്യം രാജ്യത്ത് ഭരണഘടനയോളം പഴക്കമുള്ള സംവാദ വിഷയമാണ്. ആ സംവാദ വിഷയത്തില്‍ സാമ്പത്തികമായ മാനദണ്ഡം വെച്ച് കൊണ്ട് സംവരണം അസാധ്യമാണ് എന്ന് ഇന്ത്യയിലെ പല ജുഡീഷ്യറികളും ഹൈക്കോടതികളും പലപ്പോഴായി പറഞ്ഞിട്ടുള്ള കാര്യമാണ്. ‘സാമ്പത്തിക മാനദണ്ഡം വെച്ച്‌കൊണ്ട് സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിച്ചുകാണ്ട് സംവരണം ഏര്‍പ്പെടുത്തുക ശരിയല്ല. അത് ഭരണഘടനാവിരുദ്ധമാണ് ‘ എന്ന് പട്ടേല്‍ സമുദായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത് ഹൈകോടതി പോലും കഴിഞ്ഞ വര്‍ഷം പറഞ്ഞതാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ ഹൈകോടതി അങ്ങിനെ പറയുകയും അതിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ പട്ടേല്‍ സമൂഹത്തോട് നിഷേധാത്മക നിലപാട് സ്വീകരിച്ചതുകൊണ്ടുമാണ് ആ പ്രക്ഷോഭം ഇപ്പോഴും തുടരുന്നത്. ബി.ജെ.പി. ഭരിക്കുന്ന രാജസ്ഥാനിലും കോടതി ഈ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേരളത്തില്‍ സാമൂഹിക നീതിക്കുവേണ്ടിയും പിന്നാക്ക അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും ദലിത്-ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയും നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിയാണ് ഇപ്പോള്‍ സാമ്പത്തിക മാനദണ്ഡം കണക്കാക്കികൊണ്ട് സാമ്പത്തിക സംവരണം അഥവാ മുന്നോക്കക്കാര്‍ക്ക് സംവരണം കൊണ്ടുവരുന്നത്.

ദാരിദ്രവും സംവരണവും ചേര്‍ത്ത് വായിക്കാന്‍ സാധിക്കുമോ? ഇന്ത്യന്‍ ഭരണഘടന 15(4),16(4)ല്‍ പ്രധാനപ്പെട്ട ഏഴോളം വകുപ്പുകളില്‍ സംവരണത്തിന്റെ മാനദണ്ഡം സൂചിപ്പിക്കുന്നതും അതല്ലാത്ത പൊതുവായ ഒ.ബി.സി വിഭാഗത്തെ പ്രതിപാദിക്കുന്നതുമാണ്. 14-ാം വകുപ്പില്‍ വിവേചനരഹിതമായ തുല്യതയെ കുറിച്ച് പറയുമ്പോള്‍, തുല്യതക്കുളള അര്‍ഹതയും തുല്യതക്കുള്ള അവകാശവും എല്ലാ വിഭാഗങ്ങള്‍ക്കും ഉറപ്പുവരുത്തുകയും ചെയ്യുന്നു. ശേഷം 15-ാം വകുപ്പില്‍ അത്തരത്തില്‍ പ്രാതിനിധ്യം ലഭിക്കാത്ത, അഥവാ പൊതുമണ്ഡലത്തില്‍ പ്രത്യേകം പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത വിഭാഗങ്ങള്‍ക്ക് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന അവര്‍ണ വിഭാഗങ്ങള്‍ ദലിതുകള്‍, ആദിവാസികള്‍, ഒ.ബി.സികള്‍, ന്യൂനപക്ഷങ്ങള്‍ ഇവയെല്ലാം ചേര്‍ന്ന എണ്‍പത് ശതമാനത്തിലധികം വരുന്ന അവര്‍ണ വിഭാഗത്തിന്റെ കാര്യമാണ് പറയുന്നത്. അടിസ്ഥാനപരമായി സാമൂഹിക പിന്നാക്കാവസ്ഥയാണ് സംവരണത്തിന്റെ മാനദണ്ഡം എന്ന് വളരെ വ്യക്തമായി പറയുന്നു. ഇവിടെയൊന്നും സാമ്പത്തിക മാനദണ്ഡം എന്ന് ഭരണഘടന പ്രയോഗിക്കുന്നില്ല. സാമ്പത്തിക പിന്നോക്കാവസ്ഥ എന്ന സൂചനപോലും നല്‍കുന്നില്ല. അങ്ങിനെവരുമ്പോള്‍ പുതിയ നടപടി സാമ്പത്തിക അടിസ്ഥാനത്തിലുള്ള പിന്നോക്കാവസ്ഥ പരിഹരിക്കാനും ദാരിദ്രം പരിഹരിക്കാനുമാണ് എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ പ്രാഥമികമായി തന്നെ ഭരണഘടനയുടെ സംവരണ തത്വങ്ങള്‍ക്കെതിരാണിത്. ഭരണഘടനാവിരുദ്ധമായ ഒരു നിലപാടില്‍ നിന്നുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. സംവരണത്തിന്റെ ചരിത്രം തന്നെ പരിശോധിച്ചാല്‍, സംവരണം എന്ന സംവിധാനം തൊഴില്‍ ദാനപദ്ധതി അല്ല. അത് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ പങ്കുവെക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് വന്നതല്ല. 1919 മുതല്‍ 1927-ലെ സൈമണ്‍ കമ്മിറ്റി, 1932-ല്‍ നടന്ന വട്ടമേശ സമ്മേളനങ്ങള്‍, ഭരണഘടന അസംബ്ലി സംവാദങ്ങള്‍ എന്നീ ഘട്ടങ്ങളിലെല്ലാം ഉയര്‍ത്തപ്പെട്ട ഒരു പ്രശ്‌നം, നമ്മുടെ രാജ്യം ജനാധിപത്യപരമായി വികസിക്കുന്നതിന് അഥവാ ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമായി വികസിക്കുന്നതിനുള്ള പ്രധാന തടസ്സം ഇന്ത്യയുടെ സാമൂഹിക ഘടനയാണ്. ഇന്ത്യയുടെ സാമൂഹിക ഘടന ജാതിയുടെ അടിസ്ഥാനത്തിലുള്ള ശ്രേണിബന്ധമായി തരംതിരിക്കപ്പെട്ട അസമത്വമാണ്. മുകള്‍തട്ടിലുള്ളവര്‍ക്ക് എല്ലാകാലവും പരിഗണന, താഴെക്ക് വരുന്തോറും അവഗണന. ശാശ്വതീകരിക്കപ്പെട്ട, പവിത്രീകരിക്കപ്പെട്ട ഒരുതരം സാമൂഹിക ക്രമം ആണ് (social ord-er), തരംതിരിക്കപ്പെട്ട (garded equality) നീതിരഹിതമായ ക്രമമാണത്്. അധികാരത്തിന്റെ തന്നെ അസന്തുലിതമായ ഒരു ക്രമമാണ് ജാതിവ്യവസ്ഥ. ഇത്തരത്തില്‍ ജാതിവ്യവസ്ഥയിലധിഷ്ഠിതമായൊരു സാമൂഹിക ക്രമത്തില്‍ നൂറ്റാണ്ടുകളായി അധികാരത്തില്‍ നിന്ന്, വിഭവങ്ങളില്‍ നിന്ന്, മണ്ണില്‍ നിന്ന്, മനുഷ്യാവകാശങ്ങളില്‍ നിന്ന്, പാരമ്പര്യങ്ങളില്‍ നിന്ന് ബഹിഷ്‌കൃതരാക്കപ്പെട്ടവരുടെ പ്രശ്‌നമായിരുന്നു രാജ്യത്തിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വലിയ തോതില്‍ സംവാദത്തിന് വഴിവെച്ച ആഭ്യന്തരമായ പ്രശ്‌നം.

യൂറോപ്യന്‍ സമൂഹത്തില്‍ അധികാരത്തെ സംബന്ധിച്ച സങ്കല്‍പം മുന്നോട്ട് വന്നപ്പോള്‍ അവിടെ ഏതു സമൂഹത്തിനും പൗരനും അധികാരത്തിലേക്ക് വരാന്‍ അനുയോജ്യമായ പശ്ചാത്തലമായി പ്രവര്‍ത്തിക്കും (ഒരുപക്ഷേ അവിടെ സാമ്പത്തിക അസമത്വമുണ്ടാകാം). പക്ഷെ, ഇന്ത്യന്‍ സാമൂഹികഘടന അങ്ങനെയല്ല. ഇവിടെ സാമൂഹികമായും ജാതീയമായും അവര്‍ണരാക്കപ്പെട്ട, ബഹിഷ്‌കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് ഒരിക്കലും അധികാരത്തിലേക്ക് വരാന്‍ കഴിയാത്ത രീതിയില്‍ എന്നെന്നേക്കുമായി അടഞ്ഞവാതിലാണ് അധികാരമണ്ഡലങ്ങള്‍. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ രാഷ്ട്രീയ ജനാധിപത്യത്തെ നിര്‍വചിക്കുമ്പോള്‍ സാമൂഹിക ഘടനയെ പരിഗണിക്കാതെ രാഷ്ട്രീയ പരിഷ്‌കരണം സാധ്യമല്ല എന്നത് അടിസ്ഥാനമായി വന്നത്. ഈ അടിസ്ഥാനത്തില്‍ രാജ്യത്തെ ജനാധിപത്യം സാമൂഹിക ജനാധിപത്യമായി മാറേണ്ടതുണ്ട്. കേവലം അധികാരം ഇന്ത്യക്ക് കിട്ടി എന്നു പറഞ്ഞാല്‍ അത് കിട്ടുക വരേണ്യ മേലാളവിഭാഗങ്ങള്‍ക്കുമാത്രമാകും. നേരെമറിച്ച് റിപബ്ലിക്ക് എന്ന സങ്കല്‍പം വെച്ച്‌കൊണ്ട് അധികാരം എല്ലാ ഇന്ത്യക്കാരന്റേയും പ്രാതിനിധ്യത്തോടുകൂടിയുള്ളതാകണം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് സാമൂഹിക ജനാധിപത്യത്തെകുറിച്ചുള്ള (social democracy ) സങ്കല്‍പം മുന്നോട്ട് വരുന്നത്. വ്യത്യസ്ത സമൂഹങ്ങളായി നിര്‍വചിക്കപ്പെട്ട ഇന്ത്യ, വ്യത്യസ്തമായ സമുദായങ്ങളുടെ കൂട്ടമാണ്. ഇന്ത്യയില്‍ ഒരു വ്യക്തിയുടെ പദവി നിര്‍ണയിക്കുന്നത് വ്യക്തിപരമായ പ്രത്യേകതകളാലല്ല (individual status); ഏത് സാമൂഹിക വിഭാഗത്തില്‍പെട്ട, ജാതി വിഭാഗത്തില്‍ പെട്ടതാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ്. സാമൂഹിക പദവി നിര്‍ണയിക്കുന്ന പ്രധാനപ്പെട്ട ഘടകം സമുദായങ്ങളായതിനാല്‍ ഈ സമുദായങ്ങള്‍ എന്ന പരികല്‍പനകള്‍ക്ക് അകത്തുനിന്നുകൊണ്ട് ജനാധിപത്യത്തിലെ ആധിപത്യം നമ്മുടെ ഭരണഘടനചര്‍ച്ച ചെയ്തത് അതുകൊണ്ടാണ്്. ഇന്ത്യയുടെ സാമൂഹ്യ ജനാധിപത്യത്തിന്റെ താല്‍പര്യം (Spirit) എന്ന് പറയുന്നത്, ഇന്ത്യയിലെ വ്യത്യസ്ത സമുദായങ്ങള്‍ക്ക് അവരുടെ ജനസംഖ്യാനുപാതികമായി അധികാരത്തില്‍ പ്രാതിനിധ്യം കൊടുക്കുക എന്നതാണ്. അധികാരത്തില്‍ പ്രാതിനിധ്യം കൊടുക്കുമ്പോഴാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം പൂര്‍ണമാവുക. ഡോ അംബേദ്കര്‍ ഭരണഘടനാ അസംബ്ലിയില്‍ പ്രധാനമായും പറഞ്ഞ ഒരുകാര്യം, ഇന്ത്യന്‍ ജനാധിപത്യ ഗവണ്‍മെന്റിനെ സംബന്ധിച്ചേടത്തോളം ഒരുപ്രാതിനിധ്യ സര്‍ക്കാര്‍ (Repersentive Government) എന്നത് ഒരു effective governmetn ഗവണ്‍മെന്റിനേക്കാള്‍ പ്രധാനമാണ്. effective government എന്ന് പറയുന്നത് മേലാളരുടെ അഥവാ വരേണ്യവിഭാഗത്തിന്റെ അധികാരമാണ്. Repersentive Governement ലാണ് എല്ലാവര്‍ക്കും പ്രാതിനിധ്യം ലഭിക്കുക. ഇതുപറഞ്ഞുകൊണ്ട്, പറയുന്നുണ്ട്. വടക്കന്‍ ഐര്‍ലന്റുകാരും തെക്കന്‍ ഐലന്റുകാരും തമ്മിലുള്ള തര്‍ക്കത്തെ സൂചിപ്പിച്ചുകൊണ്ട് അംബേദ്കര്‍ പറഞ്ഞകാര്യം ഈ സന്ദര്‍ഭത്തില്‍ വളരെ പ്രസക്തമാണ്. ഭരണത്തെസംബന്ധിച്ച, പരിരക്ഷകളെ സംബന്ധിച്ച തര്‍ക്കം നടക്കുമ്പോള്‍ നോര്‍ത്തന്‍ ഐര്‍ലന്റുകാരോട് സതേന്‍ ഐലന്റുക്കാര്‍ പറഞ്ഞത് പരിരക്ഷ വേണ്ട ഞങ്ങള്‍ക്ക് എന്നാണ്. രണ്ട് വിഭാഗങ്ങള്‍ രണ്ട് വ്യത്യസ്ത തലങ്ങളിലിരിക്കെ ഒരു പ്രത്യേക വിഭാഗം അധികാര വര്‍ഗമായി മാറുകയും അപരര്‍ക്ക് ആനുകൂല്യം കൊടുക്കാമെന്നും പറയുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പരിരക്ഷകള്‍ ഞങ്ങള്‍ക്കുവേണ്ട, നിങ്ങള്‍ ഞങ്ങളെ ഭരിക്കണ്ട എന്ന് പറയുന്നത്. എല്ലാ സമൂഹങ്ങള്‍ക്കും അവരെ ഭരിക്കാനുള്ള ആഭ്യന്തരമായ അവകാശം കൂടി പാലിക്കുന്ന ഒരു സങ്കല്‍പത്തെകൂടിയാണ് അംബേദ്കര്‍ അതിലൂടെ സൂചിപ്പിച്ചത്. അധികാരത്തിലെ സാമുദായിക പ്രാതിനിധ്യം എന്ന തത്വം അംഗീകരിച്ചുകൊണ്ടാണ് നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിച്ചതും ഇന്ത്യയെന്ന രാഷ്ട്രം നിര്‍മിക്കപ്പെട്ടതും. ഇന്ത്യയുടെ രാഷ്ട്ര നിര്‍മിതിയുടെ അടിസ്ഥാനം പ്രാതിനിധ്യം (representation) എന്ന സംവരണ തത്വമാണ്. പൂനാ കരാറിന്റെ (poona p-atc) വ്യവസ്ഥകള്‍ പോലും അതിന്റെ അടിസ്ഥാനത്തിലാണ് വികസിക്കുന്നത്. ഈ കരാറുകളും വ്യവസ്ഥകളുമാണ് ഇന്ന് ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

സംവരണം എന്നത് തൊഴില്‍ ദാനത്തേക്കാള്‍ അധികാരത്തിലെ പ്രാതിനിധ്യമാണ്. അധികാര പ്രാതിനിധ്യത്തിലൂടെ മാത്രമേ ഇന്ത്യന്‍ സാമൂഹ്യക്രമത്തെ ഒരു ജനാധിപത്യ ക്രമമാക്കി മാറ്റാന്‍ സാധിക്കുകയുളളു. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്നവര്‍ക്ക് അര്‍ഹതപ്പെട്ട സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ-വിഭവ പങ്കാളിത്തം, നീതി തുടങ്ങിയവ ഉറപ്പുവരുത്താന്‍ കഴിയണമെങ്കില്‍ അവരുടെ തന്നെ പ്രതിനിധികള്‍ അധികാരത്തില്‍ വരേണ്ടതുണ്ട്. മുന്നോക്കക്കാരില്‍ എങ്ങനെയാണ് സംവരണം ലഭിക്കത്തക്ക രീതിയിലുള്ള ഒരധികാര ശൂന്യത അവരിലൊരു വിഭാഗത്തിനുണ്ടാകുന്നത് എന്നത് ഉയര്‍ന്നുവരുന്ന ഒരു ചോദ്യമാണ്. സമുദായങ്ങള്‍ എന്ന തരത്തിലാണ് കാര്യങ്ങള്‍ പരിഗണിക്കുന്നത് എങ്കില്‍ (സാമ്പത്തികമായും സാങ്കേതികമായും അവരില്‍ പാവപ്പെട്ടവര്‍ ഉണ്ടെന്നത് യാഥാര്‍ഥ്യമാണ് ) രാജ്യത്ത് സവര്‍ണരിലും ദാരിദ്രമനുഭവിക്കുന്നവരുണ്ട്. ആ ദാരിദ്രത്തിന്റെ പ്രശ്‌നത്തെ പരിഹരിക്കേണ്ടത് ഗവണ്‍മെന്റ് ദാരിദ്ര നിര്‍മാര്‍ജന പാക്കേജുകളിലൂടെയും പരിപാടികളിലൂടെയുമാണ്. അതിന് രാജ്യത്ത് ഒരുപാട് സംവിധാനങ്ങളുമുണ്ട്. മുന്നോക്കക്കാര്‍ക്കിടയില്‍ ദരിദ്രരുണ്ട് എങ്കില്‍ ഇവിടെ മുന്നോക്ക സമുദായ കമ്മീഷനില്ലേ? ഒട്ടനവധി ക്ഷേമപദ്ധതികളില്ലേ? ആ പദ്ധതികളിലുള്‍പ്പെടുത്തികൊണ്ട് കേരളത്തിലെ മുന്നോക്കക്കാരിലെ സവര്‍ണരിലെ പാവപ്പെട്ടവര്‍ക്ക് ഏത് തരത്തിലുള്ള ഇക്കണോമിക്ക് പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതിന് ആരും എതിര് നില്‍ക്കുന്നില്ല.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കോളേജുകളിലെ 182 ഉദ്യോഗങ്ങളില്‍ 134 എണ്ണവും നായര്‍ സമുദായത്തിന്റെ കൈകളിലാണ്. 90 ശതമാനം അപ്രഖ്യാപിത സംവരണം ദേവസ്വം ബോര്‍ഡില്‍ ഇപ്പോള്‍ ആ സമുദായത്തിനുണ്ട്്. കേരള സര്‍ക്കാരിന്റെ പുതിയ സംവരണ ഫോര്‍മുല ഇവിടെ നടപ്പിലാക്കുന്നതോടുകൂടി 100 ശതമാനം ഉദ്യോഗവും അവരുടേതായി മാറുകയാണ്. പൊതുമേഖല സ്ഥാപനങ്ങള്‍ സംവരണം കൃത്യമായി പാലിക്കുന്നവയല്ല. ഭൂരിപക്ഷം പൊതുമേഖലാ സ്ഥാപനങ്ങളുടേയും കുത്തക കേരളത്തിലെ ജാതി ശ്രേണിയില്‍ മുകളില്‍ നില്‍ക്കുന്നവരുടെ കൈകളിലാണ്. കേരളത്തിലെ പ്രൈവറ്റ് സെക്ടര്‍ എന്നു വിളിക്കാവുന്ന എന്‍.എസ്.എസ് അടക്കമുള്ള മാനേജ്‌മെന്റുകള്‍ നടത്തുന്ന സെല്‍ഫ് ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ സംവരണ തത്വം തന്നെയില്ല. മറ്റു പ്രൈവറ്റ് സെക്ടറുകളിലെ എല്ലാ തലങ്ങളിലും നമ്മുടെ രാജ്യത്ത് ഇത്തരം ഉദ്യോഗതലങ്ങളില്‍ മഹാ ഭൂരിപക്ഷവും ഇപ്പോഴും ഈ വരേണ്യവര്‍ഗത്തിന്റെ കൈകളിലാണ്. കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുളള പട്ടിക പ്രസിദ്ധീകരിക്കണമെന്ന് വര്‍ഷങ്ങളായി കേരളത്തിലെ പൗരസമൂഹവും സാമുദായിക സംഘടനകളും ആവശ്യപ്പെടുന്ന കാര്യമാണ്. രണ്ട് മുന്നണികള്‍ മാറി മാറി അധികാരത്തിലിരുന്നിട്ടും എന്തുകൊണ്ട് ഇത് പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുന്നില്ല. ആരുടെ കൈയിലാണ് ഫസ്റ്റ് ക്ലാസ്-സെക്കന്റ് ക്ലാസ് ഉദ്യോഗങ്ങള്‍, ആരുടെ ക്ലാസിലാണ് തേഡ്ക്ലാസ് ഉദ്യോഗങ്ങള്‍, ഇവിടെ ഉന്നത ഉദ്യോഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് ആരാണ് എന്നതിന്റെ ധവളപത്രം പുറത്തിറക്കാന്‍ സര്‍ക്കാറിന് കഴിയുമോ? അങ്ങനെ പുറത്തിറക്കുകയാണെങ്കില്‍ അതില്‍ വലിയകുറവ് സവര്‍ണവിഭാഗത്തിനുണ്ട് എന്നാണെങ്കില്‍, ഇത് മുഴുവന്‍ ഇവിടത്തെ ദലിത്-മുസ്‌ലിം-പിന്നാക്ക ന്യൂനപക്ഷങ്ങളായ 90 ശതമാനത്തിന്റെ കൈകളിലാണ് എന്നും ഉദ്യോഗ അധികാരതലങ്ങളില്‍ സംവരണ വിഭാഗത്തിലെ പാപ്പരായവര്‍ ഇല്ല എന്നും വരികയാണെങ്കില്‍ മുന്നോക്ക സംവരണത്തെ കുറിച്ച് ആലോചിക്കാം. അങ്ങിനെ ഒരുപഠനം ഗവണ്‍മെന്റ് നടത്തിയിട്ടുണ്ടോ? ഏതെങ്കിലും തരത്തിലുള്ള ആധികാരികമായ ഡാറ്റകളുടെ അടിസ്ഥാനത്തിലാണോ സര്‍ക്കാര്‍ ഈ തീരുമാനമെടുക്കുന്നത്. അങ്ങിനെയൊരു ഡാറ്റയും സര്‍ക്കാരിന്റെ കയ്യിലില്ല എന്നതാണ് യാഥാര്‍ഥ്യം. അതേസമയം സര്‍ക്കാരേതര ഏജന്‍സികളുടെ പഠനങ്ങളില്‍ മുഴുവന്‍ പറയുന്നത് അധികാരമേഖലകളില്‍ സിംഹഭാഗവും വരേണ്യ മേലാളവര്‍ഗത്തിന്റെ കൈകളിലാണ് എന്നാണ്. കേരളത്തിലെ മൂലധനത്തിന്റെ വ്യത്യസ്തമായ സിമ്പോളിക്ക് രൂപങ്ങള്‍ (ജാതി തന്നെ ഒരു മൂലധനമാണ്) പ്രിവിലേജ് കമ്മ്യൂണിറ്റി എന്നുപറയുന്ന ജാതി ശ്രേണിയിലെ മേല്‍തട്ടുകാരുടെ കൈകളിലാണ്. അട്ടപ്പാടിയിലെ ആദിവാസി പട്ടിണി കിടന്നാലും പട്ടിണി കിടന്ന് മരിച്ചാലും സ്വാഭാവികതയാണ്. എന്നാല്‍, അഗ്രഹാരത്തില്‍ ഒരാള്‍ പട്ടിണി കിടന്നാല്‍ അത് കേരളത്തില്‍ സഹിക്കാന്‍ വയ്യാത്ത വലിയ ദുഃഖമായി മാറുന്നു. സവര്‍ണ വിഭാഗ ദാരിദ്രത്തെ ഒരുവലിയ പ്രശ്‌നമാക്കി വികസിപ്പിക്കുകയാണിവിടെ. രാജ്യത്തെ സാഹിത്യങ്ങള്‍ക്കും സിനിമകള്‍ക്കുമൊക്കെ ഇതില്‍ വലിയ പങ്കുണ്ട്. പാവപ്പെട്ടവര്‍ക്ക് സംവരണം കൊടുക്കുന്നതാണ് കാര്യമെങ്കില്‍ ഏറ്റവും അധികം ദരിദ്രരുള്ളത് ദലിതര്‍ക്കും ആദിവാസികള്‍ക്കുമിടയിലല്ലേ? പിന്നോക്കക്കാര്‍ക്കിടയിലല്ലേ? അവരെ പരിഗണിക്കണമെന്ന് സര്‍ക്കാറിന് തോന്നാത്തതെന്തുകൊണ്ടാണ്്?

ദേവസ്വം ബോര്‍ഡില്‍ സംവരണം കൊണ്ടുവരുന്നതിലും സംവരണ തത്വങ്ങള്‍ ഭേദഗതിചെയ്യുന്നതിലും വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ഭരണഘടനാ ഭേദഗതി കൊണ്ടുവന്നാല്‍ എല്ലാ മേഖലയിലും ഈ പുതിയ സംവരണ തത്വം ബാധകമാകും. നിലവിലുള്ള സാമുദായിക സംവരണം എന്ന തത്വത്തെ ബലികഴിക്കുകയും സാമുദായിക സംവരണത്തെ അട്ടിമറിക്കുകയും ചെയ്യും. സാമുദായിക സംവരണത്തെ അട്ടിമറിക്കാന്‍ സി.പി.എം ഒരുമ്പെടുന്നതില്‍ യാഥാര്‍ഥത്തില്‍ അതിശയപ്പെടേണ്ടതില്ല. 1957-ലെ ഇ.എം.എസ് മന്ത്രിസഭ അധികാരത്തില്‍ വന്ന്് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 58-ല്‍ ഭരണപരിഷ്‌ക്കാര കമ്മിറ്റി റിപ്പോര്‍ട്ടില്‍ സവര്‍ണരിലെ മിടുക്കന്‍മാര്‍ക്ക് ഗതിയില്ല എന്ന് എഴുതിവെച്ചവരാണവര്‍. അധികാരത്തില്‍ വന്നകാലം മുതല്‍ സംവരണത്തെയും അവര്‍ണ സാമൂഹ്യവിഭാഗങ്ങളുടെ അധികാരത്തിലെ പ്രാതിനിധ്യം എന്ന പ്രശ്‌നത്തെയും അട്ടിമറിക്കാന്‍ വേണ്ടിയുള്ള രാഷ്ട്രീയ ചരടുവലികളിലായിരുന്നു സി.പി.എം അടക്കമുള്ള കമ്മ്യൂണിസിറ്റ് പാര്‍ട്ടികള്‍. ഒളിപ്പിച്ചുവെച്ചിരുന്ന ആ തന്ത്രം ഇപ്പോള്‍ വീണ്ടുമെടുത്ത് പ്രയോഗിക്കുകയാണ് അവര്‍. പ്രാതിനിധ്യമില്ല എന്ന് പറഞ്ഞുകൊണ്ട് നായന്‍മാര്‍ മലയാളി മെമ്മോറിയല്‍ മെമ്മോറാണ്ടം കൊടുത്തത് 1893-ലാണ്. പരദേശി ബ്രാഹ്മണരുടെ കയ്യിലാണ് ഉദ്യോഗം മുഴുവന്‍ എന്ന് പറഞ്ഞായിരുന്നു പ്രസ്തുത സമരം. 1933-34 കാലഘട്ടത്തിലാണ് കേരളത്തില്‍ നിവര്‍ത്തന പ്രക്ഷോഭം ഉണ്ടാകുന്നത്. കേരളത്തിന്റെ അധികാര തലത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രത്യേകിച്ച് അവര്‍ണ വിഭാഗങ്ങള്‍ക്ക്, ദലിത്-മുസ്‌ലിം, പിന്നാക്കവിഭാഗങ്ങള്‍ക്ക് അധികാരപങ്കാളിത്തവും പ്രാതിനിധ്യവും വേണമെന്ന ആവശ്യമാണ് നിവര്‍ത്തന പ്രക്ഷോഭത്തിലൂടെ മുന്നോട്ടുവെച്ചത്. ശേഷമുളള കേരളീയ നവോത്ഥാനത്തിന് നേതൃത്വം കൊടുത്തത് ശ്രീ നാരായണഗുരുവും, അയ്യങ്കാളിയും, വക്കം മൗലവിയുമടക്കമുള്ള അവര്‍ണ സാമൂഹ്യ നവോത്ഥാന നായകന്‍മാരായിരുന്നു. അവരില്‍ നിന്നുമാണ് കേരളത്തിന് ഒരു ജനാധിപത്യത്തെക്കുറിച്ചും പൗരാവാകാശങ്ങളെക്കുറിച്ചുമൊക്കെയുള്ള ധാരണകള്‍ ഉണ്ടാകുന്നത്. ഈ നവോത്ഥാനത്തിനും പരിഷ്‌കരണത്തിനും പരിവര്‍ത്തനത്തിനും നേതൃത്വം കൊടുത്ത വ്യത്യസ്തമായ സമുദായങ്ങളുടെ പ്രാതിനിധ്യത്തിലൂടെ അധികാരം സ്ഥാപിച്ചെടുക്കുന്ന വലിയ ജനാധിപത്യവല്‍കരണമായിരുന്നു നവോത്ഥാനാന്തരം കേരളത്തില്‍ സംഭവിക്കേണ്ടിയിരുന്നത്. ഈ ജനാധിപത്യവല്‍ക്കരണമുന്നേറ്റത്തിന്റെ മുനയൊടിച്ചുകൊണ്ടാണ്, അയഥാര്‍ഥമായ ഉള്ളവനും ഇല്ലാത്തവനും എന്ന ഒരു സംവര്‍ഗത്തിലേക്ക് കാര്യങ്ങള്‍ അട്ടിമറിക്കുകയും ആ വര്‍ഗസംവര്‍ഗം പ്രയോഗിച്ചുകൊണ്ട്, വര്‍ഗപരമായ നിര്‍വചനത്തിന്റെ മറയില്‍ വ്യത്യസ്ത സമൂഹങ്ങളുടെ പ്രാതിനിധ്യം എന്ന രാഷ്ട്രീയ പ്രശ്‌നത്തെ മറച്ചുവെക്കുകയും നിഷേധിക്കുകയും ചെയ്തു കൊണ്ടാണ് കേരളത്തില്‍ സി.പി.എം നിഷേധാത്മകമായി അധികാരത്തെ കൈകാര്യം ചെയ്തത്. അങ്ങനെ അധികാരത്തെ കൈകാര്യം ചെയ്തതിന്റെ പരിണിത ഫലമാണ് പിന്നീട് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പാശ്ചത്തലത്തിലും സച്ചാര്‍ കമ്മിറ്റി നടത്തിയ വിശദമായ പഠനത്തിലും കേരളം പരാമര്‍ശിക്കപ്പെട്ടത്. അധികാരത്തിന്റെ തലങ്ങളില്‍ നിന്നും മൂലധനത്തില്‍ നിന്നും വിഭവങ്ങളില്‍ നിന്നും സാമ്പത്തിക പുരോഗതിയില്‍ നിന്നുമെല്ലാം ദലിതുകളും ആദിവാസികളും പിന്നാക്ക വിഭാഗങ്ങളും പ്രത്യേകിച്ച് മുസ്‌ലിംകളും മാറ്റിനിര്‍ത്തപ്പെട്ടത്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഈ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ഈ വിഭാഗങ്ങള്‍ അനുഭവിക്കുന്ന അനീതി പരിഹരിക്കുകയായിരുന്നു സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ചെയ്യേണ്ടിയിരുന്നത്. മറിച്ച് ഈ സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ ഇപ്പോഴും അഭിമുഖീകരിക്കാന്‍ വിസമ്മതിക്കുന്ന സി.പി.എമ്മിന്റെ സവര്‍ണയുക്തിയാണ് ഇപ്പോള്‍ ഇവിടെ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.
ഏത് പശ്ചാത്തലത്തിലാണ് പിണറായി വിജയന്‍ ഇത്തരമൊരു ശിപാര്‍ശയുമായി രംഗത്തുവരുന്നത് എന്നത് ആവര്‍ത്തിച്ച് പരിശോധിക്കപ്പെടണം. സംവരണം അവസാനിപ്പിക്കണമെന്ന് പാഞ്ചജന്യത്തില്‍ ലേഖനമെഴുതുകയും ആര്‍.എസ്.എസിന്റെ മോഹന്‍ ഭാഗവത് ആവര്‍ത്തിച്ച് പറയുകയും മോഹന്‍ വൈദ്യ എന്ന ആര്‍.എസ്.എസ് വക്താവ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്ത നിലപാടാണത്. നരേന്ദ്രമോദി വരാണസിയില്‍ വെച്ച് പറഞ്ഞു, ഇനി സംവരണത്തിന് പ്രസക്തിയില്ല, ഇനി വികസനത്തെ കുറിച്ചാണ് ആലോചിക്കേണ്ടത് എന്ന്. മണ്ഡല്‍ കമ്മീഷന്‍ മുതല്‍ സച്ചാര്‍ കമ്മീഷന്‍ വരെയുളള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് കഴിഞ്ഞാല്‍ ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ദലിത്-മുസ്‌ലിം പിന്നാക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സംവരണം തത്വത്തില്‍ മാത്രമാണ്. അതിന്നുവരെ പൂര്‍ണമായി നടപ്പായിട്ടില്ല, ബാക്ക് ലോഗുകള്‍ ഇപ്പോഴും നികത്തപ്പെട്ടിട്ടില്ല. സംവരണതത്വം ശരിയായി നടപ്പിലാക്കാനുള്ള യാതൊരുതരത്തിലുള്ള ആത്മാര്‍ത്ഥതയും അധികാരത്തിലിരിക്കുന്ന വരേണ്യവര്‍ഗം കാണിച്ചിട്ടില്ല. അത് നേടിയെടുക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിന്റെ പുതിയ രാഷ്ട്രീയ ഉണര്‍വുകളിലേക്ക് രാജ്യം ചിന്തിക്കുന്ന കാലമാണിത്. കൂടുതല്‍ പ്രാതിനിധ്യത്തെ കുറിച്ച്, അധികാരത്തെകുറിച്ച്, അധികാരവുമായി ബന്ധപ്പെട്ട സാമൂഹിക നീതിയുടെ രാഷ്ട്രീയത്തെക്കുറിച്ച് വരികളും വായനകളും ആലോചനകളും ക്യാമ്പസുകളെ സജീവമാക്കുന്ന കാലമാണിത്. കേരളത്തിലുള്‍പ്പെടെ അധികാരം നിഷേധിക്കപ്പെടുന്ന അവര്‍ണവിഭാഗങ്ങള്‍ സാമൂഹിക പരിസരങ്ങളില്‍ നിന്ന് പുതിയ രാഷ്ട്രീയ സമവാക്യങ്ങളും ഇത്തരത്തിലുളള രാഷ്ട്രീയ മുന്നേറ്റങ്ങളും ഉണ്ടാകുന്ന ഒരു സാഹചര്യത്തിലാണ് സംവരണം തന്നെ വേണ്ട, സംവരണം പ്രതിപാദിക്കുന്ന ഭരണഘടന തന്നെ വേണ്ട എന്ന് പറഞ്ഞുകൊണ്ട് സി.പി.എം രംഗത്തുവരുന്നത്. ഡോ.അബേദ്കര്‍ എഴുതിയ ഭരണഘടന പോലും അസ്ഥിരപ്പെടുത്താനും അങ്ങിനെ ഇന്ത്യയുടെ ജനാധിപത്യത്തെ തന്നെ ഘട്ടം ഘട്ടമായി ഇല്ലാതാക്കി സമഗ്രാധിപത്യത്തിലേക്കും സവര്‍ണ ഫാഷിസത്തിലേക്കും രാജ്യത്തെ കൊണ്ടുപോകാനും സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പാശ്ചാത്തലത്തില്‍ നരേന്ദ്രമോദി ആഗ്രഹിക്കുന്ന ഒരു കാര്യം, കേരളത്തില്‍ എന്‍.എസ്.എസ്സ് എന്നുപറയുന്ന ഒരു യാഥാസ്ഥിതിക ജാതിസംഘടന മാത്രം ഏറ്റുപറഞ്ഞ ഒരു മുദ്രാവാക്യം നടപ്പാക്കാന്‍ സി.പി.എം ശ്രമിക്കുമ്പോള്‍ യാഥാര്‍ഥത്തില്‍ ഇന്ത്യയുടെ ഭരണഘടന അട്ടിമറിക്കുന്ന, ജനാധിപത്യത്തെ അട്ടിമറിക്കുന്ന, സാമൂഹിക നീതിയെ അട്ടിമറിക്കുന്ന വലിയ രാഷ്ട്രീയ നീക്കമാണ് ഇതില്‍ പതിയിരിക്കുന്നത്. കേരളത്തിലെ സംവരണ സമുദായങ്ങളും അവകാശ നിഷേധത്തിന്റെ ബലിയാടുകളായി മാറുന്ന എല്ലാ സാമൂഹിക വിഭാഗങ്ങളും സമുദായ സംഘടനകളും സവര്‍ണ സമൂഹത്തിലെ അടക്കം നീതിബോധമുള്ള വ്യക്തികളും അധഃസ്ഥിത സമുദായ നേതൃത്വങ്ങളും മുഴുവന്‍ ജനാധിപത്യവാദികളും കൂടിച്ചേര്‍ന്നുകൊണ്ട് ഇതിനെ പ്രതിരോധിക്കണം .
മുന്‍കാലങ്ങളില്‍ ഇത്തരത്തിലുളള നീക്കങ്ങളുണ്ടായാല്‍ അതിനെതിരെയുണ്ടാകാവുന്ന പ്രത്യാഘാതങ്ങളുടെ പതിന്‍മടങ്ങ് സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെ ഉണ്ടായി എന്നത് സന്തോഷകരമാണ്. സി.പി.എമ്മിനെ സംബന്ധിച്ചേടത്തോളം ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എല്‍.എഡി.എഫ് സര്‍ക്കാരിനെ കൊണ്ട് ഈ നിലപാട് പുനഃപരിശോധിപ്പിക്കുകയും ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകുന്ന ഭരണവിരുദ്ധമായ ഈ തീരുമാനം റദ്ദ് ചെയ്യുന്നതിലേക്കും പിന്‍വലിക്കുന്നതിലേക്കും വികസിക്കുന്ന ബഹുജനപ്രക്ഷോഭം ഈ വിഷയത്തില്‍ ഉണ്ടാകേണ്ടതുണ്ട്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757